Saturday, September 16, 2006

ബുജീഷ്ണനെ കടിച്ച പാമ്പ് അഥവാ ഒരു സ്ഥലനാമ കഥ

കൊടകരപുരാണം ബാലെ, നവോദയപുരാണംകഥകളി മുതല്‍പറഞ്ഞ പെരിയ ഗുണ്ടോന്മാരുടെ ഗമണ്ടന്‍ പൂരത്തിനിടയ്ക്ക്‌ ഒരു നനഞ്ഞ ഓലപ്പട്വോനുമായി ഗൊയിലാണ്ടീ പുരാണ വധം ആടാന്ന്‌ നിശ്ചേച്ചൊറപ്പിച്ച്‌ ചൂട്ടുംകെട്ടി എറങ്ങാന്ന്‌ ഷാര്യാവിലമ്മ്യാണെ നോം നിരീച്ചില്ല്യാ ട്ടോ...തന്നേല്ല വെറൊരു കൊയിലാണ്ടിക്കാരന്‍ ചൂട്ടും കെട്ടി നേരത്തേ വെടിക്കെറങ്ങീത്‌ എനിക്കറിയാം..ചങ്ങായ്ക്കറിയില്ലേലും. അതോണ്ട്‌ പോണ പോക്കില്‍ ഒരു വെടിവെട്ടം ആയ്ക്കൊട്ടെ, വെടിയ്ക്ക്‌ തരായില്ലേലും....

കഥ...അല്ല കാര്യം അരങ്ങേറണത്‌ 1980 ലെ അതായത്‌ കൊല്ലവര്‍ഷം ആയിരത്തി...അല്ലേവേണ്ട അതെന്തിനാ ഇവിടെ? ഇവിടെ നടന്നകാര്യം പറഞ്ഞാപ്പൊരേ (അല്ലാണ്ട്‌ നിക്കിശ്ചയില്ല്യാഞ്ഞിട്ടൊന്ന്വല്ല) ഒരു മുപ്പെട്ടുമൂത്ത മൂവന്തിക്കാന്ന്‌ വയ്ക്ക്യാ... അന്തക്കാലത്ത്‌ കൊയിലാണ്ടി ഹൈസ്കൂള്‍ മൈതാനത്തിനെ പി.റ്റി. ഉഷച്ചേച്ചി ഓടിച്ചിട്ട്‌ പിടിച്ച്‌, പെറ്റുവീണ കുഞ്ഞുങ്ങളെ കയ്യോടെ തൂക്കിയെടുത്ത്‌ ഗായിഗാബ്യാസം പടിപ്പിച്ച്‌ കായിക ഇന്ത്യയുടെ ഒടിഞ്ഞ കാലിനൊരു സ്ലിംഗ്‌ വെച്ചുകെട്ടുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനം ആക്കിയിരുന്നില്ല. ഗാലറിയില്ല, ഗാലറിക്കുചോട്ടില്‍ പീട്യ ഇല്ല, പീട്യക്കോലായ ഇല്ല....ചുരുക്കി പറഞ്ഞാല്‍ മൈദാനം ,ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ക്ക്‌(പ്രത്യേയ്ച്ച്‌ പണിയൊന്നൂല്ല്യാത്ത എന്ന്‌ പ്രത്യേയ്ച്ച്‌ പറേണ്ടല്ലൊ)വൈന്നേരങ്ങളില്‍ വെടിവെട്ടം വെയ്ക്കാനും,വെടിപൊട്ടിക്കാനും, തീരെ മുട്ട്യെ ഘട്ടത്തില്‍ ഒന്നു വെളിക്കിരിക്കാനും ഇടതുകാര്‍ക്ക്‌ ഏക്കേജീ സ്വര്‍ണ്ണക്കപ്പ് അഖിലകേരളാ സെവന്‍സും അയ്ന്‌ ബദലുക്ക്‌ വലതുകാര്‍ക്ക്‌ കളത്തില്‍ വേണു സ്വര്‍ണ്ണക്കപ്പ്‌ സെവന്‍സും ഒക്കെ മുറയ്ക്ക്‌ നടത്താന്‍ പാകത്തില്‍ തുറന്ന്‌ പരന്ന്‌ വിഷാല്‍ മനസ്കയായി വിരാജിക്കുന്ന ആ സുന്ദര സുരഭില സുവര്‍ണ്ണകാലത്തെ നടേപ്പറഞ്ഞ ഒരു മുപ്പെട്ട്‌ മൂത്ത മൂവന്തി....

