Sunday, September 21, 2008

ആ ‘അഡൾട്ട് ഓൺലി മരണം‘ (രണ്ടാം ഭാഗം)

അതു ശരി അതിനൊരു ഒന്നാം ഭാഗം ഉണ്ടായിരുന്നോ? അതോർത്തെടുക്കാൻ എനിക്കു തന്നെ ഈ ലിങ്കിൽ ഞെക്കിനോക്കേണ്ടി വന്നു!

അപ്പോ മ്മളെന്താ പറഞ്ഞോണ്ടിരുന്നേ?

ആ....കുഞ്ഞിക്കാദറിന്റെ ആ മാൽഫങ്ങ്ഷന്റെ കാര്യം..അല്ലേ?

ച്ഛായ്‌...നിർത്തെഡാ കഴ്‌വേറീ...ഒന്നൊന്നരക്കൊല്ലായി നീ ഈ കേസ്‌ കെട്ടെടുത്ത്‌ കിണറ്റിലിട്ടിട്ട്‌..ന്നിട്ടിപ്പോ ബാക്കി പറയാൻ വന്നേക്കണ്‌!! ഓടിക്കോണം ഈ ബ്ലോഗീ‍ീന്ന്..അല്ലേൽ നിന്റെ ഐപ്പിയേൽ പിടിച്ച്‌ കറക്കി നിലത്തടിച്ച്‌ തവിടുപൊടിയാക്കിക്കളയും...പരട്ട്‌ മാഗ്നിഫയറേ.......!! (ഏതോ ഒരു വർമ്മയാണെന്നു തോന്നുന്നു!)

പിന്നെ..പിന്നേ! അങ്ങ് തിരുവല്ലേലെങ്ങാണ്ട്‌ ഒരു കന്യാസ്ത്രീ കൊച്ചിനെ തച്ചുകൊന്ന് ദേ ഇതു പോലെ കിണറ്റിലിട്ട കേസ്‌ മ്മടെ കുഞ്ഞൻ പോലീസും പോരാഞ്ഞ്‌ കുഞ്ഞേട്ടൻ ഗ്രൈംബ്രാഞ്ചും ഒന്നും തിരിയാണ്ടെ വന്നപ്പോ വെല്യമൂപ്പര്‌ സീബീയേ ഗോസായിനാട്ട്ന്ന് നേരിട്ട്‌ വന്നും പന്നിപ്പടക്കം കടിച്ച കാട്ടു പന്നി കണക്ക്‌ നാട്‌ മുഴ്വോൻ ഓടിപ്പാഞ്ഞ്‌ നടന്ന് ഗവേഷിച്ച്‌ തരാക്കുന്നേ കൊല്ലം ഇരുപതായില്ലേ...എന്നിട്ടെന്തായി? അതിനിടക്കാ ഈ ചീള്‌ കുഞ്ഞിക്കാദറു കേസ്‌....(വിട്ട്‌ കള മർമ്മാണി വർമ്മോ...വിട്ട്‌ കള)

മ്മക്ക്‌ മ്മളെ കാര്യം പറയാ അല്ലേ...ഹൂശ്‌ അതെന്തായിരുന്നപ്പാ?

ആ....അധികാരീന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ കുഞ്ഞിക്കാദർ മദാലസാനായ ഒരു ശവനായി കിടക്കാൻ കാരണഭൂതയായ ആ കറുത്തവാവിന്റന്നു രാത്രി, അധികാരിയങ്ങത്തയൂടെ സ്വന്തം മേൽവിലാസമായ മേലെപുത്തലംവീട്ടിൽ അസ്സലാകപ്പാടെ മറിമായം മറിഞ്ഞ അതികഠോരാതിനിഗൂഡ സംഭവ പരമ്പരകൾ എന്തൊക്കെയായിരുന്നു?

ആത്യന്തികമായി കുഞ്ഞിക്കാദറിന്റെ മുണ്ടുടുക്കാതെ വന്ന മരണത്തിന്‌ കാരണമായ ഭൂതം ആരായിരുന്നു?

ഉണ്ടോണ്ടിരുന്ന കാലക്കേടിന്‌ ചുമ്മാവെറുതെയൊരുൾവിളി വന്നപ്പോ അന്ന് അധികാരിയുടെ വീട്ടിൽ കക്കാൻ കയറാം എന്നൊരൂ വെളിപാട്‌ വരികയും ആയതിനാൽ അന്നേദിവസം നടുപ്പാതിരായ്ക്ക്‌ തഞ്ചോം തരോം വരാൻ അധികരിയുടെ വീട്ടിലെ ഉരൽപുരയിൽ മേലാസകലം നല്ലെണ്ണയും പുരട്ടി കാത്തിരുന്ന കള്ളൻ ചാത്തൂട്ടിയോ....?

അതോ കണിശമായും അന്നേ ദിവസം കുഞ്ഞിരാമറധികാരി സ്വന്തം തോക്കും തൂക്കി, കുഞ്ഞീഷ്ണവൈദ്യോ സമേതം വെടിവട്ടത്തിനുപോകും എന്ന -പ്രൈവറ്റ്‌ എന്ന് താനും പബ്ലിക്ക്‌ എന്ന് താനൊഴിച്ചുള്ള ബാക്കി പന്തലായിനിക്കാരും അടിവരയിട്ട്‌ പറയുന്ന - കാമുകിയും അധികാരിയുടെ ഇല്ലീഗൽ വാല്യക്കാരിയുമായിട്ടുള്ള കുമാരി തങ്കമണിച്ചോത്തി കൊടുത്ത കുറുപ്പിന്റെ ഉറപ്പിൻപുറത്ത്‌ കയറി, അതേ സേം രാത്രിയിൽ, മേലെപുത്തലം വീട്ടിന്റെ വടക്കേപ്പുറത്തെ വേലിചാടാൻ മാത്രം ധൈര്യം കാണിച്ച പാവം പാതിരാ കാമുകൻ ക്രിസ്സ്മസ്‌ ഭാസ്കരനോ?

