Wednesday, September 12, 2007

‘നഗ്ന’ മാ‍യ ഒരു കൊലപാതകം അഥവാ ഒരു ചരിത്ര കുറ്റാന്വേഷണം!

തലമുറിയന്‍ ശനിയനും പാമ്പിരിയന്‍ ശുക്രനും ഒത്തൊരുമിച്ച് അന്തിക്കള്ളിനു മേമ്പൊടിയായി കാബറേ ഡാന്‍സ് നടത്തിക്കൊണ്ടിരുന്ന ഒരു വെള്ളിയാഴ്ച തൃസന്ധ്യയ്ക്കാവണം, കുഞ്ഞിരാമന്‍ അധികാരിയുടെ മാളികവീട്ടില്‍ അന്നുരാത്രി കക്കാന്‍ കയറാം എന്ന് കള്ളന്‍ ചാത്തൂട്ടിക്ക് ഒരുള്‍വിളി തോന്നിയത്! പോട്ടെ...ചാത്തൂട്ടിയല്ലേ, കള്ളനല്ലേ, കക്കുക എന്നത് കള്ളന്റെ ജന്മാവകാശമല്ലേ എന്നു വെയ്ക്കാം. കുഞ്ഞിരാമന്‍ അധികാരിയും സഹ വെടിയന്‍ കുഞ്ഞീഷ്ണന്‍ വൈദ്യരും അന്ന് രാത്രി തോക്ക് നിറയെ ഉണ്ടയുമായി റാന്തലും തൂക്കി വെടിവട്ടത്തിനു പോകും എന്ന ഒരൊറ്റ ധൈര്യത്തിന്റെ പുറത്ത് തന്റെ രഹസ്യക്കാരന്‍ “ക്രിസ്മസ് ഭാസ്കരനെ” അതേ രാത്രി തന്നെ വടക്കേപുറത്തെ ഉരല്‍‌പുരയിലേക്ക് ക്ഷണിക്കാന്‍, അധികാരിയുടെ ഇല്ലീഗല്‍ വാല്യക്കാരി കുമാരി തങ്കമണിച്ചോത്തിക്കു തോന്നിച്ചതും നടേപറഞ്ഞ ശുക്രശനിയന്‍ കള്ള് കാബറേ തന്നെയായിരിക്കണം!!. ...അതും പോട്ടെ,...ജാരനല്ലേ, ഇത്തരം രാത്രികളില്‍ ഉരല്‍‌പുരകളില്‍ ഒളിച്ചിരികുക എന്നത് അവന്റെയും ജന്മാവകാശമാണെന്നു വെയ്ക്കാം.പക്ഷേ, വൈന്നേരം, അസാരം അസ്കിതയ്ക്ക് നിന്ന നില്പില്‍ നില്പനടിച്ച കുഞ്ഞീഷ്ണന്‍ വൈദ്യര്‍ വഹ ദശമൂലാരിഷ്ടം സ്പെഷ്യലില്‍ അളവ് കൂടിപ്പോയ കഞ്ചാവുലേഹ്യം ഹേതുവായി നില്‍ക്കാനും പിന്നെ ഇരികാനും അതു കഴിഞ്ഞു കിടക്കാനും പറ്റാത്ത പരുവത്തിലായ അധികാരി കുഞ്ഞിരാമര്‍, അന്നത്തെ വെടിക്ക് വെടിമരുന്ന് തികയില്ലാ എന്ന കാരണം പറഞ്ഞ് വെടിവട്ടം ബന്ദോസ്താക്കിയതും, രാവൊന്നു മൂത്തപ്പോള്‍ പൊട്ടിത്തെറിക്കാന്‍ വട്ടം കൂട്ടിയ വെടിക്കോപ്പിന്റെ ചൂട് സഹിയാതെ ഒരു ചെറുവാണത്തിനു തീകൊടുക്കാന്‍ പ്രസ്തുത തങ്കമണിച്ചോത്തി കിടക്കുന്ന വാലിയപ്പുരയുടെ കതകിനു തന്നെ മുട്ടിവിളിച്ചതും (അതും ഇഷ്ടം പോലെ ഫയര്‍ എക്സിറ്റുകള്‍ വേറെയും തുറന്നു കിടക്കുമ്പോള്‍...) വെച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും ശനിയനും ശുക്രനും അന്തിക്കള്ള് മൂത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി, നെല്ലിയാടിക്കടോത്ത് കള്ളുഷാപ്പിന്റെ താഴെ വള്ളം കളി നടത്തിക്കൊണ്ടിരിക്കയാവണം ആ മുപ്പെട്ട് വെള്ളിയാഴ്ച മൂവന്തിക്ക് എന്നത് ഒരു മൂന്ന് മൂന്നരത്തരം.....!!ഒരു ടിപ്പിക്കല്‍ പെറ്റിബൂര്‍ഷ്വാ മാടമ്പി മേല്‍ക്കൊയ്മ അരങ്ങുവാണിരുന്ന ആ ഒരു കാലഘട്ടത്തില്‍ പന്തലായിനി പോലുള്ള ഒരു ചെറുഗ്രാമത്തിന്റെ രാക്കാഴ്ചകളില്‍ നിത്യേനയെന്നോണം വന്നുപെടുന്ന ഇത്തരം ദുര്‍ഘടവിഷമദ്വിത്ത്വലോപാദേശ സന്ധികള്‍ പന്തലായിനിയുടെ ഈ ചരിത്രത്തിന്റെ ഭാഗമാവുന്നതെങ്ങനെ എന്നതാവാം ഒരു ചരിത്രകുതുകിയുടെ ന്യായമായ ഒരിണ്ടല്‍ അഥവാ ഒരു സംഷയം. പക്ഷേ കൂരാക്കൂരിരുളും, ഒരു കള്ളനും ഒരു ജാരനും ഉഷ്ണം സഹിക്കാതെ ചുമ്മാ ഒന്നു കാറ്റു കൊള്ളാന്‍ വാലിയക്കാരിയുടെ കതകിനു മുട്ടി എന്നു പിന്നീട് പരസ്യപ്രസ്താവന ഇറക്കിയ അധികാരിയും ശേഷം പന്തലായിനിയുടെ ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷയായ തങ്കമ്മണിച്ചോത്തിയും ഒക്കെ കൂടെ ചേര്‍ന്ന് അസ്സലകപ്പാടെ അതു താനല്ലയോ ഇത് എന്ന മതി വിഭ്രമത്താല്‍ മറിമായം മറിഞ്ഞ ആ ആരാത്രി വിളറിവെളുത്തപ്പോള്‍, അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ പരദൂഷണം കുഞ്ഞിക്കാദര്‍ മരിച്ചുകിടന്നതെങ്ങിനെ?അതും കൊടിയ പിഡനങ്ങള്‍ക്കിരയായി എന്നുറപ്പിച്ചു പറയാന്‍ പാകത്തില്‍,ശരീരത്തില്‍ എണ്ണാന്‍ പറ്റുന്നിടത്തെ എല്ലുകളെല്ലാം ഒടിഞ്ഞു പപ്പടമായി...പോരാത്തതിന് പരിപൂര്‍ണ്ണ നഗ്നനുമായി.....!? (ടിയാന്റെ അരയില്‍ തൊട്ടകാലം മുതല്‍ ആ ശരീരത്തിന്റെ ഒരു ഭാഗമായിമാറിയതും വെള്ളം എന്ന വസ്തു അലര്‍ജിയായതുമായ സിംഗപ്പൂര്‍ കൈലിമുണ്ട് സംഭവസ്ഥലത്തുനിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ആറാട്ട് കണ്ടത്തില്‍ നിന്നും കീറിപ്പറിഞ്ഞനിലയില്‍ പിന്നീട് കണ്ടെടുക്കുകയാണുണ്ടായത്!)