Tuesday, November 21, 2006

സില്‍ക്ക് സ്മിത്യ്ക്കൊരു സ്മാരകം (ഒന്നാം ഭാഗം)

വിഷ്വോ..വിഷ്ക്കണിയോ
വാവോ.. വാക്കണിയോ
വിഷൂന്റപ്പം കിട്ടീലാ..
വേലിക്കല്‍ പൂവെടി പൊട്ടീലാ...
വിഷ്വോ വിഷ്ക്കണിയോ

ദേ വരണത്‌ വിഷുപ്പൊട്ടന്‍. നിങ്ങളാച്ചെലര്‌ ഓണപ്പൊട്ടന്ന്ന്‌ കേട്ടുകാണും.ന്നാ ഈ കൊയിലാണ്ടിദേശത്ത്‌ ഇങ്ങനേയും കാണാം ഒരു പൊട്ടനെ..വിഷുപ്പൊട്ടന്‍! വിഷൂന്റന്തി ഉച്ചയ്ക്ക്‌ വീടുവീടന്തരം കയറിയിറങ്ങി നിരങ്ങി വലിയോരു പെരുന്തലമടലെടുത്ത്‌ (കവിളിമടല്‍ എന്നും പറയും) സകലമാന വീടിന്റേം മുറ്റങ്ങളെ "ബ്‌ധ്ക്കോം, ബ്‌ധ്ക്കോം" എന്ന്‌ തല്ലിയൊതുക്കി മൊത്തം ചില്ലറയായി വാങ്ങിപ്പോവുന്ന ഒരു വിശേഷപ്പൊട്ടന്‍! (മൊത്തം ചില്ലറ എന്നു കണ്ടത്‌ കൊണ്ട്‌ ആരും തെറ്റിദ്ധരിക്കല്ലേ...) ദേഹം മുഴുവന്‍ ചപ്പില വെച്ചുകെട്ടി, പ്ലാവിലക്കിരീടമണിഞ്ഞ്‌ വായ്ത്താരിമുഴക്കി വരുന്ന ആ പൊട്ടന്‍ ബാല്യകാല മധുരമനോജ്ഞസ്മരണകളില്‍ എവിടെയോ വാളുവെച്ച്‌ സാഷ്ടാംഗം കിടപ്പുണ്ട്‌. പറഞ്ഞുവന്നത്‌ അതല്ല. സില്‍ക്ക്‌ സ്മിതയ്ക്ക്‌ ജീവിച്ചിരുന്നപ്പോ തന്നെ സ്മാരകം പണിത ഞങ്ങള്‍ കൊയിലാണ്ടിക്കാരെക്കുറിച്ചാണ്‌. ഹൂഷ്‌..ഗണ്‍ഫൂഷന്‍..ഗണ്‍ഫൂഷന്‍! വിഷു, വിഷുപ്പൊട്ടന്‍,സില്‍ക്ക്സ്മിത, സ്മാരകം..കൊയിലാണ്ടി...വാട്‌ ഹാപ്പെന്‍ഡ്‌? (ഹേയ്‌ സാരല്യ... ഉമേഷ്‌ മാഷിന്റെ തലതിരിഞ്ഞ്‌ കാലും മേല്‍പ്പോട്ടാക്കി തലയേതാ കാലേതാന്ന്‌ മനസ്സിലാവാതെ കിടക്കുന്ന പുത്തിമല്‍സര ബ്ലോഗില്‍ ഒന്നു കയറിയിറങ്ങിയതിന്റെയാ... ഇപ്പോ മാറിക്കൊള്ളും)

അപ്പോശരി, സംഭവം ഇത്രയേ ഉള്ളൂ....കൊയിലാണ്ടിയുടെ ചതുര്‍ഭുജ സാമന്ത നാട്ടുരാജ്യങ്ങളില്‍ ഒന്നായ വന്നമംഗലം അഥവാ മന്നമംഗലം എങ്ങനെ സില്‍ക്ക്‌ ബസാറായി മായം മറിഞ്ഞു? സില്‍ക്ക്‌ ബസാറെന്നു കേട്ടിട്ട്‌ പണ്ട്‌ ഹുവാങ്ങ്ഷായുടെ (അങ്ങേരല്ലെങ്കില്‍ അതുപോലെ വേറൊരു ഹുങ്ങ്‌ അല്ലെങ്കില്‍ ഹാങ്ങ്‌!) കാലത്ത്‌ പന്തലായിനിക്കടപ്പുറത്ത്‌, അങ്ങ്‌ ചീനാദേശത്തുനിന്ന്‌, പള്ളനിറച്ചും പട്ടുമായി വന്ന കപ്പലും കപ്പിത്താന്മാരും കച്ചവടക്കാരും അര്‍മാദിച്ച്‌ നടന്നിരുന്ന ഒരു പുണ്യപുരാതന വാണിജ്യ പ്രക്ഷേപണ കേന്ദ്രം എന്ന്‌ പല അന്യദേശക്കാരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതായി ഈ വിനീത ചരിത്രകാരന്റെ ചില ഗവേഷണ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്‌ വായനക്കാരോട്‌ ഇവ്വിധം ഒരു ക്രൂരകൃത്യം നടത്താനുള്ള ഒരിന്‍സ്പിരേഷന്‍ അഥവാ ഉള്‍വിളി. ഇംഗ്ലീഷ്‌ ഭാഷയില്‍ ഭേഷാ പേരുകളുമായി ഞെളിഞ്ഞിരിക്കുന്ന പട്ടണന്മാരെ തെരഞ്ഞുപിടിച്ച്‌ ഊതിവീര്‍പ്പിച്ച നാമഡംബിന്റെ മൂട്ടിന്‌ മൊട്ടുസൂചി വെച്ചൊരു കുത്തുംകൊടുത്ത്‌, ബോംബേ എന്നവരെ മുംബായിയും, മദ്രാസനെ ചെന്നായും, ബാംഗ്ലൂരിനെ ബംഗലൂരും, ട്രിവാന്‍ഡ്രത്തിനെ തനി തിരോന്തരോം പിന്നെ കൊച്ചു കാലിക്കൂത്തിനെ പഴേ കോഴികൂവിയാല്‍ കേള്‍ക്കും ദൂരത്ത്‌ പരന്നുകിടക്കുന്ന കോഴിക്കോടും ഒക്കെയാക്കി ഒരു റിവേഴ്സ്‌ ഗിയര്‍ നാമപരിഷ്കരണ യഞ്ജത്തിന്റെ യാഗശാലയ്ക്ക്‌ മൊത്തം തീപിടിച്ച സമയമാണല്ലോ ഇത്‌ ! എന്നാല്‍ പണ്ട്‌ അങ്ങിനെയായിരുന്നില്ല. “കുന്നുമ്മലങ്ങാടി“ എന്ന പേരുകേട്ടാല്‍ എന്റെ മനസ്സില്‍ വരുന്നത്‌ കുന്നുമ്മലെ പടുകൂറ്റന്‍ പയനിപ്ലാവിന്റെ മൂട്ടില്‍ സന്ധ്യാസമയത്ത്‌ ഉറക്കംവിട്ടുണര്‍ന്ന്‌ കോട്ടുവായിടുന്ന ഒരു ജമാല്‍കൊച്ചങ്ങാടിയാണ്‌. ഓരത്തൊരു കള്ള്‌ ഷാപ്പും നടുക്ക്‌ രാഘവേട്ടന്റെ പലചരക്കു കടേം പിന്നെ കുഞ്ഞിക്കാദറിന്റെ ചായപ്പീട്യേം ഉള്ള ഒരങ്ങാടി. അവിടെ മീന്‍കാരന്‍ ഹൈദ്രോസ്‌ "പെടപെട മത്തി,പെടപെടമത്തി, ഉര്‍പ്പേ്യ‍ക്കഞ്ച്‌, ഉര്‍പ്പേ്യ‍ക്കഞ്ച്‌" എന്ന്‌ തൊണ്ടകാറി വിളിക്കണെ കേള്‍ക്കാം, ചേനയും ചേമ്പും കാച്ചിലും പലം കണക്കിന്‌ തൂക്കിവാങ്ങാം, താഴെ തോണിക്കടവത്ത്‌ നിന്നുള്ള കൂക്ക്‌ കേള്‍ക്കാം, പതിനഞ്ച്‌നായും പുലിയും കളിക്കുന്നിടത്ത്‌ വായും പൊളിച്ച്‌ നില്‍ക്കാം, നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും അങ്കക്കലിമൂത്ത്‌ ഓതിരം മറയുന്നതും ഒടുക്കം തോളില്‍ കയ്യുമിട്ട്‌ ഒരു കരളായി കള്ളുഷാപ്പിലേക്ക്‌ കയറിപ്പോവുന്നതും കാണാം. ഈ പാവം തനി കണ്‍ട്രി കുന്നുമ്മലങ്ങാടിയെ കുത്തിനു പിടിച്ചുനിര്‍ത്തി ഇനിമുതല്‍ നിന്റെ തിരുനാമം "ഹില്‍ബസാര്‍" എന്നാകുന്നു എന്നുപറഞ്ഞാല്‍ എങ്ങിനിരിക്കും. കണ്ടങ്കോരന്റെ നല്ലപാതി കള്ളും മാട്ടയ്ക്ക്‌ കയ്യുംകാലുംവെച്ചപോലുള്ള നീലീകല്യാണി സ്റ്റോണ്‍ വാഷ്‌ മിഡിയും പിന്നെ ഐക്കണിന്റെ ടോപ്പും ധരിച്ച്‌ തലേലൊരു കെട്ട്‌ പുല്ലും കയ്യിലൊരു അരിവാളുമായി ആറാട്ടുകണ്ടത്തിന്റെ വരമ്പത്തൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നൊരു വിഷ്വല്‍ ഇംപാക്റ്റ്‌. ഈസ്‌ ഇറ്റ്‌?

