Saturday, January 20, 2007

ഒരു ഗണിതശാസ്ത്ര സിദ്ധാന്തവും അനന്തര ഫലങ്ങളും!

നല്ല സുന്ദരന്‍ തെറി! കേള്‍ക്കുന്നവന്‌ കോയ്ക്കോട്ടെ പാളയം മാര്‍കറ്റിനു മുന്നിലെ ഓടയില്‍ പിതൃതര്‍പ്പണം നടത്തിക്കയറിയ ഒരു ഇന്ദ്രിയാനുഭൂതി കിട്ടുന്നതരം നല്ല സൊയമ്പന്‍ കുമാരസംഭവം! പക്ഷേ വരുന്നത്‌ കാകളിയിലും കേകയിലും കളകാഞ്ചിയിലും മഞ്ജരിയിലും ഒന്നു കടുപ്പിച്ചാല്‍ പിന്നെ ഉപേന്ദ്രവജ്രയിലും ശാര്‍ദ്ദൂല മത്തേഭവിക്രീഡിതങ്ങളിലും ഒക്കെയാണെങ്കിലോ? അതും നല്ല മണി മണി പോലത്തെ അസംസ്‌കൃത മണിപ്രവാള ഭാഷാ പ്രയോഗങ്ങാളാല്‍ പോഷകസമ്പുഷ്ടസമൃദ്ധമായത്‌! പറയുന്നത്‌ മായും കായും പൂവും ഒക്കെ തരാതരം ചേരുവകളാക്കിയ മന:സാന്നിദ്ധ്യ ക്ഷമാ വര്‍ധിനീ കഷായത്തിന്റെ കുറിപ്പടിയാണെങ്കിലും കേള്‍ക്കുന്നവനും കിട്ടും നല്ല സ്കോച്ച്‌വിസ്കിയില്‍ കാളമൂത്രം ചേര്‍ത്തു കുടിച്ച ഒരു സുഖം! (സാമ്പിള്‍വെടിക്കെട്ടായി രണ്ട്‌ നെടിയമിട്ടും ഒരു നിലയമിട്ടും ഒപ്പം ഒരു കുഴിമിന്നീം കൂടെ പൊട്ടിക്കണംന്നുണ്ടായിരുന്നു....ഹാ കേള്‍ക്കാന്‍ നിങ്ങള്‍ക്കു യോഗം വേണ്ടേ)

അപ്പോള്‍ അരത്തൂങ്ങിനായരെ പരിചയാക്കാം അല്ലേ? ഒറ്റവാചകത്തില്‍ സോഡയൊഴിച്ചാല്‍ കൊങ്ങന്‍കോഴിക്ക്‌ കണ്ണട ഫിറ്റു ചെയ്തരൂപം എന്നു പറയാം. (ഈ കഴുത്തില്‍ പൂടയില്ലാത്ത കോഴിയാനില്ലേ...ലവന്‍) ഇനി ഓണ്‍ ദ്‌ റോക്സില്‍ പെരുക്കിയാല്‍ ഷാമ്പെയിന്‍ കുപ്പിക്കു മുകളില്‍ ചെറുനാരങ്ങ കുത്തിവെച്ച കോലം എന്നുമാവാം. അരയ്ക്കു താഴോട്ടും തോളിനുമുകളിലേക്കും മാത്രം മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരന്‍. നടുഭാഗം വയറിന്റെ രൂപത്തില്‍ മുന്നോട്ടും അതിനു ബാലന്‍സ്‌ ചെയ്തു നിര്‍ത്തുവാനെന്നവണ്ണം മുതുകിന്റെ ഭാഗം ഒരല്‍പം പിറകോട്ടും ഉന്തിനില്‍ക്കുന്നു. കഞ്ഞിപ്പശ ചേര്‍ത്തു വടിയാക്കിയ തൂവെള്ള ഖദര്‍ വേഷം. ഷര്‍ട്ടിന്റെ കോളറില്‍, കുഞ്ഞിക്കൂനിനു ഒരു താങ്ങെന്നോണം എപ്പോഴും ഞാത്തിയിട്ടിരിക്കുന്ന നരച്ച കാലന്‍കുട. ഉച്ചിക്കഷണ്ടി. ഇത്രയുമായാല്‍ ഏതാണ്ട്‌ അരത്തൂങ്ങി എന്ന കുഞ്ഞിക്കണ്ണന്‍ നായരായി. അതേ ഏതാണ്ട്‌ എന്നേ പറഞ്ഞുള്ളൂ. മുഴുവനാവണമെങ്കില്‍ നടുവില്‍ മൂന്നാലു നിരപ്പലക തുറന്നുവെച്ച മുറുക്കാന്‍ കടപോലുള്ള ആ വായൊന്ന്‌ തുറക്കണം. ആ ഹഹ...മകാരം മാത്യുവിന്റെ മകാര മഹാനിഘണ്ടുവില്‍ മുങ്ങിത്തപ്പിയാലും മണക്കാന്‍ കിട്ടാത്ത മഹാ മാകാര വാക്കുകളില്‍ തുടങ്ങി മലയാളത്തിലെ ചില്ലും "ഋ" വും ഒഴികെ മിച്ചമക്ഷരങ്ങളിലെല്ലാം തുടങ്ങുന്ന അസംസ്കൃത ശ്ലോകങ്ങള്‍ പയറുതിന്ന പശു ചാണകമിടും പോലെ അനര്‍ഗ്ഗള നിര്‍ഗ്ഗളം നിര്‍ഗ്ഗമിച്ചുകൊണ്ടേയിരിക്കുന്ന പന്തലായിനീസ്‌ ഓണ്‍ എഫ്‌ എം.... !

