Tuesday, November 28, 2006

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.

Tuesday, November 21, 2006

സില്‍ക്ക് സ്മിത്യ്ക്കൊരു സ്മാരകം (ഒന്നാം ഭാഗം)

വിഷ്വോ..വിഷ്ക്കണിയോ
വാവോ.. വാക്കണിയോ
വിഷൂന്റപ്പം കിട്ടീലാ..
വേലിക്കല്‍ പൂവെടി പൊട്ടീലാ...
വിഷ്വോ വിഷ്ക്കണിയോ

ദേ വരണത്‌ വിഷുപ്പൊട്ടന്‍. നിങ്ങളാച്ചെലര്‌ ഓണപ്പൊട്ടന്ന്ന്‌ കേട്ടുകാണും.ന്നാ ഈ കൊയിലാണ്ടിദേശത്ത്‌ ഇങ്ങനേയും കാണാം ഒരു പൊട്ടനെ..വിഷുപ്പൊട്ടന്‍! വിഷൂന്റന്തി ഉച്ചയ്ക്ക്‌ വീടുവീടന്തരം കയറിയിറങ്ങി നിരങ്ങി വലിയോരു പെരുന്തലമടലെടുത്ത്‌ (കവിളിമടല്‍ എന്നും പറയും) സകലമാന വീടിന്റേം മുറ്റങ്ങളെ "ബ്‌ധ്ക്കോം, ബ്‌ധ്ക്കോം" എന്ന്‌ തല്ലിയൊതുക്കി മൊത്തം ചില്ലറയായി വാങ്ങിപ്പോവുന്ന ഒരു വിശേഷപ്പൊട്ടന്‍! (മൊത്തം ചില്ലറ എന്നു കണ്ടത്‌ കൊണ്ട്‌ ആരും തെറ്റിദ്ധരിക്കല്ലേ...) ദേഹം മുഴുവന്‍ ചപ്പില വെച്ചുകെട്ടി, പ്ലാവിലക്കിരീടമണിഞ്ഞ്‌ വായ്ത്താരിമുഴക്കി വരുന്ന ആ പൊട്ടന്‍ ബാല്യകാല മധുരമനോജ്ഞസ്മരണകളില്‍ എവിടെയോ വാളുവെച്ച്‌ സാഷ്ടാംഗം കിടപ്പുണ്ട്‌. പറഞ്ഞുവന്നത്‌ അതല്ല. സില്‍ക്ക്‌ സ്മിതയ്ക്ക്‌ ജീവിച്ചിരുന്നപ്പോ തന്നെ സ്മാരകം പണിത ഞങ്ങള്‍ കൊയിലാണ്ടിക്കാരെക്കുറിച്ചാണ്‌. ഹൂഷ്‌..ഗണ്‍ഫൂഷന്‍..ഗണ്‍ഫൂഷന്‍! വിഷു, വിഷുപ്പൊട്ടന്‍,സില്‍ക്ക്സ്മിത, സ്മാരകം..കൊയിലാണ്ടി...വാട്‌ ഹാപ്പെന്‍ഡ്‌? (ഹേയ്‌ സാരല്യ... ഉമേഷ്‌ മാഷിന്റെ തലതിരിഞ്ഞ്‌ കാലും മേല്‍പ്പോട്ടാക്കി തലയേതാ കാലേതാന്ന്‌ മനസ്സിലാവാതെ കിടക്കുന്ന പുത്തിമല്‍സര ബ്ലോഗില്‍ ഒന്നു കയറിയിറങ്ങിയതിന്റെയാ... ഇപ്പോ മാറിക്കൊള്ളും)

അപ്പോശരി, സംഭവം ഇത്രയേ ഉള്ളൂ....കൊയിലാണ്ടിയുടെ ചതുര്‍ഭുജ സാമന്ത നാട്ടുരാജ്യങ്ങളില്‍ ഒന്നായ വന്നമംഗലം അഥവാ മന്നമംഗലം എങ്ങനെ സില്‍ക്ക്‌ ബസാറായി മായം മറിഞ്ഞു? സില്‍ക്ക്‌ ബസാറെന്നു കേട്ടിട്ട്‌ പണ്ട്‌ ഹുവാങ്ങ്ഷായുടെ (അങ്ങേരല്ലെങ്കില്‍ അതുപോലെ വേറൊരു ഹുങ്ങ്‌ അല്ലെങ്കില്‍ ഹാങ്ങ്‌!) കാലത്ത്‌ പന്തലായിനിക്കടപ്പുറത്ത്‌, അങ്ങ്‌ ചീനാദേശത്തുനിന്ന്‌, പള്ളനിറച്ചും പട്ടുമായി വന്ന കപ്പലും കപ്പിത്താന്മാരും കച്ചവടക്കാരും അര്‍മാദിച്ച്‌ നടന്നിരുന്ന ഒരു പുണ്യപുരാതന വാണിജ്യ പ്രക്ഷേപണ കേന്ദ്രം എന്ന്‌ പല അന്യദേശക്കാരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതായി ഈ വിനീത ചരിത്രകാരന്റെ ചില ഗവേഷണ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്‌ വായനക്കാരോട്‌ ഇവ്വിധം ഒരു ക്രൂരകൃത്യം നടത്താനുള്ള ഒരിന്‍സ്പിരേഷന്‍ അഥവാ ഉള്‍വിളി. ഇംഗ്ലീഷ്‌ ഭാഷയില്‍ ഭേഷാ പേരുകളുമായി ഞെളിഞ്ഞിരിക്കുന്ന പട്ടണന്മാരെ തെരഞ്ഞുപിടിച്ച്‌ ഊതിവീര്‍പ്പിച്ച നാമഡംബിന്റെ മൂട്ടിന്‌ മൊട്ടുസൂചി വെച്ചൊരു കുത്തുംകൊടുത്ത്‌, ബോംബേ എന്നവരെ മുംബായിയും, മദ്രാസനെ ചെന്നായും, ബാംഗ്ലൂരിനെ ബംഗലൂരും, ട്രിവാന്‍ഡ്രത്തിനെ തനി തിരോന്തരോം പിന്നെ കൊച്ചു കാലിക്കൂത്തിനെ പഴേ കോഴികൂവിയാല്‍ കേള്‍ക്കും ദൂരത്ത്‌ പരന്നുകിടക്കുന്ന കോഴിക്കോടും ഒക്കെയാക്കി ഒരു റിവേഴ്സ്‌ ഗിയര്‍ നാമപരിഷ്കരണ യഞ്ജത്തിന്റെ യാഗശാലയ്ക്ക്‌ മൊത്തം തീപിടിച്ച സമയമാണല്ലോ ഇത്‌ ! എന്നാല്‍ പണ്ട്‌ അങ്ങിനെയായിരുന്നില്ല. “കുന്നുമ്മലങ്ങാടി“ എന്ന പേരുകേട്ടാല്‍ എന്റെ മനസ്സില്‍ വരുന്നത്‌ കുന്നുമ്മലെ പടുകൂറ്റന്‍ പയനിപ്ലാവിന്റെ മൂട്ടില്‍ സന്ധ്യാസമയത്ത്‌ ഉറക്കംവിട്ടുണര്‍ന്ന്‌ കോട്ടുവായിടുന്ന ഒരു ജമാല്‍കൊച്ചങ്ങാടിയാണ്‌. ഓരത്തൊരു കള്ള്‌ ഷാപ്പും നടുക്ക്‌ രാഘവേട്ടന്റെ പലചരക്കു കടേം പിന്നെ കുഞ്ഞിക്കാദറിന്റെ ചായപ്പീട്യേം ഉള്ള ഒരങ്ങാടി. അവിടെ മീന്‍കാരന്‍ ഹൈദ്രോസ്‌ "പെടപെട മത്തി,പെടപെടമത്തി, ഉര്‍പ്പേ്യ‍ക്കഞ്ച്‌, ഉര്‍പ്പേ്യ‍ക്കഞ്ച്‌" എന്ന്‌ തൊണ്ടകാറി വിളിക്കണെ കേള്‍ക്കാം, ചേനയും ചേമ്പും കാച്ചിലും പലം കണക്കിന്‌ തൂക്കിവാങ്ങാം, താഴെ തോണിക്കടവത്ത്‌ നിന്നുള്ള കൂക്ക്‌ കേള്‍ക്കാം, പതിനഞ്ച്‌നായും പുലിയും കളിക്കുന്നിടത്ത്‌ വായും പൊളിച്ച്‌ നില്‍ക്കാം, നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും അങ്കക്കലിമൂത്ത്‌ ഓതിരം മറയുന്നതും ഒടുക്കം തോളില്‍ കയ്യുമിട്ട്‌ ഒരു കരളായി കള്ളുഷാപ്പിലേക്ക്‌ കയറിപ്പോവുന്നതും കാണാം. ഈ പാവം തനി കണ്‍ട്രി കുന്നുമ്മലങ്ങാടിയെ കുത്തിനു പിടിച്ചുനിര്‍ത്തി ഇനിമുതല്‍ നിന്റെ തിരുനാമം "ഹില്‍ബസാര്‍" എന്നാകുന്നു എന്നുപറഞ്ഞാല്‍ എങ്ങിനിരിക്കും. കണ്ടങ്കോരന്റെ നല്ലപാതി കള്ളും മാട്ടയ്ക്ക്‌ കയ്യുംകാലുംവെച്ചപോലുള്ള നീലീകല്യാണി സ്റ്റോണ്‍ വാഷ്‌ മിഡിയും പിന്നെ ഐക്കണിന്റെ ടോപ്പും ധരിച്ച്‌ തലേലൊരു കെട്ട്‌ പുല്ലും കയ്യിലൊരു അരിവാളുമായി ആറാട്ടുകണ്ടത്തിന്റെ വരമ്പത്തൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നൊരു വിഷ്വല്‍ ഇംപാക്റ്റ്‌. ഈസ്‌ ഇറ്റ്‌?

അപ്പോ എന്താ പറഞ്ഞു വന്നത്‌? ആ.. വന്നമംഗലം അല്ലേ? കൊല്ലം ചിറയ്ക്ക്‌ തെക്കും വടക്കുമായി, ശ്രീപിഷാരികാവ്‌ ഭഗോതിയുടെ കരുണാകടാക്ഷമേറ്റ്‌, ഇന്‍ഡ്യാ മഹാരാജ്യത്ത്‌ ഇസ്ലാം മതപ്രചരണാര്‍ഥം വന്ന മാലിക്ദിനാറിന്റെ കാലത്ത്‌ നിര്‍മ്മിച്ച പുരാതന മുസ്ലിം പള്ളി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അങ്ങിനെ നീണ്ട്‌ നിവര്‍ന്ന്‌ പരന്നുകിടക്കുകയാണ്‌ വന്നമംഗലം അഥവാ മന്നമംഗലം.പരന്നു കിടക്കുന്നു എന്നൊക്കെ ഒരാവേശത്തിനങ്ങ്‌ പറഞ്ഞതാ..അങ്ങിനെ പരക്കാന്‍ മാത്രമൊന്നുമില്ല, ഒരു കൊച്ചു ദേശം..പന്തലായിനിക്കൊല്ലത്തിന്റെ ഒരു ചെറിയ ഭാഗം. അപ്പോ ഈ തിരുവിതാംകൂര്‍ കൊല്ലവും പന്തലായിനി കൊല്ലവും തമ്മില്‍ വല്ല അവിശുദ്ധ ബന്ധോം ഉണ്ടോ എന്നാവും അടുത്ത സംശയം..അവിശുദ്ധമല്ല ഒരു ശുദ്ധ ബന്ധം തന്നെയുണ്ട്‌ രണ്ടും തമ്മില്‍. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ കോപം ഹേതുവായി ആ കൊല്ലത്തുനിന്നും (തെക്കന്‍ കൊല്ലം എന്നു ഞങ്ങള്‍ വടക്കര്‍ പന്തലായിനികൊല്ലക്കാര്‍ പറയും!) ഓടിപ്പോന്ന വിഷഹാരികളായ വൈശ്യന്മാര്‍ വന്നുപെട്ടസ്ഥലമാണ്‌ പന്തലായിനി. (പന്തല്‍പോലുള്ള അയിനിമരം ഉള്ളസ്ഥലം)ആ പായുന്നപാച്ചിലില്‍ സ്വന്തം പരദേവതയായ കാളിയെ നാന്ദകം എന്നുപറയുന്ന വാളില്‍ ആവാഹിച്ച്‌ അടിച്ചുമാറ്റി കടത്തിക്കൊണ്ടുവന്നു പഹയന്മാര്‍. ആ ദേവിയെ വാളടക്കം കുടിയിരുത്താന്‍ ഒരമ്പലവും അമ്പലത്തിനുചുറ്റും എട്ടുവീടുകളും പണിത്‌ അവരവിടെ ആവാസമുറപ്പിച്ചു. കൊല്ലത്തുനിന്നും വന്ന വിഷഹാരികള്‍ ഉണ്ടാക്കിയ അമ്പലമായത്‌ കൊണ്ട്‌ അത്‌ കൊല്ലം വിഷഹാരികാവ്‌ എന്നറിയപ്പെട്ടു. ആയത്‌ പിന്നീട്‌ ലോപസന്ധിക്കടിമപ്പെട്ട്‌ കൊല്ലം പിഷാരികാവ്‌ ആയിമാറി എന്നാണ്‌ ഐതിഹ്യം. തെക്കുനിന്നുള്ള വൈശ്യന്മാര്‍ വന്നുപെട്ട്‌ കുടുങ്ങിപ്പോയ സ്ഥലമായത്‌ കൊണ്ട്‌ അമ്പലത്തിനു ചുറ്റുമുള്ള ചെറിയ ദേശം വന്നമംഗലം എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. അതിപ്പോ പറഞ്ഞുപറഞ്ഞ്‌ മന്ദമംഗലം എന്നുമായി! ശ്രീ പിഷാരികാവമ്മയുടെ മൂക്കിനു താഴെ (കാളിയായതോണ്ട്‌ നാക്കിന്‌ താഴെ എന്നും പറയാം) കിടക്കുന്ന ശാലീനശ്രീ മന്ദമംഗലം അങ്ങാടിയെയാണ്‌ ഒരു വിഷൂന്റന്നു വൈകുന്നേരം കസവുനേര്യെ സാരിയും ചന്ദനക്കളര്‍ റവുക്കയും ഉള്‍പ്പെടെ ഒരു പാഞ്ചാലീ വസ്ത്രാക്ഷേപം നടത്തി, നെഞ്ഞത്തും അരയ്ക്കും വെറും അരയംഗുലം മാത്രം തുണി ബാക്കിനിര്‍ത്തി, മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതാ ബസാര്‍ ആക്കിമാറ്റിക്കളഞ്ഞത്‌!(ഹാവൂ വിഷുവും ഈ ആഖ്യായികയും തമ്മിലുള്ള ബന്ധം ഇപ്ലാ പിടികിട്ടിയെ!)സോ സില്‍ക്ക്‌ ബസാറും പട്ടുതുണിയും ചീനയും കപ്പലുമെല്ലാം തമ്മില്‍ വെറും സില്‍ക്ക്‌ സ്മിതയും പട്ടുപാവാടയും(മുട്ടിനുതാഴെയെത്തുന്ന) തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ എന്നതാണ്‌ ചരിത്രപരമായ സത്യം. പിന്നെ ഈ കടുംകൈ ചെയ്തത്‌ ആര്‌? പറയാം!

അതിനു മുന്‍പ്‌ ശ്രീ ഭഗവതീ കടാക്ഷം ചിറ്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ (സ്വര്‍ണ്ണ പണയം) പ്രൊപ്രൈറ്റര്‍ താഴെകണ്ടിയില്‍ ടി.കെ. മാധവന്‍ എങ്ങിനെ പ്രൊഫസര്‍ തൈക്കുണ്ടില്‍ ആയി എന്നു നാം അറിയേണ്ടിയിരിക്കുന്നു.