അപ്പോ എന്താ പറഞ്ഞു വന്നത്‌? ആ.. വന്നമംഗലം അല്ലേ? കൊല്ലം ചിറയ്ക്ക്‌ തെക്കും വടക്കുമായി, ശ്രീപിഷാരികാവ്‌ ഭഗോതിയുടെ കരുണാകടാക്ഷമേറ്റ്‌, ഇന്‍ഡ്യാ മഹാരാജ്യത്ത്‌ ഇസ്ലാം മതപ്രചരണാര്‍ഥം വന്ന മാലിക്ദിനാറിന്റെ കാലത്ത്‌ നിര്‍മ്മിച്ച പുരാതന മുസ്ലിം പള്ളി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അങ്ങിനെ നീണ്ട്‌ നിവര്‍ന്ന്‌ പരന്നുകിടക്കുകയാണ്‌ വന്നമംഗലം അഥവാ മന്നമംഗലം.പരന്നു കിടക്കുന്നു എന്നൊക്കെ ഒരാവേശത്തിനങ്ങ്‌ പറഞ്ഞതാ..അങ്ങിനെ പരക്കാന്‍ മാത്രമൊന്നുമില്ല, ഒരു കൊച്ചു ദേശം..പന്തലായിനിക്കൊല്ലത്തിന്റെ ഒരു ചെറിയ ഭാഗം. അപ്പോ ഈ തിരുവിതാംകൂര്‍ കൊല്ലവും പന്തലായിനി കൊല്ലവും തമ്മില്‍ വല്ല അവിശുദ്ധ ബന്ധോം ഉണ്ടോ എന്നാവും അടുത്ത സംശയം..അവിശുദ്ധമല്ല ഒരു ശുദ്ധ ബന്ധം തന്നെയുണ്ട്‌ രണ്ടും തമ്മില്‍. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ കോപം ഹേതുവായി ആ കൊല്ലത്തുനിന്നും (തെക്കന്‍ കൊല്ലം എന്നു ഞങ്ങള്‍ വടക്കര്‍ പന്തലായിനികൊല്ലക്കാര്‍ പറയും!) ഓടിപ്പോന്ന വിഷഹാരികളായ വൈശ്യന്മാര്‍ വന്നുപെട്ടസ്ഥലമാണ്‌ പന്തലായിനി. (പന്തല്‍പോലുള്ള അയിനിമരം ഉള്ളസ്ഥലം)ആ പായുന്നപാച്ചിലില്‍ സ്വന്തം പരദേവതയായ കാളിയെ നാന്ദകം എന്നുപറയുന്ന വാളില്‍ ആവാഹിച്ച്‌ അടിച്ചുമാറ്റി കടത്തിക്കൊണ്ടുവന്നു പഹയന്മാര്‍. ആ ദേവിയെ വാളടക്കം കുടിയിരുത്താന്‍ ഒരമ്പലവും അമ്പലത്തിനുചുറ്റും എട്ടുവീടുകളും പണിത്‌ അവരവിടെ ആവാസമുറപ്പിച്ചു. കൊല്ലത്തുനിന്നും വന്ന വിഷഹാരികള്‍ ഉണ്ടാക്കിയ അമ്പലമായത്‌ കൊണ്ട്‌ അത്‌ കൊല്ലം വിഷഹാരികാവ്‌ എന്നറിയപ്പെട്ടു. ആയത്‌ പിന്നീട്‌ ലോപസന്ധിക്കടിമപ്പെട്ട്‌ കൊല്ലം പിഷാരികാവ്‌ ആയിമാറി എന്നാണ്‌ ഐതിഹ്യം. തെക്കുനിന്നുള്ള വൈശ്യന്മാര്‍ വന്നുപെട്ട്‌ കുടുങ്ങിപ്പോയ സ്ഥലമായത്‌ കൊണ്ട്‌ അമ്പലത്തിനു ചുറ്റുമുള്ള ചെറിയ ദേശം വന്നമംഗലം എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. അതിപ്പോ പറഞ്ഞുപറഞ്ഞ്‌ മന്ദമംഗലം എന്നുമായി! ശ്രീ പിഷാരികാവമ്മയുടെ മൂക്കിനു താഴെ (കാളിയായതോണ്ട്‌ നാക്കിന്‌ താഴെ എന്നും പറയാം) കിടക്കുന്ന ശാലീനശ്രീ മന്ദമംഗലം അങ്ങാടിയെയാണ്‌ ഒരു വിഷൂന്റന്നു വൈകുന്നേരം കസവുനേര്യെ സാരിയും ചന്ദനക്കളര്‍ റവുക്കയും ഉള്‍പ്പെടെ ഒരു പാഞ്ചാലീ വസ്ത്രാക്ഷേപം നടത്തി, നെഞ്ഞത്തും അരയ്ക്കും വെറും അരയംഗുലം മാത്രം തുണി ബാക്കിനിര്‍ത്തി, മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതാ ബസാര്‍ ആക്കിമാറ്റിക്കളഞ്ഞത്‌!(ഹാവൂ വിഷുവും ഈ ആഖ്യായികയും തമ്മിലുള്ള ബന്ധം ഇപ്ലാ പിടികിട്ടിയെ!)സോ സില്‍ക്ക്‌ ബസാറും പട്ടുതുണിയും ചീനയും കപ്പലുമെല്ലാം തമ്മില്‍ വെറും സില്‍ക്ക്‌ സ്മിതയും പട്ടുപാവാടയും(മുട്ടിനുതാഴെയെത്തുന്ന) തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ എന്നതാണ്‌ ചരിത്രപരമായ സത്യം. പിന്നെ ഈ കടുംകൈ ചെയ്തത്‌ ആര്‌? പറയാം!

