Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.

28 comments:

magnifier said...

“കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.“

പന്തലായിനിയുടെ ചരിത്രത്തില്‍ നിന്നും രക്തം പുരണ്ട മറ്റൊരേട്.......

സു | Su said...

ഹിഹിഹി. ബാലനും കൊള്ളാം. ജിന്നും കൊള്ളാം. അദ്രുമാന്‍ ഹാജിയുടെ കുഞ്ഞാത്തുവും കൊള്ളാം.

അടിപൊളി ആയി. എന്നാലും, ഇതിത്തിരി കടന്നുപോയില്ലേ. ;)

തേന്‍‌മാവിന്‍ കൊമ്പത്തില്‍ ലാലേട്ടന്റെ റോള്‍ ആയിപ്പോയി ബാലേട്ടന് ;)

Anonymous said...

എഴുന്നതൊക്കെ കൊള്ളാം...രസിക്കുന്നുണ്ട്! പക്ഷേ സഭ്യതയുടെ അതിര്‍വരമ്പില്‍ നിന്നുകൊണ്ട് ഇങ്ങനെ അഭ്യാസം കാണീക്കണോ? ബെല്ലും ബ്രേക്കുമില്ലാതെ എഴുതിവിടുന്നതിന് ആരെങ്കിലും ഒന്ന് ക്ലിപ്പിടും സൂക്ഷിച്ചോ!

Anonymous said...

കഥ നന്നായി പക്ഷെ പച്ചയായി പറഞ്ഞപ്പം നീല ഇത്തിരി കൂടിപ്പോയില്ലേ......ന്നൊരു സംശയം.

(സദ്യയ്ക്കു ശേഷം മാന്യന്മാര്‍ പറയുമ്പോലെ. ആ അവിയലിലിത്തിരി ഉപ്പു കൂടിപ്പോയില്ലെ, സാമ്പാറിലിത്തിരി കായം കുറയ്ക്കാര്‍ന്നു.. എന്നാലും സദ്യ മുഴുമിച്ചില്ലെ?. അല്‍പ്പമെങ്കിലും ബാക്കി വച്ചോ?. എവിടെ!.)

Unknown said...

ഹലാക്കിന്റെ എയ്ത്തായിപ്പോയി പഹയാ.....

രസിച്ച് വായിച്ചിരുന്ന് ചിരിച്ചിട്ട് അവസാനം അല്‍പ്പം എരിവും പുളിയും കൂടിയില്ലേ എന്ന് ചോദിയ്ക്കാന്‍ മടിയുണ്ട് ട്ടോ.:-)

ഓടോ:കുറ്റിപ്പുറത്താജി :-D

ചില നേരത്ത്.. said...

ദില്‍ബാ,
പല ഹാജിമാരേം കേട്ടിട്ടുണ്ട്, റസാക്ക് ഹാജി, മുഹമ്മദുണ്ണി ഹാജി അങ്ങിനെയങ്ങിനെ..
ഈ കുറ്റിപ്പുറത്താജി എവിടുത്തെ ഹാജിയാ?

Unknown said...

ഇബ്രൂ,
പോസ്റ്റ് വായിയ്കഡേയ്... പിടികിട്ടും. :-)

ഇടിവാള്‍ said...

ഹെന്റെ മാഗ്നീ‍ീ.......
ഞാന്‍ തന്റൊരു ആരാധകനാ‍യെടോ...

ഹോ, ,എന്താ എഴുത്ത് ചിരിച്ചൊരു വഴീക്കായി!
ആ ഇന്‍ഡോറും ഔട്ഡോറും ലൈവു കമന്ററിയും.. സമ്മതിച്ചീരിക്കുന്നു.
വലീയ ഇടവേളകളില്ലാതെ കൊയിലാണ്ടീ ചരിതങ്ങള്‍ക്കായ്യി കാത്തിരിക്കുന്നു..

ആശംസകള്‍

അരവിന്ദ് :: aravind said...

ഹോ!
നമിച്ചു മാഗ്നിയേ..നമിച്ചു....
:-)) എന്തൂട്ടാ പൂശിഷ്ടാ.....

ചിരിച്ചു മറിഞ്ഞു.......പ്രത്യേകിച്ച് ആ ധീരവീരന്മാരുടെ ഓട്ടം!

നര്‍മ്മം ഇങ്ങനെ മാഗ്നിഫൈ ചെയ്തു വായിച്ചു രസിക്കുന്നതാദ്യം!
സമ്മതിച്ചിരിക്കുന്നു!

അതുല്യ said...