പന്തലായിനിയിലെ ഷെര്‍ലക് ഹോംസുമാര്‍ ഒത്തൊരുമിച്ചും കൊയിലാണ്ടി സബ്ബ് പരപ്പന്‍ മാത്തുക്കുട്ടി വിത് ഹേഡങ്ങത്ത നരി ഗോപാലപ്പിള്ളമാര്‍ വേറെയും പതിനട്ടടവും പയറ്റി ഓതിരം തിരിഞ്ഞിട്ടും പൂരിപ്പിക്കാന്‍ കഴിയാ‍ാതിരുന്ന ഒരേകാന്ത ഭയങ്കര സമസ്യയുടെ, ഞങ്ങള്‍ പന്തലായിനിക്കാര്‍ക്ക് ഇക്കാലമത്രയും പിടിതരാതിരുന്ന ആ നിഗൂഡ രഹസ്യത്തിന്റെ, ഉള്ളറകളിലേക്കാണ് നാം ഇത്തവണ യാത്രയാവുന്നത്......!!!കുഞ്ഞിക്കാദര്‍ പന്തലായിനിക്കാരനായിരുന്ന്നില്ല! എവിടത്തുകാരനാണെന്ന് ആര്‍ക്കുമൊട്ടറിയുകയുമില്ല. എങ്ങുനിന്നോ ഒരു സുപ്രഭാതത്തില്‍ ഒരവധൂതനെ പോലെ പന്തലായിനിയിലെത്തി, ഇന്നാട്ടിലെ കുണ്ടനിടവഴികളിലും, പുഴക്കരയിലും,ആല്‍ത്തറയിലും പിന്നെ ആറാട്ടുകണ്ടത്തിലുമൊക്കെ, നറുജീരകവെള്ളത്തില്‍ ചാരായമെന്നപോലെ, അലിഞ്ഞുചേര്‍ന്ന് ഒഴുകിപ്പരന്ന് നടക്കുകയ്‍ായിരുന്നു കുഞ്ഞിക്കാദര്‍. സില്‍ക്കങ്ങാടിയുടെ നെഞ്ചും കൂടത്തിനു നടുക്ക് “ഹോട്ടല്‍ ഡി കുഞ്ഞിക്കാദര്‍” എന്ന പേരില്‍ ഒരു ചായമക്കാനി തുടങ്ങി ടിയാന്‍ ആവാസമുറപ്പിച്ചതോടെ പന്തലായിനിയുടെ മൊത്തം ചരിത്രം കുഞ്ഞിക്കാദറിലേക്ക് ചുരുങ്ങി എന്ന നിലയിലായി കാര്യങ്ങള്‍. അചിരേണ ആധാരമെഴുത്ത് ഗോവിന്ദന്‍, ഇസ്പേഡ് പപ്പു എന്ന ഇരുപത്തെട്ട് ചാമ്പ്യന്‍ പപ്പനാവന്‍, വഴിപാട് പെരച്ചന്‍ സഹായി ചാത്തപ്പന്‍, നൊട്ടന്‍ കുഞ്ഞീഷ്ണന്‍, കള്ളന്‍ ചാത്തൂട്ടി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ധീര പന്തലായിനിയന്മാരുടെ സമ്മേളന നഗരീയും തദ്വാരാ ഇന്നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന സകലമാന കുത്തിത്തിരിപ്പുകളുടെയും പ്രഭവകേന്ദ്രമായി വികാസ് പരിണാം ആവുകയും ചെയ്തു പ്രസ്തുത ചായമക്കാനി. ഒപ്പം പന്തലായിനിയുടെ ഒഫീഷ്യല്‍ മീഡിയാ സെന്ററും!തെറ്റ്യേടത്ത് വിശാലത്തിന്റെ വീട്ടില്‍ തലേന്നു രാത്രി എണ്ണത്തില്‍ കൂടുതല്‍ വന്ന വിദ്വാന്റെ പേര്, തണ്ടപ്പേര്, അച്ഛനപ്പൂപ്പനമ്മയമ്മായിയമ്മമാരുടെ പേരുകള്‍, വീട്ടുപേര്, ജാതി, വയസ്സ്, വിവാഹിതനാണോ എങ്കില്‍ എത്ര കുട്ടികള്‍, അതില്‍ ആണെത്ര പെണ്ണെത്ര, ഇനി ഇവിടെയല്ലാതെ മിശ്രഭോജനം ചങ്ങായ് വേറെവിടെല്ലാം തരാക്കുന്നു....ഇത്യാദി വിസ്ഫോട്കാത്മക വിഭ്രമാത്മക വിശകലന വസ്തുതകള്‍ ഇനം തിരിച്ച്, പട്ടിക തിരിച്ച് പിറ്റേന്നു രാവിലെ കുഞ്ഞിക്കാദേഴ്സ് സ്ഥിതിവിവരക്കണക്കു ലൈബ്രറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും എന്നു മാത്രമല്ല പ്രസ്തുത വസ്തു വഹകളെ തവ സുപ്രഭാതാനന്തരം പ്രഭാത് കൃത്യനെ നിര്‍വഹിക്കാന്‍ "ചൂടിലൊരു സുലൈമാനി പോരട്ടെ" എന്ന പ്രാരംഭ വായ്ത്താരി മുഴക്കുന്ന പന്തലായിനിക്കാര്‍ക്ക് കട്ടനു കടിക്കാനൊരു ചൂട് പരിപ്പുവടയായും കൊടുത്തുപോന്നിരുന്നു പരദൂഷണ നിഷ്ണാണന്‍ കുഞ്ഞിക്കാദറവര്‍കള്‍.ഇതിനൊക്കെ പുറമേ തര്‍ക്കവിതര്‍ക്ക പരാന്ന ജീവികളായി വിരാജിക്കുന്ന ബഹുഭൂരിപക്ഷം പന്തലായിനിക്കാര്‍ക്കും, പന്തലായിനിയില്‍ കാലുകുത്തിയ അന്നുമുതല്‍ അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ ഏ സര്ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാകത്തിലൊരു മയ്യത്തായി കിടന്നതിന്റെ തലേന്നുവരേയും ലാഭേച്ഛകൂടാതെ, ലോഭലേശമന്യേ കുഞ്ഞിക്കാദര്‍ ചെയ്തുകൊടുത്ത നിഷ്ക്കാമ നിഷ്ക്കര്ഷ നിസ്വാര്‍ഥ സേവനങ്ങള്‍ മാത്രം മതിയാവും ഇന്നാട്ടിലെ ജനകോടികളുടെ മനസ്സില്‍ തേച്ചാലും മാച്ചാലും പോരെങ്കില്‍ കുളിച്ചാലും പോവാത്തൊരോര്‍മ്മയായി ടിയാന്റെ പാവനസ്മരണ കല്പാന്തകാലത്തോളം നിലനില്‍ക്കാന്‍......!ഉദാഹരണത്തിന് പന്തലായിനി ദേശത്തെവിടെയെങ്കിലും പുരനിറഞ്ഞുകവിഞ്ഞ് പുറത്തേകൊഴുകിപ്പരക്കാന്‍ വെമ്പല്‍ പൂണ്ട് നില്ക്കുന്ന ഏതേലും മിസ് പന്തലായിനിക്ക് വല്ല കല്യാണാലോചനയും കൊണ്ട് വല്ല അന്യ ദേശക്കാരാരേലും ഇന്നാട്ടില്‍ കാലുകുത്തി എന്നിരിക്കട്ടെ. നൂറ്റുക്ക് തൊണ്ണൂറും ഈ കാലുകുത്തിയ ക്ഷീണം ഒന്നു മാറ്റാല്ലോ എന്ന സദുദ്ദേശത്തില്‍ കുഞ്ഞിക്കാദര്‍ വഹ മക്കാനിയില്‍ ഒന്നു കയറിയിരിക്കും. ഏതായാലും ഈ കയറിയ മംഗല്യാന്വേഷണ കുതുകികളാരും ഇന്നേവരെ ഉദ്ദേശിച്ച വഴിയെ പിന്നെ മുന്നോട്ട് പോയിട്ടില്ല എന്നു മാത്രമല്ല വന്നേലും ഇരട്ടി വേഗത്തില്‍ വന്ന വഴിയേ തിരിച്ചു പോയിട്ടേ ഉള്ളൂ എന്നതിനു നിറഞ്ഞു കവിഞ്ഞ് നിറഞ്ഞു കവിഞ്ഞ് പിന്നെയും നിറഞ്ഞു കവിഞ്ഞങ്ങിനെ നില്ക്കുന്ന പന്തലായിനിയിലെ ഇളനീര്‍കുടങ്ങള്‍ തന്നെ സാക്ഷി!