അതിനു മുന്‍പ്‌ ശ്രീ ഭഗവതീ കടാക്ഷം ചിറ്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ (സ്വര്‍ണ്ണ പണയം) പ്രൊപ്രൈറ്റര്‍ താഴെകണ്ടിയില്‍ ടി.കെ. മാധവന്‍ എങ്ങിനെ പ്രൊഫസര്‍ തൈക്കുണ്ടില്‍ ആയി എന്നു നാം അറിയേണ്ടിയിരിക്കുന്നു.

ഷാര്യാവമ്പലത്തിലെ ഉത്സവം മീനമാസത്തിലാകുന്നു. (മേടം മീനമാസത്തിലല്ലെങ്കില്‍!). ഈ ഷാര്യാവന്നെയാണ്‌ പിഷാരികാവ്‌. (യാതൊരുവിധത്തിലും ഒരു പേരും നേരെ ചൊവ്വേ പറയില്ലാന്ന് വ്രതം എടുത്തവരല്ലോ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍!) ഉത്തര മലബാറിലെ തൃശ്ശൂര്‍ പൂരം എന്നാണ്‌ പ്രസ്തുത മീനമാസത്തിലെ ഉത്സവന്‍ അറിയപ്പെടുന്നത്‌. അറ്റ്‌ ലീസ്റ്റ്‌ തൃശ്ശൂര്‍ പൂരം കാണാത്ത കൊയിലാണ്ടിക്കാര്‍ക്കെങ്കിലും! കൊടിമരത്തുമ്മേ കയറിയാല്‍ എട്ടീസം കഴിഞ്ഞ്‌ നിലംതൊടുന്ന ഉത്സവം ഉത്സവമാകുന്നത്‌ ഒടുക്കത്തെ കൂട്ടപൊരിച്ചിലായ വലിയവിളക്കിന്റന്നും കാളിയാട്ടത്തിന്റന്നുമാണ്‌. കാളിയാട്ടത്തിന്നിടയ്ക്ക്‌ പുട്ടുകച്ചവടം നടത്താന്‍ ഒരുമാതിരിപ്പെട്ടവരൊന്നും മിനക്കേടാത്തത്‌ കൊണ്ട്‌ ചക്കൊളം ആറാട്ടിനെ അപേക്ഷിച്ച്‌ തുലോം സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ വലിയവിളക്കും കാളിയാട്ടവും ഇതുവരെ നടന്നുപോന്നിട്ടിള്ളത്‌. ചില്ലറ കലാ പരിപാടികളൊക്കെ ഉണ്ടാവുമെങ്കിലും നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും വരെ തോളില്‍ കയ്യുമിട്ടേ ഷാര്യാവമ്പലത്തിന്റെ നടയില്‍ നില്‍ക്കാറുള്ളൂ.കാളിയും പിന്നെ ഡയനാമിറ്റിന്‌ കൂട്ട്‌ ആര്‍ഡിഎക്സ്‌ എന്നു പറഞ്ഞമാതിരി തൃക്കണ്ണാല്‍ അണ്വായുധ പരീക്ഷണം നടത്തിക്കളിക്കുന്നത്‌ ഒരു ഹോബിയാക്കിയ സക്ഷാല്‍ പരമശിവനും പിന്നെ ബസ്റ്റാന്റിലും റെയില്‍വേസ്റ്റേഷ്ണിലും പടക്കം പൊട്ടിച്ചുകളിക്കാന്‍ അസംഖ്യം ഭൂതഗണങ്ങളും കൂടെ കുട്ടിം കോലും കളിക്കുന്ന അമ്പലത്തില്‍ അലമ്പുണ്ടാക്കാന്‍ ജീവനില്‍ കൊതിയുള്ള ആരേലും മിനക്കേടുമൊ? സാക്ഷാല്‍ ടിപ്പു സുല്‍ത്താന്‍ വരെ ക്ക, ക്ഷ, ണ്ണ വരച്ചുപോയിട്ടുണ്ട്‌, പിന്നല്ലേ? കാളിയാട്ടത്തിന്റന്ന്‌ ഉത്സവം കലാശം കൊട്ടുന്നത്‌ "അരിങ്ങാട്ട്‌" എന്നു പറയുന്ന വളരെ വിശേഷപ്പെട്ട ഒരു ചടങ്ങോടെയാണ്‌! പിടിയാനപ്പുറത്ത്‌ വാളു സഹിതം ഊരുചുറ്റാന്‍ പോയ ദേവി തിരിച്ചെത്തുന്നത്‌ വരെ അമ്പലത്തിനു ചുറ്റും കാവല്‍ നില്‍ക്കുന്ന ഭൂതഗണങ്ങള്‍ക്ക്‌ മൂക്ക്‌ മുട്ടെ സദ്യ കൊടുക്കുന്ന ഒരു ചടങ്ങ്‌! അരിയും മാംസവും ഇട്ട്‌ പാകപ്പെടുത്തിയെടുക്കുന്ന ഈ പ്രത്യേക ഭക്ഷണത്തിന്‌ യൂയേയ്യീ കൊച്ചിന്‍ മീറ്റിലെ ബ്ലോഗുഗണങ്ങള്‍ ഉണ്ടാക്കി എന്നു പറയപ്പെടുന്ന തള്ള്‌ പോലൊരു തള്ള്‌ ഈ പറയുന്ന ഭൂതഗണങ്ങള്‍ ഉണ്ടാക്കുന്നത്‌ ആരേലും കണ്ടാല്‍ മോശമല്ലേ? അതു കൊണ്ട്‌ അമ്പലത്തിനു പുറത്തെ വിശാലമായ കാവില്‍ കമ്പ്ലീറ്റ്‌ ബ്ലോക്കൗട്ട്‌ നടത്തിയിട്ടാണ്‌ പ്രസ്തുത ചടങ്ങ്‌ നടക്കുക. രാത്രി ഒരു പതിനൊന്നു മണിയോടെ രണ്ട്‌ റൗണ്ട്‌ വെടിക്കെട്ട്‌ നടത്തി ഭകതജനങ്ങളെ പിരിച്ചു വിടും! കാവില്‍ തളച്ചിരിക്കുന്ന ആനകളെ വരെ അഴിച്ചുമാറ്റി വിശാലമായ അമ്പലപ്പറമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പിന്നെ നേരം പുലരുന്ന വരെ കാവിനുള്ളിലേക്ക്‌ സ്വബോധത്തിനു വിലകല്‍പ്പിക്കുന്നവരാരും തിരിഞ്ഞു നോക്കാറില്ല. അഥവാ ആരേലും അബദ്ധത്തില്‍ വന്നു പെട്ടാല്‍ ആജീവനാന്ത കുതിരവട്ടം അല്ലെങ്കില്‍ ഊളമ്പാറ വാസം ഗ്യാരന്റീഡ്‌!

