Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.

Tuesday, November 28, 2006

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.

Tuesday, November 21, 2006

സില്‍ക്ക് സ്മിത്യ്ക്കൊരു സ്മാരകം (ഒന്നാം ഭാഗം)

വിഷ്വോ..വിഷ്ക്കണിയോ
വാവോ.. വാക്കണിയോ
വിഷൂന്റപ്പം കിട്ടീലാ..
വേലിക്കല്‍ പൂവെടി പൊട്ടീലാ...
വിഷ്വോ വിഷ്ക്കണിയോ

ദേ വരണത്‌ വിഷുപ്പൊട്ടന്‍. നിങ്ങളാച്ചെലര്‌ ഓണപ്പൊട്ടന്ന്ന്‌ കേട്ടുകാണും.ന്നാ ഈ കൊയിലാണ്ടിദേശത്ത്‌ ഇങ്ങനേയും കാണാം ഒരു പൊട്ടനെ..വിഷുപ്പൊട്ടന്‍! വിഷൂന്റന്തി ഉച്ചയ്ക്ക്‌ വീടുവീടന്തരം കയറിയിറങ്ങി നിരങ്ങി വലിയോരു പെരുന്തലമടലെടുത്ത്‌ (കവിളിമടല്‍ എന്നും പറയും) സകലമാന വീടിന്റേം മുറ്റങ്ങളെ "ബ്‌ധ്ക്കോം, ബ്‌ധ്ക്കോം" എന്ന്‌ തല്ലിയൊതുക്കി മൊത്തം ചില്ലറയായി വാങ്ങിപ്പോവുന്ന ഒരു വിശേഷപ്പൊട്ടന്‍! (മൊത്തം ചില്ലറ എന്നു കണ്ടത്‌ കൊണ്ട്‌ ആരും തെറ്റിദ്ധരിക്കല്ലേ...) ദേഹം മുഴുവന്‍ ചപ്പില വെച്ചുകെട്ടി, പ്ലാവിലക്കിരീടമണിഞ്ഞ്‌ വായ്ത്താരിമുഴക്കി വരുന്ന ആ പൊട്ടന്‍ ബാല്യകാല മധുരമനോജ്ഞസ്മരണകളില്‍ എവിടെയോ വാളുവെച്ച്‌ സാഷ്ടാംഗം കിടപ്പുണ്ട്‌. പറഞ്ഞുവന്നത്‌ അതല്ല. സില്‍ക്ക്‌ സ്മിതയ്ക്ക്‌ ജീവിച്ചിരുന്നപ്പോ തന്നെ സ്മാരകം പണിത ഞങ്ങള്‍ കൊയിലാണ്ടിക്കാരെക്കുറിച്ചാണ്‌. ഹൂഷ്‌..ഗണ്‍ഫൂഷന്‍..ഗണ്‍ഫൂഷന്‍! വിഷു, വിഷുപ്പൊട്ടന്‍,സില്‍ക്ക്സ്മിത, സ്മാരകം..കൊയിലാണ്ടി...വാട്‌ ഹാപ്പെന്‍ഡ്‌? (ഹേയ്‌ സാരല്യ... ഉമേഷ്‌ മാഷിന്റെ തലതിരിഞ്ഞ്‌ കാലും മേല്‍പ്പോട്ടാക്കി തലയേതാ കാലേതാന്ന്‌ മനസ്സിലാവാതെ കിടക്കുന്ന പുത്തിമല്‍സര ബ്ലോഗില്‍ ഒന്നു കയറിയിറങ്ങിയതിന്റെയാ... ഇപ്പോ മാറിക്കൊള്ളും)

അപ്പോശരി, സംഭവം ഇത്രയേ ഉള്ളൂ....കൊയിലാണ്ടിയുടെ ചതുര്‍ഭുജ സാമന്ത നാട്ടുരാജ്യങ്ങളില്‍ ഒന്നായ വന്നമംഗലം അഥവാ മന്നമംഗലം എങ്ങനെ സില്‍ക്ക്‌ ബസാറായി മായം മറിഞ്ഞു? സില്‍ക്ക്‌ ബസാറെന്നു കേട്ടിട്ട്‌ പണ്ട്‌ ഹുവാങ്ങ്ഷായുടെ (അങ്ങേരല്ലെങ്കില്‍ അതുപോലെ വേറൊരു ഹുങ്ങ്‌ അല്ലെങ്കില്‍ ഹാങ്ങ്‌!) കാലത്ത്‌ പന്തലായിനിക്കടപ്പുറത്ത്‌, അങ്ങ്‌ ചീനാദേശത്തുനിന്ന്‌, പള്ളനിറച്ചും പട്ടുമായി വന്ന കപ്പലും കപ്പിത്താന്മാരും കച്ചവടക്കാരും അര്‍മാദിച്ച്‌ നടന്നിരുന്ന ഒരു പുണ്യപുരാതന വാണിജ്യ പ്രക്ഷേപണ കേന്ദ്രം എന്ന്‌ പല അന്യദേശക്കാരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതായി ഈ വിനീത ചരിത്രകാരന്റെ ചില ഗവേഷണ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്‌ വായനക്കാരോട്‌ ഇവ്വിധം ഒരു ക്രൂരകൃത്യം നടത്താനുള്ള ഒരിന്‍സ്പിരേഷന്‍ അഥവാ ഉള്‍വിളി. ഇംഗ്ലീഷ്‌ ഭാഷയില്‍ ഭേഷാ പേരുകളുമായി ഞെളിഞ്ഞിരിക്കുന്ന പട്ടണന്മാരെ തെരഞ്ഞുപിടിച്ച്‌ ഊതിവീര്‍പ്പിച്ച നാമഡംബിന്റെ മൂട്ടിന്‌ മൊട്ടുസൂചി വെച്ചൊരു കുത്തുംകൊടുത്ത്‌, ബോംബേ എന്നവരെ മുംബായിയും, മദ്രാസനെ ചെന്നായും, ബാംഗ്ലൂരിനെ ബംഗലൂരും, ട്രിവാന്‍ഡ്രത്തിനെ തനി തിരോന്തരോം പിന്നെ കൊച്ചു കാലിക്കൂത്തിനെ പഴേ കോഴികൂവിയാല്‍ കേള്‍ക്കും ദൂരത്ത്‌ പരന്നുകിടക്കുന്ന കോഴിക്കോടും ഒക്കെയാക്കി ഒരു റിവേഴ്സ്‌ ഗിയര്‍ നാമപരിഷ്കരണ യഞ്ജത്തിന്റെ യാഗശാലയ്ക്ക്‌ മൊത്തം തീപിടിച്ച സമയമാണല്ലോ ഇത്‌ ! എന്നാല്‍ പണ്ട്‌ അങ്ങിനെയായിരുന്നില്ല. “കുന്നുമ്മലങ്ങാടി“ എന്ന പേരുകേട്ടാല്‍ എന്റെ മനസ്സില്‍ വരുന്നത്‌ കുന്നുമ്മലെ പടുകൂറ്റന്‍ പയനിപ്ലാവിന്റെ മൂട്ടില്‍ സന്ധ്യാസമയത്ത്‌ ഉറക്കംവിട്ടുണര്‍ന്ന്‌ കോട്ടുവായിടുന്ന ഒരു ജമാല്‍കൊച്ചങ്ങാടിയാണ്‌. ഓരത്തൊരു കള്ള്‌ ഷാപ്പും നടുക്ക്‌ രാഘവേട്ടന്റെ പലചരക്കു കടേം പിന്നെ കുഞ്ഞിക്കാദറിന്റെ ചായപ്പീട്യേം ഉള്ള ഒരങ്ങാടി. അവിടെ മീന്‍കാരന്‍ ഹൈദ്രോസ്‌ "പെടപെട മത്തി,പെടപെടമത്തി, ഉര്‍പ്പേ്യ‍ക്കഞ്ച്‌, ഉര്‍പ്പേ്യ‍ക്കഞ്ച്‌" എന്ന്‌ തൊണ്ടകാറി വിളിക്കണെ കേള്‍ക്കാം, ചേനയും ചേമ്പും കാച്ചിലും പലം കണക്കിന്‌ തൂക്കിവാങ്ങാം, താഴെ തോണിക്കടവത്ത്‌ നിന്നുള്ള കൂക്ക്‌ കേള്‍ക്കാം, പതിനഞ്ച്‌നായും പുലിയും കളിക്കുന്നിടത്ത്‌ വായും പൊളിച്ച്‌ നില്‍ക്കാം, നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും അങ്കക്കലിമൂത്ത്‌ ഓതിരം മറയുന്നതും ഒടുക്കം തോളില്‍ കയ്യുമിട്ട്‌ ഒരു കരളായി കള്ളുഷാപ്പിലേക്ക്‌ കയറിപ്പോവുന്നതും കാണാം. ഈ പാവം തനി കണ്‍ട്രി കുന്നുമ്മലങ്ങാടിയെ കുത്തിനു പിടിച്ചുനിര്‍ത്തി ഇനിമുതല്‍ നിന്റെ തിരുനാമം "ഹില്‍ബസാര്‍" എന്നാകുന്നു എന്നുപറഞ്ഞാല്‍ എങ്ങിനിരിക്കും. കണ്ടങ്കോരന്റെ നല്ലപാതി കള്ളും മാട്ടയ്ക്ക്‌ കയ്യുംകാലുംവെച്ചപോലുള്ള നീലീകല്യാണി സ്റ്റോണ്‍ വാഷ്‌ മിഡിയും പിന്നെ ഐക്കണിന്റെ ടോപ്പും ധരിച്ച്‌ തലേലൊരു കെട്ട്‌ പുല്ലും കയ്യിലൊരു അരിവാളുമായി ആറാട്ടുകണ്ടത്തിന്റെ വരമ്പത്തൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നൊരു വിഷ്വല്‍ ഇംപാക്റ്റ്‌. ഈസ്‌ ഇറ്റ്‌?

അപ്പോ എന്താ പറഞ്ഞു വന്നത്‌? ആ.. വന്നമംഗലം അല്ലേ? കൊല്ലം ചിറയ്ക്ക്‌ തെക്കും വടക്കുമായി, ശ്രീപിഷാരികാവ്‌ ഭഗോതിയുടെ കരുണാകടാക്ഷമേറ്റ്‌, ഇന്‍ഡ്യാ മഹാരാജ്യത്ത്‌ ഇസ്ലാം മതപ്രചരണാര്‍ഥം വന്ന മാലിക്ദിനാറിന്റെ കാലത്ത്‌ നിര്‍മ്മിച്ച പുരാതന മുസ്ലിം പള്ളി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അങ്ങിനെ നീണ്ട്‌ നിവര്‍ന്ന്‌ പരന്നുകിടക്കുകയാണ്‌ വന്നമംഗലം അഥവാ മന്നമംഗലം.പരന്നു കിടക്കുന്നു എന്നൊക്കെ ഒരാവേശത്തിനങ്ങ്‌ പറഞ്ഞതാ..അങ്ങിനെ പരക്കാന്‍ മാത്രമൊന്നുമില്ല, ഒരു കൊച്ചു ദേശം..പന്തലായിനിക്കൊല്ലത്തിന്റെ ഒരു ചെറിയ ഭാഗം. അപ്പോ ഈ തിരുവിതാംകൂര്‍ കൊല്ലവും പന്തലായിനി കൊല്ലവും തമ്മില്‍ വല്ല അവിശുദ്ധ ബന്ധോം ഉണ്ടോ എന്നാവും അടുത്ത സംശയം..അവിശുദ്ധമല്ല ഒരു ശുദ്ധ ബന്ധം തന്നെയുണ്ട്‌ രണ്ടും തമ്മില്‍. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ കോപം ഹേതുവായി ആ കൊല്ലത്തുനിന്നും (തെക്കന്‍ കൊല്ലം എന്നു ഞങ്ങള്‍ വടക്കര്‍ പന്തലായിനികൊല്ലക്കാര്‍ പറയും!) ഓടിപ്പോന്ന വിഷഹാരികളായ വൈശ്യന്മാര്‍ വന്നുപെട്ടസ്ഥലമാണ്‌ പന്തലായിനി. (പന്തല്‍പോലുള്ള അയിനിമരം ഉള്ളസ്ഥലം)ആ പായുന്നപാച്ചിലില്‍ സ്വന്തം പരദേവതയായ കാളിയെ നാന്ദകം എന്നുപറയുന്ന വാളില്‍ ആവാഹിച്ച്‌ അടിച്ചുമാറ്റി കടത്തിക്കൊണ്ടുവന്നു പഹയന്മാര്‍. ആ ദേവിയെ വാളടക്കം കുടിയിരുത്താന്‍ ഒരമ്പലവും അമ്പലത്തിനുചുറ്റും എട്ടുവീടുകളും പണിത്‌ അവരവിടെ ആവാസമുറപ്പിച്ചു. കൊല്ലത്തുനിന്നും വന്ന വിഷഹാരികള്‍ ഉണ്ടാക്കിയ അമ്പലമായത്‌ കൊണ്ട്‌ അത്‌ കൊല്ലം വിഷഹാരികാവ്‌ എന്നറിയപ്പെട്ടു. ആയത്‌ പിന്നീട്‌ ലോപസന്ധിക്കടിമപ്പെട്ട്‌ കൊല്ലം പിഷാരികാവ്‌ ആയിമാറി എന്നാണ്‌ ഐതിഹ്യം. തെക്കുനിന്നുള്ള വൈശ്യന്മാര്‍ വന്നുപെട്ട്‌ കുടുങ്ങിപ്പോയ സ്ഥലമായത്‌ കൊണ്ട്‌ അമ്പലത്തിനു ചുറ്റുമുള്ള ചെറിയ ദേശം വന്നമംഗലം എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. അതിപ്പോ പറഞ്ഞുപറഞ്ഞ്‌ മന്ദമംഗലം എന്നുമായി! ശ്രീ പിഷാരികാവമ്മയുടെ മൂക്കിനു താഴെ (കാളിയായതോണ്ട്‌ നാക്കിന്‌ താഴെ എന്നും പറയാം) കിടക്കുന്ന ശാലീനശ്രീ മന്ദമംഗലം അങ്ങാടിയെയാണ്‌ ഒരു വിഷൂന്റന്നു വൈകുന്നേരം കസവുനേര്യെ സാരിയും ചന്ദനക്കളര്‍ റവുക്കയും ഉള്‍പ്പെടെ ഒരു പാഞ്ചാലീ വസ്ത്രാക്ഷേപം നടത്തി, നെഞ്ഞത്തും അരയ്ക്കും വെറും അരയംഗുലം മാത്രം തുണി ബാക്കിനിര്‍ത്തി, മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതാ ബസാര്‍ ആക്കിമാറ്റിക്കളഞ്ഞത്‌!(ഹാവൂ വിഷുവും ഈ ആഖ്യായികയും തമ്മിലുള്ള ബന്ധം ഇപ്ലാ പിടികിട്ടിയെ!)സോ സില്‍ക്ക്‌ ബസാറും പട്ടുതുണിയും ചീനയും കപ്പലുമെല്ലാം തമ്മില്‍ വെറും സില്‍ക്ക്‌ സ്മിതയും പട്ടുപാവാടയും(മുട്ടിനുതാഴെയെത്തുന്ന) തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ എന്നതാണ്‌ ചരിത്രപരമായ സത്യം. പിന്നെ ഈ കടുംകൈ ചെയ്തത്‌ ആര്‌? പറയാം!

അതിനു മുന്‍പ്‌ ശ്രീ ഭഗവതീ കടാക്ഷം ചിറ്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ (സ്വര്‍ണ്ണ പണയം) പ്രൊപ്രൈറ്റര്‍ താഴെകണ്ടിയില്‍ ടി.കെ. മാധവന്‍ എങ്ങിനെ പ്രൊഫസര്‍ തൈക്കുണ്ടില്‍ ആയി എന്നു നാം അറിയേണ്ടിയിരിക്കുന്നു.

ഷാര്യാവമ്പലത്തിലെ ഉത്സവം മീനമാസത്തിലാകുന്നു. (മേടം മീനമാസത്തിലല്ലെങ്കില്‍!). ഈ ഷാര്യാവന്നെയാണ്‌ പിഷാരികാവ്‌. (യാതൊരുവിധത്തിലും ഒരു പേരും നേരെ ചൊവ്വേ പറയില്ലാന്ന് വ്രതം എടുത്തവരല്ലോ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍!) ഉത്തര മലബാറിലെ തൃശ്ശൂര്‍ പൂരം എന്നാണ്‌ പ്രസ്തുത മീനമാസത്തിലെ ഉത്സവന്‍ അറിയപ്പെടുന്നത്‌. അറ്റ്‌ ലീസ്റ്റ്‌ തൃശ്ശൂര്‍ പൂരം കാണാത്ത കൊയിലാണ്ടിക്കാര്‍ക്കെങ്കിലും! കൊടിമരത്തുമ്മേ കയറിയാല്‍ എട്ടീസം കഴിഞ്ഞ്‌ നിലംതൊടുന്ന ഉത്സവം ഉത്സവമാകുന്നത്‌ ഒടുക്കത്തെ കൂട്ടപൊരിച്ചിലായ വലിയവിളക്കിന്റന്നും കാളിയാട്ടത്തിന്റന്നുമാണ്‌. കാളിയാട്ടത്തിന്നിടയ്ക്ക്‌ പുട്ടുകച്ചവടം നടത്താന്‍ ഒരുമാതിരിപ്പെട്ടവരൊന്നും മിനക്കേടാത്തത്‌ കൊണ്ട്‌ ചക്കൊളം ആറാട്ടിനെ അപേക്ഷിച്ച്‌ തുലോം സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ വലിയവിളക്കും കാളിയാട്ടവും ഇതുവരെ നടന്നുപോന്നിട്ടിള്ളത്‌. ചില്ലറ കലാ പരിപാടികളൊക്കെ ഉണ്ടാവുമെങ്കിലും നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും വരെ തോളില്‍ കയ്യുമിട്ടേ ഷാര്യാവമ്പലത്തിന്റെ നടയില്‍ നില്‍ക്കാറുള്ളൂ.കാളിയും പിന്നെ ഡയനാമിറ്റിന്‌ കൂട്ട്‌ ആര്‍ഡിഎക്സ്‌ എന്നു പറഞ്ഞമാതിരി തൃക്കണ്ണാല്‍ അണ്വായുധ പരീക്ഷണം നടത്തിക്കളിക്കുന്നത്‌ ഒരു ഹോബിയാക്കിയ സക്ഷാല്‍ പരമശിവനും പിന്നെ ബസ്റ്റാന്റിലും റെയില്‍വേസ്റ്റേഷ്ണിലും പടക്കം പൊട്ടിച്ചുകളിക്കാന്‍ അസംഖ്യം ഭൂതഗണങ്ങളും കൂടെ കുട്ടിം കോലും കളിക്കുന്ന അമ്പലത്തില്‍ അലമ്പുണ്ടാക്കാന്‍ ജീവനില്‍ കൊതിയുള്ള ആരേലും മിനക്കേടുമൊ? സാക്ഷാല്‍ ടിപ്പു സുല്‍ത്താന്‍ വരെ ക്ക, ക്ഷ, ണ്ണ വരച്ചുപോയിട്ടുണ്ട്‌, പിന്നല്ലേ? കാളിയാട്ടത്തിന്റന്ന്‌ ഉത്സവം കലാശം കൊട്ടുന്നത്‌ "അരിങ്ങാട്ട്‌" എന്നു പറയുന്ന വളരെ വിശേഷപ്പെട്ട ഒരു ചടങ്ങോടെയാണ്‌! പിടിയാനപ്പുറത്ത്‌ വാളു സഹിതം ഊരുചുറ്റാന്‍ പോയ ദേവി തിരിച്ചെത്തുന്നത്‌ വരെ അമ്പലത്തിനു ചുറ്റും കാവല്‍ നില്‍ക്കുന്ന ഭൂതഗണങ്ങള്‍ക്ക്‌ മൂക്ക്‌ മുട്ടെ സദ്യ കൊടുക്കുന്ന ഒരു ചടങ്ങ്‌! അരിയും മാംസവും ഇട്ട്‌ പാകപ്പെടുത്തിയെടുക്കുന്ന ഈ പ്രത്യേക ഭക്ഷണത്തിന്‌ യൂയേയ്യീ കൊച്ചിന്‍ മീറ്റിലെ ബ്ലോഗുഗണങ്ങള്‍ ഉണ്ടാക്കി എന്നു പറയപ്പെടുന്ന തള്ള്‌ പോലൊരു തള്ള്‌ ഈ പറയുന്ന ഭൂതഗണങ്ങള്‍ ഉണ്ടാക്കുന്നത്‌ ആരേലും കണ്ടാല്‍ മോശമല്ലേ? അതു കൊണ്ട്‌ അമ്പലത്തിനു പുറത്തെ വിശാലമായ കാവില്‍ കമ്പ്ലീറ്റ്‌ ബ്ലോക്കൗട്ട്‌ നടത്തിയിട്ടാണ്‌ പ്രസ്തുത ചടങ്ങ്‌ നടക്കുക. രാത്രി ഒരു പതിനൊന്നു മണിയോടെ രണ്ട്‌ റൗണ്ട്‌ വെടിക്കെട്ട്‌ നടത്തി ഭകതജനങ്ങളെ പിരിച്ചു വിടും! കാവില്‍ തളച്ചിരിക്കുന്ന ആനകളെ വരെ അഴിച്ചുമാറ്റി വിശാലമായ അമ്പലപ്പറമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പിന്നെ നേരം പുലരുന്ന വരെ കാവിനുള്ളിലേക്ക്‌ സ്വബോധത്തിനു വിലകല്‍പ്പിക്കുന്നവരാരും തിരിഞ്ഞു നോക്കാറില്ല. അഥവാ ആരേലും അബദ്ധത്തില്‍ വന്നു പെട്ടാല്‍ ആജീവനാന്ത കുതിരവട്ടം അല്ലെങ്കില്‍ ഊളമ്പാറ വാസം ഗ്യാരന്റീഡ്‌!