തീര്‍ന്നോ കുഞ്ഞിക്കാദറിന്റെ പരോപകാര വീരശൂര ദിക്കൃതശക്ര പരാക്രമങ്ങള്‍? ഇല്ലാ... പാരപണിയിലും പാലംവലിയിലും കുതികാല്‍‌വെട്ടിലും കുഞ്ഞിക്കാദറിനെ ജയിക്കാന്‍ ഈരേഴു പതിനാലു ലോകത്തിലിനി മലയാളം ​ബ്ളോഗിലല്ലാതെ വേരൊരുത്തന്‍ ആണായി (പെണ്ണായും) ജനിക്കില്ല മക്കളേ....ജനിക്കില്ല!!കേട്ടില്ലേ നിങ്ങള്‍ പന്തലായിനി ദേശത്ത് പാണന്മാര്‍ പാടിനടക്കുന്ന പഴമ്പുരാണം?!വേലി ചാടിയ പയ്യിനെ ചൊല്ലി വാക്കാണം മൂത്ത അയല്‍ക്കാരിലൊരുത്തന്റെ വീട്ടുമുറ്റത്ത് നിറകൊണ്ട പാതിരായ്ക്ക് വെട്ടിയ കരിക്കും കോഴിത്തലയും കൊണ്ടിട്ടവന്‍ കുഞ്ഞിക്കാദര്‍.....(അനന്തരം മാറ്റാന്‍ മാരണം ചെയ്ത ഹേതുവില്‍ സിമ്പിള്‍ വാക്കാണം മൂത്ത് വെട്ടുകത്തികോര്‍ത്ത് പുത്തരിയങ്കം കുറിക്കുകയും, തദ്വാരാ നാരായണച്ചേകോന്‍ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ എണ്ണപാത്തിയിലും മാറ്റങ്കച്ചേകോന്‍ കുഞ്ഞിരാമക്കുറുപ്പ് കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലും ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ടി വന്നത് താന്താങ്ങളുടെ കര്‍മ്മഫലം എന്നല്ലാതെ എന്തു പറയാന്‍...)നാടു വിറപ്പിച്ച നാലകം വീട്ടില്‍ അദ്രുമാനാജിത്തങ്ങളുടെ മൂന്നാം കെട്ടിനു മട്ടന്‍ കുറുമയ്ക്ക് മുട്ടനെ വെട്ടാന്‍ ചുമ്മാ വെറുമൊരു കാഞ്ഞിരമുട്ടി കാണിച്ചു കൊടുത്തവന്‍ കുഞ്ഞിക്കാദര്‍....(കയ്ച്ചിട്ടിറക്കാന്‍ പറ്റാതായ കുക്കുറുമയെ ചെമ്പ് സഹിതം പാറപ്പള്ളി തോട്ടിലൊഴുക്കുന്നത് കണ്ട് ആര്‍ത്തു ചിരിച്ചവനും കുഞ്ഞിക്കാദര്‍....)ധനുമാസക്കുളിരില്‍ തിരുവാതിര നോറ്റ്, കൊതി തീരെ തിരുപ്പറത്ത് തളര്‍ന്ന പെണ്ണുങ്ങള്‍ നീന്തിത്തുടിച്ചു കുളിക്കന്‍ വരുന്ന ചിറക്കടവില്‍ നാലാളറിയാതെ നായ്ക്കൊരണ വിതറിയവന്‍ കുഞ്ഞിക്കാദര്‍....(ഈറന്‍ മാറാത്ത പെണ്ണുങ്ങള്‍ പരക്കം പായുന്നത് കാണാന്‍ പൂതിവെച്ചൊളിച്ചിരുന്ന കുഞ്ഞിക്കാദറെ ദേശവാസികള്‍ ഓടിച്ചിട്ട് പിടിച്ച് ഇടിച്ചു നുറുക്കി ചവുട്ടിക്കൂട്ടി ചുരുട്ടിക്കെട്ടി തലപ്പന്ത് കളിച്ചതും അനന്തരഫലമായി ലോറിയിടിച്ച റേയില്‍വേ ഗേറ്റ് പോലെ അടയാതെ നിന്നിരുന്ന ടിയാന്റെ മൂന്ന് മുന്‍നിരപ്പല്ലുകള്‍ അരിയെത്താതെ കാലം ചെയ്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും പാട്ട് കഥയില്‍ തുടര്‍ന്നു പറയുന്നുണ്ട്)എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ കുഞ്ഞിക്കാദറിന്റെ വീരശൂരപാരാ-അക്രമ ചരിതങ്ങള്‍ കുറിച്ചു സൂക്ഷിക്കാന്‍ പാ‍ാകത്തില്‍ താളിയോലയ്ക്ക് പന പാലക്കാട്ടും തികയില്ല കൂട്ടരേ...എങ്കിലും ഈ വീരവിരാടകുത്തിത്തിരിപ്പ്‌കുമാരവിഭോ കുഞ്ഞിക്കാദറിനെ പറ്റി പറയുമ്പോള്‍, തല്‍‌പുരുഷനോളമോ അല്ലെങ്കില്‍ ഒരു പൊടിക്ക് മുന്തൂക്കമായോ (കു)പ്രസിദ്ധമായിരുന്ന ആസിംഗപ്പൂര്‍ കൈലിമുണ്ടിനേക്കുറിച്ചും പ്രസ്താവിക്കാതിരുന്നാല്‍, ഈ ചരിത്ര കുറ്റാന്വേഷണം, നടുഭാഗമദ്ധ്യം പാറ്റവെട്ടിപ്പോയ പട്ടുകോണകം പോലെ മീനിംഗ്‌ലെസ്സ് അഥവാ‍ അര്‍ഥാന്തരാന്യാസമായ ഒരു വ്യര്‍ഥാഭ്യാസമായിപ്പോകും എന്ന ഒറ്റക്കാരണം കൊണ്ട് അതും കൂടെ പറഞ്ഞിട്ട് നമുക്ക് നിഗൂഡ രഹസ്യത്തിന്റെ കൊങ്ങയ്ക്ക് പിടിക്കാം.നാലകംവീട്ടില്‍ അദ്രുമാനാജിത്തങ്ങള്‍ സിംഗപ്പൂരില്‍ നിന്ന് കൊണ്ടു വരികയും, കാര്യസ്ഥന്‍ ബാപ്പുട്ടി ഏതോ ഒരു പാരാ ഉദ്ദിഷ്ഠ കാ‍ര്യത്തിനു ഉപകാ‍ര സ്മരണയായി കുഞ്ഞിക്കാദറിനു സമര്‍പ്പിക്കുകയും ചെയ്തതായിരുന്നു ആ നെടുവരയന്‍ കൈലിമുണ്ട്! അക്കാലത്തെ ഉത്തരമലബാറന്മാരായ ആഡ്യമാപ്പിളമാരുടെ അന്തരാളം ശൂന്യമായ അരക്കെട്ടിനെ ആചാരപൂര്‍വം സംരക്ഷിക്കുന്ന, “മൂട്ടിയ കള്ളിമുണ്ട്” എന്ന് മലബാറിന്റെ പ്രാദേശിക ഭാഷാനിഘണ്ടു നിര്‍വചിക്കുന്ന, ഒരു പ്രത്യേകതരം കൈലിമുണ്ടായിരുന്നു അവന്‍. മൂട്ടിയ മുണ്ടിന്റെ പ്രത്യേകത എന്താന്ന് ചോദിച്ചാല്‍ അത് സാദാ വെറുമൊരു മലയാളി മുണ്ടനെപോലെ തുറന്നു പരന്ന് വിശാ‍ലനായി ഭവിക്കുന്നില്ല എന്നതാകുന്നു. പകരം മൃദു മന്ദസ്മേരകുമാരീ കുസൂമങ്ങളുടെ പൂമ്പട്ട് പാ‍വാ‍ടപോലെ, മുണ്ട്യോന്റെ രണ്ടറ്റവും കൂട്ടിത്തൈച്ച്, ഒരു ലൂപ്പ് ചമച്ച്, തലവഴിയോ കാ‍ല്‍ വഴിയോ വലിച്ചുകയറ്റി ഉടുക്കാവുന്ന തരം ഒരു സവിശേഷ നിര്‍മ്മിതി.