ഈ ചരിത്രം രചിച്ച ഉത്സവരാവില്‍ കാളിയാട്ടം തുടങ്ങിയതുതന്നെ ഒരിത്തിരി അസ്കിതയുമായാണ്‌. തിടമ്പേറ്റുന്ന ആലത്തൂര്‍ പാര്‍വതിക്ക്‌ കൂട്ടെഴുന്നെള്ളിക്കാന്‍ കൊണ്ടുവന്ന രാമനാട്ടുകര അയ്യപ്പന്‍ ഒന്നു പിണങ്ങി. അയ്യപ്പന്‍ പൊതുവേ പ്രശ്നക്കാരനല്ല. കുട്ടികള്‍ക്ക്‌ പോലും പോയി ഷേക്ക്‌ തുമ്പി കൊടുക്കാന്‍ പാങ്ങിനു നിന്നുകൊടുക്കുന്ന ഒരു പാവം ആനക്കൊമ്പന്‍! ഒന്നാം പാപ്പാന്‍ കൃഷ്ണനുണ്ണിനായര്‍ക്ക്‌ എന്തോതിരക്കായത്‌ പ്രമാണിച്ച്‌ അവനെ അഴിച്ചുകൊണ്ടുവരാന്‍ പോയത്‌ നാരായം കുഞ്ഞന്‍ എന്ന പാപ്പാന്‍ രണ്ടാമനായത്‌ അവനത്ര പിടിച്ചില്ല. അത്രേയുള്ളു കാര്യം. നാരായം കുഞ്ഞന്‍ അടുത്തെത്തിയതും തുമ്പിയേലിരുന്ന പനമ്പട്ട വെച്ച്‌ അയ്യപ്പന്‍ ഒരൊറ്റവീശല്‍! കൊച്ചിന്‍ മീറ്റു കഴിഞ്ഞു പുറത്തിറങ്ങിയ പാച്ചാളത്തിന്റെ തൊട്ടടുത്തൂടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ ചീറിപ്പാഞ്ഞുപോയാല്‍ എന്തു സംഭവിക്കും? അത്രയേ ഇവിടേം സംഭവിച്ചുള്ളൂ! കൊച്ചിയില്‍ ചിക്കന്‍ ഗുനിയന്മാര്‍ നിറഞ്ഞുകിടക്കണ ഓടയായിരുന്നെങ്കില്‍ ഇവിടെ അമ്പലക്കാവിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറായിരുന്നെന്ന വത്യാസം മാത്രം. എന്തായാലും ഒരുഭാഗ്യപരീക്ഷണം വേണ്ട എന്ന നിലയ്ക്ക്‌ അന്ന് തല്‍ക്കാലം അയ്യപ്പനെ എഴുന്നള്ളിക്കണ്ട എന്ന തീരുമാനമായി. കൃഷ്ണനുണ്ണിനായര്‍ അവനെ അഴിച്ച്‌ കാവിന്റെ ഒരൊഴിഞ്ഞകോണില്‍ തളയ്ക്കുകയും ചെയ്തു. ഉത്സവം അക്ഷരാര്‍ഥത്തില്‍ പൊടിപാറി. ഈ പാറുന്ന പൊടിയിലേക്കാണ്‌ നമ്മുടെ കഥാനായകന്‍ പ്രൊ. ടി.കെ. മാധവന്‍ പള്ളനിറച്ചും പട്ടയുമായി (പനമ്പട്ടയല്ല) വന്നുപെടുന്നത്‌. വാറ്റ്‌ ആമാശയത്തില്‍ നിന്നും സഞ്ചരിച്ച്‌ തലശ്ശേരിയിലെത്തിയാല്‍ പിന്നെ മാധവന്നായര്‍ക്ക്‌ മുന്നില്‍ (പിന്നിലും) ഒരേയൊരു അജണ്ടയേ ഉണ്ടാവൂ. ഉടന്‍ തെറ്റ്യേടത്തെത്തണം. വിശാലത്തെ വിശാലമായി ഒന്നുകാണണം. ചത്തുകിടക്കുന്ന നേരത്തായാലും ഒരു ശങ്കയെങ്ങാന്‍ തോന്നി മാധവനാശാന്‌ എഴുനേല്‍ക്കേണ്ടിവന്നാല്‍, മൂക്കില്‍ വെച്ച പഞ്ഞി സഹിതം അദ്യം വിശാലത്തിന്റെ വീട്ടില്‍ കൃത്യമായി ചെന്നെത്തിയിരിക്കും എന്ന കാര്യം നാട്ടുകാരായ ഞങ്ങള്‍ക്കുറപ്പാണ്‌. സോ, ഇന്നുത്സവമാണ്‌, വിശാലം വീട്ടിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല എന്നൊക്കെയുള്ള ലോജിക്കല്‍ തിങ്കിങ്ങിന്‌ പാകമാവുന്ന നിലയിലായിരുന്നില്ല ടി.ക്കെ. മാധവന്റെ തലച്ചോറന്നേരമെങ്കിലും, ചിരപുരാതനമായ ആ കാലുകള്‍ വളരെകൃത്യമായി ചിരപരിചിതമായ വഴിയിലൂടെ വിശാലഗേഹം ലക്ഷ്യമാക്കി ചലിക്കാന്‍ തുടങ്ങി. ചലിച്ചു ചലിച്ച്‌ മാധവ ദ്രുതനടനചലനം ഒടുക്കം വഴിയില്‍ കുറുകേനിലകൊണ്ട ഒരു കൂറ്റന്‍ മതിലില്‍ തടഞ്ഞുനിന്നു. "ഈമതില്‍ ഞാന്‍ രാവിലെ പോവുമ്പോള്‍ ഇവിടെയില്ലായിരുന്നല്ലോ" എന്ന ചിന്ത ഒരുനിമിഷം മാധവമനസ്സില്‍ ഉരവം കൊണ്ടെങ്കിലും "ഒരുമതിലുണ്ടേല്‍ അതിനൊരു ഗേറ്റുമുണ്ടാവും എന്ന പഴ(?) മൊഴിയാണ്‌ അന്നേരം പ്രൊ. മാധവനാശാനെ കര്‍മ്മനിരതനാക്കിയത്‌. താന്‍ വന്നു മുട്ടിനില്‍ക്കുന്നത്‌ കുട്ടിക്കുറുമ്പിന്‌ ക്വാറണ്ടൈന്‍ ചെയ്യപ്പെട്ട അയ്യപ്പനാനയുടെ സ്ഥൂലകമ്പിതഗാത്രത്തിലാണെന്നതിന്‌ ഒരു ക്ലൂ പോലുമില്ലാതെ പൂക്കുറ്റിമാധവന്‍ ‘കൊമ്പനാനയുടെ പള്ളയ്ക്ക്‌ ഗേറ്റ്‌ തപ്പിനടക്കുക‘ എന്ന വൃഥാകര്‍മ്മത്തില്‍ കൈമെയ്‌ മറന്ന് വ്യാപൃതനായി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ?. അയ്യപ്പന്‍ ആദ്യം മിണ്ടീല..ഒരു ദുഷ്പേരു കേള്‍പ്പിച്ചിട്ട്‌ മണിക്കൂറൊന്നു തികഞ്ഞിട്ടില്ല..ഇനീപ്പൊ ഇതുംകൂടെവേണ്ട. പക്ഷേ മാധവവിക്രിയകള്‍ അതിരു വിട്ടതോടെ അയ്യപ്പനാനയ്ക്കും ഉള്ളിലൊരുള്‍ഭയം! "ഇയ്യാളിതെന്തിനുള്ള പുറപ്പാടാണ്‌?" സംഗതി ഞാനൊരു കൊമ്പനാനയും അങ്ങേരൊരു എലുമ്പന്‍ നായരുമൊക്കെത്തന്നെ, പക്ഷേ ഇതു സ്ഥലം കൊയിലാണ്ടിയാണല്ലോ എന്റെ പരദേവതേ എന്നൊരു അപായമണി അയ്യപ്പന്റുള്ളില്‍ ഒരു കതിന വെടിയായി മുഴങ്ങി. വെടിമുഴങ്ങിയ നടുക്കത്തില്‍, ഒരുപക്ഷേ നാളെ നേരംവെളുത്താല്‍ കേരളക്കരയിലെ കൊമ്പനാനകള്‍ക്ക്‌ വന്നുപെട്ടേക്കാം എന്നു താന്‍കരുതിയ ഒരു ആന നാണക്കേടോര്‍ത്തുള്ള നാണം കൊണ്ടുമായിരിക്കാം, അയ്യപ്പനാന തുമ്പിക്കൈനീട്ടി തപ്പല്‍നായരെ തൂക്കിയെടുത്ത്‌, ഒന്നു കുടഞ്ഞുനിവര്‍ത്തി, മുന്നിലേക്കിട്ടു. ഈ ഒരു നിവര്‍ത്തന പ്രക്രിയക്കിടയിലാണ്‌ ഗേറ്റ്‌ തപ്പിനടന്ന മാധവന്നായരുടെ പോയബോധം തലച്ചോറിന്റെ ഒരുഭാഗത്തെ വേലിപൊളിച്ച്‌ ഉള്ളില്‍ കടന്നത്‌. താനുണ്ടായിരുന്നത്‌ ഭീമാകരനായ കൊമ്പനാനയുടെ പള്ളയ്ക്കു ചേര്‍ന്നായിരുന്നെന്നും ഇപ്പോഴുള്ളത്‌ ആനമറുതായുടെ തുമ്പിക്കൈക്കുള്ളിലാണെന്നും ഒരു ജസ്റ്റ്‌ മിന്നല്‍പിണരിനുള്ള സമയം.... ഒരു ശബ്ദമില്ലാത്ത അലര്‍ച്ചയ്ക്ക്‌ വാപൊളിക്കാനുള്ള സമയം. അത്രേയുള്ളൂ. വന്ന ബോധം മറുഭാഗത്തെ വേലിചാടി, അമ്പലക്കാവിനും തെക്കോട്ട്‌ ഒളിമ്പിക്സിന്റെ നൂറുമീറ്റര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി ഓടി മറഞ്ഞു! നിര്‍ബോധമാധവന്‍ അയ്യപ്പനാനയ്ക്കുമുന്നില്‍ സാഷ്ടാംഗം മൂക്കും കുത്തി വീഴുകയും ചെയ്തു.