ഈ ചരിത്രം രചിച്ച ഉത്സവരാവില്‍ കാളിയാട്ടം തുടങ്ങിയതുതന്നെ ഒരിത്തിരി അസ്കിതയുമായാണ്‌. തിടമ്പേറ്റുന്ന ആലത്തൂര്‍ പാര്‍വതിക്ക്‌ കൂട്ടെഴുന്നെള്ളിക്കാന്‍ കൊണ്ടുവന്ന രാമനാട്ടുകര അയ്യപ്പന്‍ ഒന്നു പിണങ്ങി. അയ്യപ്പന്‍ പൊതുവേ പ്രശ്നക്കാരനല്ല. കുട്ടികള്‍ക്ക്‌ പോലും പോയി ഷേക്ക്‌ തുമ്പി കൊടുക്കാന്‍ പാങ്ങിനു നിന്നുകൊടുക്കുന്ന ഒരു പാവം ആനക്കൊമ്പന്‍! ഒന്നാം പാപ്പാന്‍ കൃഷ്ണനുണ്ണിനായര്‍ക്ക്‌ എന്തോതിരക്കായത്‌ പ്രമാണിച്ച്‌ അവനെ അഴിച്ചുകൊണ്ടുവരാന്‍ പോയത്‌ നാരായം കുഞ്ഞന്‍ എന്ന പാപ്പാന്‍ രണ്ടാമനായത്‌ അവനത്ര പിടിച്ചില്ല. അത്രേയുള്ളു കാര്യം. നാരായം കുഞ്ഞന്‍ അടുത്തെത്തിയതും തുമ്പിയേലിരുന്ന പനമ്പട്ട വെച്ച്‌ അയ്യപ്പന്‍ ഒരൊറ്റവീശല്‍! കൊച്ചിന്‍ മീറ്റു കഴിഞ്ഞു പുറത്തിറങ്ങിയ പാച്ചാളത്തിന്റെ തൊട്ടടുത്തൂടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ ചീറിപ്പാഞ്ഞുപോയാല്‍ എന്തു സംഭവിക്കും? അത്രയേ ഇവിടേം സംഭവിച്ചുള്ളൂ! കൊച്ചിയില്‍ ചിക്കന്‍ ഗുനിയന്മാര്‍ നിറഞ്ഞുകിടക്കണ ഓടയായിരുന്നെങ്കില്‍ ഇവിടെ അമ്പലക്കാവിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറായിരുന്നെന്ന വത്യാസം മാത്രം. എന്തായാലും ഒരുഭാഗ്യപരീക്ഷണം വേണ്ട എന്ന നിലയ്ക്ക്‌ അന്ന് തല്‍ക്കാലം അയ്യപ്പനെ എഴുന്നള്ളിക്കണ്ട എന്ന തീരുമാനമായി. കൃഷ്ണനുണ്ണിനായര്‍ അവനെ അഴിച്ച്‌ കാവിന്റെ ഒരൊഴിഞ്ഞകോണില്‍ തളയ്ക്കുകയും ചെയ്തു. ഉത്സവം അക്ഷരാര്‍ഥത്തില്‍ പൊടിപാറി. ഈ പാറുന്ന പൊടിയിലേക്കാണ്‌ നമ്മുടെ കഥാനായകന്‍ പ്രൊ. ടി.കെ. മാധവന്‍ പള്ളനിറച്ചും പട്ടയുമായി (പനമ്പട്ടയല്ല) വന്നുപെടുന്നത്‌. വാറ്റ്‌ ആമാശയത്തില്‍ നിന്നും സഞ്ചരിച്ച്‌ തലശ്ശേരിയിലെത്തിയാല്‍ പിന്നെ മാധവന്നായര്‍ക്ക്‌ മുന്നില്‍ (പിന്നിലും) ഒരേയൊരു അജണ്ടയേ ഉണ്ടാവൂ. ഉടന്‍ തെറ്റ്യേടത്തെത്തണം. വിശാലത്തെ വിശാലമായി ഒന്നുകാണണം. ചത്തുകിടക്കുന്ന നേരത്തായാലും ഒരു ശങ്കയെങ്ങാന്‍ തോന്നി മാധവനാശാന്‌ എഴുനേല്‍ക്കേണ്ടിവന്നാല്‍, മൂക്കില്‍ വെച്ച പഞ്ഞി സഹിതം അദ്യം വിശാലത്തിന്റെ വീട്ടില്‍ കൃത്യമായി ചെന്നെത്തിയിരിക്കും എന്ന കാര്യം നാട്ടുകാരായ ഞങ്ങള്‍ക്കുറപ്പാണ്‌. സോ, ഇന്നുത്സവമാണ്‌, വിശാലം വീട്ടിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല എന്നൊക്കെയുള്ള ലോജിക്കല്‍ തിങ്കിങ്ങിന്‌ പാകമാവുന്ന നിലയിലായിരുന്നില്ല ടി.ക്കെ. മാധവന്റെ തലച്ചോറന്നേരമെങ്കിലും, ചിരപുരാതനമായ ആ കാലുകള്‍ വളരെകൃത്യമായി ചിരപരിചിതമായ വഴിയിലൂടെ വിശാലഗേഹം ലക്ഷ്യമാക്കി ചലിക്കാന്‍ തുടങ്ങി. ചലിച്ചു ചലിച്ച്‌ മാധവ ദ്രുതനടനചലനം ഒടുക്കം വഴിയില്‍ കുറുകേനിലകൊണ്ട ഒരു കൂറ്റന്‍ മതിലില്‍ തടഞ്ഞുനിന്നു. "ഈമതില്‍ ഞാന്‍ രാവിലെ പോവുമ്പോള്‍ ഇവിടെയില്ലായിരുന്നല്ലോ" എന്ന ചിന്ത ഒരുനിമിഷം മാധവമനസ്സില്‍ ഉരവം കൊണ്ടെങ്കിലും "ഒരുമതിലുണ്ടേല്‍ അതിനൊരു ഗേറ്റുമുണ്ടാവും എന്ന പഴ(?) മൊഴിയാണ്‌ അന്നേരം പ്രൊ. മാധവനാശാനെ കര്‍മ്മനിരതനാക്കിയത്‌. താന്‍ വന്നു മുട്ടിനില്‍ക്കുന്നത്‌ കുട്ടിക്കുറുമ്പിന്‌ ക്വാറണ്ടൈന്‍ ചെയ്യപ്പെട്ട അയ്യപ്പനാനയുടെ സ്ഥൂലകമ്പിതഗാത്രത്തിലാണെന്നതിന്‌ ഒരു ക്ലൂ പോലുമില്ലാതെ പൂക്കുറ്റിമാധവന്‍ ‘കൊമ്പനാനയുടെ പള്ളയ്ക്ക്‌ ഗേറ്റ്‌ തപ്പിനടക്കുക‘ എന്ന വൃഥാകര്‍മ്മത്തില്‍ കൈമെയ്‌ മറന്ന് വ്യാപൃതനായി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ?. അയ്യപ്പന്‍ ആദ്യം മിണ്ടീല..ഒരു ദുഷ്പേരു കേള്‍പ്പിച്ചിട്ട്‌ മണിക്കൂറൊന്നു തികഞ്ഞിട്ടില്ല..ഇനീപ്പൊ ഇതുംകൂടെവേണ്ട. പക്ഷേ മാധവവിക്രിയകള്‍ അതിരു വിട്ടതോടെ അയ്യപ്പനാനയ്ക്കും ഉള്ളിലൊരുള്‍ഭയം! "ഇയ്യാളിതെന്തിനുള്ള പുറപ്പാടാണ്‌?" സംഗതി ഞാനൊരു കൊമ്പനാനയും അങ്ങേരൊരു എലുമ്പന്‍ നായരുമൊക്കെത്തന്നെ, പക്ഷേ ഇതു സ്ഥലം കൊയിലാണ്ടിയാണല്ലോ എന്റെ പരദേവതേ എന്നൊരു അപായമണി അയ്യപ്പന്റുള്ളില്‍ ഒരു കതിന വെടിയായി മുഴങ്ങി. വെടിമുഴങ്ങിയ നടുക്കത്തില്‍, ഒരുപക്ഷേ നാളെ നേരംവെളുത്താല്‍ കേരളക്കരയിലെ കൊമ്പനാനകള്‍ക്ക്‌ വന്നുപെട്ടേക്കാം എന്നു താന്‍കരുതിയ ഒരു ആന നാണക്കേടോര്‍ത്തുള്ള നാണം കൊണ്ടുമായിരിക്കാം, അയ്യപ്പനാന തുമ്പിക്കൈനീട്ടി തപ്പല്‍നായരെ തൂക്കിയെടുത്ത്‌, ഒന്നു കുടഞ്ഞുനിവര്‍ത്തി, മുന്നിലേക്കിട്ടു. ഈ ഒരു നിവര്‍ത്തന പ്രക്രിയക്കിടയിലാണ്‌ ഗേറ്റ്‌ തപ്പിനടന്ന മാധവന്നായരുടെ പോയബോധം തലച്ചോറിന്റെ ഒരുഭാഗത്തെ വേലിപൊളിച്ച്‌ ഉള്ളില്‍ കടന്നത്‌. താനുണ്ടായിരുന്നത്‌ ഭീമാകരനായ കൊമ്പനാനയുടെ പള്ളയ്ക്കു ചേര്‍ന്നായിരുന്നെന്നും ഇപ്പോഴുള്ളത്‌ ആനമറുതായുടെ തുമ്പിക്കൈക്കുള്ളിലാണെന്നും ഒരു ജസ്റ്റ്‌ മിന്നല്‍പിണരിനുള്ള സമയം.... ഒരു ശബ്ദമില്ലാത്ത അലര്‍ച്ചയ്ക്ക്‌ വാപൊളിക്കാനുള്ള സമയം. അത്രേയുള്ളൂ. വന്ന ബോധം മറുഭാഗത്തെ വേലിചാടി, അമ്പലക്കാവിനും തെക്കോട്ട്‌ ഒളിമ്പിക്സിന്റെ നൂറുമീറ്റര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി ഓടി മറഞ്ഞു! നിര്‍ബോധമാധവന്‍ അയ്യപ്പനാനയ്ക്കുമുന്നില്‍ സാഷ്ടാംഗം മൂക്കും കുത്തി വീഴുകയും ചെയ്തു.

അതോടെ ആനയ്ക്കായി അങ്കലാപ്പ്‌. ദൈവമേ എലുമ്പന്‍ ചത്തോ? ഇനി ഇതിന്റെ ഒരുകുറവേ ഉണ്ടായിരുന്നുള്ളൂ...അല്ലേത്തന്നെ വേറൊരു നാരായകോന്തനെ കിണറകത്തേക്ക്‌ പറത്തിവിട്ടതിന്റെ പുകില്‌ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനി ഇയാളെങ്ങാന്‍ കഷ്ടകാലത്തിനു വടിവേലുവായാല്‍, ജന്മം തുലഞ്ഞു പണ്ടാരമടങ്ങിയതു തന്നെ. ഈ രക്തത്തില്‍ എനിക്കു പങ്കില്ല എന്ന് ഏതുഭാഷയില്‍ വിവരദോഷികളായ മനുഷ്യരെ പറഞ്ഞ്‌ മനസ്സിലാക്കും? ആനഭാഷയ്ക്ക്‌ ആരേലും യുണീകോഡ്‌ കണ്ടുപിടിച്ചിരുന്നെങ്കില്‍....... ആനകളില്‍ അറ്റ്‌ലീസ്റ്റ്‌ ഒരു സിബു, പോട്ടെ ഒരു കൈപ്പള്ളിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍.... ഇത്യാദി വിഷാദകഠോര ചിന്തകള്‍ അയ്യപ്പന്റെ മനസ്സിലൂടെ തിക്കിത്തിരക്കി ഒരു മൗനജാഥയായി കടന്നുപോയി. നടനാലിനും ചങ്ങലയിട്ട്‌, കൂച്ചുവിലങ്ങും പിന്നെയൊരു ഇടച്ചങ്ങലയുമിട്ട്‌ പൂട്ടിക്കെട്ടി നില്‍ക്കാനും ഇരിക്കാനും കിടക്കാനും വയ്യാതെ തളയ്ക്കപ്പെടുന്ന ഭീകരസ്മരണയില്‍ പാവം അയ്യപ്പന്റെ ഉള്ളു കിടുങ്ങി. അതു പോട്ടെ, ഇത്രനാളും കഷ്ടപ്പെട്ടു സഹിച്ച്‌ താന്‍ നേടിയെടുത്ത തന്റെ സല്‍പ്പേര്‌ അയ്യപ്പന്‍....? കൊമ്പനാനയ്ക്ക്‌ കണ്ണുനിറഞ്ഞു. ഒടുവില്‍ ദീര്‍ഘതപസ്യാചിന്തനവിചിന്തനങ്ങള്‍ക്കൊടുവില്‍ രാമനാട്ടുകര അയ്യപ്പന്റെ നെറ്റിപ്പട്ടം കെട്ടാത്ത ആനത്തലവട്ടത്തിനുള്ളില്‍ വെട്ടം മിന്നി. "തൊണ്ടിമുതല്‍ ഒളിപ്പിക്കുക"! പിന്നെ അമാന്തിച്ചില്ല.മുന്നില്‍ പഴന്തുണിക്കെട്ടുപോലെ ചുരുണ്ടുകിടക്കുന്ന ബോധംപോയ മാധവനെ തുമ്പിക്കയ്യാല്‍ കോരിയെടുത്തുയര്‍ത്തി, തന്നെ തളച്ചിരുന്ന മരത്തിന്റെ രണ്ടായിപ്പിരിയുന്ന ശാഖകള്‍ക്കിടയില്‍, കമ്പിപോയകാലന്‍കുട കഴുക്കോലില്‍ തൂക്കുംപോലെ, വളരെ ഭദ്രമായി ഡെപ്പോസിറ്റ്‌ ചെയ്തു അയ്യപ്പനാന! എന്നിട്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ ആനനാരായണാ എന്ന ഭാവത്തിന്‌ അടിവരയിടാനെന്നോണം നിന്ന നില്‍പ്പില്‍ സമൃദ്ധമായി മൂത്രമൊഴിക്കുകയും, പിന്നെ പിണ്ഡമിടുകയും ചെയ്തു!

ഉത്സവം വെടിതീര്‍ന്നു!ഭക്തജനങ്ങള്‍ (അല്ലാത്തവരും!) ജീവനുംകൊണ്ട്‌ തടിയെടുത്തു....കൂടെ അയ്യപ്പനാനയേയും അഴിച്ചെടുത്ത്‌ കൃഷ്ണനുണ്ണിനായരും യാത്രയായി. ആ ഭീകര കരാളരാത്രിയില്‍ വെടിവട്ടത്തിനു പുറപ്പെട്ട മാധവന്‍ നായര്‍ മാത്രം ആ പുത്തിലഞ്ഞി മരത്തിനുമുകളില്‍ ഏകനായി, നിര്‍ബുദ്ധനായി വിക്രമാദിത്യനെ കാത്തിരിക്കുന്ന വേതാളത്തെ പോലെ തൂങ്ങി നിന്നു. അന്നു രാത്രി കാവിനുള്ളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച്‌ വ്യക്തമായി രേഖപ്പെടുത്താന്‍ ജീവനില്‍ കൊതിയുള്ള ഒരു ചരിത്ര ഗവേഷകനും ആ പരിസരത്തെങ്ങും ഇല്ലാതിരുന്നത്‌ കൊണ്ട്‌ ആയത്‌ വിവരിക്കാന്‍ പറ്റിയ രേഖകളോന്നും കൊയിലാണ്ടിയുടെ ചരിത്രപുസ്തകത്താളുകളില്‍ മറഞ്ഞിരിപ്പില്ല. എങ്കിലും പൊതുവെ പ്രചരിച്ചുവരുന്ന ഐതിഹ്യം ഇങ്ങനെ സംഗ്രഹിക്കാം. വേതാള മാധവന്‌ ബോധമില്ലാത്തത്‌ കൊണ്ട്‌ അദ്ദേഹം ഭൂതഗണങ്ങളെയോ, സദ്യാകോലാഹലങ്ങളില്‍ മുഴുകി തല്‍സമയ അപ്ഡേറ്റ്‌ മറന്നുപോയതുകൊണ്ട്‌ ഭൂതഗണങ്ങള്‍ മരത്തില്‍ തൂക്കിയ മാധവന്നായരേയോ കണ്ടിരിക്കാന്‍ ഇടയില്ല. വാര്യത്തെ കോഴി മൂന്നുവട്ടം കൂവിയതോടെ ഓടിപ്പോയ മാധവബോധം തിരികെയെത്തിയിരിക്കണം. (നേരം വെളുത്തല്ലോ) പക്ഷേ വരുന്ന വരവില്‍ ബോധന്‌ ഒരു കുഴപ്പം പറ്റി. അടിച്ചുപൂക്കുറ്റിയായി, വിശാലഗൃഹം ലക്ഷ്യമാക്കി വിജൃംഭിത നടനം തുടങ്ങിയതു വരെയുള്ള എപ്പിസോഡുകള്‍ മാത്രമേ ആര്‍ക്കൈവില്‍ നിന്നു തപ്പിയെടുത്തു കൊണ്ട്‌ വരാന്‍ തിരുമ്പിവന്ന മച്ചാനു പറ്റിയുള്ളൂ. ശേഷം ബാക്കി വന്ന കഥാകഥനം - ആനയെ തപ്പിയതുള്‍പ്പെടെ- ഈയിടെ യൂ.ഇ.ഈ മീറ്റില്‍ അതുല്യയെക്കണ്ട ദേവഗുരുവിനു വന്നു ഭവിച്ചു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള പോലത്തെ ഒരു അംനേഷ്യത്തില്‍ ഒലിച്ചുപോയിരിക്കണം! ആനക്കയ്യിലല്ലേ പെട്ടത്‌! അപ്പോള്‍ സ്വാഭാവികമായും കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഉറക്കമുണര്‍ന്ന പ്രൊ. മാധവന്നയരുടെ മനോമുകുരത്തിലുള്ള ചിത്രം എന്തായിരിക്കും? ഉത്സവോം അതുകഴിഞ്ഞുള്ള വെടിക്കെട്ടും ഒക്കെ പൊട്ടിച്ചു തകര്‍ത്ത്‌ വിശാലത്തിന്റെ കട്ടിലില്‍ വിശാലമായി കിടക്കുന്നു എന്നു തന്നെയായിരിക്കണമല്ലോ? അതങ്ങിനെത്തന്നെയായിരുന്നു താനും! അന്തിക്കള്ളിനു പിമ്പിരിയായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വരവ്‌ പൂരപ്പാട്ടിനാല്‍ മൈക്ക്‌ അനൗണ്‍സ്‌മന്റ്‌ നടത്തിയും അതും പോരാഞ്ഞ്‌ ഉടുമുണ്ടഴിച്ച്‌ തലയ്ക്കുമുകളില്‍ കൊടിയാക്കിവീശിയും ഒക്കെയായിരിക്കുമെങ്കിലും, തിരിച്ചുപോക്ക്‌ പുലരുന്നതിനു മുന്‍പ്‌ നാലാളറിയാതെ ആയിരിക്കണം എന്നൊരു നിര്‍ബന്ധം പണ്ടേ വെടിക്കെട്ട്‌ മാധവനുള്ളതാ! കോഴികൂവല്‍കേട്ടുണര്‍ന്ന നായര്‍ നേരം വെളുത്തല്ലോ ഭഗവതീ, ഇന്നു നാണക്കേടായതുതന്നെ എന്നുള്ള വേവലാതിയാല്‍, സാധാരണ ഇത്തരം പുലര്‍വേളകളില്‍ ചെയ്യാറുള്ളതിന്റെ ഓര്‍മ്മയ്ക്ക്‌, ഉടുമുണ്ടാദിയായ സ്ഥാവരജംഗമ വസ്തുക്കളെ തപ്പിയെടുക്കാന്‍ വിശാലത്തിന്റെ കട്ടിലില്‍ നിന്നും ചാടിയെഴുനേറ്റു...അത്രതന്നെ! പിറ്റേന്നു നേരം പരപരാവെളുത്തപ്പോള്‍ ഇംഗ്ലീഷ്‌ ആല്‍ഫാബെറ്റില്‍ സ്മാള്‍ലെറ്റര്‍ "എല്‍" എന്നപോലിരുന്ന പ്രൊപ്രൈറ്റര്‍ മാധവനെ, അമ്പലക്കമ്മറ്റി തൈത്തെങ്ങു വെച്ച തൈക്കുണ്ടില്‍നിന്നും മലയാളം അക്ഷരമാലയിലെ "ഗ" എന്ന അക്ഷരത്തിന്റെ രൂപത്തില്‍ മന്നമംഗലം നിവാസികള്‍ കണ്ടെടുക്കുകയാണുണ്ടായത്‌! കുഴിയില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ മുന്‍പ്‌ തന്നെ മാധവന്റെ മുന്നില്‍ ഘനീഭവിച്ചുകിടന്നിരുന്ന ടി.കെ എന്ന ഇനീഷ്യലിന്‌ പാസ്പോര്‍ട്ട്‌ ആഫീസില്‍ കൊടുക്കാന്‍ പാകത്തില്‍ ഒരു എക്സ്പാന്‍ഷന്‍ ചാര്‍ത്തിക്കൊടുത്തിരുന്നു, സ്ഥലം സര്‍നേം വിതരണക്കമ്മറ്റി! "പ്രൊ. തൈക്കുണ്ടില്‍ മാധവന്‍"! (ടി വിദ്വാന്‍ ബ്ലേഡ്ബിസിനസ്സ്‌ നിര്‍ത്തിയതിനു ശേഷം വന്ന തലമുറയ്ക്ക്‌ ഈ പ്രൊ. എന്നതാണ്‌ എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും, ആയതു ഒന്നുകൂടെ വലുതായി പ്രൊഫെസ്സര്‍ തൈക്കുണ്ടില്‍ മാധവനും, പിന്നെ കാലക്രമേണ വെറും പ്രൊഫെസ്സര്‍ തൈക്കുണ്ടിലും ആവുകയാണുണ്ടായത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു-ചരിത്രകാരന്‍)

ഹൂശെന്റപ്പോ, സില്‍ക്ക്‌ സ്മിത്യ്ക്കു സ്മാരകം പണിയാനിറങ്ങിയ ഞാന്‍ തന്നെ ഇപ്പോ അടിച്ചു പൂക്കുറ്റി മാധവനായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വഴിയും തെറ്റി, അയ്യപ്പനാനയുടെ കാല്‍ച്ചുവട്ടിലും അവിടന്ന് മരത്തിന്നു മുകളിലും പിന്നെ തൈക്കുണ്ടിലും എത്തിയോ? എന്തു ചെയ്യാന്‍. ഇതൊക്കെ ഒരു സംഭവപരമ്പരയിലെ കണ്ണികളായത്‌ കൊണ്ടും, ചരിത്രം ചരിത്രമായിത്തന്നെ രേഖപ്പെടുത്തണം എന്നുള്ളതു കൊണ്ടും ഇതൊക്കെ പറഞ്ഞല്ലേ പറ്റുള്ളൂ. പക്ഷേ ഇത്രത്തോളം വായിച്ചെത്താന്‍ ദൗര്‍ഭാഗ്യമുണ്ടായ നിങ്ങളാല്‍ ചെലരുടെ മുക്കലും, മൂളലും, പല്ലു ഞെരിക്കലും, കണ്ണുരുട്ടലും എന്നെ ഭയചികിതനാക്കുന്നു. എഴുതിവിടുന്ന എനിക്കോ ബോധമില്ല, വായിക്കുന്ന നിങ്ങളും അങ്ങിനെതന്നെ എന്നു കരുതുന്നതില്‍ എന്തു യുക്തി? സോ, സ്ഥല സമയ ക്ഷമാ പരിധി ഹേതുവാക്കി ഈ ഒന്നാംഭാഗത്തിനെ തല്‍ക്കാലം ഇവിടെ സ്റ്റില്ലടിക്കുന്നു! (നാളെക്കഴിഞ്ഞ്‌ എന്നിലെ ചരിത്രകാരന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) സ്മിതാ സ്മാരകം പൂര്‍ത്തിയാക്കാം (എന്നു പറയാന്‍ എനിക്കു ധൈര്യമില്ല!!!)

(തുടര്‍ന്നേക്കാം)

Sunday, October 08, 2006

നക്ഷത്രം തൂക്കിയ ഭാസ്കരനും ഒറ്റമുലച്ചിയും

ഒരുപാടു കാലം മുന്നെയുള്ള കഥയാണ്‌...(ചരിത്രകാരന്മാര്‍ പിന്നെ ഫ്ലാഷ്‌ ന്യൂസാണോടോ മിന്നിക്കുന്നെ? ഇഡിയറ്റ്‌!)

അധികാരി കുഞ്ഞിരാമ മേനോനും നേര്‍ച്ചങ്ങാതി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ക്കും ഇമ്മാതിരി ഒരക്കിടിപറ്റാനുണ്ടോ? അവരങ്ങിനെ ഒരു ബ്ലീച്ച്‌ ബ്ലീച്ചായ ആ രാത്രി വരെ കോയിപ്പറമ്പത്ത്‌ ഭാസ്കരന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ വെറുമൊരുഭാസ്കരന്‍ മാത്രമായിരുന്നു. ചില മുതുക്കി മുത്തശ്ശിമാര്‍ക്ക്‌ പാക്കരനും. പിന്നെ തട്ടാന്‍ രാഘവന്റെ മോന്‍ ഗോപാലു..ഓന്‌ നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയ ഒരു സ്ഥാനപ്പേര്‍ പണ്ടേയുള്ളതല്ലേ.."ഇരുപ്പൂ..." എന്ന്‌. ച്ചാല്‍ കണ്ടത്തില്‍ രണ്ടുതരം കൃഷീം എറക്കാം എന്നര്‍ഥം. ദൈവം തമ്പുരാന്‍ അവന്റെ സൃഷ്ടി തുടങ്ങുമ്പോള്‍ മനസ്സില്‍ നിരീച്ചത്‌ ഒരാങ്കുട്ടി എന്നുതന്നെയായിരുന്നു. പക്ഷേ പ്രോസസ്സ്സിങ്ങിനൊടുവിലെവിടെയോ വെച്ച്‌ അദ്ദ്യത്തിനു പറ്റിയ ഒരു ഓര്‍മ്മപിശാചാല്‍ സംഭവം പണിതീര്‍ന്നു വന്നപ്പോള്‍ പെണ്ണിന്റെ കുണുങ്ങലായിപ്പോയി വിദ്വാന്‌...! ഞാറ്റുവേലയ്ക്ക്‌ പെണ്ണുങ്ങളെ തിരുവാതിര പഠിപ്പിച്ചും, സ്ഥലം വായനശാലയുടെ വാര്‍ഷികങ്ങള്‍ക്ക്‌ അരങ്ങേറുന്ന വെള്ളരിക്കാ നാടകത്തിന്റെ റിഹേര്‍സലിന്‌ മെയിന്‍ നടി എത്തുന്നത്‌ വരെ ആ ഭാഗം അഭിനയിച്ചും ഒക്കെ അങ്ങിനെ കഴിഞ്ഞു പോകുന്നു. കോയിപ്പറമ്പത്ത്‌ ഭാസ്കരന്‌ പ്രത്യേകിച്ചു പണി എന്താന്നു ചോദിച്ചാല്‍ എന്തേലും ഉള്ളതായി ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ അറിയില്ല. പക്ഷേ എല്ലാ പണിയിലും ഭാസ്കരനുണ്ടാവും എന്നു നാട്ടുകാര്‍ക്കറിയാം. ചുരുക്കിയാല്‍ നാട്ടിലെ ഒരു ഏകാംഗ ഉത്സാഹക്കമ്മിറ്റിയുടെ സെക്രട്ടറീം പ്രസിഡന്റും ഒക്കെ ഭാസ്കരന്‍ തന്നെ എന്നു പറയാം.

അങ്ങിനെ ഇരിക്കുന്നതായിട്ടുള്ളതായിട്ടുള്ള സന്ദര്‍ഭത്തിങ്കലാണ്‌ ചക്കന്‍കുളങ്ങര അമ്പലത്തിലെ കൊടിമരത്തില്‍ ആറാട്ട്‌ തളപ്പുമിട്ട്‌ കയറുന്നത്‌. (ശ്രീ ശക്തന്‍കുളങ്ങര എന്ന ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പുള്ള പേരിനെയാണ്‌ വിവരദോഷികളായ കൊയിലാണ്ടിക്കാര്‍ സന്ധി തേയ്മാനിച്ച്‌ ഒരു സാദാ വെറും ചക്കന്‍കുളങ്ങരയാക്കിക്കളഞ്ഞത്‌...അല്ലേലും കോവില്‍കണ്ടി എന്ന സുന്ദര നാമധേയത്തിന്റെ പപ്പും പൂടയും പറിച്ച്‌ കൊയിലാണ്ടി എന്ന്‌ അഭിമാനപുരസ്സരം പറഞ്ഞു നടക്കുന്നവരല്ലോളീ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍?) ചക്കൊളങ്ങര(ഹൂശെന്റമ്മോ അതിനിടക്ക്‌ അതിങ്ങനീം ആയോ?) ആറാട്ടാണ്‌ ആറാട്ട്‌. അല്ലെങ്കില്‍ ഒരൊന്നന്നര ആറാട്ടാണ്‌ ചക്കൊളങ്ങര എന്നും പറയാം. അഞ്ചെട്ട്‌ ആനകള്‍ നിരക്കുന്ന എഴുന്നള്ളത്ത്‌,("ബ്ബ്ഭ..ദെന്തൂട്ട്‌ തള്ളിപ്പാണ്‍ഡ്രാ കന്നാലീ...നീ വന്നാ തൃശ്ശൂര്‍ പൂരാ കാണ്‌ ക്ടാവേ"...ഹതേത്‌ തൃശ്ശൂലന്‍?)പൂവെടി, വെറും വെടി, കള്ളുകുടി, കമന്റടി, പെണ്ണു പിടി പിന്നെ കയ്യാങ്കളി(ആപറഞ്ഞ കളി ഒരിക്കലും അവസാനിക്കാറില്ല,ഈ പ്രാവശ്യം നിറുത്തിവെച്ച സേം സ്പോട്ടില്‍ നെക്സ്റ്റ്‌ ടൈം ടൈറ്റില്‍സോങ്ങ്‌ കണിശം തുടങ്ങും) ഇത്യാദി കലാപരിപാടികള്‍ അരങ്ങു കൊഴുപ്പിക്കുന്നതിനിടയ്ക്ക്‌ എല്ലാകൊല്ലവും മുറതെറ്റാതെ ഒരു മഹത്തായ കലാസംഭവവും ചക്കൊളംമൂര്‍ത്തിക്ക്‌ നേര്‍ച്ചവെക്കാറുണ്ട്‌ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍. ദേശപോഷിണി വായനശാല ആന്റ്‌ കലാസമിതി അഭിമാന പുരസ്സരം കാഴ്ച വെക്കുന്ന സാമൂഹ്യ സാംസ്കാരിക നാടകം..!!(ഇക്കൊല്ലം "മകനേ മാപ്പു തരൂ") രചന, സംവിധാനം, ഗാനങ്ങള്‍, സംഗീതം ആന്റ്‌ നായകന്‍ (എല്ലാ കൊല്ലവും) ബാലേന്ദ്രമേനോന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പൂര്‍വികന്‍ വാസുക്കുട്ടന്‍ പിലാക്കണ്ടി.(നാടകമെഴുത്ത്‌ നില്‍ക്കുന്ന അപൂര്‍വം ഇടവേളകളില്‍ അത്യാവശ്യം തുന്നല്‍പണിയും ചെയ്യും)

ഈ നാടകം സ്പോണ്‍സര്‍ ചെയ്യുന്നത്‌ ശ്രീമദ്‌ പുത്തലംവീട്ടില്‍ കുഞ്ഞിരാമ മേനോന്‍ അധികാരി.

"അപ്പോ ങ്ങളെ അധികാരി ഒരു സഹൃദയകലാസ്നേഹിയായ നാടകപ്രേമിയാണോളീ?"

"ച്ഛായ്‌...ആരവിടെ അധികാരീനെപറ്റി അനാവശ്യം പറയുന്നോ?"

"മന്‍സ്സിലായില്ലേ...അധികാരിക്ക്‌ നാടകവും പദ്യവുമൊക്കെ മഞ്ഞള്‌ പോലെ വെളുത്തിട്ടാ...പക്ഷെ അധികാരിയങ്ങത്ത ഒരു പത്തും തികഞ്ഞ നാടകനടി പ്രേമിയാവുന്നു...!"

"ഹതു ശരി അതാണല്ലേ ഈ സ്പോണ്‍സറന്റെ ഗുട്ടന്‍സ്‌?"

"അദന്നേ..." ന്നാപിടിച്ചോ നിന്റെ മൂന്ന്‌ ഗ്രാം സ്വര്‍ണ്ണം

മേനോനധികാരീന്റെ സ്വന്തമായും ലീഗല്‍ ആയുമുള്ള ഏകപത്നി രുഗ്മിണിയമ്മയും അവര്‍ക്കു വയ്യാച്ചാല്‍ പിന്നെ ഇല്ലീഗല്‍ ഇല്ലിമുള്ളുകളായിട്ടുള്ള വാല്യക്കാരികളും കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ചീസോം വെച്ച്‌ വിളമ്പുന്ന അവിയല്‍, സാമ്പാര്‍,പുളിശ്ശേരി,എരിശ്ശേരി കാളന്‍,ഓലന്‍,രസം, പഴം പപ്പടം, പായസം ഇത്യാദികള്‍ തിന്നു തിന്ന്‌ അജീര്‍ണ്ണനാവുമ്പോള്‍ ഈനാംപേച്ചി അധികാരീം,കൂട്ടിന്‌ മരപ്പട്ടി വൈദ്യരും കോയ്ക്കോട്ടങ്ങാടിക്ക്‌ രാവിലത്തെ ലോക്കല്‌ പിടിക്കും. ഉച്ചക്ക്‌ വല്യങ്ങാടീല്‍ ബോംബെ ഹോട്ടലില്‍ കയറി നല്ലപോത്തും ബിരിയാണിക്കുട്ടീനെ അവസ്ഥയ്ക്ക്‌ തട്ടി മോളില്‍ ഒരു ഷോഡയും നില്‍പനടിച്ച്‌ വൈന്നേരം ലോക്കലന്‍ കോയമ്പത്തൂര്‍ന്ന്‌ തിര്യെ വരുമ്പോള്‍ കൊയിലാണ്ടീല്‍ വന്നിറങ്ങും. ജസ്റ്റ്‌ ഫോര്‍ എ ചേയ്ഞ്ച്‌...!! അപ്പോപ്പിന്നെ ആറാട്ട്‌ വന്നാല്‍ സ്പെഷ്യല്‍ ചില്ലിചിക്കന്‍ ചൈനീസ്‌ തന്നെ വേണ്ടോളീ അന്തിക്കള്ളിന്‌ ടച്ചപ്പാക്കാന്‍...? സോ, വാസുക്കുട്ടന്‍ പിലാക്കണ്ടി കഷ്ടപ്പെട്ട്‌ തപ്പിക്കൊണ്ടുവരുന്ന നടിമാരെ (അന്തക്കാലം നാടകത്തിലഭിനയിക്കുന്ന പെണ്‍ജാതി ഇരട്ടക്കൊമ്പുള്ള കാണ്ടാമൃഗര്‍ പോലെ വളരെ വിശേഷപ്പെട്ട ഒരിനമായിരുന്നു)നാടകം കഴിഞ്ഞാല്‍ ഓടിച്ചിട്ട്‌ പിടിച്ച്‌, നല്ല നാടന്‍ വെളിച്ചെണ്ണേല്‍ കോഴിയെ മുഴോനെ പൊരിച്ച്‌, കളപ്പുരേല്‍ വെട്ടിയിട്ട ഫുള്‍ തൂശനിലയില്‍ വിളമ്പി, നല്ല അവസ്ഥയ്ക്ക്‌ ഒരൂണും, ഉണ്ടൊണ്ടിരിക്കുമ്പോ ഒരു വിളീം ഉപായത്തില്‍ തരാക്കുന്ന കലാവിദ്യയും ആറാട്ടിന്റെ കലാശക്കൊട്ടായി മേനോന്‍ ആന്‍ഡ്‌ വൈദ്യര്‍ അസ്സോഷ്യേറ്റ്‌സ്‌ എല്ലാ കുംഭം പത്തിനും വിഘ്നലേശമന്യേ സംഘാടിച്ചിരുന്നു. (പ്രസ്തുത കലാവിദ്യ കത്തീം മുള്ളും ഒക്കെ തരാതരം പ്രയോഗിച്ചുള്ള ഒരു വെസ്റ്റേണ്‍ സ്റ്റൈല്‍ ബുഫ്ഫെ ആയിരുന്നുവെന്നും, ആക്രാന്താനന്തരം നടികര്‍തിലകത്തിന്റേതായി വല്ല എല്ലോ പല്ലോ മുടിയോ നഖമോ മിച്ചം വന്നാല്‍ മിസ്റ്റര്‍ പിലാക്കണ്ടി കമ്മീഷന്‍ വ്യവസ്ഥയില്‍ ഉഛിഷ്ടം പൊതിഞ്ഞുകെട്ടി ക്കൊണ്ടുപോയിരുന്നു എന്നും നാട്ടില്‍ ചിലര്‍ കുളിമുറിയില്‍ കയറിയാല്‍ ഒരു പാട്ടായും പാടിയിരുന്നു) മ്മളെ ജോണ്‍ ബെയേര്‍ഡ്‌ സായിപ്പ്‌ മെഗാസീര്യല്‌ കളിക്കാന്‍ വേണ്ടികണ്ടുപിടിച്ച ടെല്‍വിഷന്‍ അന്ന്‌ നടപ്പുപ്രചാരത്തില്‍ വന്നിട്ടില്ലാഞ്ഞത്‌ ഞങ്ങള്‍ നാട്ടുകാരുടെ ഭാഗ്യദോഷം എന്നല്ലാതെ എന്തു പറയാന്‍? അല്ലേല്‍ എത്രയെത്ര വെളിച്ചംകാണാ മെഗോന്മാരുടെ പതിനഞ്ചുമിനിറ്റ്‌ നീളുന്ന അവതരണപ്പാട്ടിനൊടുവില്‍, പ്രോഡ്യൂസിച്ചത്‌ പുത്തലം വീട്ടില്‍ കുഞ്ഞിരാമമേനോന്‍ എന്ന്‌ കണ്ട്‌ പുളകിക്കാന്‍ ഈ ഭാഗ്യം കെട്ട കൊയിലാണ്ടിക്കാര്‍ക്ക്‌ യോഗമുണ്ടാവില്ലായിരുന്നു?