ഷാര്യാവമ്പലത്തിലെ ഉത്സവം മീനമാസത്തിലാകുന്നു. (മേടം മീനമാസത്തിലല്ലെങ്കില്‍!). ഈ ഷാര്യാവന്നെയാണ്‌ പിഷാരികാവ്‌. (യാതൊരുവിധത്തിലും ഒരു പേരും നേരെ ചൊവ്വേ പറയില്ലാന്ന് വ്രതം എടുത്തവരല്ലോ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍!) ഉത്തര മലബാറിലെ തൃശ്ശൂര്‍ പൂരം എന്നാണ്‌ പ്രസ്തുത മീനമാസത്തിലെ ഉത്സവന്‍ അറിയപ്പെടുന്നത്‌. അറ്റ്‌ ലീസ്റ്റ്‌ തൃശ്ശൂര്‍ പൂരം കാണാത്ത കൊയിലാണ്ടിക്കാര്‍ക്കെങ്കിലും! കൊടിമരത്തുമ്മേ കയറിയാല്‍ എട്ടീസം കഴിഞ്ഞ്‌ നിലംതൊടുന്ന ഉത്സവം ഉത്സവമാകുന്നത്‌ ഒടുക്കത്തെ കൂട്ടപൊരിച്ചിലായ വലിയവിളക്കിന്റന്നും കാളിയാട്ടത്തിന്റന്നുമാണ്‌. കാളിയാട്ടത്തിന്നിടയ്ക്ക്‌ പുട്ടുകച്ചവടം നടത്താന്‍ ഒരുമാതിരിപ്പെട്ടവരൊന്നും മിനക്കേടാത്തത്‌ കൊണ്ട്‌ ചക്കൊളം ആറാട്ടിനെ അപേക്ഷിച്ച്‌ തുലോം സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ വലിയവിളക്കും കാളിയാട്ടവും ഇതുവരെ നടന്നുപോന്നിട്ടിള്ളത്‌. ചില്ലറ കലാ പരിപാടികളൊക്കെ ഉണ്ടാവുമെങ്കിലും നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും വരെ തോളില്‍ കയ്യുമിട്ടേ ഷാര്യാവമ്പലത്തിന്റെ നടയില്‍ നില്‍ക്കാറുള്ളൂ.കാളിയും പിന്നെ ഡയനാമിറ്റിന്‌ കൂട്ട്‌ ആര്‍ഡിഎക്സ്‌ എന്നു പറഞ്ഞമാതിരി തൃക്കണ്ണാല്‍ അണ്വായുധ പരീക്ഷണം നടത്തിക്കളിക്കുന്നത്‌ ഒരു ഹോബിയാക്കിയ സക്ഷാല്‍ പരമശിവനും പിന്നെ ബസ്റ്റാന്റിലും റെയില്‍വേസ്റ്റേഷ്ണിലും പടക്കം പൊട്ടിച്ചുകളിക്കാന്‍ അസംഖ്യം ഭൂതഗണങ്ങളും കൂടെ കുട്ടിം കോലും കളിക്കുന്ന അമ്പലത്തില്‍ അലമ്പുണ്ടാക്കാന്‍ ജീവനില്‍ കൊതിയുള്ള ആരേലും മിനക്കേടുമൊ? സാക്ഷാല്‍ ടിപ്പു സുല്‍ത്താന്‍ വരെ ക്ക, ക്ഷ, ണ്ണ വരച്ചുപോയിട്ടുണ്ട്‌, പിന്നല്ലേ? കാളിയാട്ടത്തിന്റന്ന്‌ ഉത്സവം കലാശം കൊട്ടുന്നത്‌ "അരിങ്ങാട്ട്‌" എന്നു പറയുന്ന വളരെ വിശേഷപ്പെട്ട ഒരു ചടങ്ങോടെയാണ്‌! പിടിയാനപ്പുറത്ത്‌ വാളു സഹിതം ഊരുചുറ്റാന്‍ പോയ ദേവി തിരിച്ചെത്തുന്നത്‌ വരെ അമ്പലത്തിനു ചുറ്റും കാവല്‍ നില്‍ക്കുന്ന ഭൂതഗണങ്ങള്‍ക്ക്‌ മൂക്ക്‌ മുട്ടെ സദ്യ കൊടുക്കുന്ന ഒരു ചടങ്ങ്‌! അരിയും മാംസവും ഇട്ട്‌ പാകപ്പെടുത്തിയെടുക്കുന്ന