ഇനി അതല്ല, വരുന്നത്‌ കാമുകഭാസ്കരഭട്ടൻ തന്നെയാണെന്ന് ഉറപ്പിക്കാൻ ടി വിദ്വാൻ വേലിചാടുന്നരാത്രിയിൽ വാലിയപ്പുരയ്ക്കടുത്തെത്തിയാൽ പുറപ്പെടുവിക്കാറുള്ള പൂച്ചകരച്ചിലിന്റേയും, ഭാസ്കരന്റെപോലെ തന്നെ നടുപ്പാതിരായ്ക്ക്‌, ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബിന്റെ ആഘാത പ്രത്യാഘാതങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യാൻ മേലേപുത്തലം വീടിലെ ചക്കിപ്പൂച്ചയെ തേടി അതേ വടക്കേ വേലി നൂണ്ടുകടന്ന ഒരു ഒറിജിനൽ കണ്ടൻ പൂച്ചയുടെ കരച്ചിലിന്റേയും ശ്രുതിയും താളവും സംഗതികളും ഏതാണ്ടൊരേപോലെത്തന്നെയാകയാൽ, അതുതാനല്ലയോ ഇതെന്ന് വർണ്ണ്യത്തിലാശങ്കവരികയും തദ്വാരാ ഉഭയകക്ഷിചച്ചകൾക്കും തുടർന്നുള്ള ഒപ്പിടീൽ കർമ്മത്തിനുമായി നേരം തെറ്റി യെഴുനേറ്റുപോയ കുമാരിതങ്കമണിക്കു പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നോ അത്‌?

(നായകുരയും, കുയിൽ നാദവും ,കോഴികൊക്കുന്നതും, വെറും ചൂളമടിയും പോലുള്ള ഒറ്റ ശബ്ദങ്ങൾ മാത്രം ഭംഗിയായി വശമുള്ള മിമിക്സ്പന്തലായിനിയന്മാർ വേറെയും മ്മിണി ഉണ്ടായിരുന്നു അക്കാലത്ത്‌ എന്ന് മറ്റേതാനും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌! ഈ ച.കാ)

അതുമല്ലെങ്കിൽ, അന്നേദിവസം വൈന്നേരം നിൽപ്പനടിച്ച ദശമൂലാരിഷ്ടത്തിൽ കുഞ്ഞീഷ്ണൻ വൈദ്യർ അധികം ചേർത്തുപോയ കഞ്ച്ചാവു ലേഹ്യം ഹേതുവാക്കി അന്നത്തെ വെടിവട്ടത്തിനു വെടിമരുന്നു തികയാതെപോയതിനാൽ ആ വട്ടം അന്നേക്ക്‌ ബന്ധോസ്താക്കിയ വെടിയധികാരി കുഞ്ഞിരാമൻസ്‌, ആ രാവൊന്നു മൂത്തപ്പോൾ ഉഷ്ണം മൂത്ത്‌ പൊട്ടിത്തെറിക്കാൻ കോപ്പ്‌ കൂട്ടിയ സ്വന്തം വെടിക്കോപ്പിന്‌ ഉപായത്തിലൊരു ചെറുവാണം കത്തിക്കാൻ വേണ്ടി സേം സേം വാല്യക്കാരി തങ്കമണിച്ചോത്തിയുടെ വാതിലിനു മുട്ടുകയും, ശേഷം പിന്നെയുണ്ടായ കൺഫൈയൂഷൻ കം കൂട്ടപ്പൊരിച്ചിലിൽ ഒരു നഗ്നരക്തസാക്ഷിയുമാവുകയായിരുന്നോ പാവം പാവം കുഞ്ഞിക്കാദർ?

നടേ അദ്ധ്യായത്തിൽ പറഞ്ഞ പോലെ കുത്തിത്തിരിപ്പിന്റേയും പാരവെപ്പിന്റേയും വല്ല അഖില ലോക സർവ്വകലാശാലയെങ്ങാനും ഏതേലും നാട്ടിൽ ആരെങ്കിലും തുടങ്ങിയാൽ അവിടെ ചാൻസലർ തൊട്ട്‌ പീയൂൺ വരെയാകാൻ സർവ്വയോഗ്യതയും തികഞ്ഞ പുംഗവന്മാർ തിങ്ങി വിംഗ്‌ങി നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഈ പന്തലായിനീ വാസികൾ മൂടുകുത്തിയിരുന്നും, പറ്റാഞ്ഞിട്ട്‌ പിന്നെ തലയും കുത്തി നിന്നും, കിടന്നും കൂലം കഷായം ഗവേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ആ ഭീകര സംഭവപരമ്പരയെ മൂടിയിരുന്ന നിഗൂഡതയുടെ കറുത്ത തൂണി പൊക്കി നോക്കാൻ ഈ വിനീതചരിർത്ത്രകാരൻ നടത്തിയ യത്നങ്ങളുടെ നേർക്കാഴ്ച്ചയും ചൊൽക്കാഴ്ചയും ഇങ്ങനെ സംഗ്രഹിക്കാം.