എന്‍സീപ്പീല്‌ ലയിക്കാന്‍ തീരുമാനിച്ച ഡീഐസിക്കാരെപ്പോലെ, തീര്‍ത്തും വംശനാശം കൊട്ടിക്കലാശിച്ചില്ലെങ്കിലും, ഏതാണ്ട്‌ അപ്പറഞ്ഞതിന്റെ വക്കത്ത്‌ നില്‍ക്കണ പരുവത്തിലുള്ള പോയകാല ബുദ്ധിജീവികളില്‍, കൊയിലാണ്ടിയില്‍ കണ്ടുവന്നിരുന്ന മുന്തിയ ഒരിനം (Keepyournoseaway എന്നാണ്‌ ഇജ്ജാതിയുടെ ശാസ്ത്രനാമം,സംശയമുള്ളവര്‍ വിക്കിയില്‍ തപ്പുക,കിട്ടിയില്ലേല്‍ വെറുതെ നില്‍ക്കുക അല്ലെങ്കില്‍ വക്കാരിയോട്‌ ചോദിക്കുക...)നമ്മുടെ മൈതാനത്തിന്റെ തെക്കുകിഴക്കേ കോണില്‍ വളരെ ബുദ്ധിമുട്ടി ഒരു യോഗം ചേര്‍ന്നിട്ടുണ്ട്‌. ബുദ്ധിമുട്ടി എന്നു പറയാന്‍ കാരണം, അന്ന്‌ കസ്റ്റംസ്‌ റോഡില്‍ ഉര്‍പ്പ്യേ‍ക്ക്‌ നൂറ്‌ എന്ന കണക്കില്‍ സുലഭമായി അവൈല്യബിള്‍ ആയിരുന്ന ഗഞ്ചനും (കഞ്ചാവ്‌ എന്ന്‌ തനിമലയാളം) മേലെ കത്തിച്ചാപൊട്ടുന്ന മെയിഡിന്‍ കുന്ന്യൊറമല നാടന്‍ വാറ്റും വലിച്ച്‌ കേറ്റി പിമ്പിരി കൊടുമ്പിരി കൊണ്ടപരുവത്തിലായിരുന്നു പ്രസ്തുത വട്ടനിലസമ്മേളനത്തില്‍ (വട്ടമേശയ്ക്ക്‌ മിനിമം ഒരു സ്റ്റൂള്‍ എങ്കിലും വേണ്ടേ തീക്കായാന്‍)നെലാത്ത്‌ പിടിച്ചിട്ട കോഴികള്‍ കണക്ക്‌ സിംഹവാലന്മാര്‍ ഇരുന്നതും പിന്നെ കിടന്നതും. ("അതിത്ര കൃത്യം കൃത്യമായി പ്പറയാന്‍....."വേണ്ടാ കുനുഷ്ട്‌ ചോദ്യം വേണ്ട....ഈശാനകോണില്‍നിന്നും സൂക്ഷം 360 മീറ്റര്‍ മാറി മൈതാനത്തിന്റെ വടക്കുപടിഞ്ഞാറെക്കോണില്‍ മാനം നോക്കി മലര്‍ന്നുകിടന്ന്‌ നക്ഷത്രമെണ്ണുകയായിരുന്നു വിനീതനായ ഈ ചരിത്രകാരന്‍ അപ്പോള്‍...(കുടിച്ചേയ്ന്റെ കെട്ടിറങ്ങീട്ട്‌ വേണ്ടെ ചങ്ങായ്യ്യേ വീട്ടിപ്പോകാന്‍?)..) മേല്‍പറഞ്ഞ ചരിത്ര വസ്തുതകള്‍ കണ്ണടയ്ക്കടീല്‍ സ്വന്തം മൂക്കും ഫിറ്റുചെയ്ത്‌ പ്രസ്തുത യോഗ പരിസരത്തൂടെ നടക്കാന്‍ കരളുറപ്പ്‌ കാട്ടിയ ചില തദ്ദേശവാസികള്‍ പിന്നീട്‌ ഇന്റര്‍വിയില്‍ മുഖത്ത്‌ വല ഫിറ്റ്ചെയ്താലേ പറയൂ എന്ന നിബന്ധനയില്‍ വെളിപ്പെടുത്തിയതാണ്‌.(യുദ്ധകാലാടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത ടി യോഗത്തിന്റെ ഏകമാനകമായ ഒണ്‍ ഏന്റ്‌ ഓണ്‍ലി അജണ്ട, ചിത്രാ ടാക്കീസില്‍ ഉച്ചപ്പടമായി തകര്‍ത്തോടുന്നതും, ഷക്കീലമറിയസിന്ധൂ മൂര്‍ത്തികളുടെ പൂര്‍വകാലസൂരി പ്രമീളാമ്മ റൊമ്പ പ്രമാദമായി അറിഞ്ഞു നടിച്ചതുമായ "ഉല്‍പത്തി" എന്ന പുണ്യപുരാണേ സില്‍മ കാണാന്‍ പിറ്റേന്നത്തേയ്ക്ക്‌ കാശ്‌ എവിടന്നൊപ്പിക്കും എന്നതു മാത്രമായിരുന്നു എന്ന്‌ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബു.ജി മെംബറന്‍ പിന്നീട്‌ എന്നോട്‌ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്‌)

നല്ല കത്തുന്ന സാധനം വയറ്റില്‍ കിടക്കുന്നതിനാലും, അജണ്ട നല്ല ഹോട്ടന്‍ ആയേയ്നാലും, ജര്‍ച്ച വേം ചൂടുപിടിച്ച്‌ പൊട്ടിത്തെറിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നതിനെടേല്‍ കൂട്ടത്തിലൊരു വംശനാശന്‌ ഒരുശങ്ക. വിഷയം പ്രമീളാമ്മയായതിനാല്‍ ഉണ്ടിരിക്കുന്ന നായര്‍ക്ക്‌ തോന്നിയ ആ ഒരു ശങ്ക അല്ലേട്ടോ ശങ്കരാ ഇത്‌...ഇതൊരു സിമ്പിള്‍ മൂത്രശങ്ക. ശങ്കതീര്‍ക്കാന്‍ പാകത്തില്‍ പിറകില്‍ പൊന്തക്കാടുകളല്ലേ തിങ്ങിവിങ്ങി നില്‍പ്പൂ.പിന്നെന്തു ശങ്കിക്കാന്‍. ഇല്ല്യാ ഒട്ടും ശങ്കിച്ചില്ലാ..മൂത്രശങ്കരന്‍ ആടിയെഴുനേറ്റ്‌ പൊന്തക്കാട്‌ ലക്ഷ്യ്മാക്കി നടകൊള്ളുകയും നിന്നു ശങ്കിക്കാന്‍ ആവതില്ലാഞ്ഞ്‌ ഇരുന്നുതന്നെ ശങ്കിച്ചു തീര്‍ക്കുകയും ചെയ്തു. പക്ഷേ.........