കുറ്റം പറയരുതല്ലോ.....കടപ്പൊറം മുതല്‍ നാഷണല്‍ ഹൈവേ വരെയുള്ള സകലമാന വീടുകളിലേയും ആബാലവൃദ്ധം കുടികിടപ്പുകാരെ, ഗകാരാകൃതിയില്‍ വളഞ്ഞുകുത്തി ആസ്വദിച്ചുള്ള പുലര്‍കാല ഗാഢനിദ്രയില്‍ നിന്നും ഈരേഴുപതിനാലു ലോകങ്ങളിലേയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സില്‍ പ്രാകിക്കൊണ്ട്‌ കുലുക്കിയുണര്‍ത്തുന്ന 'കസല്യാ സുപ്രജാ രാമാ സന്ധ്യാ......സുപ്രഭാതത്തിനെ, കോളാമ്പി മൈക്ക്‌, കോപ്പിലെ പ്രഭാതമാകുന്ന കൃത്യം ശുഭ മുഹൂര്‍ത്തത്തില്‍ അരത്തൂങ്ങി ഉണര്‍ന്നിരിക്കും. ഉണര്‍ന്നാല്‍ ആദ്യകര്‍മ്മം, മെത്തപ്പായില്‍ ഇടതുഭാഗത്ത്‌ ഈ സമയത്ത്‌ ഉണ്ടായിരിക്കണം എന്ന്‌ തനിക്കു നിഷ്കര്‍ഷയുള്ള വാമകല്യാണി സൗഭാഗ്യവതി കൗസല്യാമ്മ അവിടെതന്നെയുണ്ടോ എന്നു തപ്പിനോക്കലാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുതല്‍ ഒരോ അരമണിക്കൂര്‍ ഇടവിട്ടും, ഏത്‌ ബോധമില്ലാ ഉറക്കത്തിനിടയിലും, അങ്ങേര്‍ ചെയ്തു കൊണ്ടേയിരിക്കുന്ന ഒരു ഇസെഡ്‌ കാറ്റഗറി സുരക്ഷാ പരിശോധനയുടെ അവസാന റൗണ്ട്‌! ഈ ഒരു സംശയനിവാരണ യജ്ഞത്തിനിടയില്‍ എപ്പോഴെങ്കിലും വല്ല ശങ്കക്കടിപ്പെട്ട ശങ്കരിയായോ മറ്റോ കൗസല്യാമ്മ പായിലില്ലാതെയെങ്ങാന്‍ വന്നുപെട്ടാല്‍ അന്നത്തെ പ്രക്ഷേപണം പ്രഭാതഗീതം പോലുമില്ലാതെ നേരെ സുഭാഷിതത്തിലോട്ടു കയറി സമാരംഭിച്ചു കളയും നായര്‌...... (ഈ ഒരു അര മണിക്കൂര്‍ സൂക്ഷം കണക്ക്‌ അങ്ങേര്‍ക്കാരാണാവോ പറഞ്ഞു കൊടുത്തത്‌?)

തൊണ്ട്‌ കളയാതെ തീയിലിട്ട കശുവണ്ടി സമാനനായ നായരുടെ പായപ്പകുതിയില്‍, കണ്ടാലൊന്ന്‌ തൊടാനും തൊടും മുന്നെ ഒന്നു കൈ കഴുകാനും കണ്ടവര്‍ക്കൊക്കെ ഒരിണ്ടലുണ്ടാക്കുന്ന ശ്രീമതി കൗസല്യാമ്മ എങ്ങിനെ വന്നു പെട്ടു? അതിനുത്തരം തരാന്‍ ഈ ചരിത്രകാരനു കഴിയുമെന്നു തോന്നുന്നില്ല. ഈശരന്‍ വീട്ടില്‍ ദാസന്‍ വൈദ്യര്‍ മന്ദമംഗലം എല്‍.പി.സ്കൂള്‍ സാഘോഷം സമാരംഭിക്കാം എന്നു ചിന്തിക്കുന്നതിനും മുന്നെ നാട്ടില്‍ നടപ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളുടെ ഒരു വയനാടന്‍ വേര്‍ഷനില്‍, കുഞ്ഞുങ്ങളെ, "കിയാം,ഖിയാം..കേറാം ഖേറാം"..എന്നും "കായിഖ ഗായിഖ ങ, ചായിഛ ജായിഝ ഞ" എന്നും ചൊല്ലിപ്പഠിപ്പിച്ചിരുന്ന ഒരു നിലത്തെഴുത്താശാനായിരുന്നു ഈ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.അതെന്തായാലും വയനാടന്‍ കുന്നിറങ്ങി താമരശ്ശേരി വഴി കൊയിലാണ്ടിയിലെത്തിയ കുഞ്ഞിക്കേളപ്പന്റെ കാളവണ്ടിയില്‍ നായര്‍ പന്തലായിനി പിടിക്കുമ്പോള്‍, കൂടെ നാരായംകുഞ്ഞനു പിറകില്‍ കാളിയാട്ടത്തിനെഴുന്നള്ളുന്ന അയ്യപ്പനാനയുടെ പ്രൗഢിയോടെ കസല്യാമ്മയും ഉണ്ടായിരുന്നു എന്നേ ഞങ്ങള്‍ പന്തലായിനിക്കാര്‍ക്കറിയൂ. ഞങ്ങളാല്‍ ചിലര്‍ക്ക്‌ ആ അറിവു തന്നെ ധാരാളമായിരുന്നു താനും....