ആറാട്ടു കണ്ടത്തില്‍ ആറാട്ട്‌ പ്രമാണിച്ച്‌ പന്തല്‍കെട്ടി ഉല്‍ഘാടിച്ച ഫൈവ്സ്റ്റാര്‍ ചായപ്പീടികയുടെ പ്രൊപ്രൈറ്റര്‍ കം ഷെഫ്‌ പരദൂഷണം കുഞ്ഞിക്കാദറിന്‌ പക്ഷെ തീരെ ശങ്കയില്ല. മൂടുകീറിയ വള്ളിട്രസറും ഇട്ട്‌, മൂക്കിളയും ഒലിപ്പിച്ച്‌ സൈക്കിള്‍ ടയറും ഉരുട്ടി നാടിനുചുറ്റും മണ്ടിനടക്കുന്ന ചെക്കന്മാരുടേയും അവരുടെ വാലില്‍തൂങ്ങിനടക്കുന്ന ചെക്കികളുടെയും മുഖത്തിന്റെ ഒരു സൂപറിംപോസ്‌ ലാബ്‌ ടെസ്റ്റും, നരവംശശാസ്ത്രത്തില്‍ പി.എച്ഛ്‌.ഡി എടുത്ത വയറ്റാട്ടി നാണിത്തള്ളേടെ ഒരുതാരതമ്യ പഠനപ്രബന്ധവും അടിസ്ഥാനപ്പെടുത്തി സ്വന്തം ചായപ്പീടികയിലും, ആല്‍ത്തറയിലും,പുഴക്കരെ പന്നിമലര്‍ത്തുന്നിടത്തും ഒക്കെയായി കുഞ്ഞിക്കാദര്‍ ഖണ്ഡശ: പ്രക്ഷേപണം ചെയ്തുവരുന്ന പ്രഭാഷണ പരമ്പരയില്‍,പ്രസ്തുത ചെക്കീചെക്കന്മാരില്‍ 41.86 ശതമാനത്തിന്റെയും നെറ്റിയില്‍, മേല്‍പറഞ്ഞ "പ്രൊഡ്യുസ്ഡ്‌ ബൈ കുഞ്ഞിരാമമേനോന്‍" എന്ന ക്രെഡിറ്റ്‌ ലൈന്‍ കണിശമായും വിലങ്ങനെ സ്ക്രോള്‍ ചെയ്യിക്കാം എന്ന്‌ ശരിയായിത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌.

അതെന്തൊക്കെയായാലും ഇക്കൊല്ലത്തെ ആറാട്ട്‌ നാടക നോട്ടീസ്‌ കയ്യില്‍കിട്ടിയതോടെ നാട്ടുകാര്‍ ഞെട്ടി...മേനോന്‍ ഏന്‍ഡ്‌ വൈദ്യേഴ്‌സ്‌ ഞെഠിത്തെറിച്ചു.

നാടകത്തിന്റെ പേര്‌ : മകനേമാപ്പുതരൂ (അതില്‍ ഞെട്ടാന്‍ വകുപ്പില്ല)
രചന, സംവിധാനം,ഗാനങ്ങള്‍,സംഗീതം : വാസുക്കുട്ടന്‍ പിലാക്കണ്ടി (ദെത്രകണ്ടതാ...)അഭിനയിക്കുന്നവര്‍:വാസുക്കുട്ടന്‍ പിലാക്കണ്ടി (അഭിനയം തുടങ്ങുമ്പോള്‍ ഞെട്ടിക്കോളാം)
കുമരകം വാസന്തി....(ഢിം...ദാണ്ടെ കിടക്കണ്‌ താഴെ)

അകലാപ്പുഴയുടെ പടിഞ്ഞാറെക്കരയില്‍ ഒരു വെറും "ഠ" വരച്ചുകിടക്കുന്ന ഈ മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ സാമുവേല്‍ ബക്കിറ്റ്‌ കം വില്യംഷേക്‌സ്പിയര്‍ മിസ്റ്റര്‍ പിലാക്കണ്ടന്റെ വെള്ളരിനാഡകമേഉലകത്തില്‍ കുമരകം വാസന്തിയോ...? ച്ഛായ്‌..ഒന്നുകില്‍ വാസന്തിക്ക്‌ പിലാക്കണ്ടനെ തെറ്റി അല്ലെങ്കില്‍ പിലാക്കണ്ടന്‌ വാസന്തിയെ തെറ്റി...ഇതൊന്നുമല്ലെങ്കില്‍ നോട്ടീസിന്‌ പേരു തെറ്റി. എന്തോ എവിടെയോ തെറ്റിയിട്ടുണ്ട്‌. അതുറപ്പ്‌. ഈ വാസന്തിയാരാ മോള്‍? ആരാ...ന്ന്‌? ഹതെന്നെ കിട്ടിപ്പോയ്‌, ടെറിയോക്വിന്‍...മലയാളനാടകവേദിയുടെ അന്നത്തെ ടെറിയോക്വിന്‍ അല്ലേ വാസന്തി. ആ മിസ്സ്‌. ടെറിയോ(നാടന്‍) കൊയിലാണ്ടിലോ? അതും ഒരു വെറും സിംപിള്‍ സാദാ വാസുക്കുട്ടന്റെ....!! അസംഭാവ്യം, അസംഭാവ്യം.. കൊയിലാണ്ടിയിലെ തര്‍ക്കീസ്‌ ആന്‍ഡ്‌ വര്‍ക്കീസ്‌ ചേരിതിരിഞ്ഞ്‌ തര്‍ക്കം തുടങ്ങി എന്നുപറഞ്ഞാല്‍ കഴിഞ്ഞല്ലോ!! തര്‍ക്കം മൂത്ത്‌ വെല്ലുവിളിയായി. പിന്നെ അതു പഴുത്ത്‌ കയ്യാങ്കളിയായി, കയ്യും കാലും ഉപയോഗിച്ചുള്ള കളിയായി, അടിയായി പിടിയായി ഒടുക്കം കുഞ്ഞിക്കാദറിന്റെ ആറാട്ട്‌ സ്പെഷ്യല്‍ചായക്കട ഉല്‍ഘാടിച്ച ദിവസം തന്നെ കെട്ടിമറിഞ്ഞുവീണ്‌ മയ്യത്തായി....

പക്ഷേ അധികാരീ വൈദ്യന്മാര്‍ക്ക്‌ ഇരുന്നിട്ട്‌ ഇരുപ്പുറയ്ക്കുന്നില്ല, പച്ചയ്ക്ക്‌ നടന്നിട്ട്‌ കാലുറയ്ക്കുന്നില്ല, കിടന്നിട്ട്‌ കിടപ്പും ഉറക്കോമില്ല..അസ്സലാകപ്പാടെ ഒരു പരവേശം..... ഒരു വെപ്രാളം...ഒരു മണിപ്രവാളം. "വാസന്തി വരുമോ...?" കണ്ണടച്ചാല്‍ മുന്നില്‍ കളപ്പുരയിലെ തൂശനിലയില്‍ മുഴുവന്‍ പൊരിച്ചു കിടത്തിയ വാസന്തിയുടെ പൂര്‍ണ്ണകായ രൂപം മാത്രം...!! പര്‍വേഷ്‌ സഹിയാഞ്ഞ്‌ വാസൂട്ടന്‌ തിട്ടൂരം പോയി. വിളിക്കുന്നത്‌ സ്പോണ്‍സറധികാരിയല്ലേ..വാസൂട്ടന്‍ പറന്നുവന്ന്‌ അധികാരീമുറ്റത്ത്‌ ലാന്‍ഡ്ചെയ്തു. അധികാരി കറുത്ത വക്കീല്‍കോട്ടണിഞ്ഞ്‌ വാസൂനെ ലെവല്‍ക്രോസ്സാക്കി. (ന്ന്‌ ച്ചാല്‍ ക്രോസ്സ്‌ ചെയ്ത്‌ ലവലാക്കി.)

"ഡാ..വാസ്വോനേ വാസന്തി വരോ...?"

"വരും" ഗൂള്‍ ഗൂഗ്‌ളായി വാസൂന്റെ ഉത്തരം

"ഒറപ്പായും...?"

“ഒറപ്പായും..പക്ഷേ..."

"ഊം..ന്താ ഒരു പക്ഷേ..?"

"ചെലവിന്റെ കാര്യം...." വാസു തലചൊറിഞ്ഞു

"ചെലവിന്റെ കാര്യം ങ്ങ്‌ ബേജാറാവണ്ട..കാര്യെസ്സന്‍ ചാത്തൂനോട്‌ പറഞ്ഞ്‌ എന്താ വേണ്ടേച്ചാല്‍ വാങ്ങിക്കോ..."

പിശുക്കന്മാരുടെ മാര്‍പ്പാപ്പയായ അധികാരി പൊടുന്നനെ ഉദാരന്മാരുടെ അപ്പോസ്തലനായ മെറ്റാമോര്‍ഫിസം കണ്ട്‌ കുഞ്ഞീഷ്ണന്‍ വൈദ്യര്‍ കണ്ണു മിഴിച്ചു.

ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഒറ്റരാത്രികൊണ്ട്‌ ഒടിവിദ്യ ഓടിച്ച്‌ പഠിച്ച്‌ ഷെര്‍ലക്‌ ഹോംസുമാരും ഡോക്ടര്‍ വാട്‌സന്‍മാരുമായി രൂപം മാറി. നാടകത്തിന്റെ റിഹേര്‍സല്‍ തകര്‍ത്തുപൊടിച്ച്‌ തവിടുപൊടിയായി നടക്കുന്ന അധികാരിയുടെ കളപ്പുരയുടെ ജനാല്‍ക്കലും തട്ടുംപുറത്തും ഒക്കെ ചാരക്കണ്ണുകള്‍ ഫിറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഉറക്കമിളച്ച്‌ കാവലിരുന്നു. എന്തേലും ഒരു ക്ലൂ കിട്ടിയാലോ...(ബിന്‍ലാദനെതപ്പിനടക്കുന്ന അമേരിക്കന്‍ സൈന്യത്തിനു പോലും ഇത്രേം ടെന്‍ഷന്‍ ഉണ്ടായിക്കാണാനിടയില്ല.)ഫലം...വാസന്തീനടനചരിതരഹസ്യം ചോര്‍ന്നൊലിച്ചില്ലെങ്കിലും, കൊക്കോകോളയുടെ നിര്‍മ്മാണരഹസ്യം പോലെ വാസൂട്ടന്‍ എല്ലാക്കൊല്ലവും ബന്തോസ്താക്കി വെക്കാറുള്ള നാടകത്തിന്റെ കഥ തിരക്കഥ സംഭാഷണം വിത്‌ ക്ലൈമാക്സ്‌ നാട്ടിലാകെ പൊട്ടിയൊലിച്ച്‌ പരന്ന്‌ ദുര്‍ഗന്ധം വമിച്ചു. എന്നിട്ടും കുമരകംവാസന്തിയുടെ ഒരു മുടിയിഴ പോലും തപ്പിയെടുക്കാന്‍ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ പതിനെട്ടടവും ശേഷം ഓതിരം കടകം വീണ്ടും മറഞ്ഞിട്ടും നടന്നില്ലെന്ന്‌ ചുരുക്കാം ഈ കഥയുടെ ഒന്നാംഭാഗം. പതിവുപോലെ തട്ടാന്‍ ഗോപാലു(ഓന്‍ തന്നെ, മ്മളെ ഇരുപ്പൂ...) വാസന്തിയായി നടിച്ച്‌ റിഹേഴ്സല്‍ ഉഷഉഷാറായി നടക്കുന്നത്‌ കാണാനുള്ള യോഗം മാത്രമേ ഞങ്ങള്‍ നാട്ടുകാര്‍ക്കുണ്ടായുള്ളൂ....

അങ്ങനെ കുംഭം പത്തും തികഞ്ഞ്‌ പെറ്റു...(കുംഭം പത്തിനല്ലോ ചക്കൊളം മൂര്‍ത്തിക്ക്‌ തിരുവാറാട്ട്‌!) പകല്‍പൂരം കലാശം കൊട്ടി, രാപ്പൂരത്തിന്‌ അമിട്ട്‌ പൊട്ടി, കൂടെ അടിയും പൊട്ടി..(അടിയില്ലാണ്ട്‌ എന്താറാട്ട്‌, എന്താഘോഷം!)കള്ളന്‍ ചാത്തുട്ടിയുടെ തലപൊട്ടി, നൊട്ടന്‍ കുഞ്ഞീഷ്ണന്റെ കാലും പൊട്ടി. പിന്നെ ചക്കൊളം മൂര്‍ത്തി ആചാരപ്രകാരം പുറത്തെഴുന്നള്ളി,പുറത്തെ അടികണ്ട്‌ പേടിച്ച്‌ വന്നേലും സ്പീഡില്‍ തിരിച്ച്‌ ശ്രീകോവിലില്‍ കയറി വാതിലടച്ചു...അതോടെ പൂവെടിയും പൊട്ടി. അങ്ങിനെ ഇക്കൊല്ലത്തെ ആറാട്ട്‌, "ഇതി ആറാട്ടാഹാ..!" ..സ്വാഹാാ‍....! (മീന്‍സ്‌ കട്ടേം പടോം മടക്കിക്കെട്ടി.)

അതോടെ സര്‍വ്വമാന കൊയിലാണ്ടിക്കാരും, കൂടെ അയലോക്കനാട്ടുകാരും വിത്‌ കുഞ്ഞുകുട്ടിപരാധീനംസ്‌ അധികാരീന്റെ കളപ്പുരയുടെ സൈഡിലെ ഉയര്‍ന്ന കണ്ടത്തില്‍ ഉയര്‍ത്തിക്കെട്ടിയ സ്റ്റേജിന്റെ മുന്നിലേക്ക്‌ കൂലമായി കുത്തിയൊഴുകിയെത്തി...പിന്നെ ക്ഷമ നശിച്ച്‌ അക്ഷമന്മാരും അക്ഷമികളും അഷ്ടമികളുമായി മാറി സ്റ്റേജിനു മുന്നിലും അധികാരീന്റെ പറമ്പിലും അവിടെയും കൊള്ളാതെ ആറാട്ട്‌ കണ്ടത്തിലും ഒക്കെ വാസന്തീ മന്ത്രം മര്‍മ്മരമാക്കി കാത്തുകെട്ടിയിരുന്നു. ഒടുക്കം ക്ഷമ നെല്ലിപ്പടിയില്‍ നിന്ന്‌ തലയും കുത്തി വീഴാന്‍ നേരം, പുറത്ത്‌ കുംഭ, നെഞ്ഞത്ത്‌ വെടിക്കല, കഷണ്ടിക്ക്‌ കീഴെ രോമം എന്നീ ലക്ഷണയുക്തനും, സിങ്കപ്പൂര്‍ മല്‍മല്‍മുണ്ട്‌ വിത്‌ കസവു വേഷ്ടീ ധാരിയായി, കുഞ്ഞീഷ്ണ വൈദ്യോ സമേതനായി, അധികാരി എഴുന്നള്ളി വന്ന്‌ തന്റെ ഭദ്രാസനം കളപ്പുരയുടെ വരാന്തയില്‍ ഇട്ടിരിക്കുന്ന ആനക്കസേരയില്‍ അമര്‍ത്തി വെച്ചു. അതോടെ മൂന്നാം ബെല്ലും മുഴങ്ങി...സൈഡ്‌ കര്‍ട്ടന്റെ പിറകില്‍നിന്ന്‌ ഇടക്കിടെ പൊട്ടക്കുളത്തിലെ നീര്‍ക്കോലിയെന്നപോലെ തലനീട്ടി സ്വസാന്നിദ്ധ്യം അറിയിച്ചിരുന്ന കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ കര്‍ട്ടന്‍ കയര്‍ ആഞ്ഞുവലിച്ചു....ദേശപോഷിണീ വായനശാലയ്ക്കുവേണ്ടി കുഞ്ഞിരാമാധികാരിയാല്‍ സ്പോണ്‍സര്‍ചെയ്യപ്പെട്ട്‌ മിസ്റ്റര്‍ പിലാക്കണ്ടന്‍ സാക്ഷാല്‍ തീയിട്ട്‌ കരിച്ച നാടകം "മകനേ മാപ്പു തരൂ" വിന്റെ ഒന്നാം അങ്കക്കളരി ഇരുളില്‍ മുങ്ങിക്കുളിച്ച്‌തോര്‍ത്തി സ്റ്റേജില്‍ നിറഞ്ഞു പരന്നു.

"ഡാ വാസ്വോ...കത്തിക്കെടാ പാനൂസ്‌....ഇരുട്ടത്താഡാ വാസന്തീന്റെ കളി?.." ജനക്കൂട്ടം കോറസ്‌ പാടാന്‍ തുടങ്ങിയത്‌ കേട്ട്‌ പേടിച്ച്‌ ഇരുട്ടത്ത്‌ വെളിച്ചം കത്തി. കത്തിയ വെളിച്ചത്തില്‍ സ്റ്റേജവന്‍ ഒരു പോലീസ്‌ സ്റ്റേഷനായി പ്രത്യക്ഷനായി. ലോക്കപ്പിന്റെ നടുവില്‍ വളഞ്ഞ്‌ കൂനിയിരിക്കുന്ന ഒരു പേക്കോലം മിസ്റ്റര്‍ പിലാക്കണ്ടനാണെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിച്ച കാണീജനങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കൂക്കി വിളിച്ചു.

"വാസ്വോ..വാസന്തീനെ വിളീഡാ......ഓള്‌ വരട്ടെ..എന്നിട്ട്‌ മതി നാടഹം...." പൊട്ടിയതലയില്‍ കെട്ടുംകെട്ടി കള്ളന്‍ ചാത്തൂട്ടി സ്റ്റേജിനുമുന്നില്‍ ഡിസ്കോശാന്തിയായി കാബറേ തുടങ്ങി. (ചാത്തൂട്ടിയുടെ ട്രൗസറിന്‌ ഡിസ്കോശാന്തിയുടെ ട്രൗസറിനേക്കാള്‍ കൃത്യം ഒരിഞ്ചു നീളക്കൂടുതല്‍ ഉള്ളതിനാല്‍ തല്‍ക്കാലം സംഭവസ്ഥലത്തു നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല)

പണ്ടത്തെ, കുളവും വേറേതോ ഒരു അവയവവും ഉള്‍പെട്ടിട്ടുള്ള ആ പഴേ പഴം ചൊല്ലു പോലെ " വാസ്വെത്ര കൂക്ക്‌ കേട്ടതാ...? (ഹൂശ്‌.... എന്നിട്ടും ഈ പണിക്ക്‌ പിന്നേം വരുന്നുണ്ടല്ലോ എന്റെ ചക്കൊളം മൂര്‍ത്തീ...)ഈ കേട്ട കൂക്കിനൊക്കെയുണ്ടോ മിസ്റ്റര്‍ പിലാക്കണ്ടന്റെ അന്തരാത്മാവില്‍ ഉറങ്ങിക്കിടക്കുന്ന സര്‍വകലാവല്ലഭന്റെ അസ്ഥിക്കൂടത്തെ ഗളഹസ്തം ചെയ്യാന്‍ മാത്രമുള്ള ഒച്ച?..നെവര്‍! ദേര്‍ഫോര്‍ വെള്ളരിനാടകത്തെ കൂവിത്തോല്‍പിക്കാന്‍ ലോകത്ത്‌ ഇനിയും കാണികള്‍ വേറെ ജനിക്കണം എന്ന സ്റ്റേറ്റ്‌മെന്റോടെ നാടകം പൂര്‍വാധികം തീവ്രമായ മാനസിക സംഘര്‍ഷങ്ങളിലേക്ക്‌ വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. ഒന്നാം അങ്കം പോലീസ്‌ സ്റ്റേഷനില്‍ ലോക്കപ്പിലായി. ഇനി രണ്ടാം അങ്കം ഫ്ലാഷ്‌ ബാക്കിലാണ്‌ മിന്നാന്‍ പോണതെന്ന്‌ മനസ്സിലായ കാണികള്‍ കൂവലിന്റെ സ്വരസ്ഥാനം ഒരു രണ്ടുരണ്ടരക്കട്ടയ്ക്ക്‌ താഴ്ത്തി പിടിച്ചു. വാസവനാടകങ്ങളുടെ രൂപഭാവഹാവാദികള്‍ എഞ്ചുവടിപോലെ മന:‍പാഠമായ കാണികള്‍ക്ക്‌, ഫ്ലാഷ്ബാക്കാണെങ്കില്‍ അതില്‍ മിനിമം ഒരു പ്രണയമെങ്കിലും കാണുമെന്നും, പ്രണയമുണ്ടെങ്കില്‍ അതില്‍ മിനിമം ഒരു നായികയെങ്കിലും ഉണ്ടാവുമെന്നും, ഈ നായിക ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വാസന്തിയല്ലാതെ വേറൊരു ഉരുപ്പടിയാവാന്‍ യാതൊരു ന്യായവും ഇല്ലെന്നും ഗണിച്ചു കണ്ടുപിടിക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ടകാര്യമൊന്നും ഇല്ലല്ലോ? കയ്യാലപ്പുറത്ത്‌ വെട്ടിയിട്ട കൂഴച്ചക്ക പോലെ ആനക്കസേരയില്‍ മലര്‍ന്നടിച്ചു വീണുകിടന്നിരുന്ന അധികാരി നല്ലോരു സിന്ധിപ്പയ്യിന്റെ മണം പിടിച്ച മൂരിക്കുട്ടന്‍ കണക്ക്‌ പിടഞ്ഞെണീറ്റ്‌ നിവര്‍ന്നിരുന്നു. ഒരു താരാട്ടിന്റെ ഈണത്തില്‍ നിര്‍ത്താതെ ഉയര്‍ന്നിരുന്ന കൂവല്‍ കേട്ട്‌ രസം പിടിച്ച്‌ മയങ്ങിയിരുന്ന വൈദ്യരും കൂക്ക്‌ നിന്നതോടെ മൂടും തട്ടി എഴുനേറ്റു തന്റെ ഉണ്ടക്കണ്ണുകളാകുന്ന ആന്റിന പതിനെട്ട്‌ ഡിഗ്രി കിഴക്കോട്ട്‌ തിരിച്ച്‌, സ്റ്റേജവര്‍കളുടെ ഫൂട്പ്രിന്റിനുള്ളില്‍ ഫോക്കസ്‌ ചെയ്തു വെച്ചു.സ്റ്റേജില്‍ പ്രണയമനോജ്ഞമധുരമനോഹരമായ ഒരു രംഗപടത്തിന്റെ പാശ്ചാത്തലത്തില്‍ ഡോ. പ്രതാപനായി പരകായപ്രവേശം നടത്തിയ വാസവന്‍ അണിയറയിലേക്ക്‌ നോക്കി, സ്റ്റേജിനു നടുവില്‍ കുഞ്ഞിക്കാദറിന്റെ ചായപ്പീടികയിലെ ഉണ്ടംപൊരി കെട്ടിത്തൂക്കിയിട്ട പോലുള്ള മൈക്രൊഫോണ്‍ എന്നു തോന്നിക്കുന്ന ഒരു സാധനത്തിനു നേര്‍ക്ക്‌ ജിറാഫിനെപ്പോലെ കഴുത്തു നീട്ടി, പ്രണയപരോശം കൊണ്ട്‌ വിയര്‍ത്തു വിളിച്ചു... "സരോജിനീ....!!"