ചര്‍ച്ചയില്‍ ഊന്നിപ്പറയാന്‍ പാകത്തിനൊരു ആശയന്‍ ഗുണ്ട്‌ അന്നേരം തലയ്ക്കുള്ളിലെ വെളിമ്പറമ്പില്‍ വീണുപൊട്ടിയതിനാലാണോ അതോ ആമാശയത്തില്‍ അവിയല്‍ വെച്ചു കളിക്കുന്ന കള്ളും കഞ്ചാവും ചേര്‍ന്ന്‌ തലശ്ശേരിയിലെ നാഡീ ഞരമ്പുകള്‍ക്ക്‌ ഒടുക്കത്തെ ക്ലാപ്പിട്ടതിനാലാണോ എന്ന്‌ തീര്‍ത്ത്‌ പറയാന്‍ കഴിയില്ല, ശങ്കതീര്‍ന്ന മങ്കി, ചെയ്തോണ്ടിരുന്ന കര്‍മ്മണി കര്‍ത്തരി ആയതറിയാതെ, ടിവി സീര്യേലിന്റെ എപ്പിസോഡ്‌ ഒടുക്കത്തില്‍ സഡന്‍നില്‍പ്പനടിച്ച്‌ സ്റ്റോപ്പുന്നത്‌ പോലെ, പൊന്തക്കാടിനു ചുവട്ടില്‍ കുന്തിച്ച്‌ കുന്തിച്ച്‌ സ്റ്റില്ലായി, സ്റ്റെല്ലയായി, സ്റ്റെല്ലാമേരിയായി കാനായികുഞ്ഞിരാമന്റെ പ്രതിമയായി ഫ്രീസായി ഫ്രീസോണായി.

തലയ്ക്കുമുകളില്‍ ശനിയും ശുക്രനും കൂടെ കാബറേഡാന്‍സ്‌ കളിക്കുന്ന ഈയൊരു നിര്‍ണ്ണായക ദശാസന്ധിയിലാണ്‌ ഈകഥയിലെ കേന്ദ്രകഥാപാത്രനായ പാമ്പമ്മാന്‍ സ്വമാളം വിട്ട്‌ അന്തിക്കള്ളടിക്കാന്നും ഒത്താല്‍ ഒരു തവളയെ ചാക്കിട്ടു പിടിച്ചു കീറിമുറിച്ച്‌ മെഡിസിനു പഠിക്കാന്നും ഒക്കെയുള്ള സുന്ദരസ്വപ്നങ്ങളാല്‍ പുളകിത ഗാത്രനായി വളഞ്ഞു പുളഞ്ഞ്‌ ബുജീബിംബം പ്രതിഷ്ഠിച്ച പൊന്തക്കാട്‌ വഴി പുല്ലൂര്‍ക്ക്‌ പോകാന്‍ എത്തിയത്‌. വിധി ബ്രഹ്മനും തടുക്കില്ല, പിന്നല്ലേ ഒരു പാവം പാവം പാമ്പ്‌ കുമാരന്‍! സമയം മൂവന്തി ആയതിനാലും തന്റെ വെള്ളെഴുത്ത്‌ കണ്ണാടി എടുത്ത്‌ ഫിറ്റ്‌ ചെയ്യാന്‍ മറന്നതിനാലും പാമ്പ്വായര്‍ക്ക്‌ ഒരു പേക്കന്‍തവളയുടെ കല്‍പിതരൂപവും കര്‍മ്മംകഴിഞ്ഞ്‌ നിശ്ചലായ ബുജീബിംബത്തിന്റെ കേന്ദ്രസ്ഥാനവും തമ്മില്‍ "അദ്വന്നല്ലെ ദിനേശാ ഇദും" എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും ഒടുക്കം "അദന്നെ" എന്നു കണ്‍ക്ലൂഷിച്ച്‌, ഒറ്റക്കുതിക്ക്‌ സംബന്ധികാതല്‍പുരുഷനെ വായിലാക്കുകയും ചെയ്യാന്‍ പൂജ്യം പോയിന്റ്‌ ആറേ ആറ്‌ മില്ലീ സെക്കന്റേ വേണ്ടിവന്നുള്ളൂ....(റ്റി.പി. രാധാമണി ടീച്ചര്‍ പത്താം ക്ലാസ്‌ ബിയില്‍ മലയാളം പഠിപ്പിക്കുമ്പോള്‍ തൊട്ടപ്പുറത്തെ ഇടിഞ്ഞു പൊളിഞ്ഞ സംസ്കൃതം ക്ലാസിലെ ഏതേലും മൂലയില്‍ ഈ നിര്‍ഭാഗ്യവാനായ പാമ്പന്‍ സുഖവാസത്തിനു വന്നിട്ടുണ്ടാവും എന്നെനിക്കുറപ്പാണ്‌..അല്ല്ലെങ്കില്‍ ഉല്‍പ്രേക്ഷാലങ്കാരം വിദ്വാന്‍ ഇത്ര കറക്ടായി എവിടുന്നു പഠിച്ചു?)