ഈ വിനീത ചരിത്രകാരന്റെ വീടിനു പിറകില്‍ ഒരു രണ്ടു പറമ്പു മാറി കുഞ്ഞിക്കണ്ണന്‍ നായര്‍ക്കുണ്ടായിരുന്ന ഇടിഞ്ഞുപൊളിഞ്ഞ വീട്‌ നന്നാക്കിയെടുത്ത്‌ കൗസല്യാസമേത വാസം നായര്‍ തുടങ്ങിയതോടെ പന്തലായിനിയുടെ സ്ഥിര ദിനചര്യയില്‍ പൊടുന്നനെ ചില കാതലായ മാറ്റങ്ങള്‍ ഗോചരീഭവിക്കാന്‍ തുടങ്ങി. ചരിത്രകാരന്റെ വീടിനു പിറകില്‍ യുഗാന്തരങ്ങളായി മനുഷ്യപാദങ്ങള്‍ സ്പര്‍ശിക്കാത്തതും, മുള്ള്‌ മുരട്‌ മൂര്‍ഖപ്പാമ്പുകള്‍ നിറഞ്ഞുകിടക്കുന്നതും തദ്വാരാ പൊക്കന്‍ കണാരന്‍ തന്റെ വാറ്റ്‌ അറുപത്തൊമ്പതിന്റെ വെയര്‍ഹൗസ്‌ കം ലോക്കര്‍ റൂം ആയി ഉപയോഗിക്കുന്നതും മാത്രമായ ഇടവഴിയില്‍ നിന്നും ഒരാഴ്ചയ്ക്കകം ആറു പേര്‍ പാമ്പു കടിയേറ്റ്‌ ആശുപത്രിയിലായി എന്നതായിരുന്നു അതില്‍ പ്രധാനമായത്‌!കൗസല്ല്യാമ്മ മുറ്റമറ്റിക്കാന്‍ ചൂലെടുക്കുന്ന പ്രഭാതങ്ങളിലും, ചുമ്മാ കാറ്റുകൊള്ളാന്‍ പുറത്തിരിക്കുന്ന വൈകുന്നേരങ്ങളിലും, നായരുടെ പറമ്പിനതിരിടുന്ന വേലിപ്പടര്‍പ്പിനു മുകളില്‍ ചില പന്തലായിനിക്കാര്‍ അവരുടെ തല മറന്നുവെച്ചു പോകാന്‍ തുടങ്ങിയതും ആയിടക്കാണ്‌. അതു മാത്രമോ, അമ്പലച്ചിറക്കടവില്‍ പെണ്ണുങ്ങളുടെ കടവിനു പിറകില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നൊച്ചിക്കാടുകള്‍ക്കിടയില്‍ ദിവസത്തിന്റെ സിംഹ ഭാഗവും പക്ഷി നിരീക്ഷണത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന പന്തലായിനിയുടെ യുവശാസ്ത്ര സംഘം, തല്‍ക്കാലത്തേക്ക്‌ തങ്ങളുടെ ഗവേഷണമേഖല, പ്രസ്തുത വീടിന്റെ പരിസരത്തേക്കു മാറ്റിയതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു! ("പന്തലായിനിയിലെ ദേശാടനപ്പക്ഷികള്‍" എന്ന വിഷയത്തില്‍ ഗവേഷിച്ച്‌,പ്രബന്ധിച്ച്‌ ഒരു ഡോക്ടറേറ്റ്‌ തരാക്കുക എന്ന ഉദ്ദേശം മാത്രമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന്‌ അവര്‍ തന്നെ പിന്നീട്‌ വിശദീകരണക്കുറിപ്പിറക്കിയിട്ടുണ്ട്‌ - ചരിത്രകാരന്‍.)