പിന്നു വീണാല്‍ വെടിപൊട്ടുന്ന നിശ്ശബ്ദതയില്‍ കാണികളുടെ ഹൃദയമിടിപ്പ്‌ മാത്രം പാസിങ്ങ്‌ഔട്‌ പരേഡിന്‌ പൊറത്തോട്ട്‌ മാര്‍ച്ച്‌ ചെയ്യുന്ന പോലീസേമാന്മാരുടെ ബൂട്ട്‌ നിലത്തു പതിയുന്ന താളത്തില്‍ മുഴങ്ങി...അണിയറയില്‍ നിന്നും അരങ്ങത്തെ വെള്ളിവെളിച്ചത്തിലേക്ക്‌ നളന്റെ പോസ്റ്റ്‌മാന്‍ ഡ്യൂട്ടി പണ്ടു ചെയ്തിരുന്ന അരയന്നം അന്നനടനടന്ന്‌ വരുന്നപോലെ, അല്ലെങ്കില്‍ ഫാഷന്‍ ടീവീല്‍ നട്ടപ്പാതിരയ്ക്കു കുറച്ചുമുന്നേയുള്ള കളികളില്‍ തുണിയുടുത്ത്‌ വരുന്ന കിടിലന്‍ മങ്കാസ്‌ പൂച്ചനടനടന്ന്‌ വരുന്ന പോലെ, വന്നുനിന്ന മുഗ്‌ധസൗന്ദര്യത്തിന്‍ മൂര്‍ത്തീഭാവനിറകുടസൗന്ദര്യാധാമത്തെ കണ്ട്‌ ദൂരെ ശ്രീകോവിലിനുള്ളില്‍ നിന്ന്‌ സാക്ഷാല്‍ ചക്കൊളത്തപ്പന്‍ വരെ ഒന്നു മുന്നോട്ടാഞ്ഞു എന്ന്‌ ശാന്തിക്കാരന്‍ തിരുമേനി പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ("പീടീചാക്കോനീലലോഹികുഞ്ഞാലിക്കുട്ടീജോസഫായ...."എന്ന മന്ത്രം നൂറ്റൊന്നാവര്‍ത്തി കടുപ്പിച്ച്‌ ചൊല്ലിയാണ്‌ ഒരുവിധം മൂര്‍ത്തിയെ പീഠത്തില്‍ പിടിച്ചിരുത്തിയതെന്ന്‌ അദ്ദേഹം സ്വകാര്യമായി ചിലരോടൊക്കെ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു - ചരിത്രകാരന്‍).സ്റ്റേജിനുമുകളില്‍ വാസവനരികില്‍ പ്രണയപരവശയായി വന്നു നില്‍ക്കുന്ന "ഉഡുരാജമുഖിയും മൃഗരാജകടിയും ഗജരാജവിരാജിത മന്ദഗതി" യുമായ പെണ്മണീരത്നം സത്യമോ മിഥ്യയോ മായയോ മായാവിയോ ഇനി വല്ല ഡാകിനിയോ എന്നൊന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാതെ കാണീജനങ്ങളുടെ ഹൃദയമിടിപ്പരേഡ്‌ ഠപ്പേ ന്ന്‌ നിന്നുപോയി. നല്ല ചീനിപ്പറങ്കിമുളക്‌ അബദ്ധത്തില്‍ കടിച്ചപോലെ മുന്‍ നിരയിലിരിക്കുന്ന കല്യാണിയാദി കളവാണീ നാരീജനങ്ങള്‍ മാത്രം ശൂ....ശൂ...എന്ന്‌ ശബ്ദമുണ്ടാക്കി നിശ്ശബ്ദതയുടെ അന്തരീക്ഷത്തിലേക്ക്‌ ആശ്ചര്യ ചിഹ്നങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരുന്നു!

രംഗത്ത്‌ നില്‍ക്കുന്നത്‌ ഒറിജിനല്‍ കുമരകം വാസന്തി തന്നെയാണോ അതോ ഒരു മെയിഡിന്‍ കുന്നംകുളം മത്രമാണോ എന്നൊരു തര്‍ക്കം ആറാട്ട്‌ കണ്ടത്തിന്റെ ബാല്‍ക്കണി സൈഡില്‍ നിന്ന തര്‍ക്കിമാര്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും "മിസ്സ്‌ കുമരകത്തിനെ പച്ച ജീവനോടെ കണ്ടവര്‍ നിങ്ങളിലാരുണ്ട്‌?" എന്ന മറുചോദ്യത്താല്‍ അതിനെ അരിഞ്ഞിട്ടു, എതിര്‍ഭാഗം വര്‍ക്കിമാര്‍!ഇന്നേരമത്രയും ആനക്കസേരയുടെ കയ്യിലും അതും പോരാഞ്ഞ്‌ കളപ്പുരയുടെ ഉമ്മറത്തൂണിലും മുറുകെപ്പിടിച്ച്‌ "ഈ നാടകം തീരണവരെയെങ്കിലും കണ്ട്രോള്‍ തരണേ എന്റെ ആഞ്ജനേയാ" എന്ന്‌ കാമദേവപരോശനാവുകയായിരുന്നു കുഞ്ഞിരാമന്‍ അധികാരി. അധികാരിയുടെ തിക്കുമുട്ടും വിയര്‍ത്തൊഴുകലും കണ്ട്‌ ഒരു കിടിലന്‍ കടുക്കക്കഷായത്തിനുള്ള ഉശിരന്‍ കുറിപ്പടി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. അങ്ങിനെ വാസവനാടക ചരിത്രത്തിലാദ്യമായി ഒരു നാടകം ഗില്ലറ്റിന്റെ കത്തി കൊണ്ട്‌ താടിവടിക്കുന്ന പോലെ നല്ല സ്മൂത്‌ സ്മൂത്തനായി നീങ്ങവേ....!

സൈഡ്‌ കര്‍ട്ടന്‍ മറഞ്ഞു നിന്ന്‌ വാസന്തീലാസ്യനടനതാളം ക്ലോസപ്പില്‍ കണ്ടു ഭ്രമിച്ച കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ "എന്റെചക്കുളത്തപ്പാ" എന്നു നെഞ്ചത്ത്‌ കൈ വെച്ച്‌ മുകളിലേക്ക്‌ നോക്കി. മുകളിലേക്കു നോക്കിയഭാസ്കരന്‍ ഞെട്ടിപ്പിക്കുന്ന, രക്തം മരവിപ്പിക്കുന്ന ആ കാഴ്ചകണ്ട്‌ നെഞ്ചത്ത്‌ വെച്ച കൈ കീഴൊട്ടെടുക്കാന്‍ മറന്ന്‌ മരവിച്ച്‌ നിന്നു. സ്റ്റേജില്‍ ബാക്ക്ഗ്രൗണ്ട്‌ കര്‍ട്ടന്‍ കെട്ടിയ മുളവടി, കുത്തനെ നാട്ടിയ പ്രധാന കാലനവര്‍കളുമായുള്ള കെട്ടുബന്ധത്തിന്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ കൊടുത്ത്‌, കെട്ടഴിഞ്ഞു വീഴാന്‍ പാകത്തില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയകാഴ്ചയാണ്‌ മുകളിലേക്ക്‌ പൊങ്ങിയ ഭാസ്കരോനയനങ്ങള്‍ക്ക്‌ വിഷയീഭവിച്ചത്‌. പിന്നാമ്പുറത്ത്‌ പശ്ചാത്തലം തൂക്കിയ തുണിയെങ്ങാനും അഴിഞ്ഞുവീണാല്‍ നാടകത്തിന്റെ നാണോം മാനോം കടല്‍കടക്കുമല്ലോ എന്റെ ദൈവങ്ങളേ എന്നുള്ള കരാള കഠോര ചിന്തയാല്‍ ഭാസ്കരനിലെ എമര്‍ജന്‍സീ സര്‍വീസ്‌ വിംഗ് കൂട്ടമണി മുഴക്കി സടകുടഞ്ഞെഴുന്നേറ്റു. ചക്കുളം മൂര്‍ത്തിയെ മനസ്സില്‍ധ്യാനിച്ച്‌, വല്ലപ്പോഴും അന്തിമയങ്ങിയാല്‍ അധികാരീന്റെ പറമ്പിലെതെങ്ങില്‍ ഇളനീര്‍കക്കാന്‍ കയറുന്ന പരിചയവും, സൈഡ്‌കര്‍ട്ടന്റെ മറവും മാത്രം ആയുധമാക്കി ഭാസ്കരഭട്ടന്‍ മുണ്ടും മടക്കിക്കുത്തി സ്റ്റേജിന്റെ ഹെഡ്‌ ഒഫ്‌ പോസ്റ്റില്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞു കയറി റെസ്‌ക്യൂ ഒപറേഷന്‍ യുദ്ധകാലാടിസ്ഥനത്തില്‍ ആരംഭിക്കുകയും ചെയ്തു!

സൂക്ഷം ഈയൊരു ടേണിംഗ്‌ പോയന്റില്‍ വെച്ചാണ്‌ ഭാസ്കരനു കീഴെ, അരങ്ങില്‍, വാസവനാടകത്തിന്റെ പ്രണയമധുരമനോഹരമായ ഒരു രംഗം ഇതള്‍വിരിഞ്ഞു പുഷ്പിക്കാന്‍ തുടങ്ങിയത്‌. ഇടംകയ്യാല്‍ നായികയെ ചേര്‍ത്ത്‌ പിടിച്ച്‌, ദൃഷ്ടികള്‍ അവളുടെ മുഖത്തുറപ്പിച്ച്‌, ഒരു റഷ്യന്‍ ബാലെ നര്‍ത്തകന്റെ വടിവില്‍ സ്റ്റഡിയായി നിന്ന്‌ വാസവന്‍ ഡയലോഗ്‌ കാച്ചി.

"പ്രിയേ, അങ്ങകലെ നീലാകാശത്തു നിന്നും നമ്മെ നോക്കിച്ചിരിക്കുന്ന നക്ഷത്രങ്ങളെ നീ കാണുന്നില്ലേ..."

കിണ്ണന്‍ ഡയലോഗിനോടൊപ്പം ആകാശത്തേക്കു ചൂണ്ടിയ നായകന്റെ വലംകൈയിലെ ചൂണ്ടാണി വിരല്‍ കണിശം കണിശം പോയിന്റ്‌ ചെയ്തത്‌, കള്ളുചെത്തുന്ന കുഞ്ഞാപ്പു തെങ്ങിന്‍ മണ്ടേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കുന്ന പോസില്‍ രംഗവേദിയുടെ പ്രധാന കാലനവര്‍കളുടെ മോളില്‍ അള്ളിപ്പിടിച്ചുനിന്ന്‌ ഡൈവോഴ്സ്‌ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ പെടാപ്പാടുപെടുന്ന ഭാസ്കരനു നേര്‍ക്കാണ്‌!ഭാസ്കരന്റെ വിധിപ്പകര്‍പ്പവകാശ രേഖയില്‍ ഇന്നത്തെ കുംഭം പത്ത്‌ കരിപോലെ കറുത്ത ലിപികളാല്‍ കുറിക്കപ്പെടണമെന്ന്‌ ഒന്നാം നംബ്ര് അടിയാധാരം നേരത്തെ എഴുതിയ ദൈവം തമ്പുരാന്‍ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നെങ്കില്‍ പിന്നെ കീഴ്‌കോടതികളില്‍ സിവിലായും ക്രിമിനലായും നാം മര്‍ത്ത്യന്‍മാര്‍ കേസ്‌ ഫയല്‍ ചെയ്തിട്ട്‌ കിം ഫലം? ആറാട്ട്‌ പ്രമാണിച്ച്‌ പൊക്കന്‍ കണാരന്‍ സ്പെഷ്യലായി വാറ്റിയെടുത്ത്‌ മൊത്തമായും ചില്ലറയായും വിതരണം ചെയ്ത വാറ്റ്‌ അറുപത്തൊമ്പതില്‍ അസാരം അളവ്‌ കൂടിപ്പോയ നവസാരം ഹേതുവായി, നാടകം സംഘാടിക്കുന്ന തിരക്കിനിടയിലും തെറ്റ്യേടത്ത്‌ വിശാലത്തിന്റെ പറമ്പിന്നതിരിടുന്ന പൊട്ടക്കുളത്തിന്‍ കരയില്‍ അര്‍ജന്റായി രണ്ടുതവണ രണ്ടാംക്ലാസ്സില്‍ പോകേണ്ട അടിയന്തിരാവശ്യം ഭാസ്കരന്‍കുട്ടിക്ക്‌ നേരത്തെ വന്നു പെട്ടിരുന്നു. ഇതില്‍ രണ്ടാം തവണ തിടുക്കത്തില്‍ കാര്യം കഴിച്ച്‌ ഓടിപ്പിടഞ്ഞു വരുന്നതിനിടയില്‍ കുളക്കരയിലെ മാവിന്‍ കൊമ്പില്‍ കാര്യം കാണാന്‍ തോരണം തൂക്കിയിരുന്ന അണ്ടര്‍വെയര്‍ തിര്യെ യഥസ്ഥാനത്തെടുത്ത്‌ ഫിറ്റ്‌ ചെയ്യാന്‍ ഭാസ്കരന്‍ മറന്നുപോയിരുന്നു എന്ന നഗ്നവും, പച്ചയും, പരമാര്‍ത്ഥവുമായ സത്യം ഈ കൈ ചൂണ്ടപ്പെട്ട ഒരു നിര്‍ണ്ണായക നിമിഷം വരെ മുകളിലിരിക്കുന്ന ഭാസ്കരനോ, താഴെ ചൂണ്ടിനില്‍ക്കുന്ന വാസുവോ, വാസന്തിയാല്‍ മെസ്മറൈസ്‌ ചെയ്യപ്പെട്ട ഞങ്ങള്‍ കാണികളോ, സാക്ഷാല്‍ വാസന്തി തന്നെയുമോ അറിഞ്ഞിരുന്നില്ല!! (അല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തി ഭസ്കരന്‍ പോസ്റ്റില്‍ കയറാന്‍ മിനക്കെടുമോ..? നിങ്ങള്‍ പറ)

"പ്രാണനാഥാ..." എന്നു തുടങ്ങുന്ന മറുമൊഴി തിരിച്ചുവിടുന്നതിനു മുന്നോടിയായി, ചൂണ്ടിനില്‍ക്കുന്ന വാസുദേവാ ചൂണ്ടന്‍വിരലിനെ പിന്തുടര്‍ന്ന്‌ ചിരിക്കുന്ന നക്ഷത്രങ്ങളെ കാണാന്‍ കൊതിച്ച നായികയുടെ നളിനമനോഹരാക്ഷികള്‍ രണ്ടും സ്റ്റേജിന്റെ വലത്തേ നീലാകാശത്ത്‌ ഭാസ്കരന്‍ തൂക്കിയിട്ട കരിഞ്ഞ ശുക്രനക്ഷത്രത്തില്‍ സൂക്ഷം ചെന്നു ഫോക്കസ്‌ ചെയ്തു നിന്നു...! പറയാന്‍ വന്ന ഡയലോഗ്‌ നായികയുടെ തൊണ്ടയില്‍ പാണ്ടിലോറി സഡന്‍ ബ്രേക്ക്‌ ഇടുന്നപോലെ "പ്രാ.." എന്ന്‌ ഡെഡ്‌ സ്റ്റോപ്പായി. വെള്ളിനക്ഷത്രത്തിളക്കത്താല്‍ തല്‍ക്ഷണം സ്ഥലകാലബോധം പോയ നായികാമണി "ഹൂശ്‌..ഹയ്യേ" എന്ന സുമാര്‍ ഒരു ഏഴ്‌ഏഴരക്കട്ടയിലുള്ള അലര്‍ച്ചയോടെ നായകവാസവനെ തള്ളിമാറ്റി ഒറ്റയോട്ടത്തിന്‌ അണിയറയില്‍ കയറി വാതിലടച്ചുകളഞ്ഞു ..!

രാപകല്‍ ഉറക്കമൊഴിഞ്ഞ്‌ തട്ടിക്കൂട്ടി, വെട്ടിത്തൈച്ച്‌, തുന്നിക്കൂട്ടിയെടുത്ത നാടകാന്തത്തില്‍ മുന്‍കൂര്‍ നോട്ടീസ്‌ തരാതെ കടന്നുവന്ന തല്‍സമയ തിരക്കഥാമാറ്റം കണ്ട്‌, താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ നാടകനിലോ മെഗാസീര്യനിലോ എന്ന അട്ടര്‍ കണ്‍ഫൂഷവിഭ്രമത്താല്‍ വാസുക്കുട്ടന്‍, അരങ്ങില്‍, കൈചൂണ്ടിപ്പോസില്‍ മൃതനായി വെറുങ്ങലിച്ചു നിന്നു; പൊടുന്നനെ, ചൂണ്ടിയിരിക്കുന്ന വലതുകൈ വിരലിലാണ്‌ മറിമായമ്മയുടെ മര്‍മ്മം കിടക്കുന്നതെന്ന്‌ വെളിപാടുണ്ടായ വാസൂട്ടന്‍ തലയൊട്ടു ചരിച്ച്‌, നക്ഷത്രാവൃത സ്റ്റേജാകാശം ഒളികണ്ണാലൊന്നു പാളി നോക്കി. വാ..ഹ്‌! വാ..ഹ്‌! വാസൂട്ടന്റെ മുഖത്തെ വിപ്രലംഭ ശൃംഗാരരസം ഭീബല്‍സത്തിലേക്കും തുടര്‍ന്ന്‌ രൗദ്രത്തിലേക്കും അനായാസം ഗിയര്‍ മാറ്റിക്കയറുന്നത്‌, പതിറ്റാണ്ടു നീണ്ട വാസുനായകത്തിന്റെ അഭിനയസപര്യക്കിടയില്‍ ആദ്യമായും അവസാനമായും ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഹര്‍ഷോന്മാദസഹര്‍ഷം കണ്ടു രോമാഞ്ചകുഞ്ചുകിതരായി!