"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"!! Terrible
--
മാഗ്നീ, ഇനി മേലാല്‍...
(കഥകള്‍ ആ പഞ്ചായത്താപ്പീസിന്റെ ചൂപ്രണ്ടിനെ കൊണ്ട്‌ ഒരു വട്ട സ്റ്റാമ്പ്‌ പതിപ്പിച്ച്‌ ശേഷം ഇടാനുള്ള ഒരു ഉത്തരവ്‌ ഇറക്കേണ്ടി വരും. ഈ കുഞ്ഞി പിള്ളേരു ആദീം പച്ചാളോം ശ്രീക്കുട്ടനും, ദില്‍ബൂം ഒക്കെ ഇത്‌ വായിയ്കില്ലേ....)

പണ്ട്‌ ബലൂണ്‍ ഊതി വീര്‍പ്പിയ്കുമ്പോള്‍, കൂട്ടുകാരു കണ്ണും കാതും അടച്ച്‌ പിടിച്ച്‌ പറയും, മതീ.. മതീ.. പൊട്ടും ഇപ്പോ പൊട്ടുമ്ന്ന് .. അത്‌ പോലെ മാഗ്നി ഊതി വീര്‍പ്പിയ്കുന്ന ബലൂണ്‍ കണ്ണും കാതും അടച്ച്‌ ഇടം കണ്ണിട്ട്‌ ഇടയില്‍ നോക്കി ഞാന്‍ വായിച്ചു. നേരിയ പ്രചതലമുള്ള ബലൂണ്‍ പൊട്ടാതെ അങ്ങേയറ്റം ഊതി വീര്‍പ്പിച്ച്‌ വായനക്കാര്‍ക്ക്‌ മുമ്പില്‍ തട്ടി കളിച്ചതില്‍ മാഗ്നിയ്ക്‌ അഭിമാനിയ്കാം.

ഇംഗ്ലീഷ്‌ പദങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഒരു മൂവാന്‍ ചോട്ടിലിരുന്ന് ഒരു ഉച്ചയ്ക്‌ കഥ വായിച്ച ഫീലിംഗ്‌ വരുമായിരുന്നു.

BTW, മൂവാന്‍ ചോട്ടില്‍ മറ്റ്‌ ആരേയെങ്കിലും കണ്ടിരുന്നുവോ?

Kaithamullu said...

മഗനീ,

സാഷ്ടാംഗം നമിക്കുന്നു, കഥ പറയാനുള്ള കഴിവിനും നര്‍മം ചേര്‍ത്താനുള്ള മിടുക്കിനും.

ഒരു നിര്‍ദ്ദേശം:(അപേക്ഷ എന്നും മലയാളീകരിച്ചു പറയാം)

എഴുതുമ്പോള്‍ കഴിയുന്നതും ‘മാഗ്നി’യില്‍ നിറുത്തി, ‘ഫയര്‍‘ പ്രദര്‍ശിപ്പിക്കാതെ, ദ്യോതിപ്പിച്ചു രസിക്കാന്‍ മാത്രം ശ്രമിച്ചുകൂടെ?

അഭിനന്ദനങ്ങള്‍ തരാന്‍ മടി കൊണ്ടല്ല, ട്ടോ!

ഇടിവാള്‍ said...

മാഗ്നി സഭ്യതയുടെ അതിര്‍വരമ്പു ഭേദിച്ചുവോ എന്നുള്ള സംശയങ്ങള്‍ ബാലിശമാണ്‌.

ആഫ്റ്ററോള്‍, ഇതൊക്കെ തീരുമാനിക്കുന്നതു നമ്മളു തന്നല്ലേ. കഥയുടെ ആഖ്യാനത്തിലുള്ള മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. അല്‍പസ്വല്‍പം മസാലയൊക്കെ ആയാല്‍ എന്താപ്പോ പ്രശ്നം?

പിന്നെ, ആദി/പച്ചാള/ശ്രീ/ആസുര ഗണങ്ങള്‍ വഴിപിഴക്കുമെന്നോര്‍ത്തു ചേച്ചി പേടിക്കണ്ടാ.. ഇതിലൊക്കെ അവന്മാരു നമ്മക്കു സ്റ്റഡി ക്ലാസ്സെടുത്തു തരാന്‍ മാത്രം സ്വാശ്രയത്വം നേടിയവരാ ;) ആ ബാച്ചി ക്ലബ്ബിലെ പോസ്റ്റുകളു വായിച്ചാ പോരെ?