ഈ പ്രത്യേക ഭക്ഷണത്തിന്‌ യൂയേയ്യീ കൊച്ചിന്‍ മീറ്റിലെ ബ്ലോഗുഗണങ്ങള്‍ ഉണ്ടാക്കി എന്നു പറയപ്പെടുന്ന തള്ള്‌ പോലൊരു തള്ള്‌ ഈ പറയുന്ന ഭൂതഗണങ്ങള്‍ ഉണ്ടാക്കുന്നത്‌ ആരേലും കണ്ടാല്‍ മോശമല്ലേ? അതു കൊണ്ട്‌ അമ്പലത്തിനു പുറത്തെ വിശാലമായ കാവില്‍ കമ്പ്ലീറ്റ്‌ ബ്ലോക്കൗട്ട്‌ നടത്തിയിട്ടാണ്‌ പ്രസ്തുത ചടങ്ങ്‌ നടക്കുക. രാത്രി ഒരു പതിനൊന്നു മണിയോടെ രണ്ട്‌ റൗണ്ട്‌ വെടിക്കെട്ട്‌ നടത്തി ഭകതജനങ്ങളെ പിരിച്ചു വിടും! കാവില്‍ തളച്ചിരിക്കുന്ന ആനകളെ വരെ അഴിച്ചുമാറ്റി വിശാലമായ അമ്പലപ്പറമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പിന്നെ നേരം പുലരുന്ന വരെ കാവിനുള്ളിലേക്ക്‌ സ്വബോധത്തിനു വിലകല്‍പ്പിക്കുന്നവരാരും തിരിഞ്ഞു നോക്കാറില്ല. അഥവാ ആരേലും അബദ്ധത്തില്‍ വന്നു പെട്ടാല്‍ ആജീവനാന്ത കുതിരവട്ടം അല്ലെങ്കില്‍ ഊളമ്പാറ വാസം ഗ്യാരന്റീഡ്‌!

ഈ ചരിത്രം രചിച്ച ഉത്സവരാവില്‍ കാളിയാട്ടം തുടങ്ങിയതുതന്നെ ഒരിത്തിരി അസ്കിതയുമായാണ്‌. തിടമ്പേറ്റുന്ന ആലത്തൂര്‍ പാര്‍വതിക്ക്‌ കൂട്ടെഴുന്നെള്ളിക്കാന്‍ കൊണ്ടുവന്ന രാമനാട്ടുകര അയ്യപ്പന്‍ ഒന്നു പിണങ്ങി. അയ്യപ്പന്‍ പൊതുവേ പ്രശ്നക്കാരനല്ല. കുട്ടികള്‍ക്ക്‌ പോലും പോയി ഷേക്ക്‌ തുമ്പി കൊടുക്കാന്‍ പാങ്ങിനു നിന്നുകൊടുക്കുന്ന ഒരു പാവം ആനക്കൊമ്പന്‍! ഒന്നാം പാപ്പാന്‍ കൃഷ്ണനുണ്ണിനായര്‍ക്ക്‌ എന്തോതിരക്കായത്‌ പ്രമാണിച്ച്‌ അവനെ അഴിച്ചുകൊണ്ടുവരാന്‍ പോയത്‌ നാരായം കുഞ്ഞന്‍ എന്ന പാപ്പാന്‍ രണ്ടാമനായത്‌ അവനത്ര പിടിച്ചില്ല. അത്രേയുള്ളു കാര്യം. നാരായം കുഞ്ഞന്‍ അടുത്തെത്തിയതും തുമ്പിയേലിരുന്ന പനമ്പട്ട വെച്ച്‌ അയ്യപ്പന്‍ ഒരൊറ്റവീശല്‍! കൊച്ചിന്‍ മീറ്റു കഴിഞ്ഞു പുറത്തിറങ്ങിയ പാച്ചാളത്തിന്റെ തൊട്ടടുത്തൂടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ ചീറിപ്പാഞ്ഞുപോയാല്‍ എന്തു സംഭവിക്കും? അത്രയേ ഇവിടേം സംഭവിച്ചുള്ളൂ! കൊച്ചിയില്‍ ചിക്കന്‍ ഗുനിയന്മാര്‍ നിറഞ്ഞുകിടക്കണ ഓടയായിരുന്നെങ്കില്‍ ഇവിടെ അമ്പലക്കാവിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറായിരുന്നെന്ന വത്യാസം മാത്രം. എന്തായാലും ഒരുഭാഗ്യപരീക്ഷണം