ഇന്നാട്ടിലെ സ്ഥായിയായ കാലാവസ്ഥ പരിചയിച്ചിട്ടില്ലാത്ത കൗസല്യാമ്മ ഈ കാലാവസ്ഥാമാറ്റം ശ്രദ്ധിച്ചില്ലെങ്കിലും, പന്തലായിനിയിലെ വെയിലും മഞ്ഞും ഒരു പൊടിക്കൊരു തല്ലും എമ്പാടും കൊണ്ടിട്ടുള്ള കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക്‌ തന്റെ വീട്ടിനുചുറ്റും രൂപപ്പെട്ടു വരുന്ന ഈ ന്യൂനമര്‍ദ്ദം ഏതു ദിശയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എളുപ്പം പ്രവചിക്കാന്‍ കഴിഞ്ഞു!കാലാവസ്ഥ ഗണിച്ച കുഞ്ഞിക്കണ്ണ ഗണികന്‍, പൊടുന്നനെ ആര്യഭട്ട കുഞ്ഞിക്കണ്ണനായി, ഗണിതശാസ്ത്രങ്ങളില്‍ ചില ഗണനഗവേഷണങ്ങള്‍ നടത്താന്‍ തുടങ്ങി! ഉമ്മറത്തെ കാലിളകിയ ബഞ്ചില്‍ കുത്തിയിരുന്ന കുഞ്ഞിക്കണ്ണഭട്ടന്‍, ആദ്യം തന്റെ ബോഡി മാസ്‌ ഇന്‍ഡെക്സ്‌ ഗണിച്ചു കണ്ടുപിടിച്ചു.ഒന്നരക്കൊല്ലം ഡയറ്റിംഗ്‌ നടത്തി കൃശഗാത്രീകുമാരിയായ വടക്കേലെ നിര്‍മ്മലാകുമാരിക്കു പോലുമില്ലല്ലോ ഇത്ര കുറഞ്ഞ ആ ഒരു സംഭവം (ഇന്‍ഡക്സ്‌) എന്നു രോമാഞ്ചകുഞ്ചുകിതനായ ശാസ്ത്രഞ്ജന്‍ നായര്‍ പിന്നെ വാമകൗസല്യയുടെ ശരീരഭാരമാനകം ഗണിച്ചെടുത്തു.തുടര്‍ന്ന്‌ "ച്ഛായ്‌, ലെവള്‍ക്കൊന്നും സൗന്ദര്യ സംരക്ഷണത്തില്‍ ഒരു ശ്രദ്ധയുമില്ല, കണ്‍ട്രി വയനാടന്‍ ഫെലോ"എന്നൊരു കമന്റും പാസ്സാക്കി, ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. തികച്ചും ലളിതമായ ഒരു സിദ്ധാന്ത രൂപീകരണ യജ്ഞം! "ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതിന്റെ അനുമാനങ്ങളും പ്രയോഗങ്ങളും പിന്നെയൊരു വീഴ്ചയും" !! (Relativity Theory of Husband and Wife Body Mass Index: The assumptions,Practicability and Consiquences) എന്ന പ്രബന്ധത്തില്‍ പില്‍ക്കാലത്ത്‌ പ്രചുര പ്രചാരം നേടിയ കുഞ്ഞിക്കണ്ണ സിദ്ധാന്തത്തിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു എന്ന കണ്ടെത്തലിന്റെ ക്രെഡിറ്റും ഇവിടെ ചരിത്രകാരന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്നു!

സംഭവം ഇത്രേയുള്ളൂ. താന്‍ ഗവേഷിച്ചു കണ്ടുപിടിച്ച സൂചകങ്ങളുടെ അനുപാതത്തില്‍ താന്‍ തന്നെ കണ്ടെത്തിയ അജഗജാന്തരവത്യാസം ഹേതുവായി കുഞ്ഞിക്കണ്ണന്‍ നായരുടെ കുഞ്ഞിക്കണ്ണ്‌, നേരെയെടുത്ത്‌ പാത്രത്തില്‍ വെച്ചാല്‍ ഒരു ബുള്‍സ്‌ ഐ ആക്കാം എന്ന പരുവത്തില്‍ തുറിച്ചുവന്നു. അതോടെ ആ പാവം ഗവേഷകണ്ണപ്പന്റെ മനോമുകുരത്തില്‍ "അയ്യപ്പനാനയുടെ പുറത്തിരിക്കുന്ന നാരായം കുഞ്ഞന്‍", പാണ്ടിലോറിക്കടിയില്‍പെട്ട പേക്കന്‍ തവള" തുടങ്ങിയ ഏതാനും ചില ഉപമകള്‍ ഉയിരെടുക്കുകയും, തുടര്‍ന്ന്‌ "അതുകൊണ്ട്‌ തന്നല്ലേ ഇതും" എന്നൊരു ഉത്പ്രേക്ഷക്കടിപ്പെട്ട നായര്‍ ഇരുന്ന ഇരുപ്പിലൊന്ന്‌ ശക്തിയായി ഞെട്ടുകയും ചെയ്തു! ഞെട്ടലിന്റെ ആ ഒരു ശക്തിയില്‍ നായരിരുന്നിരുന്ന ബഞ്ചിന്റെ സ്വതേ ഇളകിയിരുന്ന കാല്‍ ഊരിത്തെറിക്കുകയും, തദ്വാരാ വായുവിലങ്ങിയ (ന്ന്‌ ച്ചാല്‍ വായുവില്‍ വിലങ്ങനെ നിന്ന എന്നര്‍ഥം) നായര്‍ തന്റെ സ്വന്തം മൂക്കിന്മേല്‍, മുറ്റത്ത്‌ സുരക്ഷിതനായി ലാന്‍ഡ്‌ ചെയ്യുകയും ചെയ്തു.