ഇനി ഈ വിശേഷാല്‍ പതിപ്പിന്റെ വിശേഷമോ ഉപകാരമോ ആണ്‌ ചോദ്യമായി വരുന്നതെങ്കിലോ? ഉത്തരം വെരിസിംപിള്‍....ജലസേചനം കം സാംസ്കാരിക വകുപ്പ്‌ മന്ത്രിപുംഗവനവര്‍കള്‍ക്ക്‌ ഇഷ്ടം പോലെ കാറ്റും വെളിച്ചവും കിട്ടാന്‍ പാകത്തില്‍ പുരാന്തര്‍ഭാഗം ശൂന്യമാണെങ്കിലും, ഏതാള്‍ക്കൂട്ടത്തിനു നടുവില്‍‌വെച്ചും ഈ മുണ്ടശ്ശേരിയവര്‍കളെ അഴിച്ചുകുടഞ്ഞുടുക്കാം. അത്രതന്നെ (ഊരഭാഗം സൂര്യപ്രകാശത്തിനു വിപരീതം അഥവാ പുറംതിരിഞ്ഞു നില്‍ക്കരുത്‌ എന്നു മാത്രം!!)നമ്മുടെ നല്‍ക്കഥാപുരുഷന്‍ കുഞ്ഞിക്കാദറവര്‍കളുടെ ഇന്ദ്രധനുസ്സൊത്ത (ന്ന്ച്ചാല്‍ ശോഷിച്ച്‌ വളഞ്ഞ്‌ കോഞ്ഞാട്ടകുത്തിയ) തളിരിളം മേനിയില്‍ കയറിക്കുടിപാര്‍ത്ത അന്നു മുതല്‍ ഈ സിംഗപ്പൂര്‍ കൈലിമുണ്ടും കാദര്‍ക്കായും തമ്മില്‍ അതി നിഗൂഡമായൊരു ഭീകര ഭയങ്കര വിശുദ്ധ പ്രണയം ഉടലെടുക്കുകയും അതങ്ങിനെ വളര്‍ന്ന് വളര്‍ന്ന് മുണ്ടിന്‌ കാദറിനെയോ കാദറിന്‌ മുണ്ടിനേയോ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യാത്തത്രയും ഗാഡ സള്‍ഫ്‌യൂരിക്കാസിഡായി മാറുകയും അനന്തരഫലമെന്നോണം അലക്ക്‌ കുളി ഇത്യാദി കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ പോലും കുഞ്ഞിക്കാദറിന്‌ അന്തരാത്മാവിലൊരു വിങ്ങലായി മാറുന്നൊരു അവസ്ഥ സംജാതമാവുകയും ചെയ്തു. കാലങ്ങള്‍ കഴിയവേ ചായപ്പീടികയിലെ ചൂടും ചൂരും പുകയുമേറ്റ്‌ കറുത്ത്‌ കരിവാളിച്ച്‌ കാദറും കൈലിയും ഒരേരൂപമൊരേഭാവന്മാരായി, പരിണാമസിദ്ധാന്തന്മാരായി മാറി. അതോടെ "കാദറേതാ കൈലിയേതാ" എന്നൊരു ഐഡന്റിറ്റി ക്രൈസിസ്‌ അഖിലപന്തലായിനി കുത്തിത്തിരിപ്പ്‌ ആന്‍ഡ്‌ പാരവെപ്പ്‌ ക്ലബ്ബിലെ സഹ മെംബര്‍മാര്‍ക്ക്‌ വന്നുബ്ഭവിച്ചു എന്നതാണ് സാമദാനഭേദദ്ണ്ടനങ്ങള്‍ മാറിമാറി ദിവസങ്ങളോളം പ്രയോഗിച്ച് പ്രാ‍ണപ്രേയസീ മുണ്ടിയെ ഒരു ദിവസത്തേക്കെങ്കിലും സോപ്പിന്‍‌കായ പതപ്പിച്ച വെള്ളത്തില്‍ മുക്കിവെക്കാന്‍ കുഞ്ഞിക്കാദറിനെ സമ്മതിപ്പിച്ചെടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചേതോമൃദുലവികാ‍രം.പക്ഷെ പ്രസ്തുത വിഴുപ്പലക്കിവെളുപ്പിക്കല്‍ യഞ്ജം പന്തലായിനിയിലെ (അയലോക്കനാടുകളിലേയും) പ്രായപൂര്‍ത്തി വോട്ടവകാശം കിട്ടിയ മുക്കാലേ മുണ്ടാണി പുരുഷപ്രജകള്‍ക്കും തലയിലൊരിടിത്തീ അറിയാണ്ടെ വന്നു പതിക്കാന്‍ കാരണമാ‍യി എന്നുപറഞ്ഞാല്‍ അതൊരതിശയോക്തിആണോ എന്നു ചിന്തിക്കാനുള്ളൊരു വകുപ്പുണ്ടാവാന്‍ വകുപ്പുണ്ടോ എന്നു ചോദിച്ചാല്‍, ഒട്ടുമില്ലാ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സംഭവം എന്താച്ചാ‍ല്‍.....!കുറുമ്പ്രനാടു ദേശത്തും, കടത്തനാടുദേശത്തും ഒന്നൂടെ വിശാലമാക്കി പറഞ്ഞാല്‍ അങ്ങു വള്ളുവനാട്‌ ദേശത്തും പേരും പെരുമയും പെണ്‍കോയ്മയും കേള്‍പ്പിച്ച പന്തലായിനിയിലെ പെണ്‍ശിങ്കം നെല്ലിയാടി മാധവിയുടെ മൂന്നാം താവഴിയിലെ ഇളമുറ പടുമുളയും, മാധവിമുത്താച്ചിയുടെ "സല്‍" കീര്‍ത്തിചക്രയ്ക്ക്‌ താനായൊരു പൊടിക്കു പേരുദോഷം ചങ്കില്‍ ജീവനുള്ളേട്ത്തറ്റം കേള്‍പ്പിക്കില്ലാ എന്ന അടിയുറ‍ച്ച ശപഥത്തിനു പുറത്ത്‌, പന്തലായിനിയിലേയും ചുറ്റുസാമന്തദേശങ്ങളിലെയും ഏ സര്‍ട്ടിഫിക്കേറ്റ്‌ പടങ്ങള്‍ക്ക്‌ ചിത്രാടാക്കീസില്‍ പാരന്‍സിനേയും കൂട്ടിവരേണ്ട ആവശ്യം നിയമപ്രകാരം ഇല്ലാത്ത എല്ലാ ആണ്‍പ്രജകള്‍ക്കും, അന്തിമയങ്ങിയാല്‍ (അടിയന്തിര സര്‍വീസ്‌ ചട്ടപ്രകാരം മുട്ടിയ ഘട്ടത്തില്‍ നട്ടുച്ചയ്ക്കും) ഞരമ്പ്‌ രോഗ പരിഹാര ക്രിയാവിക്രിയകളായ അനാച്ഛാദനം, ആവാഹനം, ഉച്ഛാടനം മുതല്‍‌പറഞ്ഞ ക്രിയാവിക്രിയകള്‍ തരാതരം പ്രയോഗിച്ച്‌ കാലക്ഷേപം കഴിക്കുന്നവളാണല്ലോ തെറ്റ്യേടത്ത്‌ വിശാലം.(ഈ പറഞ്ഞ രോഗം വളരെ അടുത്തകാലത്ത്‌ കൂലംകഷായമായ പരീക്ഷണ നിരീക്ഷണപ്രക്ഷാളനങ്ങങ്ങള്‍ക്ക്‌ ശേഷം തങ്ങളാല്‍ കണ്ടു പിടിക്കപ്പെട്ടതാണെന്ന് ചില ആധുനിക വൈദ്യശാസ്ത്ര വിശാരദമാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഞങ്ങള്‍ പന്തലായിനിക്കാര്‍ക്ക്‌ അതൊരു പുത്തരികുത്തിയ സൂക്കേടല്ലെന്നും അഥവാ അങ്ങിനെയായ വല്ലവരും പന്തലായിനിയിലുണ്ടെങ്കില്‍ അവരങ്ങ്‌ വല്ല മാവിലായിക്കാരെങ്ങാനുമായിരിക്കാനേ തരമുള്ളൂ എന്നും ഇത്തരുണത്തില്‍ സൂചിപ്പിച്ചുകൊള്ളുന്നു. ച.