“ഡാ ഭസ്കരാ....കഴ്വേര്‍ടെ മോനേ...നിന്റെ..!%$&**##$%&*...ഇറങ്ങെടാ താഴെ...!!”

രൗദ്രഭീമന്റെ സ്ക്രിപ്റ്റിലെഴുതാത്ത അലര്‍ച്ചകേട്ട്‌ അഷ്ടദിക്‌പാലകന്‍മാരില്‍ ഒരു മൂന്നാലെണ്ണമെങ്കിലും ഞെട്ടിവിറച്ചിരിക്കണം. ഏതായാലും ഭാസ്കരന്‍ ഞെട്ടി എന്നതുറപ്പ്‌...ഹൈ പിച്ച്‌ അലര്‍ച്ചയുടെ ഉച്ഛാടന ശക്തിയാല്‍ ഭാസ്കരന്റെ കൈകളും രംഗവേദിയുടെ പ്രധാന കാലനും തമ്മിലുള്ള ബന്ധം തല്‍ക്ഷണം വിഛേദിക്കപ്പെടുകയും, തുടര്‍ന്ന്‌ അങ്കക്കളരിയുടെ നടുത്തട്ടിലേക്ക്‌ നടുവും തല്ലിവീണ ഭാസ്കരന്നു പിറകേ "ഡാ നില്‍ക്കെടാ, ഞാനുംവരുന്നു" എന്നുള്ള നിശ്ശബ്ദനിലവിളിയോടെ ഡൈവോഴ്സ്‌ കേസ്‌ ജയിച്ച ബാക്ക്‌കര്‍ട്ടനും ക്രാഷ്‌ലാന്‍ഡ്‌ ചെയ്തതോടെ നാടകത്തിന്റെ രണ്ടാം അങ്കത്തിനു തിരശ്ശീല വീഴുകയും ചെയ്തു!

നായിക കണ്ടു ഭ്രമിച്ചു വിയര്‍ത്ത ഭാസ്കര നക്ഷത്രത്തിന്റെ തേജോപുഞ്ജങ്ങള്‍ ദര്‍ശിച്ചു സായൂജ്യമടയാനുള്ള സൗഭാഗ്യം മുന്‍നിരയില്‍ തറടിക്കറ്റില്‍ നാടകം കണ്ടുകൊണ്ടിരുന്ന ചില ലലനാമണികള്‍ക്കുമുണ്ടായിരുന്നു. അതോടെ നക്ഷത്രസുവിശേഷം കര്‍ണ്ണാകര്‍ണ്ണികയാ കയറിയിറങ്ങി നടന്നും ഓടിയും സെക്കന്റുകള്‍ക്കകം ആറാട്ടുകണ്ടം മുഴുക്കെ പ്രദക്ഷിണം വെച്ചു. കൊയിലാണ്ടിയുടെ ആസ്ഥാന സര്‍നേം വിതരണകമ്മറ്റിയുടെ ഏകാംഗ മെംബര്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്‍ നിന്ന നില്‍പ്പില്‍ കോയിമ്പറമ്പത്ത്‌ ഭാസ്കരന്‌ ഒരു സ്ഥാനപ്പേര്‌ ചാര്‍ത്തി നല്‍കുകയും ചെയ്തു. "നക്ഷത്രം തൂക്കിയ ഭാസ്കരന്‍"! (ഇതാണ്‌ കാലക്രമേണ രൂപം മാറി കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ പിന്നീടറിയപ്പെട്ട "ക്രിസ്മസ്‌ ഭാസ്കരന്‍" എന്നപേരായി മാറിയത്‌ എന്നാണ്‌ വിനീതനായ ഈ ചരിത്രകാരന്റെ പില്‍ക്കാല ഗവേഷണം തെളിയിച്ചിട്ടുള്ളത്‌!)

"അവിചാരിതമായി വന്നുപെട്ട സാങ്കേതിക തടസ്സം" ഹേതുവാക്കി നാടകത്തിന്റെ മൂന്നാം അങ്കം വെളിച്ചപ്പെടാന്‍ വൈകിയതൊടെ കളപ്പുരയുടെ ഉമ്മറത്ത്‌ അധികാരിയുടെ ഉള്ള കണ്ട്രോളും ആഞ്ജനേയ സഹായത്താല്‍‍ അണ്‍കണ്‍ട്ട്രോളബിള്‍ ആയി മാറി...

" വൈദ്യരേ മ്മക്കൊന്ന്‌ ഓളെ പരിജയപ്പെട്ടാലോ...?“

"ആരെ..?"

"ഓളെ, വാസന്തീനെ!"

"പ്പൊത്തന്നെ വേണോ മേന്‍ന്നേ, കളികഴിഞ്ഞിട്ട്‌ പോരേ.."?

"കളികഴിയാന്‍ നിന്നാല്‍ എന്റെ കഥ അതിനും മുന്നേ ഫുള്‍സ്റ്റോപ്‌ ഇടുമെടാ ശപ്പന്‍ വൈദ്യരേ" എന്നു വ്യംഗ്യത്തിലും "താന്‍ വരണുണ്ടോ?" എന്ന്‌ വാച്യത്തിലും മെസ്സേജ്‌ പാസ്സ്‌ ചെയ്യലും അധികാരി ആനക്കസേരവിട്ടുയര്‍ന്ന്‌ നാടകക്കമ്പനിക്കാര്‍ പച്ചകുത്താനിരിക്കുന്ന പച്ചമുറിയായി രൂപം മാറിയ കളപ്പുരയുടെ സ്റ്റോര്‍മുറി ലക്ഷ്യമാക്കി തൃപ്പാദങ്ങള്‍ ചലിപ്പിക്കലും ഒരുമിച്ചുകഴിഞ്ഞു! "കമോണ്‍, ഫൊളോ മീ", എന്നൊരു ഓര്‍ഡര്‍ ആ പോക്കില്‍ വായിച്ചെടുത്ത്‌ വൈദ്യരും അധികാരീ പാദങ്ങള്‍ പിന്തുടര്‍ന്നു. മൂന്നാമങ്കത്തിനുള്ള പോര്‍വിളി ഇതിനകം മുഴങ്ങിക്കഴിഞ്ഞതിനാല്‍ അധികാരീവൈദ്യ തിരോധാനം ഒരു സെന്‍സേഷനല്‍ ന്യൂസ്‌ ആക്കാന്‍ ഒരു പ്രാദേശിക മഞ്ഞപ്പത്രലേഖകന്റെ പേനത്തുമ്പിലും ഈ കൂടുമാറ്റവിദ്യ തല്‍ക്കാലം മഷിനോട്ടത്തില്‍ തെളിഞ്ഞിരുന്നില്ല!

മൂന്നാമങ്കത്തിന്‌ വെളിച്ചപ്പെടാന്‍ അണിയറലക്ഷ്യമാക്കി ഗ്രീന്‍‌റൂം വിട്ടിറങ്ങിയ നായികാതിലകത്തെ ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ തൂക്കിയെടുത്തു! അലറിക്കരയാനാഞ്ഞ അവളുടെ വായ മറ്റു രണ്ടുകരങ്ങളാല്‍ സീല്‍ചെയ്യപ്പെട്ടു...ഒറ്റക്കുതിക്ക്‌ നായികയേയും കൊണ്ട്‌ കളപ്പുരയുടെ ഡൈനിംഗ്‌ ഹാളില്‍ കയറി കതകുകുറ്റിയിട്ടു, നിഷാദമനസ്കരായ കിരാത വില്ലന്മാര്‍! പിന്നീടവിടെ അരങ്ങേറിയത്‌, ഒരു രണ്ടുപതിറ്റാണ്ടുമുന്നെ, ജി. രാജശേഖരന്‍, ഐ.വി ശശിക്ക്‌ വേണ്ടി എഴുതിയ ഒരുതിരക്കഥയില്‍ സത്താറിന്റെയോ, ടി.ജി. രവിയുടെയോമുന്നില്‍ അബദ്ധത്തിലെങ്ങാന്‍ സീമയോ, ജയഭാരതിയോ വന്നുപെട്ടാല്‍പിന്നെ തിരക്കഥയില്ലാതെ തന്നെ അവിടെ നടക്കേണ്ട ചില അനുഷ്ഠാനകലകളാണ്‌!

കട്ടിലിനുചുറ്റും മരംചുറ്റിയോട്ടം പ്രാക്ടീസ്‌ ചെയ്യുന്ന നായിക..,"ദാ തൊട്ടേ, ദാ പിടിച്ചേ" ന്നും പറഞ്ഞ്‌ നായികയ്ക്കു പിന്നാലെ "പുലീ,പുലീ" കളിക്കുന്ന വില്ലന്‍ നംബര്‍ വണ്‍! "ദേ ഞാനിപ്പ വരാവേ" എന്ന ഭാവത്തില്‍ വാതിലിനു നേര്‍ക്ക്‌ കുതിക്കുന്ന നായിക...! "നില്ലിബളേ ഒരു ചായ കുടിച്ചിട്ട്‌ പോയാപ്പോരെ" എന്നും പറഞ്ഞ്‌ വാതിലിനു വിലങ്ങി കൈയ്യും കെട്ടിനില്‍ക്കുന്ന സഹവില്ലന്‍ തലമുറിയന്‍!...ഒടുക്കം ഒറ്റചാട്ടത്തിന്‌ ഓട്ടം പഠിക്കുന്ന നായികയുടെ സാരിത്തലപ്പില്‍ അധികാര്യദ്യം പിടുത്തമിട്ടു. ഒറ്റചുറ്റലിന്‌ ഒരുമീറ്റര്‍ എന്ന കണക്കിന്‌ നായിക അഞ്ച്‌ പ്രാവശ്യം പമ്പരം കറക്കിയതോടെ അഞ്ച്‌ മീറ്റര്‍ തുണി ശോഭനാജോര്‍ജ്ജിനു പിറകേ നായികയുടെ ഡിഐസീന്ന്‌ രാജിവെച്ച്‌ അധികാരിയുടെ കോണ്‍ഗ്രസ്സില്‍ചേര്‍ന്നു! "ഒരു ബലാല്‍സംഗം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള സ്റ്റെപ്‌ ബൈ സ്റ്റെപ്‌ ഇന്‍സ്ട്രക്ഷന്‍സ്‌" എന്നൊരു പുസ്തകം തന്നെ എഴുതിയാലോ എന്നാലോചിക്കുന്ന കുഞ്ഞിരാമനുണ്ടോ അടുത്തതെന്ത്‌ എന്നാലോചിച്ചു നില്‍ക്കേണ്ട കാര്യം? ("പ്രതാപചന്ദ്രനെയാണോ ബലാല്‍സംഗം പഠിപ്പിക്കുന്നെ?" നോണ്‍സെന്‍സ്‌!) അടുത്ത കുതിപ്പിന്‌ വാസന്തനായികയുടെ ചെമ്പട്ട്‌ റവുക്ക അഥവാ ചുവന്ന ബ്ലൗസിന്റെ മര്‍മ്മവേധിയായ ഭാഗം മാരീ ബിസ്കറ്റിന്റെ റാപ്പര്‍ പൊളിക്കുന്ന ചേലില്‍ കീറിപ്പറിഞ്ഞ്‌ അധികാരിയുടെ കൈയിലിരുന്നു! പിന്നീടെവിടെയാണ്‌ കയറിപ്പിടിച്ചതെന്ന്‌ പിടിച്ച അധികാരിക്കോ, കണ്ടുനിന്ന വൈദ്യര്‍ക്കോ കൃത്യമായി ഓര്‍മ്മയില്ല...."ഹെന്റയ്യോ..." എന്ന്‌ കളപ്പുരയുടെ തട്ട്‌ തകര്‍ക്കുന്ന ഒരലര്‍ച്ചയാണ്‌ പിന്നെ കേട്ടത്‌. അലര്‍ച്ചയുടെ ഉറവിടം വാസവനായികയുടെ മൃദുകളകണ്ഠം ആയിരുന്നില്ല, മറിച്ച്‌ അധികാരീ വൈദ്യന്മാരുടെ കരാളകഠോര കണ്ഠങ്ങള്‍ ഒരുമിച്ചായിരുന്നു നിറയൊഴിച്ചത്‌! തങ്ങളുടെ ബലാല്‍സംഗ പരീക്ഷണങ്ങളില്‍ നാളിതുവരെ കേട്ട്‌കേള്‍വി പോലുമില്ലാത്ത ഒരു ഭീകരഭയങ്കര ദൃശ്യമായിരുന്നു അപ്പോള്‍ അവരെ എതിരേറ്റത്‌! "രണ്ട്‌ മലതമ്മില്‍ ചേരും, പക്ഷേ നാല്‌ വേറെന്തോ തമ്മില്‍ ചേരില്ല" എന്ന പഴംചൊല്ലുണ്ടാക്കാന്‍ വേണ്ടിമാത്രം, ദൈവം തമ്പുരാന്‍ നാരീലലനാമണികളുടെ നെഞ്ഞത്ത്‌ ഇരട്ടയ്ക്ക്‌ ഫിറ്റ്ചെയ്തുകൊടുത്ത സ്പെയര്‍പാര്‍ട്ടില്‍ നായികയുടെ ഒരെണ്ണം, അടിയോടെ, മൂടോടെ,വേരോടെ പറിഞ്ഞുവന്ന് ആക്രാന്താധികാരി കുഞ്ഞിരാമന്റെ വലം കൈയിലിരുന്നു വിറച്ചു. (ചങ്ങായി ഇതുവരെ 'ചിലപ്പതികാരം' വായിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ കളപ്പുരയ്ക്ക്‌ തീ പിടിച്ചില്ല എന്നു മാത്രം!)

വലംകൈയില്‍ കുചവുമായി,സ്റ്റാച്ച്യൂ ഒഫ്‌ ലിബേര്‍ട്ടിയായി, വെറുങ്ങലിച്ചുനില്‍ക്കുന്ന സംഗമവീരകട്ടബൊമ്മനെ ഒറ്റമൂച്ചിന്‌ തള്ളിമാറ്റി, സ്പെയര്‍പാര്‍ട്‌സ്‌പോയ നായിക വാതില്‍ ലക്ഷ്യം വെച്ച്‌ കുതിച്ചു. ധിക്കൃതശക്രപരാക്രമിയായ വൈദ്യരുണ്ടോ വിടുന്നു? ഓതിരം മറിഞ്ഞ്‌ കടകം തിരിഞ്ഞമര്‍ന്ന വൈദ്യര്‍ വാതിലുനോക്കി കുന്തിരിയെടുക്കുന്ന പെണ്മണിയുടെ കെട്ടഴിഞ്ഞു ചിതറിയ കാര്‍കൂന്തല്‍ ഭാരത്തില്‍ പിടുത്തമിട്ടു. ഹാ..എന്തതിശയം! "മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ, പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന കുഞ്ചന്‍ കവിത ഈണത്തിലൊന്നു ചൊല്ലി, നായികാമണിയുടെ നിതംബചുംബിനിയായ പനംകുലത്തലമുടിയും, അധികാരിയുടെ കൈയിലിരിക്കുന്ന മറ്റേ സാധനത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യപിക്കനെന്നോണം, നടികര്‍തിലകത്തിന്റെ തലയോട്ടിയോട്‌ സലാം പറഞ്ഞ്‌ വൈദ്യരുടെ കൂടെപോന്നു! സംഭവിച്ചതെന്ത്‌? സംഭവിക്കുന്നതെന്ത്‌?ഇനിസംഭവിക്കാനിരിക്കുന്നതെന്ത്‌?മുന്നില്‍ കാണുന്നത്‌ സത്യമോ മിഥ്യയോ അതോ കലാശക്കൊട്ടിന്‌ അസ്ഥിവാരമിട്ട കുഞ്ഞ്യേക്കന്‍ സ്പെഷ്യല്‍ പൈനാപ്പിള്‍ വിത്‌ നെല്ല് വാറ്റിന്റെ അളവു തെറ്റിപ്പോയ മായിക വിഭ്രമമോ? പാതിയീര്‍ന്നുവെച്ച മരപ്പാളികള്‍ക്കിടയില്‍ അണ്ഡകഠാഹം കൊണ്ടുവെച്ച്‌ ആപ്പു വലിച്ചൂരിയ കുരങ്ങന്‍ പണ്ടുനിന്നപോലെ നിശ്ചലനിശ്ചേഷ്ട ജഢങ്ങളായി, കുചമുടീധാരികന്മാരായി, നിലക്കൊള്ളുന്ന ഭൈമീകാമുകന്മാരെ, പുറത്തേക്ക്‌ പറക്കുന്നതിനിടയില്‍ ഹാന്റീകാപ്പ്‌ഡ്‌ നായികാരത്നം അവസാനമായൊന്നു തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കിയ കുമരകം വാസന്തിയുടെ ചന്ദ്രികാചര്‍ച്ചിതനീലകളേഭര മുഖം കണ്ട്‌ അധികാരീവൈദ്യശിരോമണികള്‍ നിന്ന നില്‍പ്പില്‍ വടിവേല്‍മുരുകന്മാരായിപ്പോയി. കാരണം, ആഘോഷപൂര്‍വം തൂക്കിയെടുത്ത്‌ അമ്മാനമാടിയ കുമരകം വാസന്തിയുടെ മൃദുലമനോഹരവദനകുസുമത്തിനുപകരം അവരെ പല്ലിളിച്ചു നോക്കിയത്‌ സാക്ഷാല്‍ ഇരുപ്പൂ ഗോപാലുവിന്റെ ചാന്തുപൊട്ടണിഞ്ഞ ശിഖണ്ഡീ മോന്തായമായിരുന്നു!!!!

(കുമരകം വാസന്തിയെ നേരിട്ടുപോയിട്ട്‌ ഒന്നു സ്വപ്നത്തിലെങ്കിലും കണ്ട്‌ സായൂജിക്കാന്‍ ഇതുവരെ സൗഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത പിലാക്കണ്ടവാസവദത്തന്‍, ആര്‍പ്പൂക്കര ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന വസ്ത്രാലങ്കാര വിദഗ്‌ധന്‍ കം മേക്കപ്‌ മാനെ ചാക്കിട്ട്‌ പിടിച്ച്‌, കൃശശരീരിയായ ഗോപാലുവിന്റെ ഗാത്രഭാഗങ്ങളില്‍ മുടികളും, മുഴകളും, തടിപ്പുകളും ഫിറ്റ്‌ ചെയ്ത്‌, ഒരു തല്‍സമയ ലിംഗമാറ്റശസ്ത്രക്രിയ നടത്തി, കുമരകം വാസന്തിയാക്കി തട്ടില്‍കയറ്റി നടനമാടിച്ച ഒരു മാസ്സീവ്‌ കോണ്‍സ്പിരേഷന്റെ ദയനീയമായ ഓപെറേഷന്‍ ക്ലൈമാക്സ്‌ ആയിരുന്നു ഇക്കണ്ട ചാക്ക്യാര്‍കൂത്തൊക്കെ എന്ന നെല്ലും പുല്ലും വേര്‍തിരിഞ്ഞുകിട്ടാന്‍ ഉണ്ണാമനധികാരിക്കും, മര്‍മ്മാണിവൈദ്യര്‍ക്കും പിന്നെയും കോഴി ഒരുപാടു കൂവേണ്ടിവന്നു!)

കയ്യില്‍കിട്ടിയ നല്ലജീവനുമായി കുതികുതിച്ച ഗോപാലു സ്ട്രേറ്റ്‌ ഫോര്‍വേഡായി ഓടിക്കയറിയത്‌ മുന്നില്‍ തുറന്നുകിടന്ന അണിയറവാതില്‍ വഴി നേരെ സ്റ്റേജിന്റെമോളിലേക്കയിരുന്നു. അരങ്ങത്ത്‌ അപ്പോള്‍ വികാരനിര്‍ഭരമായ ഒരുമൂന്നാമങ്കത്തിന്റെ കണ്ണീരണിഞ്ഞ മദ്ധ്യഭാഗത്തായിരുന്നു വാസവനാടകം. ക്ഷയരോഗിയായ നായികയുടെ അച്ഛന്‍ (ക്ഷയരോഗം പിടിക്കാത്ത പിലാക്കണ്ടനാടകമോ?), മകള്‍ ഒരന്യജാതിക്കരനുമായി സ്നേഹത്തിലാണെന്നറിഞ്ഞ്‌ അരങ്ങില്‍ ഹൃദയം പൊട്ടിവിളിച്ചു...