കൂഞ്ഞിക്ക്‌ വെടികൊണ്ട കാട്ടുപന്നി കണക്ക്‌ അലറിവിളിച്ചു പാഞ്ഞുവരുന്ന ജന്തൂനെക്കണ്ട്‌ സഹയോഗന്മാരില്‍ ഞെട്ടാന്‍ മാത്രം ബോധം ബാക്കിയായവര്‍ ശക്തിയായിതന്നെ ഞെട്ടി. സംബന്ധം പോയ തല്‍പുരുഷന്റെ ഡേഞ്ചര്‍ സിറ്റുവേഷനുന്‍ പ്രമാണിച്ച്‌ യോഗത്തില്‍ റെഡ്‌ അലേര്‍ട്ടും എമര്‍ജന്‍സീം ഒരുമിച്ച്‌ പ്രഖ്യാപിക്കപ്പെട്ടു. (വസ്ത്രാക്ഷേപം വരെ കഴിച്ചുനിര്‍ത്തിയിരുന്ന പ്രമീളാ വിഷയം മലര്‍ക്കെത്തുറന്നു വെച്ച സ്പിരിറ്റ്‌ പോലെ ഇതിനിടെ ആവിയായിപ്പോയിരുന്നു എന്നു ഓ.ടോ) ഒറ്റക്കണ്ടം, ഊരള്ളൂര്‍ വഴി നടുവണ്ണൂര്‍ക്ക്‌ പോവുന്ന ഒരേയൊരു ബസ്സ്‌, സ്റ്റാന്‍ഡില്‍ പിടിക്കുമ്പോള്‍ മാത്രമെ പിന്നെ ആദുര്യോഗത്തില്‍ നടന്ന അലങ്കോലം ഞങ്ങളാല്‍ ചില കൊയിലാണ്ടിക്കാര്‍ക്ക്‌ കാണാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. ചിലര്‍ വലത്തോട്ടോടുന്നു, ചിലര്‍ ഇടത്തോട്ടോടുന്നു,മറ്റുചിലര്‍ മേലോട്ടു ചാടുന്നു, ചിലര്‍കീഴെയിരിക്കുന്നു ചിലര്‍ വീണേടത്തു തന്നെ കിടക്കുന്നു...ഇതിനിടയിലും തലയോട്ടിക്കുള്ളില്‍ മിന്നാമിനുങ്ങ്‌ മിന്നിയ രണ്ടു കുരിക്കന്മാര്‍ റ്റാക്സി സ്റ്റാന്‍ഡ്‌ ലക്ഷ്യമാക്കി അമ്പ്‌ തൊടുത്തു. സംഗതിയുടെ ഇരിപ്പുവശവും കിടപ്പുവശവും തലയും വാലും നടുക്കണ്ടവുമൊന്നും പിടികിട്ടാതെ വണ്ടറിച്ചു നില്‍ക്കുന്ന ഞങ്ങള്‍ കാണീജനങ്ങള്‍ക്ക്‌ മുന്നിലൂടെ പാരലല്‍ ഷോട്ട്‌ ആയി ഒരു അംബാസഡറന്‍ സംഭവസ്ഥലത്തേക്ക്‌ കുതിച്ചു. തെല്ലിട കഴിഞ്ഞ്‌ തിരിഞ്ഞു മറിഞ്ഞ്‌ മൈതാനം മുറിച്ചു കടന്ന്‌ വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ പ്രസ്തുത കാറവര്‍കള്‍ പത്തു നാല്‍പത്തെട്ട്‌ കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജ്‌ ലക്ഷ്യമാക്കി ഓടിപ്പോയി... കട്ട്‌.....

സീന്‍ 1ബി..

(കോഴിക്കോട്‌ മെഡിക്കല്‍ കൊളേജ്‌..രാത്രി..ഒരു ലോ ആംഗിള്‍ വൈഡ്‌ ഷോട്ട്‌)ഗേറ്റ്‌ കടന്ന്‌ കുതിച്ച്‌ വന്ന്‌ കഷ്വാല്‍റ്റിയുടെ പോര്‍ച്ചില്‍ സഡന്‍ബ്രേക്കിട്ട്‌ നില്‍ക്കുന്ന അംബാസഡറന്‍ (ചെങ്ങായീന്റെ മുന്‍ചക്രം സൂക്ഷം ഫ്രേമില്‍ വന്നുനില്‍ക്കാഞ്ഞതിനാല്‍ റീടേക്ക്‌....ഓക്കെ)നാലുഡോറുകളും ഒരുമിച്ചു തുറക്കപ്പെടുന്നു....വൈന്നേരത്തെ കരണ്ടും വണ്ടി കുര്‍ള സ്റ്റേഷനില്‍ സ്റ്റോപ്പായമാതിരി നാലു നവദ്വാരങ്ങള്‍ വഴിയും ഉപഗ്രഹജീവികള്‍ പുറത്തേക്ക്‌ തെറിക്കുന്നു. ഒരു ജന്ത്വോന്‍ സ്ട്രെച്ചര്‍ തരാക്കാന്‍ ഓടുന്നു. സ്ട്രെച്ചര്‍ എടുക്കാന്‍ താമസിച്ചതിന്‌ ക്ലാസ്‌ ഫോറിനെ ഒരു മുട്ടന്‍ തെറിയാല്‍ വധിച്ച്‌ സ്വയം സേവകനായി ചക്രമഞ്ചലുമുന്തി കാറിന്റെ പിന്‍ഡോറില്‍ ഹാജ്യേര്‍..പാമ്പുകടിയനെ തൂക്കി മഞ്ചത്തില്‍ കിടത്താന്‍ കാറിനുള്ളിലേക്ക്‌ നീണ്ട കരാള ഹസ്തങ്ങള്‍ സഡേന്‍ലി ഹാള്‍ട്ട്‌! കണ്ണും മൂക്കും വായും ഒരുമിച്ച്‌ പൊളിച്ച്‌, വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ ഈയിടെ ചെല നേതാക്കള്‍ക്ക്‌ പറ്റിയപോലെ വായു സ്ദംഭിച്ച്‌, ദീപസ്തംഭന്മാരായി, ഇതികര്‍ത്തവ്യാമൂഢന്മാരായി സര്‍വ്വമാന ബുജികളും അന്താളിച്ച്‌ മരിച്ച്‌ മരവിച്ച്‌ നില്‍ക്കുന്ന ഒരു ക്ലോസ്‌ ഷോട്ടാണ്‌ നാം പിന്നെക്കാണുന്നത്‌. വാട്ട്‌ ഹാപ്പെന്‍ഡ്‌? നത്തിംഗ്‌ ബട്‌ എ സിംപിള്‍ മിഷ്ടേക്ക്‌......നേരത്തെ മൈതാനത്തു നടന്ന കൂട്ടപ്പൊരിച്ചില്‍ കം റെസ്ക്യ‍ൂ ഒപെറേഷനില്‍ പാമ്പമ്മോന്‍ തീണ്ടി ആസ്ഥാനം (ഏസ്ഥാനം?) പോയ യഥാര്‍ത്ത ഗഞ്ചേക്കനെ തൂക്കി കാറിന്നുള്ളിലിടാന്‍ സഹ ഗഞ്ചന്മാര്‍ മറന്നുപോയിരുന്നു! പ്രസ്തുത ദേഹി നാല്‍പത്തെട്ടു കിലോമീറ്റര്‍ ഫ്ലാഷ്ബാക്കില്‍ സംഭവസ്ഥലത്തുതന്നെ മലര്‍ന്നുകിടന്ന്‌(കമഴ്‌ന്നുകിടക്കാന്‍ പറ്റാത്തത്‌ കൊണ്ട്‌) അന്തരീക്ഷത്തിലേക്ക്‌ എസ്‌.ഓ.എസ്‌ മെസ്സേജുകളും, റിപ്ലെ കിട്ടാഞ്ഞ്‌ സിഗ്നല്‍വാണങ്ങളും കത്തിച്ചു വിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇന്നേരമത്രയും!