"പ്രത്യക്ഷബന്ധമാരോപിക്കാൻ മാത്രം നൈരന്തര്യമില്ലാത്ത സംഭവപരമ്പരകൾ വിധിവൈപരീത്യത്തിന്റെ കാലഗണനയ്ക്കനുസൃതമായും ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ അതിസൂക്ഷ്മവും അനന്തമഞ്ജാതവും പ്രവചനാതീതവുമായ ചാലകനിയമങ്ങളുടെ ചില പ്രത്യേകരാശിയിലുള്ള കൂടിച്ചേരലുകളുടെ ഏറ്റക്കൂറച്ചിലിന്‌ പരസ്പരപൂരകമായും അപ്രതീക്ഷിതസന്ദർഭങ്ങളിൽ പരാണുകണങ്ങളുടെ മൂല നിയമത്തിന്‌ ഭംഗം വരത്തക്ക രീതിയിൽ ഒരേനേർകോണിൽ വന്നേക്കാവുമ്പോഴുണ്ടാവുന്ന സംഭവപരമ്പരകളിലുണ്ടാവും എന്നു കരുതപ്പെടുന്ന അമൂർത്തങ്ങളായ തുടർച്ചകൾ, ചിലപ്പോൾ നമ്മൾ പാവം മനുഷ്യ ജന്മങ്ങളുടെ നിയതലിഖിതമായ വിധി നടത്തിപ്പിൽ അപ്രതീക്ഷിതമായി ഇടപെടുകയും പലപ്പോഴും അവന്റെ ഭാഗധേയങ്ങളുടെ ഉല്ലംഘിതമായ ഋജുരേഖയ്ക്ക്‌ ഭംഗം വരുത്തുകയും തൽഫലമായി മിക്കപ്പോഴും അവന്‌ ജീവനാശം തന്നെയും വന്നുഭവിച്ചേയ്ക്കാം."

......(വെള്ളം,വെള്ളം....പ്ലീസ്‌! സർവ്വശ്രീ ആഷാമേനോൻ,കെ.പി.അപ്പൻ,കെ.ഇ.എൻ കുഞ്ഞമ്മത്‌ എന്നിവർ ഒരാഴ്ച മെനക്കെട്ടിരുന്ന് കമ്പ്രസ്സ്‌ ചെയ്തു തന്ന വാചകമാണ്‌! ഇതിനെ ഇനിയും ചുരുക്കണമെങ്കിൽ വല്ല ഹെവിഡ്യൂട്ടി ഹൈഡ്രോളിക്‌ പ്രസ്സിലും കൊണ്ട്‌ കൊടുക്കേണ്ടിവരും...ആയതിനാൽ അതിനു മുതിരുന്നില്ല! ച.കാ)

എന്നുവെച്ചാൽ മേൽപ്രസ്താവിച്ച നാലു സംഗതികളൂം ഏറിയോ കുറഞ്ഞോ കുഞ്ഞിക്കാദറിന്റെ അപ്രതീക്ഷിത മരണത്തിലേക്ക്‌ നയിച്ച ചാലകശക്തികളായി വർത്തിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂ എന്ന് പറഞ്ഞാൽ നിങ്ങളാൽ ചെലരൊക്കെ എന്റെ കൊങ്ങയ്ക്ക്‌ പിടിക്കാൻ വരും എന്നെനിക്കറിയാം....പക്ഷേ എന്തു ചെയ്യാൻ! അതുമാത്രമാണല്ലോ സത്യം!

ഏതായാലും ശ്രീമദ്‌ പരദൂഷണ നിഷ്ണാണ നാരദ കുഞ്ഞിക്കാദറവർകളുടെ സംശയാസ്പദമായ സിദ്ധികൂടൽ ഗവേഷിച്ച്‌ പിടിച്ച്‌ പി എച്ഛ്‌ ഡീ തരാക്കാൻ പുറപ്പെട്ട ഈ ചരിത്രകാരൻ, ശ്രീമാൻ ബിലാത്തി ബേക്കർസ്ട്രീറ്റിൽ ഷെർലക്‌ ഹോംസവർക്കളുടെ പെരിയ ബുദ്ധിയിൽ ഉരവം കൊണ്ടു പേരും കോയ്മയും കേൾപ്പിച്ച ആ പഴേ സിദ്ധാന്തം പൊടിതട്ടിയെടുത്ത്‌ ഉമ്മറക്കോലായിൽ നിവർത്തിയിട്ട്‌ അതിന്മേൽ ചമ്രവും പടിഞ്ഞിരുന്നാണ്‌ പ്രസ്തുത കർമ്മത്തിന്‌ വായ്ക്കുരവയിട്ടത്‌ എന്നു പറഞ്ഞാൽ ഒരു പൊടിയ്ക്ക്‌ അതിശയോക്തിക്ക്‌ വകുപ്പില്ലേന്നു ചോദിക്കാൻ ഒരു വകുപ്പില്ലേന്നൊക്കെ ചോദിച്ചാൽ........!! പോട്ടെ!

അദേദ്‌ സിദ്ധാന്തകൻ? അദന്നെ, എവിടേലും എന്നേലും ഒരു കാര്യം നടന്നിട്ടുണ്ടെങ്കിൽ കണിശമായും ആ നടന്ന കാര്യത്തിന്‌ ഒരു കാരണവും ഭൂതമായിട്ടുണ്ടാവും...അഥാണ്‌!

എന്നു വെച്ചാൽ എനിക്കുമുന്നേ ഗമിച്ച നാടൻ സീയ്യേഡി സഗാക്കളെല്ലാം കുഞ്ഞിക്കാദറിന്റെ മരണം കേന്ദ്രവും ബിന്ദുവുമൊക്കെയാക്കി കുറ്റിയടിച്ച്‌ കറങ്ങി കറങ്ങി ഒടുക്കം കിറുങ്ങി വീണപ്പോൾ, ഈ ചരിത്രാഖ്യായികയ്ക്ക്‌ കോപ്പും തേടിയിറങ്ങിയ ചരിത്രകാരന്റെ മനസ്സിന്റെ ഏകാഗ്രതയെ നിരന്തരമായി മഥിച്ചുകൊണ്ടിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.

കറുത്തവാവും വെള്ളിയാഴ്ചയും ഒട്ടിച്ചേർന്ന് കെട്ടിപ്പിടിച്ചുകിടന്ന ആ പാതിരാവിൽ, സഹനടീ നടന്മാരായി വർത്തിച്ച മറ്റു നാലുപേർക്കും മേലെപുത്തലംവീടെന്ന അധികാരി ഭവനമായ രംഗഭൂവിൽ ഒരുമിച്ചു കൂട്ടപ്പെടുവാൻ പ്രേരകശക്തിയായി നിലകൊണ്ട ശക്തവും ദൃഡവും, നാലാൾ കേട്ടാൽ കുറ്റം പറയാനില്ലാത്തതുമായ കാരണങ്ങൾ ഉണ്ടായിരുന്നു!