വാല്‍ക്കഷ്ണം: അതുല്യേച്ചീടെ ആ BTW നു ഉത്തരം: ഹേയ്‌ വേറെയാരുമുണ്ടായിക്കാനില്ല, അന്നൊന്നും അതു ഫാഷനായിരുന്നില്ല.. അല്ലേ മാഗ്നീ ;) ( ഞാന്‍ ഓടി..)

Visala Manaskan said...

അതിഗംഭീര പ്രയോഗങ്ങള്‍!
മാസ്മരികം. ഘനഗംഭീരം.

നമുക്കൊന്ന് കയ്യെത്തിച്ച് പിടിക്കാന്‍ പറ്റാത്ത ഉപമകളാണല്ലോ മാഗ്നി? വളരെ വളരെ ഇഷ്ടപ്പെട്ടു.

(ഉജാല മുക്കാതിരുന്നാലും യാതൊരു ഭംഗി കുറവുമുണ്ടാവില്ലായിരുന്നൂ ട്ടോ)

‘സൌദാമിനി ചേച്ചി കിണറ്റീ ചാടിയ സംഭവം‘ എഴുതാന്‍ ഒരു ടെന്റന്‍സി വന്നത് ഇത് വായിച്ചപ്പോള്‍ പോയി ഇഷ്ടാ. വാക്കുകളുടെയും വാചകങ്ങളുടെയും പ്രയോഗങ്ങളുടെയും ആ ഒരു പ്രകമ്പനം ഇങ്ങിനെ നില്‍ക്കുന്നിഷ്ടാ..

Unknown said...

അത് ശരി. ഇടി ഗഡി അങ്ങനെ പറഞ്ഞോ? എന്നാല്‍ പിന്നെ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ട് തന്നെ ബാക്കി കാര്യം.

പണ്ട് ഐസ്ക്രീം കഴിച്ച് കുഞ്ഞാലിക്കുട്ടിയ്ക്ക് തൊണ്ട വേദന വന്നിറ്രിക്കുന്ന സമയം.
ജനം: കുഞ്ഞാലിക്കുട്ടി രാജി വെയ്ക്കുക!!
കുഞ്ഞാലിക്കുട്ടി: രാജിയെ കൊണ്ട് വരൂ... ഞാന്‍ വെയ്ക്കാം.. :-)

കുഞ്ഞൂട്ടന്‍ said...

മാഗ്നീ...
ഹാജിയെയും അദ്ദേഹത്തിന്‍റെ മൂന്നാം ബീടരെ പറ്റി വായിച്ചിട്ട്‌, പൊന്‍ മുട്ടയിടുന്ന താറാവ്‌ എന്ന സിനിമയിലെ കരമനയേയും അദ്ദേഹത്തിന്‍റെ ബീടരേയും ഓര്‍മ്മ വരുന്നു

ഇടിവാള്‍ said...

രാജി എഴുതി കൊണ്ടു വരൂ, ഞാന്‍ കയ്യൊപ്പ് വക്കാം എന്നാവും അദ്ദേഹം ഉദ്ദേശിച്ചു കാണുക ദില്‍ബാ..

ഇങ്ങനെ തെറ്റി ധരിക്കാതിരിക്കല്ലേ ;)

Kaithamullu said...

മഗനീ,

സാഷ്ടാംഗം നമിക്കുന്നു, കഥ പറയാനുള്ള കഴിവിനും നര്‍മം ചേര്‍ത്താനുള്ള മിടുക്കിനും.

ഒരു നിര്‍ദ്ദേശം:(അപേക്ഷ എന്നും മലയാളീകരിച്ചു പറയാം)
എഴുതുമ്പോള്‍ കഴിയുന്നതും ‘മാഗ്നി’യില്‍ നിറുത്തി, ‘ഫയര്‍‘ പ്രദര്‍ശിപ്പിക്കാതെ, ഓര്‍ത്തോര്‍ത്ത് രസിപ്പിക്കാനും രസിച്ച് രസിച്ചു ചിരിക്കാനും.....ശ്രമിച്ചൂടെ?

-അതല്ലാ, അയ്യനേത്ത്, പമ്മന്‍ സ്റ്റൈല്‍ സ്വയം തിരഞ്ഞെടുത്തതാണെങ്കില്‍ ഇതാ ഞാന്‍ ഓടിയേടത്ത് പുല്ലു പോലുമില്ലാ......

അഭിനന്ദനങ്ങള്‍ തരാന്‍ മടി കൊണ്ടല്ല, ട്ടോ ഇത്രയും പറഞ്ഞത്.
--വാരിക്കോരി തരുന്നു!