ഒടുവില്‍ കിട്ടിയത്‌:-

ഇക്കണ്ട ആട്ടക്കഥയൊക്കെ കണ്ടുനിന്നിരുന്ന സുമനസ്കന്മാരായ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ വടിയാകാന്‍ പോകുന്ന വേലുവവര്‍കളെ ആഘോഷ പൂര്‍വം ചുമന്ന്‌ തൊട്ടടുത്തുള്ള താലൂക്കാശുപത്രീല്‍ എത്തിച്ചു. കടിയേറ്റയിടം പരിശോധിക്കാന്‍ വടിവേലുവിന്റെ അണ്ടര്‍വേര്‍ ഉരിഞ്ഞ തലമൂത്ത എം.ബി.ബി.എസ്‌ നിന്നനില്‍പ്പില്‍ അണ്‍കോണ്‍ഷ്യനായി ഫ്യൂസനായിപ്പോയത്രെ! (Longtime no bathing chlorofom effect എന്നാണ്‌ പിന്നീട്‌ ഈ പ്രതിഭാസത്തെ ലോഗാരോഗ്യസംഘം കണ്ടുപിടിച്ച്‌ സംശയനിവാരണം നടത്തി പത്രക്കുറിപ്പിറക്കിയത്‌.) "ഇനിതാഴോട്ടു പരിശോധിക്കണമെങ്കില്‍ കുളിപ്പിച്ചുകൊണ്ടുവാഡോ ഈ ചെയ്ത്താനെ" എന്നലറിയ ഡോക്ടേഴ്സ്‌,നഴ്സസ്‌ ആന്‍ഡ്‌ അറ്റെന്‍ഡേര്‍സ്‌ ആന്‍ഡ്‌ സ്പെക്റ്റേറ്റേഴ്സ്‌ വൃന്ദാവനങ്ങളെ ഭാ പുല്ലേ എന്ന മട്ടില്‍ ഊശിയാക്കി, "കുളിക്കുന്നതിലും ഭേദം അസ്ഥാനത്തു പാമ്പ്‌ കടിച്ചു സമാധിയായ ബുദ്ധിജീവി എന്ന വിഷേഷണം പുതച്ച്‌ കൊയിലാണ്ടിയുടെ പില്‍ക്കാലചരിത്രത്താളുകളിലൊന്നില്‍ കയറി നീണ്ടുനീര്‍ന്നു ചത്തു കിടക്കുന്നതാണ്‌ " എന്ന്‌ ഉച്ചൈസ്ഥരം പ്രഖ്യാപിച്ച്‌, ആദിശങ്കരന്‍ പരിശോധനാ മേശയില്‍നിന്നും മൂടും തട്ടി ഇറങ്ങി നടന്നുപോയത്രേ....ഇപ്പോള്‍ രാത്രിയാണെന്നുപറഞ്ഞാല്‍ പോലും "ആരുപറഞ്ഞു....."എന്ന്‌ തര്‍ക്കിക്കല്‍ ഒരു ജനറ്റിക്‌ മാല്‍ഫംഗ്ഷന്‍ ആയികൊണ്ടുനടക്കുന്ന കൊയിലാണ്ടിക്കാര്‍ ചേരിതിരിഞ്ഞ്‌ കടിച്ചത്‌ പാമ്പനാണോ, അതോ വിവരദോഷിയായ ഒരു വെറും ചേരനാണോ എന്നു തര്‍ക്കിച്ച്‌ തര്‍ക്കിച്ച്‌ നേരംവെളുപ്പിച്ചു എന്നും കഥയില്‍ തുടര്‍ന്നു പറയുന്നുണ്ട്‌. ഇരുചേരിയിലെയും ചില കുറുമുന്നണിക്കാര്‍ പാമ്പ്‌ കടി എന്ന ഒരു സംഭവമേ നടന്നിട്ടില്ലെന്നും, വിദ്വാന്‍ വയറുവേദനയ്ക്ക്‌ സേവിച്ച കഞ്ചാവുകള്ള്‌ ലേഹ്യത്തിന്റെ ഒരു താല്‍ക്കാലിക അമ്ലവിശ്ലേഷണം ഹേതുവായി ഒരു സ്മാള്‍ മാനസിക വിഭ്രാന്തി മാത്രമാണുണ്ടായതെന്നും വാദിച്ചു. പക്ഷേ 'വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍' പിന്നെങ്ങനെ തകര്‍ന്നു? എന്ന കാര്യമാത്ര പ്രസക്തമായ ചോദ്യത്തിനുമുന്നില്‍ കുറുമന്മാര്‍ ഉത്തരം മുട്ടി കൊഞ്ഞനം കാട്ടി വീട്ടില്‍ പോയി പുതച്ചു മൂടിക്കിടന്നുറങ്ങി എന്നും പറഞ്ഞുകേട്ടു പിന്നെ. (അലങ്കോല യോഗത്തിന്റെ അജണ്ട ലെവന്മാര്‍ നിരുപിക്കാഞ്ഞത്‌ മഹാ ഫാഗ്യമായി - ചരിത്രകാരന്‍)