ഏതായാലും മുറിമൂക്കന്‍ നായര്‍ നട്ടുച്ചയ്ക്ക്‌ കിടന്ന കിടപ്പില്‍ പതിനഞ്ചാമത്തെ നക്ഷത്രം എണ്ണിയെടുക്കുന്നതിനു മുന്നേ ഓടിയെത്തിയ കസല്യാമ്മ, ചത്ത പെരുച്ചാഴിയെ തൂക്കിയെടുത്ത്‌ കൈത്തോട്ടിലെറിയുന്ന ലാഘവത്തോടെ നക്ഷത്രന്‍നായരെ പൊക്കിയെടുത്ത്‌ ഉമ്മറത്തിണ്ണയിലേക്കിട്ടു. അതോടെ ആ ഗണിതശാസ്ത്രവിശാരദന്റെ മനസ്സില്‍, താന്‍ കണ്ടുപിടിച്ച തിയറിയെക്കുറിച്ച്‌ ഏതാനും ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത്‌ മാറിക്കിട്ടുകയും ചെയ്തു! എന്തായാലും പിന്നീടൊരിക്കലും വിദ്വാന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും സൗഭാഗ്യവതി കസല്യാമ്മയുടെയും ജീവിതം പഴയ പോലെയായിരുന്നില്ല.....(ഈ ഒരു ശുഭദിനം മുതലാണ്‌ പന്തലായിനിയില്‍ കുഞ്ഞിക്കണ്ണന്‍സ്‌ ഓണ്‍ എഫ്‌.എം നിലയം ഇരുപത്തിനാലുമണിക്കൂര്‍ പ്രക്ഷേപണം ആരംഭിച്ചതെന്നും, അന്നു മുതല്‍തന്നെയാണ്‌ സംശയം നായരായി മാറിയ ഭര്‍ത്തൃ കുഞ്ഞിക്കണ്ണന്‍, ഉറക്കപ്പായയില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ഭാര്യയെ തപ്പിനോക്കുന്ന സുരക്ഷാപരിശോധന ആരംഭിച്ചതെന്നും ചില ചരിത്ര ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌)

അങ്ങിനെയിരിക്കേ ഒരു വിളറി മഞ്ഞയായ വൈകുന്നേരം.....! പതിവു പോലെ പൊക്കന്‍ കണാരന്റെ വാറ്റ്‌ അറുപത്തൊമ്പതില്‍ ഏറ്റവും പുതിയ ലോട്ടിന്റെ രാസഗുണ പരിശോധനയും കഴിഞ്ഞ്‌ നായര്‍ വീട്ടിലെത്തുന്നു. വീടണഞ്ഞ നായര്‍ കാണുന്നത്‌, കെ.ജെ.ജോയിയുടെ സിനിമയില്‍ ഷക്കീലാന്റിയിരുന്ന്‌ നിലം തുടയ്ക്കുന്ന പോസില്‍, മുറ്റത്തിരുന്ന്‌ മത്സ്യം വെട്ടിക്കൊണ്ടിരിക്കുന്ന കൗസല്യാമ്മയേയും, പതിവു പോലെ വേലിപ്പടര്‍പ്പില്‍ മറന്നു വെച്ചു പോയ ഏതാനും ചില പന്തലായിനിക്കാരുടെ തലകളുമായിരുന്നു! "ഗര്‍ഭച്ചൊരുക്കുള്ള പെണ്ണിനെ അന്തിക്കള്ളും കുടിപ്പിച്ച പോലെ" എന്തേലുമൊരു കാരണം ആ വഴിക്കെങ്ങാന്‍ പോണുണ്ടൊ എന്നും നോക്കിയിരിക്കുന്ന നായരുടെ സെല്‍ഫ്‌ കണ്ട്രോളിന്റെ സെന്റര്‍ ബോള്‍ട്ട്‌ ആ ഒരു കാഴ്ചയില്‍ ഒടിഞ്ഞു പപ്പടമായി! ഒറ്റയോട്ടത്തിന്‌ കാസല്യാമ്മയുടെ പിന്നിലെത്തിയ നായര്‍, സ്വന്തം ഭാര്യയുടെ നടുപ്പുറത്ത്‌, പെനാല്‍ട്ടി ബോക്സിനു പുറത്ത്‌ വെച്ച്‌ ഡേവിഡ്‌ ബക്കാം ഫ്രീ കിക്കെടുക്കുന്നത്രയും മനോഹരമായി, സര്‍വ ശക്തിയും സംഭരിച്ച്‌ ആഞ്ഞു തൊഴിച്ചു! ആ തൊഴിയുടെ ആഘാതത്തിന്റെ പ്രത്യാഘാതം ഹേതുവായി ഉളുക്കി കോഞ്ഞാട്ട കുത്തിയ സ്വന്തം വലതു കാല്‍ പാദത്തിന്റെ വേദനയെക്കാള്‍ നായരെ പ്രകോപിപ്പിച്ചത്‌, ചുമ്മാ പുറത്തെ പൊടിയൊന്നു തട്ടി ഒന്നും സംഭവിക്കാത്ത പോലെ മീന്‍ വൃത്തിയാക്കല്‍ തുടര്‍ന്ന കസല്യാമ്മയുടെ പ്രതികരണമായിരുന്നു! (സത്യത്തില്‍ ആയമ്മ അങ്ങിനെയൊരു സംഭവം അറിഞ്ഞിട്ടേയുണ്ടാവില്ല എന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു) അതോടെ പട്ടയടിച്ച മങ്കീശങ്കരന്റെ ചന്തിക്ക്‌ വൃശ്ചികന്‍ അഥവാ കരിന്തേള്‍ ദംശിച്ചാലെന്ന ചേലില്‍ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍, ഒരു കിരാതനായര്‍ കത്തി വേഷത്തില്‍ കസല്യാമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷനായി.