കള്ളൻ ചാത്തൂട്ടിക്ക്‌ ഒത്താലൊന്ന് കക്കാം എന്ന സിമ്പിൾ ആൻഡ്‌ ഹിഡൺ അജൻഡ! ക്രിസ്മസ്ഭാസ്കരനോ, രണ്ടാം ലോകമഹായുദ്ധം പൊടുന്നനെ നിന്നുപോയതും നാഗസാക്കിയിലും ഹിരോഷിമയിലും വീണ അണുബോംബുകളുടെ മാരകപ്രഹരശേഷിയും തമ്മിൽ വല്ല അവിശുദ്ധ ബന്ധവുമുണ്ടോ എന്ന വിഷയത്തെക്കുറിച്ച്‌, അധികാരിയുടെ വാല്യക്കാരി കുമാരി തങ്കമണിയുമായി അന്നേദിവസം നടുപ്പാതിരായ്ക്ക്‌ ഉരൽപ്പുരയുടെ പരുത്തനിലത്ത്‌ സൗകര്യത്തിൽ ഇരുന്നോ കിടന്നോ ഒക്കെ അത്യഗാധമായി ചർച്ച ചെയ്യാൻ കാലേകൂട്ടി ഷെഡ്യൂൾ ചെയ്ത ലൈവ്‌ പ്രോഗ്രാമും കുമാരി തങ്കമണിക്കാണെങ്കിൽ ചർച്ചകൂടാതെ അതിന്റെ തൽസമയ റെക്കോർഡിംഗും പിന്നെ സമ്പ്രേഷണവും....!

വെടിവഴിപാട്‌ കുഞ്ഞിരാമർക്കാണെലോ....?"ചക്കൊളത്താറാട്ടല്ലേ വരണത്‌,അന്നേദിവസം നാടകം കഴിഞ്ഞാൽ നാടകനടിയെ ഓടിച്ച്‌ പിടിച്ച്‌ കമ്പക്‌കെട്ട്‌ നടത്താൻ പാകത്തിന്‌ കയ്യിലിരിപ്പുള്ള വെടിമരുന്നിന്‌ പഴയവീര്യം ഇപ്പഴുമുണ്ടോന്നറിയേണ്ടുന്നതിലേക്കായി ഒരു ചെറുപെൻസിൽ വാണം കത്തിച്ചുനോക്കാൻ സ്വന്തം വാല്യക്കാരി കുമാരി തങ്കമണിക്ക്‌ ഒരു കൈ സഹായം തരാൻ പറ്റുമോന്നറിയണമല്ലോ" എന്ന കളങ്കലേശം തീണ്ടാത്ത ഒരത്യാഗ്രഹവും! (കുറ്റം പറയാൻ പറ്റ്വോ? ഹേയ്‌!)

അങ്ങിനെ ആകെ മൊത്തം ടോട്ടൽ നോക്കുമ്പോ ഉത്തരം കിട്ടേണ്ടുന്ന ആദ്യ ചോദ്യം.......

അന്തിക്കള്ളിനു പിമ്പിരിയായി ശനിയും ശുക്രനും ഉടുമുണ്ടഴിച്ചു തലപ്പാവാക്കി ഡപ്പാം കുത്താടിയ ആ കരാളരാത്രിയിൽ സ്വന്തം ജീവിതത്തിന്റെ കട്ടേം പടോം മടക്കി കിണറ്റിലിടാൻ പാകത്തിന്‌ കുഞ്ഞിക്കാദർ അധികാരീ മാളിക നിലകൊള്ളുന്ന മേലെപുത്തലം വീട്ടിൽ എന്തിനു വന്നു?

ഈ ഒരു ചോദ്യത്തിലും അതിന്റെ ഉത്തരയിലുമാണ്‌ ഇക്കണ്ട മായയുടെയും മറിയയുടെയുമെല്ലാം രഹസ്യങ്ങളുടെ ആ താക്കോൽ കിടക്കുന്നത്‌ എന്ന വെളിപാടിൽ ഈ വിനീത ചരിത്രകാരൻ മൊത്തം പന്തലായിനി ഇളക്കിമറിച്ചു നടത്തിയ ഗവേഷണം ഒടുക്കം ആ രഹസ്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്തു!

അതായിരുന്നു കുഞ്ഞിക്കാദറിനെ നാലാളറിയുന്ന, പരദൂഷണത്തിന്റെയും പാരവെയ്പ്പിന്റെയും ഈരേഴു പതിനാലു കളരിക്കും തലമൂത്ത കുരിക്കളായ കലികാല നാരദനാക്കി മാറ്റിക്കളഞ്ഞ അ ബയോളജിക്കൽ ഡിസോഡർ അഥവാ ജീവശാസ്ത്രപരമായ.......ആ അതന്നെ!

അങ്ങിനെയിരിക്കുന്നതായിട്ടുള്ള ഒരു തണുത്ത കൊച്ചു വെളുപ്പാൻ കാലത്ത്‌, പന്തലായിനിയുടെ സ്വന്തം തെറ്റ്യേടത്ത്‌ വിശാലം,ആണുങ്ങളായ ആണുങ്ങളിലെല്ലാം കണിശമായും ഉണ്ടായിരിക്കും എന്നവൾ സ്വന്തം പരീക്ഷണശാലയിലെ ദീർഘകാല പരീക്ഷണ നിരീക്ഷണങ്ങളാൽ അടിവരയിട്ടുറപ്പിച്ചിരുന്ന ഏതാനും ചില സാധനങ്ങൾ നിനച്ചിരിക്കാത്ത നേരത്ത്‌ കുഞ്ഞിക്കാദറിൽ കാണാതെ വന്നപ്പോഴുണ്ടായ ഹിമാലയൻ ഞെട്ടലിന്റെ ആഘാതത്തിൽ മൂടും കുത്തിവീണ്‌ നിർബോധബുദ്ധയായിപ്പോവുകയും തദ്വാരാ അന്തിമയങ്ങിയാൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയ പന്തലായിനിയിലെ വോട്ടർമാർ ആ ഒരവകാശം ഉപായത്തിലൊന്ന് തരാക്കാൻ തലയിൽ മുണ്ടുമിട്ട്‌ നെല്ല്യാടിക്കടവ്‌ കടക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ കുറഞ്ഞകാലത്തേക്കെങ്കിലും സംജാതമാക്കിയ ആ ഒരു മാൽ ഫങ്ങ്ഷന്റെ കാര്യമല്ല പറഞ്ഞുവരുന്നത്‌!