പിറ്റേന്ന്‌ ഏര്‍ളി ഇന്‍ ദ മോര്‍ണിംഗ്‌ കൊയിലാണ്ടി ഹൈ സ്കൂളിലേക്ക്‌ പതിവു സമരം നടത്താന്‍ വന്ന കുട്ടികള്‍ തലേരാത്രിയിലെ രക്തരൂഷിത ഒക്ടൊബര്‍ വിപ്ലോത്തിന്‌ മൂകസാക്ഷിയായി കരിഞ്ഞുണങ്ങി നിന്നിരുന്ന പൊന്തക്കാടിനും കൃത്യം എട്ടടി തെക്കോട്ട്‌ മാറി സാക്ഷാല്‍ ശ്രീമാന്‍ പാമ്പുണ്ണിയുടെ അന്ത്യകലാശം കൊട്ടിക്കിടന്ന നീലിച്ച ഡെഡ്‌ ബോഡി കണ്ടെടുക്കുകയും ആയതിനെ ഒരു ഉണക്കച്ചുള്ളിയില്‍ തോണ്ടിയെടുത്ത്‌ മൈതാനത്തിന്റെ നടുമദ്യത്തില്‍ ഉപചാരപൂര്‍വം പൊതു ദര്‍ശനത്തിന്‌ കിടത്തുകയും ചെയ്ത വാര്‍ത്ത വര്‍ഗ്ഗീയകലാപം പോലെ വളരെപെട്ടെന്ന്‌ നാട്ടില്‍ പരന്നു. കേട്ടവര്‍ കേട്ടവര്‍ കോണകവാലിനു തീപിടിച്ചവാറ്‌ ഓടിപ്പിടഞ്ഞ്‌ സംഭവസ്ഥലത്ത്‌ തടിച്ചുകൂടി. സ്ഥലം വെറ്റിനറി സീനിയര്‍ മൃഗന്‍ ചാഞ്ഞും ചെരിഞ്ഞും, ഇരുന്നും കിടന്നും കൂലങ്കഷായം ബോഡി പോസ്റ്റ്‌ മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട്‌ ചോപ്പു നാടയിട്ട്‌ മുറുക്കിക്കെട്ടി കേന്ദ്രത്തിന്‌ കൈമാറി..ഫലം സെക്കന്റുകള്‍ക്കകം പ്രസ്തുത റിപ്പോര്‍ട്ടിന്റെ കൊടലും പണ്ടവുമടക്കം സര്‍വമാന ഉള്ളടക്കവും പാറൂന്റെ പള്ളക്കിടിച്ചു തവിടുപൊടിയായ ടാങ്കര്‍ഷിപ്പില്‍ നിന്നും എണ്ണ ചോരുംപോലെ ചോര്‍ന്നൊഴുകിപ്പരന്ന് തീപിടിച്ചു. ശ്രീ എട്ടടിമൂര്‍ഖ പാമ്പര്‍ മേനോന്‍ അരിയെത്തും മുന്‍പേ കാലം ചെയ്തത്‌ മാരകവും എന്നാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരുതരം കൊടിയ വിഷം ഉള്ളില്‍ ചെന്നുണ്ടായ മാനഹാനിമൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒരുമാതിരിപ്പേട്ട ശങ്കയ്ക്കൊന്നും സ്പേസ്‌ ഇടാതെ തറപ്പിച്ചും ഉറപ്പിച്ചും ചൂണ്ടിക്കാട്ടി...ശ്രീമദ്‌ വെഷേഷ്വര്‍ എട്ടടിയോന്‌ ബൂലോഗത്തൂന്ന് പരലോകത്തേക്ക്‌ വിസയും പോരാഞ്ഞ്‌ എയറിന്ത്യനില്‍ ഒരു എകോണമി ടിക്കറ്റും തരാക്കാന്‍ മാത്രം വെഷം ഉള്ളീച്ചെന്നിട്ടുണ്ടെങ്കില്‍ പരേതന്‍ തീപ്പെട്ടത്‌ നിശ്ചയമായും ശ്രീ ശ്രീ ശ്രീ ബുജീഷ്ണന്റെ കുഞ്ഞീഷ്ണന്‍ അവര്‍കളെ ടേസ്റ്റ്‌ ചെയ്യാന്‍ മാത്രം വിവരക്കേട്‌, പ്രസ്തുത വിവരം കെട്ടോന്‍ കാണിച്ചതു കൊണ്ടാണെന്നത്‌ ഒരുതരം രണ്ടുതരം മൂന്നുതരം എന്ന് ചുറ്റികക്കടിച്ച്‌ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ലേലം ക്ലോസ്‌ ചെയ്തതായാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാലും ഞങ്ങള്‍ കൊയിലാണ്ടിക്കാരല്ലേ...തര്‍ക്കിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുമോ? എട്ടുവീട്ടില്‍ മൂര്‍ഖോന്‍ വിഷം തീണ്ടി വടിയാവില്ല എന്നും മറിച്ച്‌ ലോഗാരോഗ്യന്മാര്‍ പിന്നീട്‌ കണ്ട്ത്തിയ chloroform effect ആണ്‌ പ്രതിയോന്റെ യഥാര്‍ത്ത മരണകാരണം എന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സീനിയര്‍ മൃഗത്തിനെ സത്യമംഗലം കാട്ടില്‍ തുറന്നു വിടണം എന്നും പുതിയൊരു തര്‍ക്കം അതോടെ ഉടലെടുത്തു. ആ തര്‍ക്കം ഇപ്പോഴും മെഗാസീര്യലായി അനന്തനായി അന്തോം കുന്തനായി തുടരുന്നു. ഏതായാലും മൈതാനത്തൈന്റെ തെക്കു കിഴക്കേ മൂല അതിനു ശേഷം "പാമ്പുമ്മൂല" എന്ന പേരിലാണ്‌ വില്ലേജാപ്പീസില്‍ ഭൂനികുതി അടച്ചുപോരുന്നത്‌.(യുവതുര്‍ക്കികള്‍ വിടുമോ? കുറെക്കാലം കഴിഞ്ഞ്‌, ദുരന്ത സാക്ഷിയായ പൊന്തന്‍ നിന്നിരുന്ന സ്ഥലത്ത്‌ മുളച്ച്‌ വന്ന കെട്ടിടത്തില്‍ പ്രവൃത്ത്യാരായിരുന്ന ബാര്‍ കം ബാര്‍ലി വെള്ളം പീടികയുടെ ചിരമധുരമനോജ്ഞപാവന സ്മരണയ്ക്കു മേമ്പൊടിയായി എതോ പാമ്പിരിയന്മാര്‍ ചാര്‍ത്തിക്കൊടുത്ത പട്ടയാണ്‌ പ്രസ്തുത നാമം എന്നവര്‍ തര്‍ക്കവിതര്‍ക്കന്മാരായി വളരെക്കാലം സുഖമായി ജീവിച്ചതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌)