അതോടെ ആനയ്ക്കായി അങ്കലാപ്പ്‌. ദൈവമേ എലുമ്പന്‍ ചത്തോ? ഇനി ഇതിന്റെ ഒരുകുറവേ ഉണ്ടായിരുന്നുള്ളൂ...അല്ലേത്തന്നെ വേറൊരു നാരായകോന്തനെ കിണറകത്തേക്ക്‌ പറത്തിവിട്ടതിന്റെ പുകില്‌ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനി ഇയാളെങ്ങാന്‍ കഷ്ടകാലത്തിനു വടിവേലുവായാല്‍, ജന്മം തുലഞ്ഞു പണ്ടാരമടങ്ങിയതു തന്നെ. ഈ രക്തത്തില്‍ എനിക്കു പങ്കില്ല എന്ന് ഏതുഭാഷയില്‍ വിവരദോഷികളായ മനുഷ്യരെ പറഞ്ഞ്‌ മനസ്സിലാക്കും? ആനഭാഷയ്ക്ക്‌ ആരേലും യുണീകോഡ്‌ കണ്ടുപിടിച്ചിരുന്നെങ്കില്‍....... ആനകളില്‍ അറ്റ്‌ലീസ്റ്റ്‌ ഒരു സിബു, പോട്ടെ ഒരു കൈപ്പള്ളിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍.... ഇത്യാദി വിഷാദകഠോര ചിന്തകള്‍ അയ്യപ്പന്റെ മനസ്സിലൂടെ തിക്കിത്തിരക്കി ഒരു മൗനജാഥയായി കടന്നുപോയി. നടനാലിനും ചങ്ങലയിട്ട്‌, കൂച്ചുവിലങ്ങും പിന്നെയൊരു ഇടച്ചങ്ങലയുമിട്ട്‌ പൂട്ടിക്കെട്ടി നില്‍ക്കാനും ഇരിക്കാനും കിടക്കാനും വയ്യാതെ തളയ്ക്കപ്പെടുന്ന ഭീകരസ്മരണയില്‍ പാവം അയ്യപ്പന്റെ ഉള്ളു കിടുങ്ങി. അതു പോട്ടെ, ഇത്രനാളും കഷ്ടപ്പെട്ടു സഹിച്ച്‌ താന്‍ നേടിയെടുത്ത തന്റെ സല്‍പ്പേര്‌ അയ്യപ്പന്‍....? കൊമ്പനാനയ്ക്ക്‌ കണ്ണുനിറഞ്ഞു. ഒടുവില്‍ ദീര്‍ഘതപസ്യാചിന്തനവിചിന്തനങ്ങള്‍ക്കൊടുവില്‍ രാമനാട്ടുകര അയ്യപ്പന്റെ നെറ്റിപ്പട്ടം കെട്ടാത്ത ആനത്തലവട്ടത്തിനുള്ളില്‍ വെട്ടം മിന്നി. "തൊണ്ടിമുതല്‍ ഒളിപ്പിക്കുക"! പിന്നെ അമാന്തിച്ചില്ല.മുന്നില്‍ പഴന്തുണിക്കെട്ടുപോലെ ചുരുണ്ടുകിടക്കുന്ന ബോധംപോയ മാധവനെ തുമ്പിക്കയ്യാല്‍ കോരിയെടുത്തുയര്‍ത്തി, തന്നെ തളച്ചിരുന്ന മരത്തിന്റെ രണ്ടായിപ്പിരിയുന്ന ശാഖകള്‍ക്കിടയില്‍, കമ്പിപോയകാലന്‍കുട കഴുക്കോലില്‍ തൂക്കുംപോലെ, വളരെ ഭദ്രമായി ഡെപ്പോസിറ്റ്‌ ചെയ്തു അയ്യപ്പനാന! എന്നിട്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ ആനനാരായണാ എന്ന ഭാവത്തിന്‌ അടിവരയിടാനെന്നോണം നിന്ന നില്‍പ്പില്‍ സമൃദ്ധമായി മൂത്രമൊഴിക്കുകയും, പിന്നെ പിണ്ഡമിടുകയും ചെയ്തു!