കാ).ആ വിശാലത്തേയാണ്‌, പ്രിയസഖി മുണ്ടിനു പകരം ആധാരമെഴുത്ത്‌ ഗോവിന്ദന്റെ സാദാ വെറും പുള്ളിക്കൈലി ഉടുത്തു ചായമക്കാനി തുറക്കാന്‍ വന്നവരവിന്‌ അതിരാവിലെത്തന്നെ ഒരു നിലമറന്നന്തം തിരിഞ്ഞ ചുവടിനാല്‍ കുഞ്ഞിക്കാദര്‍ ചായപ്പീട്യക്ക്‌ മുന്നിലെ ആണിച്ചാലിലേക്ക്‌, അടിവേരിളകിയ കൊന്നത്തെങ്ങിനെ കത്രീനക്കാറ്റ്‌ ആലിംഗനം ചെയ്തപോലെ, ചുഴറ്റിയെറിഞ്ഞതും പിന്നെ "വീണിതല്ലോ കിടക്കുന്നു" എന്ന കിളിപ്പാട്ട്‌ പാടിയതും!വാട്ട്‌?!!! കോടന്‍ഭരണിക്ക്‌ കയ്യും കാലും വെച്ചപോലുള്ള വിശാലത്തിനെ ഉണങ്ങിയ ചാപ്പാണം പുകയില കാറ്റത്ത്‌ പറക്കുമ്പോലെ നടക്കുന്ന കുഞ്ഞിക്കാദര്‍........അതും നേരം ഫര ഫരാ വെളുക്കും മുന്നെ...!!!ഛായ്‌, അയ്യയ്യേ...അതല്ലകൂട്ടരേ സംഭവം. പിന്നെയോ?കുലത്തൊഴിലായ ആവാഹനാദി ഉച്ഛാടന ക്രിയാധാതുക്കള്‍ക്ക്‌ പുറമേ നാലാള്‍കേട്ടാല്‍ കുറ്റം പറയാത്തൊരു എം ഏ ഹോബിയായി അസാരം പശൂനെ വളര്‍ത്തലും തത്‌ഫലനായി ഒരുപൊടിക്കൊരു ക്ഷീരോല്‍പാദനം കം വിതരണം കം വികസന കോര്‍പറേഷനും വിശാലം ഒരു സൈഡ്‌ ബിസിനസ്സായി നടത്തിവരുന്നുണ്ട്‌ (ഒള്ളതൊന്നും പോരാഞ്ഞിട്ടേയ്‌....!!!)ആയതിനാല്‍ തന്നെ നാട്ടിലെ ഏകമാനക ഭോജനശാലയായ കുഞ്ചിക്കാദേര്‍സ്‌ കഫേയില്‍ അതിരാവിലെ ശുദ്ധപശുവിന്‍പാല്‍ വെള്ളത്തില്‍ചേര്‍ത്ത്‌ മൊന്തയിലാക്കി സപ്ലൈ ചെയ്യേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്തവും വിശാലം സ്വമനസ്സാലെ ഏറ്റെടുത്തിരുന്നു. ആണ്ടറുതിയും വാവും പ്രമാണിച്ച്‌ തലേരാത്രി നോര്‍മല്‍ വര്‍ക്കിംഗ്‌ അവേര്‍സിനു പുറമേ രണ്ടുമണിക്കൂര്‍ ഓവര്‍ടൈമും ജോലിചെയ്യാന്‍ നിര്‍ബന്ധിതയായ മാധവീ പൗത്രി വിശാലമനസ്ക,ആയതു ഹേതുവാക്കി പിറ്റേന്നു രാവിലെ പള്ളിക്കുറുപ്പു വിട്ടുണരാന്‍ അസാരം വൈകിപ്പോയതിനു പെണ്ണായിപ്പിറന്നവളെ കുറ്റം പറയാന്‍ പറ്റുമോ? (മുതു മുത്തച്ഛന്‍ കാരണവന്മാര്‍, "തന്നതു തന്നതു തിന്നീടുമ്പോള്‍ പിന്നേം തമ്പുരാന്‍ തന്നീടും" എന്നും "കാറ്റുള്ളപ്പോള്‍ തൂറ്റണം" എന്നുമൊക്കെ പ്രമാണങ്ങള്‍ചമച്ചു വെച്ചതിനു പാവം വിശാലമെന്തു പിഴച്ചു?) എന്തായാലും വിശാലം ഉണരാന്‍ വൈകിയതോടെ കറവവൈകി, കറവ വൈകിയതോടെ പാല്‍‌‌വിതരണം സമയവും തെറ്റിച്ചു.സമാവറില്‍ വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിനു മുന്നില്‍ ഇതികര്‍ത്തവ്യാ മൂഡനായി കാദറും, പുലരുമ്പോതന്നെ ഫസ്റ്റ് തോണി കടവുകടക്കുമല്ലോ എന്ന ആധിയില്‍ സ്ഥിരംചായകുടിയന്മാരും മുഖത്തോട് മുഖംനോക്കി "ഇനിയെന്തുവേണ്ടൂ" എന്ന ചോദ്യചിഹ്നംപോലെ കുത്തിയിരിക്കുന്ന ദശാസന്ധിയിലേക്കാണ്, അന്ന് രാവിലെ നേരംവൈകിയ വേളയില്‍ കൈയില്‍ പാലും മൊന്തയുമായി ഓടിക്കിതച്ചെത്തിയ നിര്‍ഭാഗ്യവതി വിശാലാക്ഷി സഡന്‍ബ്രേക്കിട്ട് നിന്നത്! അരിശം കാല്പാദം മുതല്‍ ഉച്ചിക്കഷണ്ടിവരെ മൂത്ത് പെരുത്ത് നിക്കണ നേരമാണേലും “വന്നത് വിശാലമല്ലേ, കൈയ്യില്‍ പാലല്ലേ, മുഖത്ത് അതേപാലില്‍ പഞ്ചാര ചാലിച്ച പുഞ്ചിരിയല്ലേ” എന്നീ മൂന്നേമൂന്ന് കാരണങ്ങളാല്‍ മാത്രം കുഞ്ഞിക്കാദര്‍ വിശാലമായൊരു വളിച്ച ചിരിയെടുത്ത് മോന്തയ്ക്ക് ഫിറ്റ് ചെയ്ത്, "ജ്ജെന്തു പണിയാകാണിച്ചെ വിശാലേ?" ന്നൊരു ഡയലോഗും കാച്ചി, പാലുവാങ്ങിവെയ്ക്കാനുള്ള ധൃതിയില്‍ പീട്യക്കോലായിലേക്കൊരു ധ്രുതനടനം നടന്നു. ഈ ലളിതനടനകലാവൈഭത്തിനിടയ്ക്കാണ്, ഉടുത്തിരിക്കുന്ന മുണ്ട്, കനലില്‍ ചുട്ട പറങ്കിയണ്ടി പോലെ ശുഷ്കിച്ചു കരിഞ്ഞ്ഞു വളഞ്ഞ തന്റെ അരക്കെട്ടിനോട് സലാം പറഞ്ഞ് മൊഴിചൊല്ലിപിരിയാന്‍ പോവുകയാണോ എന്നൊരു ശങ്ക കുഞ്ഞിക്കാദറിന്റെ അന്തരാളത്തില്‍ ബിജാങ്കുരണം ചെയ്ത് മുളച്ച് വലുതായി പടര്‍ന്നു പന്തലിച്ചത്. ഹേയ് അതിനെന്താ പ്രശ്നം?