ഒടുക്കത്തെ ഗുണ്ട്‌:

ചരിത്രം രചിച്ച ആ കാളരാത്രിയില്‍ കഥാവശേഷനായ എട്ടടിയില്‍ വീരനു പകരം അങ്ങ്‌ നിലമ്പൂര്‍ കാട്ടില്‍നിന്നും കൊയിലാണ്ടിയില്‍ അന്നു ടൂര്‍ വന്നിരുന്ന സാക്ഷാല്‍ രാജ്‌വെമ്പാല്‍ജി തന്നെയാണ്‌ കഥയില്‍ അവക്ഷിപ്തനായ ബുജീന്ദ്രനാഥന്റെ റെസ്ട്രിക്റ്റെഡ്‌ ഏരിയയില്‍ (കാമെറാ സ്ട്രിക്റ്റിലി പ്രൊഹിബിറ്റെഡ്‌) മോന്തയും കൊണ്ട്‌ ചെന്നിരുന്നതെങ്കില്‍ പോലും ഈ ചരിത്രാഖ്യായികയില്‍ പാമ്പദ്ദ്യേത്തിന്റെ പേരല്ലാതെ ഒരു വരി പോലും മാറ്റി എഴുതേണ്ടി വരില്ലായിരുന്നു എന്ന കാര്യത്തില്‍ മാത്രം തര്‍ക്കശാസ്ത്രവിശാരദന്മാരായ കൊയിലാണ്ടിക്കാര്‍ ഇതുവരെ തര്‍ക്കിച്ചതായി ഒരു ചരിത്രകാരനും രേഖപ്പെടുത്തിക്കണ്ടിട്ടില്ല.

18 comments:

magnifier said...

ഫ്രന്റ്സ്, ഇതൊരു വെറും ഗുണ്ടല്ല, ശെരിക്കും നടന് പൊട്ടിയ ഒരു സംഭവമാണ്...സംശയമുള്ളവര്‍ കൊയിലാണ്ടിക്കാരായ സഹവെടിക്കാരോട് ചോദിക്കുക

പെരിങ്ങോടന്‍ said...

ഞാന്‍ കുറച്ചു വായിച്ചു (അല്ല വായിക്കാന്‍ ശ്രമിച്ചു). കുറച്ചു വായിച്ചെത്തുമ്പൊ സംശയാവും എന്താ വായിച്ചു തുടങ്ങിയതെന്നു്, അപ്പൊ വീണ്ടും വായിക്കാന്‍ തുടങ്ങും.. പിന്നെയും കുറച്ചെത്തിയാല്‍ പഴേ സംശയം പുത്യേതാവും. ചുരുക്കി പറഞ്ഞാല്‍ എങ്ങും എത്താത്ത infinite loop -ല്‍ കുടുങ്ങ്യ വാര്യബിള്‍ പോലെയായി എന്റെ സ്ഥിതി. ആശാന്‍ ഉദ്ദേശിച്ചതും അതു തന്നെയാവും, ആയാലും നല്ലതു്, അതല്ലെങ്കിലും നല്ലതു്.

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
മുരളി വാളൂര്‍ said...

ഭാഷ ഗംഭീരം എന്നേ പറയേണ്ടൂ.... വാക്കുകളെ അമ്മാനമാടുക എന്നൊക്കെ കേട്ടിട്ടെ ഉള്ളു...

Physel said...
This comment has been removed by a blog administrator.
ദില്‍ബാസുരന്‍ said...

കൊയിലാണ്ടിക്കരനല്ല.കഥ കേട്ടിട്ടുമില്ല പക്ഷെ സംഭവം മന‍സ്സിലായി.

ശൈലിയും ഇഷ്ടപ്പെട്ടു.:)

(ഓടോ:പേര് മലയാളത്തിലാക്കിയാല്‍ ഒരു സുഖമുണ്ടായിരുന്നു)

magnifier said...

ഡിയര്‍ കൊയിലാണ്ടിയന്‍, ഞാനൊരു സ്ഥിര കൊയിലാണ്ടിക്കാരനല്ല...കഥ എനിക്കു വീണു കിട്ടിയതാണ്

ഇടിവാള്‍ said...

മാഗ്നിയേ... ഉഗ്രന്‍.. അമറന്‍ കലക്കന്‍ പോസ്റ്റ് !
തലയറഞ്ഞ് ചിരിച്ചൂ.. കണ്ണില്‍ നിന്നും വെള്ളം ധാര ധാരയായി ഒഴുകി.. ഈയടുത്ത് എന്നെ ഏറ്റവും ചിരിപ്പിച്ച പോസ്റ്റ് ! ഇടക്കൊക്കെ ചിരി കാരണം വായന നിര്‍ത്തേണ്ടി വന്നു !