"എന്റെമോളേ...സരോജിനീ...."

കിറുകൃത്യം വിളിതീര്‍ന്നതും, പി.റ്റി ഉഷച്ചേച്ചി ഹണ്‍ഡ്രഡ്‌ മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫിനിഷിംഗ്‌ പോയന്റില്‍ എത്തിയപോലെ, നായികസരോജിനി അഥവാ കുമരകം വാസന്തി അഥവാ ഇരുപ്പൂ ഗോപാലന്‍, പാണ്ടിലോറിയിടിച്ച്‌ ഹെഡ്‌ലൈറ്റും ബമ്പറും പോയ മാരുതിക്കാറിന്റെ പരുവത്തില്‍ സ്റ്റേജിന്റെ മദ്ധ്യഭാഗത്തേക്ക്‌ കുതിച്ചെത്തി സഡന്‍ബ്രേക്കിട്ടതും ഒപ്പം കഴിഞ്ഞു! കെ.എസ്‌. ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടനായികയെക്കണ്ട്‌, 'ബലാല്‍സംഗരംഗം എപ്പക്കഴിഞ്ഞു?' എന്നകണ്‍ഫൂഷനില്‍ കൂവാന്‍പോലും മറന്ന കാണീജനങ്ങള്‍ അന്ധാളിച്ചുനിന്നു! രാമനെ കല്യാണമാലോചിക്കാന്‍ പോയ രാവണന്റെ നേര്‍പെങ്ങള്‍ ശൂര്‍പ്പണഖയ്ക്ക്‌ പറ്റിയപോലെ, മൂക്കിനു പകരം മുടിയും, ദ്വയങ്ങളിലൊരു കുചനും പോയി അരങ്ങില്‍ ദിഗ്വിഭ്രമിച്ചു നില്‍ക്കുന്ന വിചിത്ര ജന്തൂനെ ആദ്യം ഐഡന്‍റ്റിഫൈ ചെയ്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇഷ്യൂ ചെയ്തത്‌, പടിഞ്ഞാറേലെ ഭവാനിയമ്മയുടെ മടിയിലിരുന്ന് നാടകം കണ്ടുകൊണ്ടിരുന്ന അവരുടെ നാലുവയസ്സുകാരന്‍ ചെക്കനാണ്‌!! നിശ്ശബ്ദത കളിയാടിനിന്നിരുന്ന ആറാട്ട്‌ കണ്ടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഭവാനീപുത്രന്റെ നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി...

"...അമ്മാ...ഒറ്റമുലച്ചി..."!!!!

(കര്‍ട്ടന്‍.)

പൊട്ടാത്ത ഗുണ്ട്‌:- ഈ കഥയും ചക്കൊളം മൂര്‍ത്തിയടക്കം ഇതിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ, ഇനിജനിക്കാനിരിക്കുന്നവരോ ആയ ഏതെങ്കിലും വ്യക്തിയുമായോ, ഇപ്പൊഴത്തെ സാക്ഷാല്‍ ചക്കൊളത്തപ്പനുമായോ ഈ കഥയ്ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അവിശുദ്ധ ബന്ധം ആരെങ്കിലും ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ ഒരുമ്പെടുകയാണെങ്കില്‍, ആയത്‌ ഗവേഷകന്മാരുടെ സ്വന്തം ഉത്തരവാദിത്തത്തിലും, റിസ്കിലും ആയിരിക്കണമെന്ന് വിനയപൂര്‍വം ഉണര്‍ത്തിക്കുന്നു!)

Saturday, September 16, 2006

ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

കൊടകരപുരാണം ബാലെ, നവോദയപുരാണംകഥകളി മുതല്‍പറഞ്ഞ പെരിയ ഗുണ്ടോന്മാരുടെ ഗമണ്ടന്‍ പൂരത്തിനിടയ്ക്ക്‌ ഒരു നനഞ്ഞ ഓലപ്പട്വോനുമായി ഗൊയിലാണ്ടീ പുരാണ വധം ആടാന്ന്‌ നിശ്ചേച്ചൊറപ്പിച്ച്‌ ചൂട്ടുംകെട്ടി എറങ്ങാന്ന്‌ ഷാര്യാവിലമ്മ്യാണെ നോം നിരീച്ചില്ല്യാ ട്ടോ...തന്നേല്ല വെറൊരു കൊയിലാണ്ടിക്കാരന്‍ ചൂട്ടും കെട്ടി നേരത്തേ വെടിക്കെറങ്ങീത്‌ എനിക്കറിയാം..ചങ്ങായ്ക്കറിയില്ലേലും. അതോണ്ട്‌ പോണ പോക്കില്‍ ഒരു വെടിവെട്ടം ആയ്ക്കൊട്ടെ, വെടിയ്ക്ക്‌ തരായില്ലേലും....

കഥ...അല്ല കാര്യം അരങ്ങേറണത്‌ 1980 ലെ അതായത്‌ കൊല്ലവര്‍ഷം ആയിരത്തി...അല്ലേവേണ്ട അതെന്തിനാ ഇവിടെ? ഇവിടെ നടന്നകാര്യം പറഞ്ഞാപ്പൊരേ (അല്ലാണ്ട്‌ നിക്കിശ്ചയില്ല്യാഞ്ഞിട്ടൊന്ന്വല്ല) ഒരു മുപ്പെട്ടുമൂത്ത മൂവന്തിക്കാന്ന്‌ വയ്ക്ക്യാ... അന്തക്കാലത്ത്‌ കൊയിലാണ്ടി ഹൈസ്കൂള്‍ മൈതാനത്തിനെ പി.റ്റി. ഉഷച്ചേച്ചി ഓടിച്ചിട്ട്‌ പിടിച്ച്‌, പെറ്റുവീണ കുഞ്ഞുങ്ങളെ കയ്യോടെ തൂക്കിയെടുത്ത്‌ ഗായിഗാബ്യാസം പടിപ്പിച്ച്‌ കായിക ഇന്ത്യയുടെ ഒടിഞ്ഞ കാലിനൊരു സ്ലിംഗ്‌ വെച്ചുകെട്ടുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനം ആക്കിയിരുന്നില്ല. ഗാലറിയില്ല, ഗാലറിക്കുചോട്ടില്‍ പീട്യ ഇല്ല, പീട്യക്കോലായ ഇല്ല....ചുരുക്കി പറഞ്ഞാല്‍ മൈദാനം ,ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ക്ക്‌(പ്രത്യേയ്ച്ച്‌ പണിയൊന്നൂല്ല്യാത്ത എന്ന്‌ പ്രത്യേയ്ച്ച്‌ പറേണ്ടല്ലൊ)വൈന്നേരങ്ങളില്‍ വെടിവെട്ടം വെയ്ക്കാനും,വെടിപൊട്ടിക്കാനും, തീരെ മുട്ട്യെ ഘട്ടത്തില്‍ ഒന്നു വെളിക്കിരിക്കാനും ഇടതുകാര്‍ക്ക്‌ ഏക്കേജീ സ്വര്‍ണ്ണക്കപ്പ് അഖിലകേരളാ സെവന്‍സും അയ്ന്‌ ബദലുക്ക്‌ വലതുകാര്‍ക്ക്‌ കളത്തില്‍ വേണു സ്വര്‍ണ്ണക്കപ്പ്‌ സെവന്‍സും ഒക്കെ മുറയ്ക്ക്‌ നടത്താന്‍ പാകത്തില്‍ തുറന്ന്‌ പരന്ന്‌ വിഷാല്‍ മനസ്കയായി വിരാജിക്കുന്ന ആ സുന്ദര സുരഭില സുവര്‍ണ്ണകാലത്തെ നടേപ്പറഞ്ഞ ഒരു മുപ്പെട്ട്‌ മൂത്ത മൂവന്തി....

എന്‍സീപ്പീല്‌ ലയിക്കാന്‍ തീരുമാനിച്ച ഡീഐസിക്കാരെപ്പോലെ, തീര്‍ത്തും വംശനാശം കൊട്ടിക്കലാശിച്ചില്ലെങ്കിലും, ഏതാണ്ട്‌ അപ്പറഞ്ഞതിന്റെ വക്കത്ത്‌ നില്‍ക്കണ പരുവത്തിലുള്ള പോയകാല ബുദ്ധിജീവികളില്‍, കൊയിലാണ്ടിയില്‍ കണ്ടുവന്നിരുന്ന മുന്തിയ ഒരിനം (Keepyournoseaway എന്നാണ്‌ ഇജ്ജാതിയുടെ ശാസ്ത്രനാമം,സംശയമുള്ളവര്‍ വിക്കിയില്‍ തപ്പുക,കിട്ടിയില്ലേല്‍ വെറുതെ നില്‍ക്കുക അല്ലെങ്കില്‍ വക്കാരിയോട്‌ ചോദിക്കുക...)നമ്മുടെ മൈതാനത്തിന്റെ തെക്കുകിഴക്കേ കോണില്‍ വളരെ ബുദ്ധിമുട്ടി ഒരു യോഗം ചേര്‍ന്നിട്ടുണ്ട്‌. ബുദ്ധിമുട്ടി എന്നു പറയാന്‍ കാരണം, അന്ന്‌ കസ്റ്റംസ്‌ റോഡില്‍ ഉര്‍പ്പ്യേ‍ക്ക്‌ നൂറ്‌ എന്ന കണക്കില്‍ സുലഭമായി അവൈല്യബിള്‍ ആയിരുന്ന ഗഞ്ചനും (കഞ്ചാവ്‌ എന്ന്‌ തനിമലയാളം) മേലെ കത്തിച്ചാപൊട്ടുന്ന മെയിഡിന്‍ കുന്ന്യൊറമല നാടന്‍ വാറ്റും വലിച്ച്‌ കേറ്റി പിമ്പിരി കൊടുമ്പിരി കൊണ്ടപരുവത്തിലായിരുന്നു പ്രസ്തുത വട്ടനിലസമ്മേളനത്തില്‍ (വട്ടമേശയ്ക്ക്‌ മിനിമം ഒരു സ്റ്റൂള്‍ എങ്കിലും വേണ്ടേ തീക്കായാന്‍)നെലാത്ത്‌ പിടിച്ചിട്ട കോഴികള്‍ കണക്ക്‌ സിംഹവാലന്മാര്‍ ഇരുന്നതും പിന്നെ കിടന്നതും. ("അതിത്ര കൃത്യം കൃത്യമായി പ്പറയാന്‍....."വേണ്ടാ കുനുഷ്ട്‌ ചോദ്യം വേണ്ട....ഈശാനകോണില്‍നിന്നും സൂക്ഷം 360 മീറ്റര്‍ മാറി മൈതാനത്തിന്റെ വടക്കുപടിഞ്ഞാറെക്കോണില്‍ മാനം നോക്കി മലര്‍ന്നുകിടന്ന്‌ നക്ഷത്രമെണ്ണുകയായിരുന്നു വിനീതനായ ഈ ചരിത്രകാരന്‍ അപ്പോള്‍...(കുടിച്ചേയ്ന്റെ കെട്ടിറങ്ങീട്ട്‌ വേണ്ടെ ചങ്ങായ്യ്യേ വീട്ടിപ്പോകാന്‍?)..) മേല്‍പറഞ്ഞ ചരിത്ര വസ്തുതകള്‍ കണ്ണടയ്ക്കടീല്‍ സ്വന്തം മൂക്കും ഫിറ്റുചെയ്ത്‌ പ്രസ്തുത യോഗ പരിസരത്തൂടെ നടക്കാന്‍ കരളുറപ്പ്‌ കാട്ടിയ ചില തദ്ദേശവാസികള്‍ പിന്നീട്‌ ഇന്റര്‍വിയില്‍ മുഖത്ത്‌ വല ഫിറ്റ്ചെയ്താലേ പറയൂ എന്ന നിബന്ധനയില്‍ വെളിപ്പെടുത്തിയതാണ്‌.(യുദ്ധകാലാടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത ടി യോഗത്തിന്റെ ഏകമാനകമായ ഒണ്‍ ഏന്റ്‌ ഓണ്‍ലി അജണ്ട, ചിത്രാ ടാക്കീസില്‍ ഉച്ചപ്പടമായി തകര്‍ത്തോടുന്നതും, ഷക്കീലമറിയസിന്ധൂ മൂര്‍ത്തികളുടെ പൂര്‍വകാലസൂരി പ്രമീളാമ്മ റൊമ്പ പ്രമാദമായി അറിഞ്ഞു നടിച്ചതുമായ "ഉല്‍പത്തി" എന്ന പുണ്യപുരാണേ സില്‍മ കാണാന്‍ പിറ്റേന്നത്തേയ്ക്ക്‌ കാശ്‌ എവിടന്നൊപ്പിക്കും എന്നതു മാത്രമായിരുന്നു എന്ന്‌ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബു.ജി മെംബറന്‍ പിന്നീട്‌ എന്നോട്‌ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്‌)

നല്ല കത്തുന്ന സാധനം വയറ്റില്‍ കിടക്കുന്നതിനാലും, അജണ്ട നല്ല ഹോട്ടന്‍ ആയേയ്നാലും, ജര്‍ച്ച വേം ചൂടുപിടിച്ച്‌ പൊട്ടിത്തെറിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നതിനെടേല്‍ കൂട്ടത്തിലൊരു വംശനാശന്‌ ഒരുശങ്ക. വിഷയം പ്രമീളാമ്മയായതിനാല്‍ ഉണ്ടിരിക്കുന്ന നായര്‍ക്ക്‌ തോന്നിയ ആ ഒരു ശങ്ക അല്ലേട്ടോ ശങ്കരാ ഇത്‌...ഇതൊരു സിമ്പിള്‍ മൂത്രശങ്ക. ശങ്കതീര്‍ക്കാന്‍ പാകത്തില്‍ പിറകില്‍ പൊന്തക്കാടുകളല്ലേ തിങ്ങിവിങ്ങി നില്‍പ്പൂ.പിന്നെന്തു ശങ്കിക്കാന്‍. ഇല്ല്യാ ഒട്ടും ശങ്കിച്ചില്ലാ..മൂത്രശങ്കരന്‍ ആടിയെഴുനേറ്റ്‌ പൊന്തക്കാട്‌ ലക്ഷ്യ്മാക്കി നടകൊള്ളുകയും നിന്നു ശങ്കിക്കാന്‍ ആവതില്ലാഞ്ഞ്‌ ഇരുന്നുതന്നെ ശങ്കിച്ചു തീര്‍ക്കുകയും ചെയ്തു. പക്ഷേ.........

ചര്‍ച്ചയില്‍ ഊന്നിപ്പറയാന്‍ പാകത്തിനൊരു ആശയന്‍ ഗുണ്ട്‌ അന്നേരം തലയ്ക്കുള്ളിലെ വെളിമ്പറമ്പില്‍ വീണുപൊട്ടിയതിനാലാണോ അതോ ആമാശയത്തില്‍ അവിയല്‍ വെച്ചു കളിക്കുന്ന കള്ളും കഞ്ചാവും ചേര്‍ന്ന്‌ തലശ്ശേരിയിലെ നാഡീ ഞരമ്പുകള്‍ക്ക്‌ ഒടുക്കത്തെ ക്ലാപ്പിട്ടതിനാലാണോ എന്ന്‌ തീര്‍ത്ത്‌ പറയാന്‍ കഴിയില്ല, ശങ്കതീര്‍ന്ന മങ്കി, ചെയ്തോണ്ടിരുന്ന കര്‍മ്മണി കര്‍ത്തരി ആയതറിയാതെ, ടിവി സീര്യേലിന്റെ എപ്പിസോഡ്‌ ഒടുക്കത്തില്‍ സഡന്‍നില്‍പ്പനടിച്ച്‌ സ്റ്റോപ്പുന്നത്‌ പോലെ, പൊന്തക്കാടിനു ചുവട്ടില്‍ കുന്തിച്ച്‌ കുന്തിച്ച്‌ സ്റ്റില്ലായി, സ്റ്റെല്ലയായി, സ്റ്റെല്ലാമേരിയായി കാനായികുഞ്ഞിരാമന്റെ പ്രതിമയായി ഫ്രീസായി ഫ്രീസോണായി.

തലയ്ക്കുമുകളില്‍ ശനിയും ശുക്രനും കൂടെ കാബറേഡാന്‍സ്‌ കളിക്കുന്ന ഈയൊരു നിര്‍ണ്ണായക ദശാസന്ധിയിലാണ്‌ ഈകഥയിലെ കേന്ദ്രകഥാപാത്രനായ പാമ്പമ്മാന്‍ സ്വമാളം വിട്ട്‌ അന്തിക്കള്ളടിക്കാന്നും ഒത്താല്‍ ഒരു തവളയെ ചാക്കിട്ടു പിടിച്ചു കീറിമുറിച്ച്‌ മെഡിസിനു പഠിക്കാന്നും ഒക്കെയുള്ള സുന്ദരസ്വപ്നങ്ങളാല്‍ പുളകിത ഗാത്രനായി വളഞ്ഞു പുളഞ്ഞ്‌ ബുജീബിംബം പ്രതിഷ്ഠിച്ച പൊന്തക്കാട്‌ വഴി പുല്ലൂര്‍ക്ക്‌ പോകാന്‍ എത്തിയത്‌. വിധി ബ്രഹ്മനും തടുക്കില്ല, പിന്നല്ലേ ഒരു പാവം പാവം പാമ്പ്‌ കുമാരന്‍! സമയം മൂവന്തി ആയതിനാലും തന്റെ വെള്ളെഴുത്ത്‌ കണ്ണാടി എടുത്ത്‌ ഫിറ്റ്‌ ചെയ്യാന്‍ മറന്നതിനാലും പാമ്പ്വായര്‍ക്ക്‌ ഒരു പേക്കന്‍തവളയുടെ കല്‍പിതരൂപവും കര്‍മ്മംകഴിഞ്ഞ്‌ നിശ്ചലായ ബുജീബിംബത്തിന്റെ കേന്ദ്രസ്ഥാനവും തമ്മില്‍ "അദ്വന്നല്ലെ ദിനേശാ ഇദും" എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും ഒടുക്കം "അദന്നെ" എന്നു കണ്‍ക്ലൂഷിച്ച്‌, ഒറ്റക്കുതിക്ക്‌ സംബന്ധികാതല്‍പുരുഷനെ വായിലാക്കുകയും ചെയ്യാന്‍ പൂജ്യം പോയിന്റ്‌ ആറേ ആറ്‌ മില്ലീ സെക്കന്റേ വേണ്ടിവന്നുള്ളൂ....(റ്റി.പി. രാധാമണി ടീച്ചര്‍ പത്താം ക്ലാസ്‌ ബിയില്‍ മലയാളം പഠിപ്പിക്കുമ്പോള്‍ തൊട്ടപ്പുറത്തെ ഇടിഞ്ഞു പൊളിഞ്ഞ സംസ്കൃതം ക്ലാസിലെ ഏതേലും മൂലയില്‍ ഈ നിര്‍ഭാഗ്യവാനായ പാമ്പന്‍ സുഖവാസത്തിനു വന്നിട്ടുണ്ടാവും എന്നെനിക്കുറപ്പാണ്‌..അല്ല്ലെങ്കില്‍ ഉല്‍പ്രേക്ഷാലങ്കാരം വിദ്വാന്‍ ഇത്ര കറക്ടായി എവിടുന്നു പഠിച്ചു?)