ഉത്സവം വെടിതീര്‍ന്നു!ഭക്തജനങ്ങള്‍ (അല്ലാത്തവരും!) ജീവനുംകൊണ്ട്‌ തടിയെടുത്തു....കൂടെ അയ്യപ്പനാനയേയും അഴിച്ചെടുത്ത്‌ കൃഷ്ണനുണ്ണിനായരും യാത്രയായി. ആ ഭീകര കരാളരാത്രിയില്‍ വെടിവട്ടത്തിനു പുറപ്പെട്ട മാധവന്‍ നായര്‍ മാത്രം ആ പുത്തിലഞ്ഞി മരത്തിനുമുകളില്‍ ഏകനായി, നിര്‍ബുദ്ധനായി വിക്രമാദിത്യനെ കാത്തിരിക്കുന്ന വേതാളത്തെ പോലെ തൂങ്ങി നിന്നു. അന്നു രാത്രി കാവിനുള്ളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച്‌ വ്യക്തമായി രേഖപ്പെടുത്താന്‍ ജീവനില്‍ കൊതിയുള്ള ഒരു ചരിത്ര ഗവേഷകനും ആ പരിസരത്തെങ്ങും ഇല്ലാതിരുന്നത്‌ കൊണ്ട്‌ ആയത്‌ വിവരിക്കാന്‍ പറ്റിയ രേഖകളോന്നും കൊയിലാണ്ടിയുടെ ചരിത്രപുസ്തകത്താളുകളില്‍ മറഞ്ഞിരിപ്പില്ല. എങ്കിലും പൊതുവെ പ്രചരിച്ചുവരുന്ന ഐതിഹ്യം ഇങ്ങനെ സംഗ്രഹിക്കാം. വേതാള മാധവന്‌ ബോധമില്ലാത്തത്‌ കൊണ്ട്‌ അദ്ദേഹം ഭൂതഗണങ്ങളെയോ, സദ്യാകോലാഹലങ്ങളില്‍ മുഴുകി തല്‍സമയ അപ്ഡേറ്റ്‌ മറന്നുപോയതുകൊണ്ട്‌ ഭൂതഗണങ്ങള്‍ മരത്തില്‍ തൂക്കിയ മാധവന്നായരേയോ കണ്ടിരിക്കാന്‍ ഇടയില്ല. വാര്യത്തെ കോഴി മൂന്നുവട്ടം കൂവിയതോടെ ഓടിപ്പോയ മാധവബോധം തിരികെയെത്തിയിരിക്കണം. (നേരം വെളുത്തല്ലോ) പക്ഷേ വരുന്ന വരവില്‍ ബോധന്‌ ഒരു കുഴപ്പം പറ്റി. അടിച്ചുപൂക്കുറ്റിയായി, വിശാലഗൃഹം ലക്ഷ്യമാക്കി വിജൃംഭിത നടനം തുടങ്ങിയതു വരെയുള്ള എപ്പിസോഡുകള്‍ മാത്രമേ ആര്‍ക്കൈവില്‍ നിന്നു തപ്പിയെടുത്തു കൊണ്ട്‌ വരാന്‍ തിരുമ്പിവന്ന മച്ചാനു പറ്റിയുള്ളൂ. ശേഷം ബാക്കി വന്ന കഥാകഥനം - ആനയെ തപ്പിയതുള്‍പ്പെടെ- ഈയിടെ യൂ.ഇ.ഈ മീറ്റില്‍ അതുല്യയെക്കണ്ട ദേവഗുരുവിനു വന്നു ഭവിച്ചു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള പോലത്തെ ഒരു അംനേഷ്യത്തില്‍ ഒലിച്ചുപോയിരിക്കണം! ആനക്കയ്യിലല്ലേ പെട്ടത്‌! അപ്പോള്‍ സ്വാഭാവികമായും കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഉറക്കമുണര്‍ന്ന പ്രൊ. മാധവന്നയരുടെ മനോമുകുരത്തിലുള്ള ചിത്രം എന്തായിരിക്കും? ഉത്സവോം അതുകഴിഞ്ഞുള്ള വെടിക്കെട്ടും ഒക്കെ പൊട്ടിച്ചു തകര്‍ത്ത്‌ വിശാലത്തിന്റെ കട്ടിലില്‍ വിശാലമായി കിടക്കുന്നു എന്നു തന്നെയായിരിക്കണമല്ലോ? അതങ്ങിനെത്തന്നെയായിരുന്നു താനും! അന്തിക്കള്ളിനു പിമ്പിരിയായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വരവ്‌ പൂരപ്പാട്ടിനാല്‍ മൈക്ക്‌ അനൗണ്‍സ്‌മന്റ്‌ നടത്തിയും അതും പോരാഞ്ഞ്‌ ഉടുമുണ്ടഴിച്ച്‌ തലയ്ക്കുമുകളില്‍ കൊടിയാക്കിവീശിയും ഒക്കെയായിരിക്കുമെങ്കിലും, തിരിച്ചുപോക്ക്‌ പുലരുന്നതിനു മുന്‍പ്‌ നാലാളറിയാതെ ആയിരിക്കണം എന്നൊരു നിര്‍ബന്ധം പണ്ടേ വെടിക്കെട്ട്‌ മാധവനുള്ളതാ! കോഴികൂവല്‍കേട്ടുണര്‍ന്ന നായര്‍ നേരം വെളുത്തല്ലോ ഭഗവതീ, ഇന്നു നാണക്കേടായതുതന്നെ എന്നുള്ള വേവലാതിയാല്‍, സാധാരണ ഇത്തരം പുലര്‍വേളകളില്‍ ചെയ്യാറുള്ളതിന്റെ ഓര്‍മ്മയ്ക്ക്‌, ഉടുമുണ്ടാദിയായ സ്ഥാവരജംഗമ വസ്തുക്കളെ തപ്പിയെടുക്കാന്‍ വിശാലത്തിന്റെ കട്ടിലില്‍ നിന്നും ചാടിയെഴുനേറ്റു...അത്രതന്നെ! പിറ്റേന്നു നേരം പരപരാവെളുത്തപ്പോള്‍ ഇംഗ്ലീഷ്‌ ആല്‍ഫാബെറ്റില്‍ സ്മാള്‍ലെറ്റര്‍ "എല്‍" എന്നപോലിരുന്ന പ്രൊപ്രൈറ്റര്‍ മാധവനെ, അമ്പലക്കമ്മറ്റി തൈത്തെങ്ങു വെച്ച തൈക്കുണ്ടില്‍നിന്നും മലയാളം അക്ഷരമാലയിലെ "ഗ" എന്ന അക്ഷരത്തിന്റെ രൂപത്തില്‍ മന്നമംഗലം നിവാസികള്‍ കണ്ടെടുക്കുകയാണുണ്ടായത്‌! കുഴിയില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ മുന്‍പ്‌ തന്നെ മാധവന്റെ മുന്നില്‍ ഘനീഭവിച്ചുകിടന്നിരുന്ന ടി.കെ എന്ന ഇനീഷ്യലിന്‌ പാസ്പോര്‍ട്ട്‌ ആഫീസില്‍ കൊടുക്കാന്‍ പാകത്തില്‍ ഒരു എക്സ്പാന്‍ഷന്‍ ചാര്‍ത്തിക്കൊടുത്തിരുന്നു, സ്ഥലം സര്‍നേം വിതരണക്കമ്മറ്റി! "പ്രൊ. തൈക്കുണ്ടില്‍ മാധവന്‍"! (ടി വിദ്വാന്‍ ബ്ലേഡ്ബിസിനസ്സ്‌ നിര്‍ത്തിയതിനു ശേഷം വന്ന തലമുറയ്ക്ക്‌ ഈ പ്രൊ. എന്നതാണ്‌ എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും, ആയതു ഒന്നുകൂടെ വലുതായി പ്രൊഫെസ്സര്‍ തൈക്കുണ്ടില്‍ മാധവനും, പിന്നെ കാലക്രമേണ വെറും പ്രൊഫെസ്സര്‍ തൈക്കുണ്ടിലും ആവുകയാണുണ്ടായത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു-ചരിത്രകാരന്‍)

ഹൂശെന്റപ്പോ, സില്‍ക്ക്‌ സ്മിത്യ്ക്കു സ്മാരകം പണിയാനിറങ്ങിയ ഞാന്‍ തന്നെ ഇപ്പോ അടിച്ചു പൂക്കുറ്റി മാധവനായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വഴിയും തെറ്റി, അയ്യപ്പനാനയുടെ കാല്‍ച്ചുവട്ടിലും അവിടന്ന് മരത്തിന്നു മുകളിലും പിന്നെ തൈക്കുണ്ടിലും എത്തിയോ? എന്തു ചെയ്യാന്‍. ഇതൊക്കെ ഒരു സംഭവപരമ്പരയിലെ കണ്ണികളായത്‌ കൊണ്ടും, ചരിത്രം ചരിത്രമായിത്തന്നെ രേഖപ്പെടുത്തണം എന്നുള്ളതു കൊണ്ടും ഇതൊക്കെ പറഞ്ഞല്ലേ പറ്റുള്ളൂ. പക്ഷേ ഇത്രത്തോളം വായിച്ചെത്താന്‍ ദൗര്‍ഭാഗ്യമുണ്ടായ നിങ്ങളാല്‍ ചെലരുടെ മുക്കലും, മൂളലും, പല്ലു ഞെരിക്കലും, കണ്ണുരുട്ടലും എന്നെ ഭയചികിതനാക്കുന്നു. എഴുതിവിടുന്ന എനിക്കോ ബോധമില്ല, വായിക്കുന്ന നിങ്ങളും അങ്ങിനെതന്നെ എന്നു കരുതുന്നതില്‍ എന്തു യുക്തി? സോ, സ്ഥല സമയ ക്ഷമാ പരിധി ഹേതുവാക്കി ഈ ഒന്നാംഭാഗത്തിനെ തല്‍ക്കാലം ഇവിടെ സ്റ്റില്ലടിക്കുന്നു! (നാളെക്കഴിഞ്ഞ്‌ എന്നിലെ ചരിത്രകാരന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) സ്മിതാ സ്മാരകം പൂര്‍ത്തിയാക്കാം (എന്നു പറയാന്‍ എനിക്കു ധൈര്യമില്ല!!!)

(തുടര്‍ന്നേക്കാം)

24 comments:

magnifier said...

എന്റെ ഷാര്യാവു ഭഗവതീ....