ഒരു കരളും ഇരു ശരീരവുമായി താന്‍ കൊണ്ടു നടന്ന, മുന്‍ഭാഗം മൂട്ടിത്തൈച്ച സിംഗപ്പൂര്‍ കൈലി, ലക്സ് സോപ്പിന്റെ പരസ്യത്തില്‍ ഐശ്വര്യാറായ് ബാത്ടബ്ബില്‍ കിടക്കുന്നചേലില്‍, അങ്ങകലെ ആധാരമെഴുത്ത് ഗോവിന്ദന്റെ വീട്ടില്‍ കിണറ്റിങ്കരയില്‍, സോപ്പിന്‍‌കായുടെ പതസമൃദ്ധിയില്‍ മുങ്ങിക്കിടക്കുകയാണെന്നും, പകരം തന്റെ അരക്കെട്ടിനെ അലങ്കരിക്കുന്നത് പ്രസ്തുത ഗോവിന്ദയുടെ ഒരു സാദാ മലബാര്‍ കള്ളിമുണ്ടാണെന്നും ഒരുപൊടിക്കൊരു ഫ്ലാഷ് തലച്ചോറില്‍ മിന്നിയിരുന്നെങ്കില്‍ കുഞ്ഞിക്കാദര്‍ ഇപ്പണി അന്നേരം ചെയ്യില്ലായിരുന്നു എന്നത് മൂന്നുതരം. പറഞ്ഞിട്ടെന്ത് കാര്യം? വരാനുള്ളത് മുണ്ടുടുക്കാതെയും വരും എന്നാണല്ലോ?അണ്ടര്‍ഗ്രൌണ്ടിനു മറ്റു മറയൊന്നുമില്ലാത്ത കുഞ്ഞിക്കാദര്‍ തന്റെ പുരോഭാഗകേന്ദ്രസ്ഥാനം കൃത്യം വിശാലമുഖത്തേക്ക് തിരിച്ചുവെച്ച്, താനുടുത്തിരിക്കുന്നത് മുന്‍ഭാ‍ഗം കൂട്ടിത്തൈച്ച തന്റെ സ്വന്തം കൈലിയാണെന്നുള്ള അടിയുറച്ച വിശ്വാസത്തില്‍, ആധാരമെഴുത്ത് ഗോവിന്ദന്റെ സാദാ കള്ളി മുണ്ടിനെ വിശാലമായിത്തന്നെ ഒന്നഴിച്ചു കുടഞ്ഞങ്ങ് മുറുക്കിയുടുത്തു........!!! ദാറ്റ്സ് ആള്‍!!എന്തോ ഏതോ കണ്ടു പേടിച്ചപോലെ വിശാലത്തിന്റെ വിശാലാക്ഷികള്‍ രണ്ടും തുറിച്ചു വരുന്നതും, രണ്ടുലിറ്റര്‍ കൊള്ളുന്ന പാലും മൊന്ത തളര്‍ന്നകൈകളില്‍ നിന്ന് താഴെ വീണ് കടകടശബ്ദത്തോടെ ഉരുണ്ടുപോകുന്നതും പിന്നെ “ഊയെന്റെ കാദറാപ്ലേ” എന്നൊരു കാറല്‍ വിശാലത്തിന്റെ തൊണ്ടയില്‍ കുരുങ്ങുന്നതും മാത്രമേ ചായപ്പീടികയില്‍ കൂടിയിരുന്ന ഏതാനും ചില ദേശക്കാര്‍ക്ക് ഓര്‍മ്മയുള്ളൂ. ശേഷം, പാകംവിട്ടു പഴുത്ത കൂഴച്ചക്ക തോട്ടി വെച്ചു കുത്തിയിട്ടാലുള്ള ഒരൊച്ചയും പിന്നാലെ ഒരു കൊച്ചുഭൂമികുലുക്കവും അനുഭവപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പിന്നീട് കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തറിമരുന്ന് പീടികയില്‍ വെച്ചു നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത്‌കൊണ്ട് പറഞ്ഞത്!ഒട്ടും നിനച്ചിരിക്കാത്ത വെളുപ്പാന്‍‌കാ‍ലത്ത് മൊട്ടയടിച്ചതലയില്‍ ഇടിത്തീ വീണപോലെ ദേശത്തെ നടുക്കിയ ദേശീയദുരന്തത്തില്‍ നടുങ്ങിവിറച്ച പന്തലായിനീവാസികള്‍ കൂട്ടമണിമുഴക്കി കുഞ്ഞിക്കാദേര്‍സ് ചായമക്കാനിക്കു മുന്നിലേക്ക് കുതികുതിച്ചു! കൂട്ടത്തില്‍ തണ്ടും തടിയുമൊത്ത ചില ചെറുപ്പക്കാര്‍, ചെത്ത്‌കാരന്‍ കുഞ്ഞാ‍പ്പുവിന്റെ നേതൃത്വത്തില്‍ കര്‍മ്മനിരതരാവുകയും, നിന്നനില്‍പ്പില്‍ ബംബറും ബൂട്ടും നിലത്തടിച്ചു വീണ ആഘാതത്തിന്റെ പ്രത്യാഘാതകത്തില്‍, പിടലിയും നടുവുമുളുക്കുകയും ആയതിനാലോ അല്ലെങ്കില്‍ ആദ്യത്തെ ഞെട്ടലിന്റെ അതിഭയങ്കര ശക്തിയാലോ ബോധം പോയിക്കിടന്ന വിശാലത്തെ ആഘോഷപൂര്‍വം ചുമന്ന് കുഞ്ഞീഷ്ണന്‍ വൈദ്യന്റെ ഒറ്റമുറി വൈദ്യശാലയുടെ നിരപ്പലകയില്‍ കൊണ്ടുവന്ന് കിടത്തുകയും ചെയ്തു.ഏതായാലും അറുപത് മോഡല്‍ ഫോര്‍ഡ് എഞ്ചിന്‍ പിടിപ്പിച്ച കുതിരശക്തിയില്‍ ചീറിപ്പറന്നിരുന്ന ആ മുതലിനെ ഒന്നു വര്‍ക്കിംഗ് കണ്ടീഷനില്‍ ആക്കിയെടുക്കാന്‍, തന്റെ സ്വന്ന്തം വൈദ്യശാലയ്ക്കകത്ത് വെച്ച്, കൂമ്പിനു ഫ്യുറഡാന്‍ വെച്ചു പഴുപ്പിച്ച ഏത്തവാഴക്കുല പോലെ ചീര്‍ത്തു വീര്‍ത്ത ആ ശരീരത്തില്‍ നെടുകെയും കുറുകേയും പോരാഞ്ഞ് കോണോട്കോണും തിരുമ്മലും ഉഴിച്ചിലും പിഴിച്ചിലും ധാരകോരലും എമ്പാടും നടത്തേണ്ടിവന്നു കുഞ്ഞീഷ്ണന്‍ വൈദ്യന്, എന്നൊരു ടിപ്പണി കൂടെ എഴുതിച്ചേര്‍ക്കാം നമുക്കീ പണിക്കിടയില്‍!തര്‍ക്കവിതര്‍ക്ക കുതര്‍ക്ക ശാഖയില്‍ പി.എച്ഛ്.ഡി നേടി ചൊറിയും കുത്തിയിരിക്കുന്ന പന്തലായിനിയിലെ തര്‍ക്കീസ് ആന്‍ഡ് വര്‍ക്കീസിന്റെ കുതിരമാര്‍ക്ക് തലകളെ മെഗാഷോയ്ക്ക് ഡ്രൈ ഐസ് പുകയിക്കുന്നപോലെ പുകച്ച് പുകച്ച് ശ്വാസം മുട്ടിച്ച എസ്സേ ക്വസ്റ്റ്യന്‍, പക്ഷേ ഇതൊന്നുമായിരുന്നില്ല! "വെടിക്കെട്ട് പുരയിലെ മുയലെങ്ങിനെ ചുമ്മാ വെറുമൊരു ഉടുക്കു കൊട്ടിയപ്പോള്‍ പേടിച്ചു ബോധം കെട്ടു?'' (വേണച്ചാല്‍ സന്ദര്‍ഭം വിവരിച്ച് ആശയം വ്യക്തമാക്കുക) അദല്ലേ ചോദ്യം !!!സന്ദര്‍ഭം മേല്‍ വിവരിച്ചത് തന്നെ. അപ്പോള്‍ ആമാശയം? വെരി സിമ്പിള്‍! മ്മടെ തൃശ്ശൂര്‍ പൂരത്തിനു നിരന്നു നിന്ന് "ഫഠ ഫഠോ"ന്ന് പൊട്ടുന്ന സൈസ് മാലപ്പടക്കോം, ഗുണ്ടും, നിലയമിട്ടും, കുഴിമിന്നീം പിന്നെ ഏതാനും ചില എമണ്ടന്‍ ഡൈനാമിറ്റുകളും നിത്യേനയെന്നോണം ഇരുകൈകളിലുമെടുത്ത് അമ്മാനമാടുന്ന കമ്പക്കെട്ട് വിശാലം, എത്രതന്നെ ഗ്രേസ് മാര്‍ക്ക് കൊടുത്ത് കൂട്ടിയാലും മാളികവീട്ടിലെ കുട്ടികള്‍ വിഷൂന്റന്തിക്ക് പൊട്ടിക്കണ ഒരു വെറും നരിമാര്‍ക്ക് കുരുവിപ്പടക്കം കുഞ്ഞിക്കാദര്‍ അറിയാണ്ടെ പൊട്ടിച്ചൂന്ന് വെച്ച് ചുമ്മാ അങ്ങ് ബോധം കെടേണ്ട വല്ലകാര്യവുമുണ്ടോ? അല്ല, നിങ്ങള്‍ തന്നെ പറ.