Anonymous said...

ഇടിഗദ്ദീയേ. അത്‌ ദില്‍ബു മനപ്പൂര്‍വ്വം അറിയാണ്ടെ പറഞ്ഞതല്ലേ. ഈ ദില്‍ബൂനൊന്നും അറിയില്ല്യാന്നെ.. പിന്നെയാ രാജിവയ്കണ കാര്യം.

Unknown said...

ഇടിഗഡീ,
അതങ്ങനെ തന്നെ. അല്ല നീ ചാടിയത് മറ്റേ വരമ്പാന്ന് പറഞ്ഞാല്‍ ഞാന്‍ പറയും എന്റെ കണക്ക് പ്രകാരം ടി വരമ്പ് കുറച്ചപ്പുറത്ത് മാറിയാണെന്ന്. അപ്പൊ സംഭവം പ്രോപ്പര്‍ട്ടി ഡിസ്പ്യൂട്ടായി മാറി. കൂടുതല്‍ അടിപിടികള്‍ക്ക് വില്ലേജാപ്പീസറെ കണ്ട് തണ്ടപ്പേര് വാങ്ങി വരൂ... :-)

അല്ല പരസ്പരം വെട്ടും കുത്തുമായി തീരുമാനമാക്കണമെങ്കില്‍ അങ്ങനെയും ആവാം. ക്രിസ്മസ് വെക്കേഷന്‍ കഴിഞ്ഞ് സ്കൂള്‍ തുറക്കട്ടെ. കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടുയാല്‍ അത്യപൂര്‍വമല്ലാത്തോണ്ട് പച്ചാള കോടതി ഡിസ്കൌണ്ട് തരും. യേത്? :-)

ചില നേരത്ത്.. said...

മാഗ്നി മാഷേ,
സംഭവം(ഒരു പ്രത്യേക പാര്‍ട്ടായിട്ടല്ല മൊത്തത്തില്‍) നന്നായി ആസ്വദിച്ചു. കുഞ്ഞിപാത്തു തിരിഞ്ഞോടുമ്പോള്‍ കഥാകാരന്റെ ആത്മഗതം- അതും കലക്കി.
നെയ് ഒഴിച്ച കഞ്ഞിന്റെം ആ പത്തിരീടെം റെസിപ്പി ഒന്ന് കിട്ടിയാല്‍ വല്യ സന്തോഷാവും. കിട്ട്വോ? :)

magnifier said...

അപ്പാ ഒന്നു കറങ്ങി വരുമ്പഴേക്കും ഇത്രേം കമന്റൊ? അദും നല്ല വിഷ്ക്കംഭം പോലത്തെ? സത്യം പറഞ്ഞാ ആരേലും ചെവിക്കു പിടിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ന്തായാലും സമാധാനായി. വന്നു കണ്ട എല്ലാര്‍ക്കും (പേരെടുത്ത് പറയുന്നില്ല) നന്ദി.

വെടിവട്ടത്തില്‍ ആദ്യമിട്ട പോസ്റ്റ് ഒരര്‍ദ്ധ സത്യമായിരുന്നു. രണ്ടാമത്തെ പോസ്റ്റ് വെറും ഭാവനയുംപിന്നെ സില്‍ക്ക് സ്മിതയുടെ സ്മാരകം രണ്ട് വത്യസ്ത സംഭവങ്ങളുടെ ഒരു കൂടിച്ചേരലും. ഇത് നാലകം വീടെന്ന പേരും അദ്രുമാനാജിത്തങ്ങളുടെയും ബീവിയുടെയും യഥാര്‍ത്ത നാമവും ഒരല്പം വക്രീകരിച്ച തങ്ങളുടെ കാരക്ടറും ഒഴിച്ചു നിര്‍ത്തിയാല്‍ അധികം കാലപ്പഴക്കമില്ലാത്ത ഒരു സംഭവ കഥയാണ്. ഒരു 95 % സത്യമായ ചരിത്രം ഒരു പൊലിപ്പിക്കലിനു വേണ്ടി ചേര്‍ത്ത മേമ്പൊടി സഹിതം. കൊമ്പന്‍ ബാലനെ അറിയാത്തവര്‍ എന്റെ നാട്ടിലുണ്ടാവാന്‍ വഴിയില്ല. (അദ്ദേഹം വീണത് തലമണ്ട പോയ തെങ്ങില്‍ കയറിയല്ലായിരുന്നു, മറിച്ച് തേങ്ങ കള്ളനെ പിടിക്കാന്‍ തെങ്ങില്‍ തറച്ചു വെച്ചിരുന്ന ചൂണ്ടക്കൊളുത്ത് തുടയില്‍ കയറിയായിരുന്നു, പക്ഷേ തെങ്ങില്‍ കയറിയ സാഹചര്യം ഇതു തന്നെയായിരുന്നു താനും)നാലകം തറവാടെന്നു ഞാന്‍ പറഞ്ഞ ആ വീട് ഇടിഞ്ഞു പൊളിഞ്ഞ് ജിന്നുകളുടെ ആവാസസ്ഥാനമായി ഇപ്പോഴും അവിടെത്തന്നെയുണ്ട്.