പിന്നെയോ..........!

കുഞ്ഞിക്കാദറിന്‌ ഉറക്കമുണ്ടായിരുന്നില്ല!

ഒന്നു നാണം മറയ്ക്കാൻ പോലും മിനക്കെടാതെ, ഒരു മുന്നറിയിപ്പുപോലും തരാതെ ഒരു ഇടിത്തീ കണക്ക്‌ തന്നെയും കൂട്ടി അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റിലെ വെള്ളത്തിന്റെ വില്ലീസു പടുത വകഞ്ഞു മാറ്റി അങ്ങഗാധതയിലേക്ക്‌ ഒരു മുങ്ങാങ്കോഴികണക്ക്‌ ഊളിയിട്ട്‌ പോയ മരണത്തിനൊപ്പം പോകുമ്പോൾ കുഞ്ഞിക്കാദർ ഉറങ്ങിയിട്ട്‌ നാലുവർഷങ്ങളും ഒൻപത്‌ മാസങ്ങളും ഇരുപത്തേഴ്‌ ദിനരാത്രങ്ങളും കടന്നുപോയി കഴിഞ്ഞിരുന്നു! (ഒ.വി. വിജയനോ....അതാരാണ്‌ സർ?)

അകലാപ്പുഴയുടെ അങ്ങേക്കരയിൽ ഉറങ്ങിയുണർന്ന്, ഈ പന്തലായിനിയെ മൊത്തമൊന്ന് വലം വെച്ച്‌ കുഞ്ഞായിൻ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കൊപ്പം പാറപ്പള്ളിക്കുന്നിന്റെ ചെരിവിറങ്ങി അറബിക്കടലിന്റെ അഗാധതയിൽ മുങ്ങിമറയുന്ന സാക്ഷാൽ ശ്രീമാൻ സൂര്യയ്ക്ക്‌ പിറകിൽ പന്തലായിനി ദേശം മുഴുവനും ഇരുളിന്റെ കരിമ്പടവും പുതച്ച്‌ ഉറങ്ങാൻ തുടങ്ങിയാൽ, പത്തരയുടെ ഗുഡ്സും വണ്ടി മരളൂരമ്പലത്തിലെ ആൽമരവാസികളായ കാക്കക്കൂട്ടങ്ങളെ ഒന്നു വിറപ്പിച്ചുണർത്തി ഇരമ്പിക്കുതിച്ച്‌ വെള്ളറക്കാട്‌ വളവും കഴിഞ്ഞ്‌ പോയാൽപിന്നെ ബാക്കിയാവുന്ന ഭയങ്കരമായ നിശ്ശബ്ദതയ്ക്കൊപ്പം, പനിച്ചിക്കുന്നിന്റെ പള്ളയിൽ തന്റെ കൊച്ചു കൂരയിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിനു കൂട്ടായി കുഞ്ഞിക്കാദറും ഉറങ്ങാതിരിക്കുന്നുണ്ടാവും. പന്തലായിനി ലെവൽക്രോസ്സിൽ, സിഗ്നൽ വിളക്കിന്റെ ചില്ല് ചുവപ്പിലേക്ക്‌ തിരിച്ചുവെച്ച്‌, പാളങ്ങൾക്കിരുവശമുള്ള ഇരുമ്പുകാലുകളിൽ ചങ്ങലയിട്ട്‌ പൂട്ടി, ഗേറ്റ്മാൻ രാഘവേട്ടനും പോയിക്കഴിഞ്ഞാൽ കുഞ്ഞിക്കാദർ പതിയെ എഴുനേൽക്കും.

പിന്നെ, വർഷങ്ങളായി തുടരുന്ന നിശാടനത്തിന്റെ അടയാളപ്പെരുക്കങ്ങൾ പോലെ നിറയെ തുളവീണ മലേഷ്യൻ കമ്പിളി ചുമൽ വഴിയേ പുതച്ച്‌, ഇരുളിന്റെ ഗർഭഗൃഹങ്ങളിലേക്ക്‌ പനിച്ചിക്കുന്നിറങ്ങി നടക്കാൻ തുടങ്ങും കുഞ്ഞിക്കാദർ.

ആറാട്ട്‌ കണ്ടത്തിന്റെ നടവഴിയിലൂടെ കോട്ടേലമ്പലത്തിനെ വലംവെച്ചിറങ്ങി, റെയിൽപ്പാത മുറിച്ചു കടന്ന്, പാറപ്പള്ളിക്കുന്നിനങ്ങേപ്പുറത്ത്‌ അറബിക്കടലിന്റെ തീരംവരെ നീളുന്ന ഈ നൈറ്റ്‌ പട്രോളിംഗിനിടയിലാണ്‌, രാവുറങ്ങിയുണർന്നാൽ പിറ്റേന്ന് സ്വന്തം ചായപ്പീടികയിൽ ചൂട്‌ ചായക്കൊപ്പം കടിയായിക്കൊടുക്കേണ്ടുന്ന പന്തലായിനിയുടെ പാതിരാക്കാഴ്ചകളുടെ ചിത്രപ്പൂട്ടുകൾ ഒന്നൊന്നായി കുഞ്ഞിക്കാദറിനു മുന്നിൽ തുറന്നു കിട്ടുന്നത്‌!