"കഞ്ഞിക്കലം ചവിട്ടിപ്പൊളിച്ചു, ഉരുളിയും കിണ്ടിയുമെടുത്ത്‌ കിണറ്റില്‍ മറിച്ചു, അമ്മിക്കല്ലെടുത്ത്‌ കുളത്തിലെറിഞ്ഞു, കുട്ടികളില്ലാത്തത കൊണ്ട്‌ അവരെ തല്ലാന്‍ പറ്റാത്ത അരിശം തീര്‍ക്കാന്‍ പിന്നെ അപ്പുര ചുറ്റും മണ്ടിനടന്നു. മണ്ടലിനിടയില്‍ കിട്ടിയ മുട്ടന്‍ വടികൊണ്ട്‌ കെട്ടിയ പെണ്ണിനെ മടികൂടാതെ ഒരു വീക്കും വെച്ചു കൊടുത്തു, ഇളിച്ചം മൂത്ത നട്ടപ്പിരാന്തന്‍ നായര്‍ കുഞ്ഞിക്കണ്ണനവര്‍കള്‍! അതു പക്ഷേ ക്ഷമാകല്യാണി കസല്യാദേവിയുടെ ക്ഷമാപര്‍വ കാണ്ഡം വായനയുടെ അവസാന വരിയായിരുന്നു എന്ന്‌ കുഞ്ഞിക്കണ്ണന്‍ നായര്‍ ഓര്‍ത്തിരിക്കാനിടയില്ല. ഈറ്റുനോവെടുക്കുന്ന പെണ്‍പാമ്പിനെ കോലെടുത്തു കുത്തിയാലെന്നവണ്ണം ചീറിക്കൊണ്ട്‌, സാരിത്തുമ്പെടുത്ത്‌ അരയില്‍കുത്തി, കയ്യില്‍ മീന്‍ചട്ടിയുമായി ആയമ്മ ഒന്നു വലം തിരിയുന്നതാണ്‌ പിന്നെ കണ്ടത്‌!

"ച്ഛ്‌ലും"

"എന്റമ്മോ......!!"

പിന്നെ നിശ്ശബ്ദത മാത്രം....

ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടുനിന്ന നാട്ടുകാര്‍ക്ക്‌ പോയിട്ട്‌ കൊണ്ടറിഞ്ഞ നായര്‍ക്കു വരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല. ഏതായാലും കഥയുടെ അപ്രതീക്ഷിതമായ ആ വഴിത്തിരിവില്‍ പകച്ച്‌ മരവിച്ച്‌ നിന്നിരുന്ന നായരുടെ കഷണ്ടിത്തലയില്‍ നല്ല മുഴുത്ത ഒരു ചാളമത്സ്യം പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു അന്നേരം! ചുറ്റും ചിതറിയ ചട്ടിക്കഷ്ണങ്ങളും.....!

സ്വന്തം പന്തലായിനിക്കാരുടെ മുന്നില്‍ വെച്ച്‌, സ്വന്തം കെട്ടിയപെണ്ണിന്റെ കയ്യാല്‍ സ്വന്തം ആത്മാഭിമാനത്തിന്റെ നെറുംതലയ്ക്ക്‌ മീന്‍ചട്ടി വെച്ച്‌ നല്ല ഒരൊന്നാന്തരമൊരു വീക്ക്‌ കിട്ടിയതോടെ നായരുടെ മനസ്സ്‌ ആളിക്കത്തുന്ന ഒരഗ്നികുണ്ഡമായി നൊടിയിടയില്‍ പരിണമിച്ചു. പക്ഷേ അങ്കക്കലി മൂത്ത ഉണ്ണിയാര്‍ച്ചയെപ്പോലെ കയ്യില്‍ മീന്‍വെട്ടുന്ന കത്തിയുമായി നില്‍ക്കുന്ന കസല്യാ രൂപം കണ്ടതോടെ, പഴയ "ശരീരഭാരമാനക" സിദ്ധാന്തം നായക്ക്‌ പെട്ടേന്നോര്‍മ്മ വരികയും ആ ഒരോര്‍മ്മ നേരിട്ടുള്ളൊരേറ്റുമുട്ടല്‍ എന്ന ആശയത്തെ മുളയിലേ നുള്ളിത്താഴെയിടുകയും ചെയ്തു. (അല്ലെങ്കിലും പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നല്ലേ?)