ഇതിന്റെ ലിങ്കിലും ആര്‍ക്കേലും തെറ്റി ഞെക്കാന്‍ തോന്നണേ....

ഈ സാധനത്തിലും ആര്‍ക്കേലും വല്ലശൈലീസാമ്യവും തോന്നണേ....

അങ്ങനെയെങ്കിലും വെടിവട്ടത്തിന്റെ ഹിറ്റ്മീറ്റര്‍ ഓടിക്കൊണ്ടേയിരിക്കണേ...

ഇതിനു കിട്ടുന്ന ആദ്യതേങ്ങ ആതിരുനടയില്‍ അടിച്ചു പൊട്ടിച്ചോളാമേ....

അളിയന്‍സ് said...

ഒരു പത്തുകിലോയുടെ തേങ്ങ എന്റെ വക... ഡീറ്റെയില്‍ഡ് കമന്റ് പിന്നാലേ...

അതുല്യ said...

ഞാന്‍ തേങ്ങ ഓങ്ങിയപ്പോഴേയ്കും അളിയന്‍സിന്റെ വീണു. അതോണ്ട്‌ മുന്നാമതായി. കമന്റ്‌ എഴുതണമെങ്കില്‍ വായിയ്കണ്ടേ? അതിനു അല്‍പം ത്വെര്യം തരണ്ടേ മനുഷ്യരു? എന്റെ പോസ്റ്റിലെ അടി തന്നെ തീര്‍ക്കാന്‍ കുത്തിത്തിരിപ്പു ഭഗവതിയ്ക്‌ സമയമില്യാ. അതിന്റെ ഇടയിലാ ഈ സില്‍ക്കിന്റെ തിരുവിളയാടല്‍...

വിശ്വപ്രഭ viswaprabha said...

മോങ്ങാനിരുന്ന തേങ്ങാ എനിക്കുമുന്‍പേ വന്നുവീണതുകൊണ്ട് ഞാനിനി എറിയണില്യ.

Siju | സിജു said...

ശ്രദ്ധിച്ചു വായിച്ചു വരികയായിരുന്നു; അയ്യപ്പന്റെ സംശയം വന്നതോടെ അറിയാതെ ചിരി പൊട്ടിപ്പോയി.
പോസ്റ്റിനേക്കാളും അടിപൊളി പരസ്യമാണല്ലോ കമന്റില്‍

അളിയന്‍സ് said...

എന്റമ്മോ.. ഇതെന്തരെഴുത്താ മാഷെ...? അയ്യപ്പന്റെ ധര്‍മ്മസങ്കടം വിവരിച്ചിരിക്കുന്നത് ഫസ്റ്റ് ക്ലാസ് ആയിട്ട്ണ്ട്. നല്ല ആറ്റന്‍ പോസ്റ്റ്.
രണ്ടാം ഫാഗം എപ്പൊ വരും ...?

അതുല്യ said...

വിശ്വം വന്ന് കമന്റീല്യോ... ദാറ്റ്‌ ഈസ്‌ ഇക്വല്‍ റ്റു (ഈയ്യിടെയായി അപ്പു പറഞ്ഞു, ഈസ്‌ ഇസ്സിക്ക്യല്‍ റ്റൂന്ന് പറയരുത്‌, ഗവ്‌. സ്ക്കുളില്‍ പഠിയ്കരുതെന്ന് അതൊണ്ടാ പറയണേ...) സോ വിശ്വം കമന്റ്‌ ഇക്വ്ല്സ്‌ റ്റു ഒരു 101 കമന്റാാ........ മാഗ്നിയങ്ങുന്ന് ധന്യനായീ...

എന്നാലും എന്റെ മാഗ്നി,ഞങ്ങളോക്കെ അപ്പീസിലാ എന്ന് ഒരു ബോധമെങ്കിലും നിങ്ങള്‍ക്ക്‌ വേണ്ടേ.. ചില്ലിനപ്പുറത്തൂടെ നോക്കിയ പരന്ന് കിടക്കുന്ന ഇറാനി ഉരുവിറക്കുന്ന കടലാണു മുമ്പില്‍, പക്ഷെ ഇപ്പോ നോക്കിയപ്പോ ഞാന്‍ കണ്ടത്‌ മരത്തില്‍ തൂങ്ങിതങ്ങി നില്‍ക്കുന്ന തപ്പല്‍നായരായാ...

എന്നേം ദേവനേം ഒക്കെ വെറുതേ വിടായിരുന്നു. ഞങ്ങളു കുടുബക്കാരൊക്കെ അമ്നീഷ്യ കളിച്ചു നടക്കും അതൊക്കെ മാഗ്നി എന്തിനു വിഷയമാക്കണം? ഐ ഒബ്ജക്റ്റ്‌...

എന്നാലും ക്ഷ പിടിച്ചൂട്ടോ. രസചരട്‌ പൊട്ടുമോന്ന് കരുതിയ സമയം പോലും, അതില്‍ നിന്ന് കരകേറി എഴുത്ത്‌ പിന്നെയും നീണ്ട്‌ നിവര്‍ന്നു.

പിന്നെ എന്റെ കെണിയുടെ പരിസരത്തൂടേയുള്ള ഈവനിംഗ്‌ വാക്ക്‌ ഞാന്‍ കാണുന്നുണ്ട്ട്ടോ. ഖത്തര്‍ അത്ര ദൂരെയാണോ? സ്വാര്‍ത്താ, മുരളീ, പരദേശി, ഫെസലെ... പ്ലീസ്‌ ഫാള്‍ ഇന്‍ ഫോര്‍ ദ സെര്‍ച്ച്‌...

ഇടിവാള്‍ said...

മാഗ്നീ, നല്ല പോസ്റ്റ്.
മുന്‍ പോസ്റ്റുകളുടെ അത്രക്കങ്ങു പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും, ആദ്യഭാഗമൊന്നു വലിഞ്ഞു പോയെങ്കിലും, അയ്യപ്പവിവരണം ഗംഭീരം. തുടരാന്‍ മറക്കല്ലേ !

ലിഡിയ said...

എന്തായാലും സില്‍ക്ക് ബസാറിന്റെ ചരിത്രം അറിഞ്ഞില്ലെങ്കിലും അയ്യപ്പനെ പരിചയപ്പെടാന്‍ പറ്റി, അയ്യപ്പന്‍ സ്റ്റാര്‍ തന്നെ..

ഹിറ്റ്കൌണ്ടര്‍ നന്നായി തന്നെ ഓടുന്നുണ്ടല്ലേ ;-)

-പാര്‍വതി.

അതുല്യ said...

പാറു, അമ്പല പറമ്പുകളും ദേവസ്വം അപ്പീസുകളുമൊക്കെ അയ്യപ്പാ മാധവ കഥകളാല്‍ സമൃദ്ധമാണു. കൂടല്‍മാണിക്യ നിവാസി കുറുജീയൊട്‌ ഒന്ന് ഈ വഴി വരാന്‍ പറ... ഇതിലും വലിയ കഥയൊക്കെ അങ്ങേരു പറയും പൂരപ്പറമ്പിന്റെ.

കൂറുവേ... കെട്ടഴിയ്കൂ...ഞാനും കൂടാം... നമ്മടെ കിഴക്കേ നടയ്കലുള്ള .... നിവാസീന്ന് തുടങ്ങാം...ല്ലേ?



പാറു :ഹിറ്റ്‌: കൗണ്ടര്‍ എന്നും പറഞ്ഞ്‌ മാഗ്നീനേ ഒന്നാക്കീല്ലേ? മ്മ് മ്മ് പാവം മാഗ്നീ, ഗതിയീല്ല്യാണ്ടേയാ ഇങ്ങനെ ചുറ്റി തിരിയണേ.

രാജീവ് സാക്ഷി | Rajeev Sakshi said...

തുടരണം

വേണു venu said...