മോന്തി കനത്താൽ ചിലപ്പോൾ ചെറ്റപ്പുരയുടെ ഓലദ്രവിച്ച ദ്വാരങ്ങളിലൂടെ കാണുന്ന മായക്കണ്ണുകളായും, കിടപ്പറക്കിളിവാതിലിനു ചുവട്ടിലെ നിഗൂഡ കാൽപെരുമാറ്റങ്ങളായും, മറപ്പുരയ്ക്കടുത്ത മാവിൻ കൊമ്പിലെ ഇളക്കങ്ങളായും, അട്ക്കളമുറ്റത്തെ പേടിപ്പെടുത്തുന്ന നിഴൽ രൂപങ്ങളായുമൊക്കെ പലതവണ പന്തലായിനിക്കാർ കുഞ്ഞിക്കാദറിനെ കണ്ടിട്ടുണ്ടെങ്കിലും, അതിധീരന്മാരായ ഞങ്ങൾ പന്തലായിനിക്കാരുടെ അസാമാന്യ ധൈര്യം കാരണം ഇതുവരെ പ്രസ്തുത വെളിച്ചപ്പെടലുകളെല്ലാം ഷാര്യാവമ്പലത്തിലെ കുട്ടിച്ചാത്ത ഗണങ്ങളുടെ പിരടിക്ക്‌ വെച്ചു കെട്ടി സമാധാനിക്കുകയായിരുന്നു ഇന്നാട്ടുകാർ.

അല്ലെങ്കിലെങ്ങിനെ നാലകം വീട്ടിൽ അദ്രുമാനാജിത്തങ്ങൾക്ക്‌ സ്വന്തം മൂന്നാം കെട്ടിന്റന്നത്തെ ആദ്യരാത്രിക്ക്‌ പുതിയേണ്ണ് ഹൂറി കുഞ്ഞിപ്പാത്തുമ്മാനെ മണിയറക്കട്ടിലിൽ മുഴ്വോനും കണ്ടപ്പോ പറ്റിയ ആ ഭയങ്കര പറ്റ്‌, പിറ്റേന്ന് അവ്വൽ സുബഹിക്ക്‌ തങ്ങളുണരും മുന്നേ ഞങ്ങൾ ദേശക്കാരറിഞ്ഞു....?

അതേ സേം കുഞ്ഞിപ്പാത്തുമ്മാനെ ഒപ്പനയും ദഫ്‌ മുട്ടും പിന്നെ പ്പിന്നെ കുച്ചിപ്പുടിയും തിരുവാതിരയുമൊക്കെ പഠിപ്പിക്കാൻ പാതിരാക്കോഴി കൂവിയതിനു ശേഷം മാത്രം നാലകം വീട്ടിലെ വടക്കേ മാളികയിലെത്തുന്ന കൊമ്പൻബാലന്റെ ചരിതങ്ങൾ അങ്ങേരറിയാതെ ഞങ്ങൾ ദേശവാസികൾ പാടിനടന്നതും, ചെത്തുകാരൻ കുഞ്ഞാപ്പു സ്വന്തം കെട്ട്യോൾ മിസ്‌ ദാക്ഷായണീ കുഞ്ഞാപ്പുവിന്റെ ഒരിക്കലും മാറാത്ത മൂത്രക്കടച്ചിലിന്‌, കുഞ്ഞീഷ്ണൻ വൈദ്യർ കുറിപ്പടിച്ചതിൻ പ്രകാരം വയൽ ചുള്ളിയും ഞെരിഞ്ഞിൽ മുള്ളും കറുകപ്പുല്ലും തൊട്ടാവാടിയും,ആടലോടകവും സമംചേർത്തരച്ച്‌ ഗോമൂത്രത്തിൽ പച്ചയ്ക്ക്‌ കലക്കി സേവിക്കാൻ കൊടുത്തിട്ടും നാളിതുവരെ പ്രസ്തുത കടച്ചിൽ ഹേതുവാക്കി, അന്തി മയങ്ങിയാൽ പിന്നെ നാഴികയ്ക്ക്‌ അറുപത്‌ (അതോ നാൽപതോ?) വട്ടം മറപ്പുരയിലേക്കോടുന്നത്‌ നിർത്താൻ പറ്റാഞ്ഞതിന്റെ രഹസ്യം, മറപ്പുരയ്ക്കകത്ത്‌ ഒന്നായ ദാക്ഷായണിയെ രണ്ടായിക്കണ്ടൊരിണ്ടൽ കുഞ്ഞിക്കാദറിനുണ്ടായതാണെന്നും ഈ ചരിത്ര ഗവേഷണം യാതൊരു വിധ ശങ്കയ്ക്കും സ്പേസില്ലാത്ത വിധം അസന്നിഗ്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. (ഈ രണ്ടാമത്തെ രൂപം, മേലേകൊപ്പത്ത്‌ കൃഷ്ണക്കുറുപ്പോ അതോ സാക്ഷാൽ വഴിപാട്‌ വെടി കുഞ്ഞിരാമനധികാരിയോ എന്ന തർക്കത്തിനു പക്ഷേ നാളിതുവരെ തീർപ്പുണ്ടായിട്ടില്ല എന്നതും ഇത്തരുണത്തിൽ പ്രസ്താവനായോഗ്യമാണ്‌! ച.കാ.)