ഇനിയും വിജ്ജിംഭൃതനായരായി യുദ്ധത്തിനു ചെന്നാല്‍ ഒരൊറ്റച്ചവിട്ടിന്‌ തന്റെ നടുപ്പുറത്തുള്ള കുഞ്ഞിക്കൂന്‌, ജെ.സി.ബി. കയറിയ പനച്ചിക്കുന്ന് പോലെ രൗദ്രകല്ല്യാണി നിരപ്പാക്കിക്കളയുമെന്നും, ഇനി അഥവാ നട്ടെല്ല് പൊട്ടാതെ താനെങ്ങാനും രക്ഷപ്പെട്ടാല്‍ കൂനില്ലാത്ത കുഞ്ഞിക്കണ്ണന്‍ നായരെ ഐഡന്റിഫൈ ചെയ്യാന്‍ പന്തലായിനിദേശക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയുംചെയ്യുമല്ലോ എന്ന ഒരൊറ്റക്കാരണത്താലാണ്‌ അപ്പോള്‍ താന്‍ പിന്മാറല്‍ തന്ത്രം പുറത്തെടുത്തതെന്ന് ധീര നായര്‍ യോദ്ധാ പില്‍ക്കാലത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിലും തല്‍ക്കാലത്തേക്ക്‌ തോറ്റു മടങ്ങാന്‍ അങ്ങേര്‍ തയ്യാറല്ലായിരുന്നു. പെന്റഗണ്‍,മെസാദ്‌,സി.ഐ.ഐ, എല്‍.ടി.ടി.ടി.ഇ തുടങ്ങിയ ഡാറ്റാബേയ്സുകളില്‍ നിമിഷനേരം കൊണ്ട്‌ ബ്രൗസിയ നായേര്‍സിന്റെ മനസ്സിന്റെ മോണിട്ടറില്‍ അടുത്ത യുദ്ധതന്ത്രം തെളിഞ്ഞു മിന്നി. ......"സ്യൂയിസൈഡ്‌ ബോംബിംഗ്‌!!!!"

പക്ഷേ പെട്ടെന്നെടുത്ത്‌ പൊട്ടിക്കാന്‍ പാകത്തില്‍ ഒരു ബോംബ്‌, പൊട്ടെ, ഒരോലപ്പടക്കമെങ്കിലും പരിസര പ്രദേശങ്ങളില്‍ തല്‍ക്കാലം സംഘടിപ്പിക്കാന്‍ വഴിയൊന്നും കാണാഞ്ഞ്‌ നായര്‍ തന്റെ പത്തൊമ്പതാമത്തെ അടവിന്റെ പേര്‍ ചെറുങ്ങനെ ഒന്നു മാറ്റിപ്പിടിച്ചു...."സ്യൂയിസൈഡ്‌ ആക്റ്റിംഗ്‌!!!"

അതോടെ നിന്ന നിലയില്‍ രണ്ട്‌ ചാട്ടം ചാടിയ നായര്‍ ഒരൊറ്റക്കുതിക്ക്‌ മുറ്റത്തെ കിണറിന്റെ അടുത്തെത്തി സഡന്‍ ബ്രേക്കിട്ടു നിന്നു. കിണറ്റില്‍ ചാടാന്‍ ഓങ്ങിയ ചാവേര്‍നായര്‍ക്ക്‌, "നീന്തലറിയാത്തവന്‍ കിണറ്റില്‍ ചാടിയാല്‍ മുങ്ങിച്ചത്തുപോകും" എന്ന പഴംചൊല്ല് പെട്ടേന്നോര്‍മ്മവരികയും, പഴം ചൊല്ലില്‍ പതിരില്ലാത്തതിനാല്‍ ആയത്‌ ശരിയെന്നു നിനച്ച്‌ ബക്കറ്റില്‍ കെട്ടിയിരുന്ന കയര്‍ ഞൊടിയിടയില്‍ അഴിച്ചെടുത്ത്‌ കിണറിനടുത്തുള്ള പ്ലാവിന്‍ കൊമ്പിലേക്ക്‌ വലിഞ്ഞുകയറുകയും ചെയ്തു.

ഒരൊന്നാന്തരം ഹാസ്യനാടകം കാണുന്ന പോലെ ആസ്വദിച്ചുനില്‍ക്കുന്ന പന്തലായിനിക്കാരെയും, "ദെന്തൊരു മുതുകൂത്ത്‌? എന്റെ തിരുനെല്ലിക്കാവ്‌ ഭഗോതീ" എന്ന പോസില്‍ നില്‍ക്കുന്ന കൗസല്യാമ്മയെയും സാക്ഷികളാക്കി പ്ലാവിന്മേല്‍നായര്‍ കയറിന്റെ ഒരറ്റം മരക്കൊമ്പിലും മറ്റേയറ്റം തന്റെ കഴുത്തിലും കുരുക്കി.

"ഞാനിപ്പ ച്ചാടും"

പിന്മൊഴി സെറ്റ്‌ ചെയ്യാത്ത ബ്ലോഗ്‌ പോസ്റ്റ്‌ പൊലെ നോ പ്രതികരണം!

"ഞാനിപ്പച്ചാ....ടും!!" നായര്‍ വീണ്ടും പോര്‍വിളിമുഴക്കി

"ന്നാ ചാടീന്‍ നായരേ.."

ഏതോ ഒരനോണി നിശ്ശബ്ദതയ്ക്കു മേല്‍ തേങ്ങയുടച്ചു. കസല്യാമ്മ അപ്പഴും അമ്മിക്കല്ലിനു കാറ്റുപിടിച്ച പോലെ നില്‍ക്കുന്നു.

"ഞാന്‍ ചാടും..."

ഇത്തവണ നായരുടെ സ്വരം ദയനീയമായിരുന്നു.

