Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.