സൈറ്റ്‌ മീറ്ററും സ്റ്റാറ്റ്‌ കൗണ്ടറുമൊക്കെ ബ്ലോഗ്‌ ജനാലയുടെ താഴെ പറ്റിപ്പിടിച്ചിരിക്കുന്ന ഹിറ്റ്‌ മീറ്ററും കൗണ്ടറും ലൈവ്‌ ട്രാഫിക്‌ ഫീഡുമൊക്കെ കണ്ടുപിടിക്കുന്നതിനും പതിറ്റാണ്ടുകൾക്ക്‌ മുന്നേ, അതിരാവിലെ സ്വന്തം ചായപ്പീടികയിലൊത്തുകൂടുന്ന ദേശീയ വെടിവട്ടക്കാർക്ക്‌, തലേ രാത്രി തെറ്റ്യേടത്ത്‌ വിശാലത്തിന്റെ വീട്ടിൽ ബ്രൗസ്‌ ചെയ്യാനെത്തിയ സന്ദർശകരുടെ പേര്‌, ഇനം, പ്രായം, ജാതി, സമയം തിരിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ടുകൾ വാട്ടിയ വാഴയിലയിൽ കുത്തിയിടുന്ന ആവി പറക്കുന്ന അരിപ്പുട്ടിനു കൂട്ടാനൊരു കടലക്കറിയായി കുഞ്ഞിക്കാദർ ദിനേന കൊടുത്തുവന്നിരുന്നു എന്നറിയുമ്പോഴോ?

മാത്രമോ, ആധുനിക വർമ്മമാരും, അഖിലലോക മലയാളം ബ്ലോഗ്‌ പോലീസുകാരും തനിക്ക്‌ തൃണ സമാനമാണെന്ന് ഉച്ചൈസ്ഥരം പ്രസ്താവിച്ചുകൊണ്ട്‌, മേപ്പടി പാതിരാ ബ്രൗസന്മാരുടെ 'ഐപ്പി'യുടെ ഇനവും തരവും തഞ്ചവും കണ്ടു പിടിച്ച്‌ പ്രസ്തുതന്മാരൊക്കെ ഏതേതുനാട്ടുകാരാണെന്നും, ഏതേതു ലിങ്കുകളിൽ ഞെക്കിയാണ്‌, ഏതേതു അഗ്രഗേറ്റർ, അല്ലെങ്കിൽ വായനാലിസ്റ്റ്‌ വഴിയാണ്‌ ലവന്മാരെല്ലാം ഈ യൂസർനേമും പാസ്‌വേർഡും വേണ്ടാത്ത സൈറ്റ്‌ വിസിറ്റ്‌ ചെയ്തതെന്നും,ഈ പ്രത്യേക പേജിൽ ഏതൊക്കെ ലിങ്കുകളിൽ കയറി ക്ലിക്കന്മാർ കസർത്തു കളിച്ചിട്ടൂണ്ടെന്നും, ഒടുക്കം എക്സിറ്റടിക്കാൻ ആ പേജ്‌ തന്നെ ക്ലോസ്‌ ചെയ്തതാണോ അതോ എതേലും അനാവശ്യ ലിങ്കുകളിൽ കയറി ഞെക്കി ഞെക്കി അറിയാണ്ടെ സ്കൂട്ടായിപ്പോയതാണോ, ഇതൊന്നുമല്ല ഒപെറേറ്റിംഗ്‌ സിസ്റ്റം തന്നെ ഹാങ്ങ്‌ ആയിപ്പോയതാണോ എന്നൊക്കെയുള്ള അതി സൂക്ഷ്മ വിവരങ്ങൾ തുടങ്ങി പുരാന്തർഭാഗം വേക്കന്റ്‌ ആണെന്നറിയിക്കാൻ കുമാരി വിശാലം ഉമ്മറത്ത്‌ കത്തിച്ചു വെക്കുന്ന തകരവിളക്ക്‌ ചിലപ്പോ കാറ്റത്തണഞ്ഞ്‌ പോയാൽ പലപ്പോഴും ആ പാതിയിരുട്ടിൽ സംഭവിച്ചുപോവുന്ന കാത്തിരിക്കുന്നവനും കാര്യം കാണുന്നവനും തമ്മിലുള്ള ഏതാനും ചില ആശയക്കുഴപ്പങ്ങളുടെ സ്റ്റ്രീമിംഗ്‌ വീഡിയോ വരെ കുഞ്ഞിക്കാദേർസ്‌ പരദൂഷണം പോർട്ടലിൽ വാല്യൂ ആഡഡ്‌ ഫ്രീ സർവ്വീസ്‌ ആയി നാട്ടുകാർക്ക്‌ ലഭിച്ചിരുന്നു എന്നതും ഒരു ചരിത്ര വസ്തുത തന്നെയാവുന്നു.

(കൂട്ടത്തിൽ, ഇന്നത്തെപോലെ ആന്റി വൈറസ്‌ സോഫ്റ്റ്‌ വേറുകൾ ലഭ്യമല്ലാതിരുന്ന അക്കാലത്ത്‌ വൈറസടിച്ചു പടമായിപ്പോയ കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു ഡാറ്റാബേസ്‌ വേറെയും കുഞ്ഞിക്കാദർ സൂക്ഷിച്ചിരുന്നു എന്ന തെളിവുകളില്ലാത്ത ഒരു നിരീക്ഷണവും പന്തലായിനിയിൽ പ്രചാരത്തിലുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.! ച.കാ)