പക്ഷേ ഞങ്ങള്‍ പന്തലായിനിക്കാര്‍ ആരാമക്കള്‍! ഗവേഷിച്ച് ഗവേഷിച്ച് അവരാ ഉത്തരം ഒടുക്കം കണ്ടെത്തുക തന്നെ ചെയ്തു!"അപ്രതീക്ഷിതമായി ചിലത് നിനച്ചിരിക്കാത്ത നേരത്ത് കണ്ടാലെന്നപോലെ തന്നെ, സുപ്രതീക്ഷിതമായ ചില വസ്തുക്കളോ സാധനങ്ങളോ പ്രതീക്ഷിച്ച സ്ഥാനങ്ങളില്‍ കാണാതിരുന്നാലും മനുഷ്യ മനസ്സ് ചിലപ്പോള്‍ ശക്തമായ ഞെട്ടലില്‍ പ്രകമ്പിതമായേക്കാമെന്നും, തത്ഫലമായി തലച്ചോറില്‍ സംഭവിച്ചേക്കാവുന്ന വിദ്യുത്കാന്തിക തരംഗ വ്യതിയാനങ്ങള്‍ ഹേതുവായി ബോധക്ഷയമോ ചില അവസരങ്ങളില്‍ മരണം തന്നെയോ സംഭവിക്കാന്‍ സാധ്യതയുണ്ട്" എന്ന, പില്ക്കാലത്ത് പ്രചുരപ്രചാരം നേടിയ, വൈദ്യശാസ്ത്ര സിദ്ധാന്തം പന്തലായിനിലെ പൂര്‍വസൂരികള്‍ ഉരുത്തിരിച്ചെടുത്തതിനു പിന്നില്‍ പ്രേരകശക്തിയായി വര്‍ത്തിച്ചത് ഈ ഒരു സംഭവമല്ലാതെ മറ്റൊന്നാവാന്‍ യാതൊരു ന്യായവും ഈ വിനീത ചരിത്രകാരനു പില്‍ക്കാല ഗവേഷണങ്ങളില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല!!! (അമ്പാതാം വയസ്സില്‍ മരിക്കുന്നത് വരെയും ശ്രീമദ് കുഞ്ഞിക്കാ‍ദര്‍ അവര്‍കള്‍ ഒരു കല്യാണത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്നുമാത്രമല്ല, പന്തലായിനി ദേശത്തിന്റെ നാലതിരുകള്‍ക്കിടയില്‍ എവിടേലും ഒരു കല്യാ‍ണം നടക്കാന്‍ വല്ല സാധ്യതയും തെളിഞ്ഞു വന്നാല്‍‌, സ്വജീവന്‍ കൊടുത്തും അതു മുടക്കി വെടിപ്പാ‍ക്കാതെ ടിയാന്‍ വിശ്രമിച്ചിട്ടില്ല എന്നതും ചരിത്ര വസ്തുതകള്‍ തന്നെയാകുന്നു)അതെന്തൊക്കെയായിരുന്നാലും ഈ ഒരു ഇല്ലായമയും തുടര്‍ന്നു വരുന്ന ആ വല്ലായ്മയും തത്ഫലമായി ഉരുവം കൊള്ളുന്ന കൃമി കടിയും തദ്വാരാ അറിയാണ്ടെ ചെയ്തുപോവുന്ന പാരവെയ്പ്പും തല്ലുവാങ്ങലും മാത്രമായിരുന്നില്ല മഹാശയന്‍ കുഞ്ഞിക്കാദറിനെ അഭിനവ നാരദന്റെ അത്യാധുനിക പതിപ്പായി പടച്ചു വിടാന്‍ നിതാന്തമായ കാരണ ഹേതുഭൂതന്മാര്‍! കറുത്ത് കരിവാളിച്ച് മെലിഞ്ഞുവളഞ്ഞ് കൊലുന്നനെയുള്ള ആ സുന്ദരഗാത്രത്തിനു താങ്ങാവുന്നതിനും അപ്പുറത്തുള്ള ഒരു ബയോളജിക്കല്‍ ഡിസോര്‍ഡര്‍ അഥവാ ജീവശാസ്ത്രപരമായ ഒരു മാല്‍ ഫങ്ഷന്‍ അഥവാ ബയോളജിക്കലായിട്ടുള്ള ഒരു വ്യതിയാനം (അതും ശരിയായില്ലേ, എന്നാ ആരേലും ശരിയാക്ക്) ആയിരുന്നു കുഞ്ഞിക്കാദറിനെ നാലാളറിയുന്ന പരദൂഷണം കുഞ്ഞിക്കാദറാക്കി മാറ്റിമറിച്ചു കളഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാസത്വരകം അഥവാ......അല്ലേല്‍ വേണ്ട!ആത്യന്തികവും അവസാനവുമായി അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ മദാലസനായ ഒരു ശവനായി കുഞ്ഞിക്കാദറെ കൊണ്ടു കിടത്തുന്നതിനു കാരണമായ സംഭവ പരമ്പരകളിലേക്ക് ആ ഭീകരകരാള രാത്രിയെ നയിച്ചതും ഈ ഒരു മാല്‍ഫങ്ഷന്‍ അഥവാ....ആങ്, അതു തന്നെ ആയിരുന്നുവെന്നാണ്‌, പന്തലായിനിയുടെ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായം ​അലക്കി വെളുപ്പിക്കാന്‍ ചരിത്രകാരന്‍ നടത്തിയ അന്വേഷണങ്ങള്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ചെടുത്തത്!സംഗതി എന്താച്ചാല്‍................!! ഹൂശെന്റപ്പാ.....ഈ ചരിത്രമെഴുത്തിന്റെ മാല്‍ഫങ്ഷന്‍ ഇവിടെവെച്ചെങ്കിലും കെട്ടിപ്പൂട്ടി അട്ടത്ത് കയറ്റിയില്ലെങ്കില്‍, പടച്ചോനാണെ, വായനക്കാരുടെ കൈയ്യോണ്ട് - കാലുകൊണ്ടും- സിദ്ധികൂടിയ ആദ്യത്തെ മലയാളം ബ്ളോഗര്‍ എന്ന വിശേഷണം മൂക്കിലൊരു പഞ്ഞിയാക്കി വെച്ച് നീണ്ട് നീര്‍ന്ന് ചത്തു കിടക്കുന്ന എന്റെ തന്നെ രൂപം എന്നെ തന്നെ പേടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു! ആയതിനാല്‍ ഇതുപോലെ എന്നേലും മറിയവും സന്ദര്‍ഭനും...., സോറി, സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ തുടരണോ വേണ്ടണോ അതോ ഇട്ടിട്ട് പോണോ, വേണോ അതോ വേണ്ടേ എന്നെല്ലാമുള്ള കണ്ഫ്യൂഷനില്‍ അല്ലെങ്കില്‍ ശങ്കയില്‍ ഞാനിങ്ങനെ ഒരു ശങ്കരനായി......!!! ക്ഷമിക്കണം, സംഗതി കൈയ്യീന്നു പോയി!!!തുടര്‍ന്നേക്കാം..........!!???