കൂഞ്ഞിക്ക്‌ വെടികൊണ്ട കാട്ടുപന്നി കണക്ക്‌ അലറിവിളിച്ചു പാഞ്ഞുവരുന്ന ജന്തൂനെക്കണ്ട്‌ സഹയോഗന്മാരില്‍ ഞെട്ടാന്‍ മാത്രം ബോധം ബാക്കിയായവര്‍ ശക്തിയായിതന്നെ ഞെട്ടി. സംബന്ധം പോയ തല്‍പുരുഷന്റെ ഡേഞ്ചര്‍ സിറ്റുവേഷനുന്‍ പ്രമാണിച്ച്‌ യോഗത്തില്‍ റെഡ്‌ അലേര്‍ട്ടും എമര്‍ജന്‍സീം ഒരുമിച്ച്‌ പ്രഖ്യാപിക്കപ്പെട്ടു. (വസ്ത്രാക്ഷേപം വരെ കഴിച്ചുനിര്‍ത്തിയിരുന്ന പ്രമീളാ വിഷയം മലര്‍ക്കെത്തുറന്നു വെച്ച സ്പിരിറ്റ്‌ പോലെ ഇതിനിടെ ആവിയായിപ്പോയിരുന്നു എന്നു ഓ.ടോ) ഒറ്റക്കണ്ടം, ഊരള്ളൂര്‍ വഴി നടുവണ്ണൂര്‍ക്ക്‌ പോവുന്ന ഒരേയൊരു ബസ്സ്‌, സ്റ്റാന്‍ഡില്‍ പിടിക്കുമ്പോള്‍ മാത്രമെ പിന്നെ ആദുര്യോഗത്തില്‍ നടന്ന അലങ്കോലം ഞങ്ങളാല്‍ ചില കൊയിലാണ്ടിക്കാര്‍ക്ക്‌ കാണാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. ചിലര്‍ വലത്തോട്ടോടുന്നു, ചിലര്‍ ഇടത്തോട്ടോടുന്നു,മറ്റുചിലര്‍ മേലോട്ടു ചാടുന്നു, ചിലര്‍കീഴെയിരിക്കുന്നു ചിലര്‍ വീണേടത്തു തന്നെ കിടക്കുന്നു...ഇതിനിടയിലും തലയോട്ടിക്കുള്ളില്‍ മിന്നാമിനുങ്ങ്‌ മിന്നിയ രണ്ടു കുരിക്കന്മാര്‍ റ്റാക്സി സ്റ്റാന്‍ഡ്‌ ലക്ഷ്യമാക്കി അമ്പ്‌ തൊടുത്തു. സംഗതിയുടെ ഇരിപ്പുവശവും കിടപ്പുവശവും തലയും വാലും നടുക്കണ്ടവുമൊന്നും പിടികിട്ടാതെ വണ്ടറിച്ചു നില്‍ക്കുന്ന ഞങ്ങള്‍ കാണീജനങ്ങള്‍ക്ക്‌ മുന്നിലൂടെ പാരലല്‍ ഷോട്ട്‌ ആയി ഒരു അംബാസഡറന്‍ സംഭവസ്ഥലത്തേക്ക്‌ കുതിച്ചു. തെല്ലിട കഴിഞ്ഞ്‌ തിരിഞ്ഞു മറിഞ്ഞ്‌ മൈതാനം മുറിച്ചു കടന്ന്‌ വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ പ്രസ്തുത കാറവര്‍കള്‍ പത്തു നാല്‍പത്തെട്ട്‌ കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജ്‌ ലക്ഷ്യമാക്കി ഓടിപ്പോയി... കട്ട്‌.....

സീന്‍ 1ബി..

(കോഴിക്കോട്‌ മെഡിക്കല്‍ കൊളേജ്‌..രാത്രി..ഒരു ലോ ആംഗിള്‍ വൈഡ്‌ ഷോട്ട്‌)ഗേറ്റ്‌ കടന്ന്‌ കുതിച്ച്‌ വന്ന്‌ കഷ്വാല്‍റ്റിയുടെ പോര്‍ച്ചില്‍ സഡന്‍ബ്രേക്കിട്ട്‌ നില്‍ക്കുന്ന അംബാസഡറന്‍ (ചെങ്ങായീന്റെ മുന്‍ചക്രം സൂക്ഷം ഫ്രേമില്‍ വന്നുനില്‍ക്കാഞ്ഞതിനാല്‍ റീടേക്ക്‌....ഓക്കെ)നാലുഡോറുകളും ഒരുമിച്ചു തുറക്കപ്പെടുന്നു....വൈന്നേരത്തെ കരണ്ടും വണ്ടി കുര്‍ള സ്റ്റേഷനില്‍ സ്റ്റോപ്പായമാതിരി നാലു നവദ്വാരങ്ങള്‍ വഴിയും ഉപഗ്രഹജീവികള്‍ പുറത്തേക്ക്‌ തെറിക്കുന്നു. ഒരു ജന്ത്വോന്‍ സ്ട്രെച്ചര്‍ തരാക്കാന്‍ ഓടുന്നു. സ്ട്രെച്ചര്‍ എടുക്കാന്‍ താമസിച്ചതിന്‌ ക്ലാസ്‌ ഫോറിനെ ഒരു മുട്ടന്‍ തെറിയാല്‍ വധിച്ച്‌ സ്വയം സേവകനായി ചക്രമഞ്ചലുമുന്തി കാറിന്റെ പിന്‍ഡോറില്‍ ഹാജ്യേര്‍..പാമ്പുകടിയനെ തൂക്കി മഞ്ചത്തില്‍ കിടത്താന്‍ കാറിനുള്ളിലേക്ക്‌ നീണ്ട കരാള ഹസ്തങ്ങള്‍ സഡേന്‍ലി ഹാള്‍ട്ട്‌! കണ്ണും മൂക്കും വായും ഒരുമിച്ച്‌ പൊളിച്ച്‌, വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ ഈയിടെ ചെല നേതാക്കള്‍ക്ക്‌ പറ്റിയപോലെ വായു സ്ദംഭിച്ച്‌, ദീപസ്തംഭന്മാരായി, ഇതികര്‍ത്തവ്യാമൂഢന്മാരായി സര്‍വ്വമാന ബുജികളും അന്താളിച്ച്‌ മരിച്ച്‌ മരവിച്ച്‌ നില്‍ക്കുന്ന ഒരു ക്ലോസ്‌ ഷോട്ടാണ്‌ നാം പിന്നെക്കാണുന്നത്‌. വാട്ട്‌ ഹാപ്പെന്‍ഡ്‌? നത്തിംഗ്‌ ബട്‌ എ സിംപിള്‍ മിഷ്ടേക്ക്‌......നേരത്തെ മൈതാനത്തു നടന്ന കൂട്ടപ്പൊരിച്ചില്‍ കം റെസ്ക്യ‍ൂ ഒപെറേഷനില്‍ പാമ്പമ്മോന്‍ തീണ്ടി ആസ്ഥാനം (ഏസ്ഥാനം?) പോയ യഥാര്‍ത്ത ഗഞ്ചേക്കനെ തൂക്കി കാറിന്നുള്ളിലിടാന്‍ സഹ ഗഞ്ചന്മാര്‍ മറന്നുപോയിരുന്നു! പ്രസ്തുത ദേഹി നാല്‍പത്തെട്ടു കിലോമീറ്റര്‍ ഫ്ലാഷ്ബാക്കില്‍ സംഭവസ്ഥലത്തുതന്നെ മലര്‍ന്നുകിടന്ന്‌(കമഴ്‌ന്നുകിടക്കാന്‍ പറ്റാത്തത്‌ കൊണ്ട്‌) അന്തരീക്ഷത്തിലേക്ക്‌ എസ്‌.ഓ.എസ്‌ മെസ്സേജുകളും, റിപ്ലെ കിട്ടാഞ്ഞ്‌ സിഗ്നല്‍വാണങ്ങളും കത്തിച്ചു വിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇന്നേരമത്രയും!

ഒടുവില്‍ കിട്ടിയത്‌:-

ഇക്കണ്ട ആട്ടക്കഥയൊക്കെ കണ്ടുനിന്നിരുന്ന സുമനസ്കന്മാരായ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ വടിയാകാന്‍ പോകുന്ന വേലുവവര്‍കളെ ആഘോഷ പൂര്‍വം ചുമന്ന്‌ തൊട്ടടുത്തുള്ള താലൂക്കാശുപത്രീല്‍ എത്തിച്ചു. കടിയേറ്റയിടം പരിശോധിക്കാന്‍ വടിവേലുവിന്റെ അണ്ടര്‍വേര്‍ ഉരിഞ്ഞ തലമൂത്ത എം.ബി.ബി.എസ്‌ നിന്നനില്‍പ്പില്‍ അണ്‍കോണ്‍ഷ്യനായി ഫ്യൂസനായിപ്പോയത്രെ! (Longtime no bathing chlorofom effect എന്നാണ്‌ പിന്നീട്‌ ഈ പ്രതിഭാസത്തെ ലോഗാരോഗ്യസംഘം കണ്ടുപിടിച്ച്‌ സംശയനിവാരണം നടത്തി പത്രക്കുറിപ്പിറക്കിയത്‌.) "ഇനിതാഴോട്ടു പരിശോധിക്കണമെങ്കില്‍ കുളിപ്പിച്ചുകൊണ്ടുവാഡോ ഈ ചെയ്ത്താനെ" എന്നലറിയ ഡോക്ടേഴ്സ്‌,നഴ്സസ്‌ ആന്‍ഡ്‌ അറ്റെന്‍ഡേര്‍സ്‌ ആന്‍ഡ്‌ സ്പെക്റ്റേറ്റേഴ്സ്‌ വൃന്ദാവനങ്ങളെ ഭാ പുല്ലേ എന്ന മട്ടില്‍ ഊശിയാക്കി, "കുളിക്കുന്നതിലും ഭേദം അസ്ഥാനത്തു പാമ്പ്‌ കടിച്ചു സമാധിയായ ബുദ്ധിജീവി എന്ന വിഷേഷണം പുതച്ച്‌ കൊയിലാണ്ടിയുടെ പില്‍ക്കാലചരിത്രത്താളുകളിലൊന്നില്‍ കയറി നീണ്ടുനീര്‍ന്നു ചത്തു കിടക്കുന്നതാണ്‌ " എന്ന്‌ ഉച്ചൈസ്ഥരം പ്രഖ്യാപിച്ച്‌, ആദിശങ്കരന്‍ പരിശോധനാ മേശയില്‍നിന്നും മൂടും തട്ടി ഇറങ്ങി നടന്നുപോയത്രേ....ഇപ്പോള്‍ രാത്രിയാണെന്നുപറഞ്ഞാല്‍ പോലും "ആരുപറഞ്ഞു....."എന്ന്‌ തര്‍ക്കിക്കല്‍ ഒരു ജനറ്റിക്‌ മാല്‍ഫംഗ്ഷന്‍ ആയികൊണ്ടുനടക്കുന്ന കൊയിലാണ്ടിക്കാര്‍ ചേരിതിരിഞ്ഞ്‌ കടിച്ചത്‌ പാമ്പനാണോ, അതോ വിവരദോഷിയായ ഒരു വെറും ചേരനാണോ എന്നു തര്‍ക്കിച്ച്‌ തര്‍ക്കിച്ച്‌ നേരംവെളുപ്പിച്ചു എന്നും കഥയില്‍ തുടര്‍ന്നു പറയുന്നുണ്ട്‌. ഇരുചേരിയിലെയും ചില കുറുമുന്നണിക്കാര്‍ പാമ്പ്‌ കടി എന്ന ഒരു സംഭവമേ നടന്നിട്ടില്ലെന്നും, വിദ്വാന്‍ വയറുവേദനയ്ക്ക്‌ സേവിച്ച കഞ്ചാവുകള്ള്‌ ലേഹ്യത്തിന്റെ ഒരു താല്‍ക്കാലിക അമ്ലവിശ്ലേഷണം ഹേതുവായി ഒരു സ്മാള്‍ മാനസിക വിഭ്രാന്തി മാത്രമാണുണ്ടായതെന്നും വാദിച്ചു. പക്ഷേ 'വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍' പിന്നെങ്ങനെ തകര്‍ന്നു? എന്ന കാര്യമാത്ര പ്രസക്തമായ ചോദ്യത്തിനുമുന്നില്‍ കുറുമന്മാര്‍ ഉത്തരം മുട്ടി കൊഞ്ഞനം കാട്ടി വീട്ടില്‍ പോയി പുതച്ചു മൂടിക്കിടന്നുറങ്ങി എന്നും പറഞ്ഞുകേട്ടു പിന്നെ. (അലങ്കോല യോഗത്തിന്റെ അജണ്ട ലെവന്മാര്‍ നിരുപിക്കാഞ്ഞത്‌ മഹാ ഫാഗ്യമായി - ചരിത്രകാരന്‍)


പിറ്റേന്ന്‌ ഏര്‍ളി ഇന്‍ ദ മോര്‍ണിംഗ്‌ കൊയിലാണ്ടി ഹൈ സ്കൂളിലേക്ക്‌ പതിവു സമരം നടത്താന്‍ വന്ന കുട്ടികള്‍ തലേരാത്രിയിലെ രക്തരൂഷിത ഒക്ടൊബര്‍ വിപ്ലോത്തിന്‌ മൂകസാക്ഷിയായി കരിഞ്ഞുണങ്ങി നിന്നിരുന്ന പൊന്തക്കാടിനും കൃത്യം എട്ടടി തെക്കോട്ട്‌ മാറി സാക്ഷാല്‍ ശ്രീമാന്‍ പാമ്പുണ്ണിയുടെ അന്ത്യകലാശം കൊട്ടിക്കിടന്ന നീലിച്ച ഡെഡ്‌ ബോഡി കണ്ടെടുക്കുകയും ആയതിനെ ഒരു ഉണക്കച്ചുള്ളിയില്‍ തോണ്ടിയെടുത്ത്‌ മൈതാനത്തിന്റെ നടുമദ്യത്തില്‍ ഉപചാരപൂര്‍വം പൊതു ദര്‍ശനത്തിന്‌ കിടത്തുകയും ചെയ്ത വാര്‍ത്ത വര്‍ഗ്ഗീയകലാപം പോലെ വളരെപെട്ടെന്ന്‌ നാട്ടില്‍ പരന്നു. കേട്ടവര്‍ കേട്ടവര്‍ കോണകവാലിനു തീപിടിച്ചവാറ്‌ ഓടിപ്പിടഞ്ഞ്‌ സംഭവസ്ഥലത്ത്‌ തടിച്ചുകൂടി. സ്ഥലം വെറ്റിനറി സീനിയര്‍ മൃഗന്‍ ചാഞ്ഞും ചെരിഞ്ഞും, ഇരുന്നും കിടന്നും കൂലങ്കഷായം ബോഡി പോസ്റ്റ്‌ മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട്‌ ചോപ്പു നാടയിട്ട്‌ മുറുക്കിക്കെട്ടി കേന്ദ്രത്തിന്‌ കൈമാറി..ഫലം സെക്കന്റുകള്‍ക്കകം പ്രസ്തുത റിപ്പോര്‍ട്ടിന്റെ കൊടലും പണ്ടവുമടക്കം സര്‍വമാന ഉള്ളടക്കവും പാറൂന്റെ പള്ളക്കിടിച്ചു തവിടുപൊടിയായ ടാങ്കര്‍ഷിപ്പില്‍ നിന്നും എണ്ണ ചോരുംപോലെ ചോര്‍ന്നൊഴുകിപ്പരന്ന് തീപിടിച്ചു. ശ്രീ എട്ടടിമൂര്‍ഖ പാമ്പര്‍ മേനോന്‍ അരിയെത്തും മുന്‍പേ കാലം ചെയ്തത്‌ മാരകവും എന്നാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരുതരം കൊടിയ വിഷം ഉള്ളില്‍ ചെന്നുണ്ടായ മാനഹാനിമൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒരുമാതിരിപ്പേട്ട ശങ്കയ്ക്കൊന്നും സ്പേസ്‌ ഇടാതെ തറപ്പിച്ചും ഉറപ്പിച്ചും ചൂണ്ടിക്കാട്ടി...ശ്രീമദ്‌ വെഷേഷ്വര്‍ എട്ടടിയോന്‌ ബൂലോഗത്തൂന്ന് പരലോകത്തേക്ക്‌ വിസയും പോരാഞ്ഞ്‌ എയറിന്ത്യനില്‍ ഒരു എകോണമി ടിക്കറ്റും തരാക്കാന്‍ മാത്രം വെഷം ഉള്ളീച്ചെന്നിട്ടുണ്ടെങ്കില്‍ പരേതന്‍ തീപ്പെട്ടത്‌ നിശ്ചയമായും ശ്രീ ശ്രീ ശ്രീ ബുജീഷ്ണന്റെ കുഞ്ഞീഷ്ണന്‍ അവര്‍കളെ ടേസ്റ്റ്‌ ചെയ്യാന്‍ മാത്രം വിവരക്കേട്‌, പ്രസ്തുത വിവരം കെട്ടോന്‍ കാണിച്ചതു കൊണ്ടാണെന്നത്‌ ഒരുതരം രണ്ടുതരം മൂന്നുതരം എന്ന് ചുറ്റികക്കടിച്ച്‌ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ലേലം ക്ലോസ്‌ ചെയ്തതായാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാലും ഞങ്ങള്‍ കൊയിലാണ്ടിക്കാരല്ലേ...തര്‍ക്കിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുമോ? എട്ടുവീട്ടില്‍ മൂര്‍ഖോന്‍ വിഷം തീണ്ടി വടിയാവില്ല എന്നും മറിച്ച്‌ ലോഗാരോഗ്യന്മാര്‍ പിന്നീട്‌ കണ്ട്ത്തിയ chloroform effect ആണ്‌ പ്രതിയോന്റെ യഥാര്‍ത്ത മരണകാരണം എന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സീനിയര്‍ മൃഗത്തിനെ സത്യമംഗലം കാട്ടില്‍ തുറന്നു വിടണം എന്നും പുതിയൊരു തര്‍ക്കം അതോടെ ഉടലെടുത്തു. ആ തര്‍ക്കം ഇപ്പോഴും മെഗാസീര്യലായി അനന്തനായി അന്തോം കുന്തനായി തുടരുന്നു. ഏതായാലും മൈതാനത്തൈന്റെ തെക്കു കിഴക്കേ മൂല അതിനു ശേഷം "പാമ്പുമ്മൂല" എന്ന പേരിലാണ്‌ വില്ലേജാപ്പീസില്‍ ഭൂനികുതി അടച്ചുപോരുന്നത്‌.(യുവതുര്‍ക്കികള്‍ വിടുമോ? കുറെക്കാലം കഴിഞ്ഞ്‌, ദുരന്ത സാക്ഷിയായ പൊന്തന്‍ നിന്നിരുന്ന സ്ഥലത്ത്‌ മുളച്ച്‌ വന്ന കെട്ടിടത്തില്‍ പ്രവൃത്ത്യാരായിരുന്ന ബാര്‍ കം ബാര്‍ലി വെള്ളം പീടികയുടെ ചിരമധുരമനോജ്ഞപാവന സ്മരണയ്ക്കു മേമ്പൊടിയായി എതോ പാമ്പിരിയന്മാര്‍ ചാര്‍ത്തിക്കൊടുത്ത പട്ടയാണ്‌ പ്രസ്തുത നാമം എന്നവര്‍ തര്‍ക്കവിതര്‍ക്കന്മാരായി വളരെക്കാലം സുഖമായി ജീവിച്ചതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌)

ഒടുക്കത്തെ ഗുണ്ട്‌:

ചരിത്രം രചിച്ച ആ കാളരാത്രിയില്‍ കഥാവശേഷനായ എട്ടടിയില്‍ വീരനു പകരം അങ്ങ്‌ നിലമ്പൂര്‍ കാട്ടില്‍നിന്നും കൊയിലാണ്ടിയില്‍ അന്നു ടൂര്‍ വന്നിരുന്ന സാക്ഷാല്‍ രാജ്‌വെമ്പാല്‍ജി തന്നെയാണ്‌ കഥയില്‍ അവക്ഷിപ്തനായ ബുജീന്ദ്രനാഥന്റെ റെസ്ട്രിക്റ്റെഡ്‌ ഏരിയയില്‍ (കാമെറാ സ്ട്രിക്റ്റിലി പ്രൊഹിബിറ്റെഡ്‌) മോന്തയും കൊണ്ട്‌ ചെന്നിരുന്നതെങ്കില്‍ പോലും ഈ ചരിത്രാഖ്യായികയില്‍ പാമ്പദ്ദ്യേത്തിന്റെ പേരല്ലാതെ ഒരു വരി പോലും മാറ്റി എഴുതേണ്ടി വരില്ലായിരുന്നു എന്ന കാര്യത്തില്‍ മാത്രം തര്‍ക്കശാസ്ത്രവിശാരദന്മാരായ കൊയിലാണ്ടിക്കാര്‍ ഇതുവരെ തര്‍ക്കിച്ചതായി ഒരു ചരിത്രകാരനും രേഖപ്പെടുത്തിക്കണ്ടിട്ടില്ല.