"ന്റെ നായരെ, ങ്ങള്‌ ചാടുന്നുണ്ടേ ബെക്കം ചാടീന്ന്.....ചായപ്പീട്യേല്‌ നാല്‌ കാശിന്റെ കച്ചോടം നടക്ക്ന്ന സമയാ ദ്‌......"

കുഞ്ഞിക്കാദര്‍ അക്ഷമനായി.

നേരം പോകെ കുഞ്ഞിക്കാദറിന്റെ അക്ഷമ ഒരു പകര്‍ച്ച വ്യാധി പോലെ സഹ കാണിയന്മാര്‍ക്കിടയില്‍ ഒരു വയറിളക്കമായി പടര്‍ന്നു പിടിക്കുകയും, തദ്വാരാ ജനങ്ങളൊന്നടങ്കം ഒരു കോറസ്സായി ഇങ്ങനെ പാടുകയും ചെയ്തു.

"നായരേ ഇങ്ങള്‌ ചാടുന്നോ അതോ ഞാളെറിഞ്ഞിടണോ......."

വെറുതെയെങ്ങാന്‍ വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത്‌ ചുമ്മാ ഒന്നു കോണോനുടുത്തു നോക്കിയവന്റെ ഗതിയിലായി പാവം കുഞ്ഞിക്കണ്ണന്‍ നായര്‍. എന്തായാലും തൂങ്ങിയതിന്റെ കൂടെ ഏറും കൂടെ കൊള്ളണ്ടല്ലോ എന്നൊരു പുനരാലോചനയുടെ പുറത്ത്‌ തല്‍ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ താഴെയിറങ്ങാം എന്നു കരുതി കഴുത്തിലെ കുരുക്കഴിക്കാന്‍ നായര്‍ കൈവെച്ച സൂക്ഷം സമയം തന്നെ അതു സംഭവിച്ചു. പൊതു ജനാഭിപ്രായം മാനിച്ചാലെന്നോണം, പടതോറ്റനായര്‍ ചവിട്ടിനിന്നിരുന്ന പൂതലിച്ച പ്ലാവിന്‍ കൊമ്പ്‌, നല്ല വൃത്തിയായി കൃത്യം നടുവില്‍ വെച്ച്‌ രണ്ടായങ്ങ്‌ ഒടിഞ്ഞു കൊടുത്തു. അതോടെ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ "മന:പൂര്‍വമല്ലാത്ത ആത്മഹത്യക്ക്‌" പുതിയൊരു വകുപ്പു കൂടെ എഴുതിച്ചേര്‍ക്കാന്‍ പാകത്തില്‍ ശ്രീമാന്‍ തെക്കേപറമ്പില്‍ കുഞ്ഞിക്കണ്ണന്‍ എന്ന ടി.പീ കുഞ്ഞിക്കണ്ണന്‍ നായരവര്‍കള്‍ നിരാലംബനും നിസ്സഹായനുമായി കയറിന്‍ തുമ്പില്‍ തൂങ്ങിയാടി...!!!

കളി കാര്യമായതു കണ്ട പന്തലായിനിക്കാര്‍ ഞെട്ടി..."ഊയെന്റെ കുഞ്ഞിക്കണ്ണേട്ടാ...." എന്ന കൗസല്യാമ്മയുടെ നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചു.

ഏതായാലും അത്യപൂര്‍വമായൊരാത്മഹത്യ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ടിവരാനുള്ള നിര്‍ഭാഗ്യം ഈ ചരിത്രകാരനു വന്നു പെട്ടില്ല! കാണികള്‍ക്കിടയില്‍ അത്രനേരവും ചുമ്മാ നില്‍ക്കുകയായിരുന്ന ശ്രിമാന്‍ കൊമ്പന്‍ ബാലന്‍ ഒറ്റക്കുതിക്ക്‌ പ്ലാവില്‍ കയറുകയും തന്റെ സന്തത സഹചാരിയായിരുന്ന കൈമഴു കൊണ്ട്‌ കയററുത്ത്‌ നായരെ നേരെ ഭൂമിയിലെത്തിക്കുകയും ചെയ്തതിനാല്‍ അകാലത്തില്‍ കൗസല്യാമ്മയ്ക്ക്‌ വിധവാ പെന്‍ഷന്‍ വാങ്ങാനുള്ള യോഗംവന്നു ഭവിച്ചില്ല എന്നു ചുരുക്കാം നമുക്കീ കഥയെ.

ഏതായാലും പൃഷ്ടം കുത്തിയുള്ള ആ എമര്‍ജന്‍സി ലാന്റിങ്ങില്‍ നിന്നും തൂങ്ങിവീണ നായര്‍ ഒന്നു കുടഞ്ഞെണീക്കുന്നതിനും മുന്നെ തന്നെ, ആധാരമെഴുത്ത്‌ ഗോപാലന്‍ കുഞ്ഞിക്കൂനുള്ള കുഞ്ഞിക്കണ്ണന്‍ നായരുടെ പുതിയ സ്ഥാനീയനാമകരണ യഞ്ജം പൂര്‍ത്തിയാക്കിഴിഞ്ഞിരുന്നു.........

"അരത്തൂങ്ങി നായര്!"

Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.