അങ്ങിനെയങ്ങിനെ എണ്ണിപ്പറഞ്ഞു തുടങ്ങിയാൽ വിലാസിനി (അമ്മാളല്ല) യുടെ അവകാശികളുടെ വാല്യങ്ങളുടെ എണ്ണത്തിലും നിൽക്കാത്തത്രയും (കു)ചരിതങ്ങൾ രചിച്ച, ഒരു പക്ഷേ ജീവിച്ചിരുന്നുവെങ്കിൽ 'അഖില ബ്രഹ്മാണ്ഡ മഹാവീര കുത്തിത്തിരിപ്പ്‌ പാരാ വീര പരം ചക്രം' ബഹുമതിയായി കൊടുത്ത്‌, താമസം വിനാ ഞങ്ങൾ പന്തലായിനിക്കാർ തച്ചു കൊന്ന് ഇടിച്ചു പൊടിയാക്കി അറബിക്കടലിൽ കലക്കുമായിരുന്ന മഹാശയൻ കുഞ്ഞിക്കാദർ ഇവ്വിദം നാലാളറിയാതെയുള്ളൊരു നാണം കെട്ട മരണത്തിനു കീഴടങ്ങിയ ആ കറുത്തവാവിന്റന്നു വെള്ളിയാഴ്ച പാതിരാത്രിയിൽ മേലെപുത്തലം വീട്ടിൽ കുഞ്ഞിരാമനധികാരിയുടെ മാളികയിലും ചുറ്റുവട്ടത്തുമായി നടന്ന സംഭവവികാസങ്ങൾ സാക്ഷി മൊഴികളുടെയും, സാഹചര്യത്തെളിവുകളുടെയും, നിരീക്ഷണം കം നിഗമനങ്ങളുടെയും പിന്നെ ഏതാനും ചില കേട്ടു കേഴ്‌വികളുടെയും അടിസ്ഥാനത്തിൽ ഒന്നു പുന:സൃഷ്ടിക്കാൻ ഈ വിനീത ചരിത്രകാരൻ നടത്തിയ വൃഥാവ്യായാമങ്ങളുടെ ആകെ മൊത്തം പുറവരവ്‌ അഥവാ ഔട്കം ആണ്‌ തുടർന്ന് ഈ ഗവേഷണപ്പാഴ്പ്രബന്ധത്തിൽ പ്രസ്താവിക്കാൻ ഉദ്ദേശിക്കുന്നത്‌.

ആയതിനെ ചരിത്രകാരൻ ഇപ്പോൾ അനുഭവിച്ചുവരുന്ന അതിഭീകരമായ ആശയദാരിദ്ര്യം മുൻ നിർത്തി, ചരിത്രാഖ്യായികളൂടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തിൻ പുറത്ത്‌ അടുത്ത അദ്ധ്യായത്തിലാകാം എന്ന് നിരീച്ച്‌ തൽക്കാലം ഇബ്ടെ നിൽപ്പനടിക്കുന്നു. (ഷോഡ ആവശ്യത്തിനു ചേർത്തിട്ടുണ്ട്‌). പ്രസ്തുതനായ അദ്ധ്യായം ഇനിയെങ്ങാനും ഏതേലും വർമ്മയെങ്ങാനും വന്ന് എന്റെ ഐപ്പിയിൽ കയറിപ്പിടിച്ചാലുണ്ടാവുന്ന ആ ഒര്‌ ഒര്‌ ഇതുണ്ടല്ലോ...? ഇൻസ്പിരേഷൻ..!അതെങ്ങാനും വന്നാലോ അല്ലേൽ അതുമൂലമുണ്ടായേക്കാവുന്ന ആശയ ഗർഭൻ പത്തും തേഞ്ഞ്‌ പെറ്റാലോ പോസ്റ്റുന്നതായിരിക്കും എന്നേ എനിക്കിപ്പ പറയാൻ പറ്റൂ........!!!!!

(തുടരും....അതൊറപ്പാ!!!)

7 comments:

magnifier said...

ആയതിനെ ചരിത്രകാരൻ ഇപ്പോൾ അനുഭവിച്ചുവരുന്ന അതിഭീകരമായ ആശയദാരിദ്ര്യം മുൻ നിർത്തി, ചരിത്രാഖ്യായികളൂടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തിൻ പുറത്ത്‌ അടുത്ത അദ്ധ്യായത്തിലാകാം എന്ന് നിരീച്ച്‌ തൽക്കാലം ഇബ്ടെ നിൽപ്പനടിക്കുന്നു. (ഷോഡ ആവശ്യത്തിനു ചേർത്തിട്ടുണ്ട്‌). പ്രസ്തുതനായ അദ്ധ്യായം ഇനിയെങ്ങാനും ഏതേലും വർമ്മയെങ്ങാനും വന്ന് എന്റെ ഐപ്പിയിൽ കയറിപ്പിടിച്ചാലുണ്ടാവുന്ന ആ ഒര്‌ ഒര്‌ ഇതുണ്ടല്ലോ...? ഇൻസ്പിരേഷൻ..!അതെങ്ങാനും വന്നാലോ അല്ലേൽ അതുമൂലമുണ്ടായേക്കാവുന്ന ആശയ ഗർഭൻ പത്തും തേഞ്ഞ്‌ പെറ്റാലോ പോസ്റ്റുന്നതായിരിക്കും എന്നേ എനിക്കിപ്പ പറയാൻ പറ്റൂ........!!!!!

Mr. K# said...

തൊടരും അതോറപ്പാ, പക്ഷേന്കി എപ്പൊ തൊടരും എന്നതാണ്‌ സംശയം. :-) സംഭവങ്ങളൊക്കെ ഓര്ത്തെടുക്കാന്‍ എനിക്കും ലിന്കില്‍ ക്ലിക്കി നോക്കേണ്ടി വന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇനി അടുത്ത കൊല്ലം സെപ്തംബറില്‍ ഈ വഴി വരാം തുടരുമല്ലോ? സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ലിങ്കില്‍ അടുത്ത കൊല്ലം ക്ലിക്കാം ഒരുമിച്ച് വായിക്കാലോ?

Anonymous said...

nice to see u back


Sunil

R. said...

ശെരിക്കും, ആരാ ഈ ഓവീ വിജയന്‍? ;-)


തൊടര്‍ന്നില്ലെന്കി, മാഗ്നിയേ; തന്നെ ഞങ്ങളു തച്ചു കൊല്ലും. കട്ടായം!

ഓഫ്: ഈ പരിസരത്തു തന്നെ വളരെ സജീവമായുണ്ടായിരുന്നെന്ന് മനസ്സിലായി. എന്നാപ്പിന്നെ ഇടക്കിടക്ക് ഓരോന്ന് കാച്ചിക്കൂടിഷ്ടാ?

[അടുത്ത പോസ്റ്റിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നു.]

Santosh said...

Ho avasanam vannulle????

Pls dont wait for one and half year for the next part...

Anonymous said...

ippo ezhuthaarille?
you are too talented to be wasted

cheerios!