17 comments:

അരവിന്ദ് :: aravind said...

ഹഹഹ!
നല്ല ഇമ്പമുള്ള എഴുത്താണ് മാഗ്നീ താങ്കളുടെ...ഇത്രയും നാടന്‍ പദസമ്പത്ത് (അത് തന്ന്യല്ലേ) എനിക്കുണ്ടായിരുനെങ്കില്‍ ഞാന്‍ തകര്‍ത്തേനെ!

പോസ്റ്റ് മൊത്തം രസിച്ചു..ഇടക്ക് നല്ല എട്ട് നില അമിട്ടുകള്‍ ഉണ്ട് ട്ടാ...

തുടരണം!

:-)

magnifier said...

നന്ദി അരവിന്ദ്!

ഈ ബ്ലോഗിനെന്തോ പറ്റിയെന്നു തോന്നുന്നു. ഇവനെ ചെറുതായി ഒന്ന് എഡിറ്റ് ചെയ്ത് പോസ്റ്റിയതാ...ദേ ഇപ്പോ പഴയ മൂന്നാലു കമന്റുകള്‍ കാണാനില്ല. ആവിയായിപ്പോച്ച്!

ഏതായലും ആദ്യ കമ്ന്റിട്ട ശ്രീ, പിന്നെ കുട്ടിച്ചാത്തന്‍, രാജേഷ് നമ്പ്യാര്‍ എന്നിവര്ക്കും നന്ദി.....

സാങ്കേതിക സഹായം ചെയ്ത അതുല്യേച്ചിക്കും, ഏവൂരാന്‍ജിക്കും നന്ദി പ്രത്യേകം പാക്കറ്റിലാക്കി കൊറിയര്‍ ചെയ്യുന്നതായിരിക്കും.

Sul | സുല്‍ said...

മാഗ്നീ
ഈ പെരുക്ക് കേമം തന്ന്യേ
തൊടരോ (ഒവ്വ)
:)
-സുല്‍

രജീഷ് || നമ്പ്യാര്‍ said...

ങ്യാ! എന്റെ കമന്റ്!
പോരാത്തേന് പേരും തെറ്റിച്ച്! ഞാം കേസ് ഫയല്‍ ചെയ്യും - ചെയ്യണോ?

(അതേ കമന്റ് വീണ്ടാമതും പോസ്റ്റുന്നത് മോശമല്ലെ? അതോണ്ട് വേറെ.)
ഭാഷയും, നെടുനീളന്‍ വാചകങ്ങളും നല്ലോണം ബോധിച്ചു. മുഴുവന്‍ പോസ്റ്റും ഇന്ന് പ്രിന്റെടുക്കണം. ബാക്കി പിന്നെ.

(ഓ, ആദ്യത്തെ കമന്റിലെ ബൈ ദ് വേ പിന്നേം - തലശ്ശേരിയാണോ പടക്കളം?)

magnifier said...

സുല്‍ നന്ദി....!!

രജീഷ് സോറി ട്ടോ....ഓര്‍മ്മയില്‍ അങ്ങനാ പേരു വന്നേ...! പിന്നെ കളം തലശ്ശേരിയല്ലാ... കൊയിലാണ്ടി ആകുന്നു.

രജീഷ് || നമ്പ്യാര്‍ said...

സങ്ങതി ആക്സപ്റ്റ് ചെയ്തിരിക്കുന്നു മാഗ്നി. ;-)

ഒള്ള പറയാല്ലൊ, ഒരൊറ്റ ബംഗാളിക്കും നമ്മടെ പേര് മര്യായ്‌ക്ക് പറയാനറീല്ല. ന്നാ മ്മടെ നാട്ട്വാരെങ്കിലും പറ്യുംന്ന് നിരീച്ചു. ഇംഗ്ലീഷിലെഴ്‌ത്യപ്പ അവരും ചന്തുവിനെ ചതിച്ചു. ആതോണ്ടാ പേരെഴ്‌ത്‌ന്നത് മലയാളത്തിലാക്ക്യെ.

(ഓ.ടോ: ക്രിസ്മസ് ഭാസ്‌കു കാരണം ചിരിച്ച് ചിരിച്ച് സ്വാസം മുട്ടിപ്പോയിട്ടാ.)

കൃഷ്‌ | krish said...

ചരിത്രവും കുറ്റാന്വേഷണവും കുറച്ച് നീണ്ടു പോയല്ലോ, പ്രത്യേകിച്ചും കാദര്‍ ചരിത്രം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കമന്റുകള്‍ അടിച്ചോണ്ട് പോയ ബ്ലോഗര്‍.കോം മിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം...

മറുപടി വല്ലോം ഉണ്ടോന്ന് നോക്കാന്‍ വന്നതാരുന്നു,

ഓടോ: അരവിന്ദേട്ടനെ പിടിച്ചു വലിച്ച് കൊണ്ടു വന്ന ക്രഡിറ്റും ഇങ്ങോട്ട് കൊട്...:)

sandoz said...

മാഗ്നീ...തൊഴുതപ്പാ...തൊഴുതു....
ചില പ്രയോഗങ്ങള്‍ മനുഷ്യനെ കൊന്നു കളഞ്ഞു.....
കലക്കി....
തുടര്‍ന്നേക്കാം എന്നല്ലാ...
തുടരണം......

കുഞ്ഞന്‍ said...

ഗുരോ, ഗുഗ്ഗുരോ... ഒരു ഒന്നര എഴുത്ത്.!

ന്നാലും ന്റെ കുഞ്ഞിക്കാദറെ...

നഗ്നമായ തുടര്‍ച്ച ഉടന്‍ പ്രതീക്ഷിക്കുന്നു..

മുരളി വാളൂര്‍ said...

മഹാപ്രഭോ, ദെവ്ഡ്യേര്‍ന്നൂ ത്രേന്നാളും....
എഴുത്തിനുള്ള കമന്റ് വഴിയേ പറയാം....

കുതിരവട്ടന്‍ :: kuthiravattan said...

:-)

പടിപ്പുര said...

മറ്റൊരു പാലേരി മാണിക്യം കൊലക്കേസ്!

മാഗ്നീ, നന്നായെഴുതി

ഇടിവാള്‍ said...

ശ്.ശ്ശ്ശ്ശ്ശ്..... മാഗ്നിയേ..ഉറക്കമാണോ??

.
കൊലപാതകം- ഭാഗം 1 വായിച്ച് പോയതാ.. ഇത്രെം കാലമായിട്ടും അതിന്റെ അന്വേഷണത്ത്റ്റിനു തുമ്മ്പൊന്നുമായില്ലേ..

ബാക്കി വേഗം എഴുതിഷ്റ്റാ ;)

നവവത്സരാശംസകള്‍

ഇടിവാള്‍ said...

മാഗ്നീ,
സെപ്തംബര്‍ മാസം നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിനു മുന്‍പാണിതു വായിച്ചത്. സാധാരണ മടക്കയാത്ര ദ്ദിവസം ആകെയൊരു മൂഡൌട്റ്റ് ആയിരികും, ഇതു വായിച്ചിട്ട് അന്നു ചിരിച്ചതിനു കണക്കില്ല.

ഫോണ്ട് പ്രശ്നങ്ങള്‍ കാരണം അന്നു കമന്റാന്‍ പറ്റിയില്ല. ബ്ലോഗില്‍ എനിക്കിഷ്ടപ്പെട്ട എഴുത്ത്റ്റുകാരില്‍ മുന്നിലാണു മാഗ്നീ‍ീ.. റെഗുലര്‍ ആയി എഴുതുക..

എല്ലാ ആശംസകളും

ഈ പോസ്റ്റ് ദാ ഇപ്പോ ഒന്നൂടെ വായിച്ചു.. അന്നു ചിരിച്ച അതേ ചിരി വീണ്ടും.. അത്രക്കു രസികന്‍ പോസ്റ്റ്!

Anonymous said...

where are you? Its almost an year...
Amazing write-up!
Please continue

Sunil
Gurgaon

രജീഷ് || നമ്പ്യാര്‍ said...

മാഗ്നിയേയ്... ദെവിഡെയാണിഷ്ടാ?
[മകനേ നിന്നെ കാത്ത് വീട്ടിലെ പശു കാടിവെള്ളം കുടിക്കാണ്ട് പണ്ടാരടങ്ങുന്നു, വേഗം തിരിച്ചു വരൂ... സ്റ്റൈല്‍]