മിമിക്രിക്കാരു പണ്ടു കാണിച്ചിരുന്ന ഒരു വിറ്റ് ഓര്‍മ്മവന്നു ! 220 വോള്‍ട്ട് ലൈനില്‍ ഈസിയായി കയറിപ്പിടിക്കുന്ന കറണ്ടു തന്‍Nകപ്പ്പനെ അനുമോദിക്കാനുള്ള യോഗത്തില്‍ കരുണാകരന്‍ അദ്ദേഹത്തിനു ഹസ്തദാനം ചെയ്തപ്പോള്‍ തങ്കപ്പന്‍ ഷോക്കേറ്റു വീണത്രേ !


നല്ല ഉഗ്രന്‍ ശൈലി ! സമ്മതിച്ചിരിക്കുന്നു കേട്ടോ !

ഇനിയും പോരട്ടെ കിടിലന്‍ പോസ്റ്റുകള്‍.. ആശംസകള്‍ !

Adithyan said...

കക്ഷിയേ സംഭവം കൊള്ളാം... ഒരു പകുതി മുക്കാലും വരെ എന്നാ ഒഴുക്കായിരുന്നു :)) അപാ‍രം എഴുത്ത് ;)

ഉമ്മര് ഇരിയ said...

മൂന്നുപ്രാവശ്യം വായികേണ്ടിവന്നു ഈ കാഞ്ഞങ്ങാടുകാര്‍നു മനസ്സിലാവന്‍.
സീത രാമണ്ടെ ആരായിരുന്നുവെന്ന പറഞ്ഞത്.

അളിയന്‍സ് said...

കൂട്ടുകാരാ..... സംഭവം കൊള്ളാം.പ്രയോഗങ്ങളെല്ലാം കലക്കന്‍. ഡയലോഗ്സിന്റെ നീളം ശകലം കുറച്ച് ഒന്നു കൂടെ ഫൈന്‍ ട്യൂണ്‍ ചെയ്താല്‍ ഇനിയും ഉഷാറാകും.

വിശാല മനസ്കന്‍ said...

ആള് മഹാ ജഗജില്ലന്‍ ആണല്ലേ?
വാക്കുകള്‍ കൊണ്ട് കുട്ടിയും കോലും കളീക്ക്യാല്ലേ? എന്തായാലും ഞെരിപ്പന്‍ പ്രയോഗങ്ങള്‍!

കൊടകര ബാലെ വിട്ടേക്ക് ചുള്ളാ. അതില് വല്യ കഥയൊന്നുല്ല്യ. കുടുമ്മക്കാരുടെയും നാട്ടുകാരുടേയും മേല് ഒരു രസത്തിന് കരിയോയില്‍ കോരിയൊഴിച്ച് ചുമ്മാ...

അരവിന്ദ് :: aravind said...

ഊശ് ഊശ്...
എന്നാ പോസ്റ്റാ! വാക്കുകളിട്ട് വാക്കാടി (അല്ലാതെ പന്താടാന്‍ വാക്ക് പന്തല്ലല്ലോ), അത് കണ്ട് എന്റെ കണ്ണ് പച്ചളിച്ചു.
ഉശിരന്‍ പോസ്റ്റ് മാഗ്നിഫൈയറേ...:-)
ബൂലോഗക്ലബ്ബിലെ അങ്ങയുടെ പ്രാരംഭ കിടുവാകളി ക്ഷ പിടിച്ചിരുന്നൂ...പക്ഷേ ഒരു കമന്റ് ഒപ്പിട്ട് കൊടുത്തയക്കാന്‍ കീ ബോര്‍ഡ് പാങ്ങിന് നിന്നു കിട്ടിയത് ഇപ്ലാ...
അപ്പോള്‍ തുടരൂ, കൊച്ചീന്ന് കൊയിലാണ്ടി വരെ, അങ്ങയുടെ കൊയിലാണ്ടി വിശേഷങ്ങള്‍.
കാത്തിരി‍ക്കുന്നു, കണ്ണില്‍ ഇദയം നല്ലെണ്ണ സദയമൊഴിച്ച്.

അതുല്യ said...

എനിക്കൊരു റ്റ്യൂഷന്‍ വേണായിരുന്നൂല്ലോ. തരാവുവോ എന്തോ? രസിച്ച്‌ വായിച്ചുട്ടോ. ഇനിയും എഴുതു. ഒരു അമേരിയ്കന്‍ ട്രിപ്പുണ്ട്‌ ഒരു മാസം കഴിഞ്ഞ്‌, അപ്പോ 15 മണിക്കൂര്‍ കഴിയ്കാന്‍ വിശാലന്റെയും അരവിന്ദന്റെയും ഒക്കെ കൂട്ടത്തില്‍ നിങ്ങടേയും കൂടി പ്രിന്റാവുമ്പോ അമേരിയ്കയിലെത്താം.

Peelikkutty!!!!! said...

......കുന്തിച്ച്‌ കുന്തിച്ച്‌ സ്റ്റില്ലായി, സ്റ്റെല്ലയായി, സ്റ്റെല്ലാമേരിയായി കാനായികുഞ്ഞിരാമന്റെ പ്രതിമയായി ഫ്രീസായി ഫ്രീസോണായി...നല്ല പ്രയോഗങ്ങള്‍.നന്നായിട്ടുന്ണ്ട്.

കൈപ്പള്ളി said...

ഞാന്‍ ഞെട്ടി.

ഭാഷാ സാമര്‍ഥ്യം ഇല്ലാത്താതുകൊണ്ടാവും. ഒന്നും മനസിലായില്ല. കുറച്ചുകൂടി പഠിച്ചിട്ട് വീണ്ടും വന്നു വയിക്കാം. മാച്ച് കളയല്ലേ.

:)

സുധി അറയ്ക്കൽ said...

സുല്ലിട്ടു.എന്റെ പൊന്നോ!!!

സുധി അറയ്ക്കൽ said...

സുല്ലിട്ടു.എന്റെ പൊന്നോ!!!