മനസ്സിലൂടെ തിക്കിത്തിരക്കി മൗനജാഥയായി സംഭവങ്ങള്‍ ഒരു സിനിമ കാണുന്നതു പോലെ കടന്നു പോകുന്നു.നന്നായാസ്വദിച്ചു.

മുസാഫിര്‍ said...

മാഗ്നി മാഷെ , തൃശ്ശ്രൂര്‍ പൂരത്തിനു അമിട്ട് പൊട്ടിയ പോലെ,ബാക്കി കൂടി പൊട്ടിക്കു,ധൈര്യമായി.

വാളൂരാന്‍ said...

ഞാന്‍ ഖത്തറിലാണെന്നതില്‍ ഇപ്പോള്‍ അഭിമാനിക്കുന്നു, മാഗ്നിയുടെ നാട്ടിലാണല്ലോ....
ദെന്തൂട്ടാഷ്ടാ..... ഇതിനു കമന്റാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല - തപ്പി നടക്കുന്നു.
എന്താ എഴുതണ്ടേന്ന്‌ കണ്‍ഫൂസന്‍..... കലക്കട്ടെ... കലക്കട്ടെ....!!!

കുറുമാന്‍ said...

മാഗ്നിയേ, അമറന്‍ പോസ്റ്റ്, ആദ്യ ഭാഗത്തിന്നു അയ്യപ്പന്‍ പുരാണമെന്നിടാമായിരുന്നു. എന്തായാലും ചിരിക്കാന്‍ ഇമ്മിണി കിട്ടി. അയ്യപ്പന്റെ ചിന്താഗതി അസ്സലായി വിസ്വലൈസ് ചെയ്തു. അടുത്തതുടന്‍ തന്നെ റിലീസൂ.....

അതുല്യേച്ച്യേ, ആനക്കഥ, പൂരക്കഥ, പൂരക്കായ കഥ അങ്ങിനെ കഥകള്‍ നമുക്ക് മെനയാം....കൊടകര ഷഷ്ടി നമുക്ക് വിശാലനേകൊണ്ടെഴുതിക്കാം..ഓച്ചിറ വേല (അങ്ങിനെ തന്നെയല്ലെ), ദേവേട്ടനും, അങ്ങിനെ നിരന്നു കിടക്കല്ലേ,,,,,

സു | Su said...

:)

വല്യമ്മായി said...

കണ്ടങ്കോരന്റെ നല്ലപാതി കള്ളും മാട്ടയ്ക്ക്‌ കയ്യുംകാലുംവെച്ചപോലുള്ള നീലീകല്യാണി സ്റ്റോണ്‍ വാഷ്‌ മിഡിയും പിന്നെ ഐക്കണിന്റെ ടോപ്പും ധരിച്ച്‌ തലേലൊരു കെട്ട്‌ പുല്ലും കയ്യിലൊരു അരിവാളുമായി ആറാട്ടുകണ്ടത്തിന്റെ വരമ്പത്തൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നൊരു വിഷ്വല്‍ ഇംപാക്റ്റ്‌. ഈസ്‌ ഇറ്റ്‌?


സുപ്രഭാതത്തിന്റെ റീമിക്സ് കേട്ടപ്പോള്‍ എനിയ്ക്കു തോന്നിയത് ഇത് തന്നെ

:)

നല്ല ഒഴുക്കുള്ള എഴുത്ത്

Visala Manaskan said...

എന്റെ മാഗ്നിയേ..

പെരുക്ക് പെരുക്ക് എന്ന് പറഞ്ഞാല്‍ ഇതാണ്. അതിഗംഭീരമായ നിരവധി പ്രയോഗങ്ങളാല്‍ ആഢംബരമായിട്ടുണ്ട്...

രസിച്ചുവായിച്ചു, പൊട്ടിച്ചിരിച്ചു.

ഈ ഗാഢസള്‍ഫ്യൂരിക്കാസിഡ് ഒന്ന് ലൂസാക്കിയെടുത്താല്‍ നോവലാക്കിമാറ്റാമല്ലോ മാഗ്നിയേ..!

magnifier said...

ഈശ്വരാ, പൂച്ചയ്ക്കും പത്തിരിയോ, അതും പുള്ളി പ്ലേറ്റില്‍! (വിശ്വപ്രഭയുടെ കമന്റ് ഈ ബ്ലോഗിലുമോ എന്നാണ് പറയാന്‍ വന്നത്...ആതേങ്ങ എന്റെ തല ലക്ഷ്യം വെച്ചല്ല എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു)

അളിയന്‍സിന്റെ തേങ്ങ പന്തലായിനിക്ക് കൊറിയര്‍ വിട്ടു.

അതുല്യേച്ചി (2), സിജു, പാര്‍വതി, ഇടിവാള്‍, സാക്ഷി, വേണു, കുറുമാന്‍,മുരളി, സൂ, മുസാഫിര്‍, വല്യമ്മായി, വിഷാല്‍ജി.....നന്ദി

മുരളീ...കാണാം അല്ല കാണണം!

വിശ്വപ്രഭ viswaprabha said...

അതെന്താ മാഗ്നീ,
മാഗ്നിഫയറിനെ ഡിഗ്നിഫൈ ചെയ്യാന്‍ ഞാന്‍ ആര് എന്നു വിചാരിച്ചല്ലേ കമന്റൊന്നും ഇടാതിരിക്കുന്നത്. നേരിട്ട് നോക്കിയാല്‍ കണ്ണടിച്ചുപോവുമോ എന്ന പേടികൊണ്ട് കലക്കവെള്ളത്തില്‍ നോക്കി സൂര്യനെ കാണുന്നപോലല്യോ ചുളുവില്‍ ഒരു കമന്റിട്ടു നോക്കിയത്.

അരവിന്ദ് :: aravind said...

മാഗ്നിയേ കലക്കി...
തകര്‍ത്തിട്ടുണ്ട് , പതിവ് പോലെ :-))

(ഒരു നിര്‍ദ്ദേശം‍. ബൂലോഗരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാം. മറ്റൊന്നും കൊണ്ടല്ല, ഉദ്ദേശിക്കുന്നത് എല്ല്ലാവര്‍ക്കും പിടികിട്ടില്ല...ബൂലോഗരെക്കുറിച്ച് അധികം അറിയാത്തവരും വായനക്കാരുണ്ടാകില്ലേ?)

തുടരണം..ഉറപ്പായും :-)

ദേവന്‍ said...

നല്ല പേയ്സ്‌ മാനേജ്‌മന്റ്‌ മാഗ്നിയേ, ചാക്യാര്‍ പേസ്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ടെന്‍ഷന്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നതുപോലെ മന:പ്പൂര്‍വ്വം പെട്രോളേല്‍ കാലു കൊടുത്തും എടുത്തും ഉണ്ടാക്കിയതാണോ അതോ സ്വാഭാവികമായി കിട്ടുന്നതാണോ?

ബാക്കി വേഗം പോരട്ട്‌.
[ഒരു സൈസില്‍ കൂടുതലുള്ള പോസ്റ്റുകളെ അവധി ദിനത്തിലേക്കും അവിടെന്ന് അടുത്ത പെരുന്നാളിനു വായിക്കാനും ഒക്കെ മാറ്റി വയ്ക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ട്‌. എന്തോ ഭാഗ്യത്തിനു മാഗ്നീടെ പോസ്റ്റ്‌ അങ്ങനെ മിസ്സ്‌ ആയില്ല]

magnifier said...

അരവിന്ദ്, ദേവരാഗം....സന്തോഷായി ട്ടൊ

സുധി അറയ്ക്കൽ said...

(രാത്രി ഒരു പതിനൊന്നു മണിയോടെ രണ്ട്‌ റൗണ്ട്‌ വെടിക്കെട്ട്‌ നടത്തി ഭകതജനങ്ങളെ പിരിച്ചു വിടും).
ഇവിടം മുതൽ നിർത്താതെ തുടങ്ങിയ ചിരിയാ എന്റെ പൊന്നോ!!! സുല്ലിട്ടു.