Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.

Tuesday, November 28, 2006

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.