Anonymous said...

എഴുതിയതൊക്കെ സത്യമാണെന്ന് ഇങ്ങനെ ഇടയ്കിടയ്ക്‌ വിളിച്ച്‌ പറയണോ? വര്‍ത്തമാനം പറയുമ്പോ ചിലര്‍, യു. നോ.. ഐ ആം വെരി ഡീസന്റ്‌ ആന്റ്‌ പെര്‍ഫക്റ്റ്‌ ജെന്റില്‍മാന്‍ എന്ന് പറയുന്ന ഒരു ഇഫക്റ്റ്‌. ഇത്‌ വേണ്ടായിരുന്നു.


(ഞാന്‍ \ഇപ്പോ കൊച്ചീലാ.. എന്റെ നംബ്ര ആരോടും ചോദിച്ച്‌ വ്‌ വാങ്ങീട്ട്‌ കാര്യമില്ല.)

(കൊടകരേലും പറഞ്ഞത്‌ രൊംബ ശരി. വിശാലനു വന്ന കമന്റ്‌ ഒക്കേനും തന്നെ ഒരു പുസ്തകമാക്കണം. കൊച്ചീ മീറ്റിന്റെയും ദുബായി മീറ്റിന്റെയും, പിന്നെം കൊച്ചി മീറ്റിന്റെയും comment ഒക്കേനും തന്നെയും പുസ്തകമാക്കണം. )

വേണു venu said...

മഗ്നീമാഷേ എന്‍റെ നാട്ടിലും ഒരു മരം വെട്ടുകാരന്‍ രാഘവന്‍‍ ജീവിച്ചിരുന്നു. ഇരട്ട കരളിന്‍റെ ഉടമസ്ഥനായിരുന്നു.രാഘവനെ കാണുന്ന വയസ്സന്‍ മരങ്ങള്‍ ഓടിയൊളിക്കാന്‍ കാലുകളില്ലാത്തതു കൊണ്ടു് തല ചായ്ച്ചു നിന്നു കരയുമെന്നു് ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ടു്.രാഘവനും മരം പോലെ ഒരിക്കല്‍ വെട്ടി കൊല ചെയ്യപ്പെടുകയായ്യിരുന്നു. കാരണം മരവും മദിരയും മദിരാക്ഷിയും.‍
മഗ്നീമാഷേ വെടിയും തോക്കും ഇഷ്ടപ്പെട്ടു.
ഉപയോഗിച്ച ഭാഷ കൊണ്ടു നല്ല പുതപ്പിലൊളിപ്പിച്ചു പറഞ്ഞ രചനാ രീതിയും ഇഷ്ടപ്പെട്ടു.

Siji vyloppilly said...

എന്റെ ബ്ലോഗില്‍ ദേവേട്ടന്‍ ഇട്ട കമന്റില്‍ നിന്നാണ്‌.ഇങ്ങനെയൊരു നല്ല കഥയെഴുതുന്ന ബ്ലോഗര്‍ ബൂലോകത്തില്‍ കത്തി നില്‍ക്കുന്നുണ്ടെന്നറിഞ്ഞത്‌,കഥകള്‍ മുമ്പ്‌ വായിച്ചുവെങ്കിലും കമന്റിറ്റാന്‍ പറ്റിയിരുന്നെയില്ല.എല്ലാം വളരെ നന്നായിട്ടുണ്ട്‌.നല്ല ശൈലി.

സു | Su said...

കിളിച്ചുണ്ടന്‍ മാമ്പഴം ;) സിനിമ മാറിപ്പോയതാ.

Anonymous said...

വരാന്‍ വൈകി. എന്നാലും ഒരു കുതിരപ്പവന്‍ ഇട്ടിട്ടു പോകുന്നു

വി.വി

വാളൂരാന്‍ said...

Magnifier
magnificent

കുതിരവട്ടന്‍ | kuthiravattan said...

:-)