വേണ്ട എന്ന നിലയ്ക്ക്‌ അന്ന് തല്‍ക്കാലം അയ്യപ്പനെ എഴുന്നള്ളിക്കണ്ട എന്ന തീരുമാനമായി. കൃഷ്ണനുണ്ണിനായര്‍ അവനെ അഴിച്ച്‌ കാവിന്റെ ഒരൊഴിഞ്ഞകോണില്‍ തളയ്ക്കുകയും ചെയ്തു. ഉത്സവം അക്ഷരാര്‍ഥത്തില്‍ പൊടിപാറി. ഈ പാറുന്ന പൊടിയിലേക്കാണ്‌ നമ്മുടെ കഥാനായകന്‍ പ്രൊ. ടി.കെ. മാധവന്‍ പള്ളനിറച്ചും പട്ടയുമായി (പനമ്പട്ടയല്ല) വന്നുപെടുന്നത്‌. വാറ്റ്‌ ആമാശയത്തില്‍ നിന്നും സഞ്ചരിച്ച്‌ തലശ്ശേരിയിലെത്തിയാല്‍ പിന്നെ മാധവന്നായര്‍ക്ക്‌ മുന്നില്‍ (പിന്നിലും) ഒരേയൊരു അജണ്ടയേ ഉണ്ടാവൂ. ഉടന്‍ തെറ്റ്യേടത്തെത്തണം. വിശാലത്തെ വിശാലമായി ഒന്നുകാണണം. ചത്തുകിടക്കുന്ന നേരത്തായാലും ഒരു ശങ്കയെങ്ങാന്‍ തോന്നി മാധവനാശാന്‌ എഴുനേല്‍ക്കേണ്ടിവന്നാല്‍, മൂക്കില്‍ വെച്ച പഞ്ഞി സഹിതം അദ്യം വിശാലത്തിന്റെ വീട്ടില്‍ കൃത്യമായി ചെന്നെത്തിയിരിക്കും എന്ന കാര്യം നാട്ടുകാരായ ഞങ്ങള്‍ക്കുറപ്പാണ്‌. സോ, ഇന്നുത്സവമാണ്‌, വിശാലം വീട്ടിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല എന്നൊക്കെയുള്ള ലോജിക്കല്‍ തിങ്കിങ്ങിന്‌ പാകമാവുന്ന നിലയിലായിരുന്നില്ല ടി.ക്കെ. മാധവന്റെ തലച്ചോറന്നേരമെങ്കിലും, ചിരപുരാതനമായ ആ കാലുകള്‍ വളരെകൃത്യമായി ചിരപരിചിതമായ വഴിയിലൂടെ വിശാലഗേഹം ലക്ഷ്യമാക്കി ചലിക്കാന്‍ തുടങ്ങി. ചലിച്ചു ചലിച്ച്‌ മാധവ ദ്രുതനടനചലനം ഒടുക്കം വഴിയില്‍ കുറുകേനിലകൊണ്ട ഒരു കൂറ്റന്‍ മതിലില്‍ തടഞ്ഞുനിന്നു. "ഈമതില്‍ ഞാന്‍ രാവിലെ പോവുമ്പോള്‍ ഇവിടെയില്ലായിരുന്നല്ലോ" എന്ന ചിന്ത ഒരുനിമിഷം മാധവമനസ്സില്‍ ഉരവം കൊണ്ടെങ്കിലും "ഒരുമതിലുണ്ടേല്‍ അതിനൊരു ഗേറ്റുമുണ്ടാവും എന്ന പഴ(?) മൊഴിയാണ്‌ അന്നേരം പ്രൊ. മാധവനാശാനെ കര്‍മ്മനിരതനാക്കിയത്‌. താന്‍ വന്നു മുട്ടിനില്‍ക്കുന്നത്‌ കുട്ടിക്കുറുമ്പിന്‌ ക്വാറണ്ടൈന്‍ ചെയ്യപ്പെട്ട അയ്യപ്പനാനയുടെ സ്ഥൂലകമ്പിതഗാത്രത്തിലാണെന്നതിന്‌ ഒരു ക്ലൂ പോലുമില്ലാതെ പൂക്കുറ്റിമാധവന്‍ ‘കൊമ്പനാനയുടെ പള്ളയ്ക്ക്‌ ഗേറ്റ്‌ തപ്പിനടക്കുക‘ എന്ന വൃഥാകര്‍മ്മത്തില്‍ കൈമെയ്‌ മറന്ന് വ്യാപൃതനായി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ?. അയ്യപ്പന്‍ ആദ്യം മിണ്ടീല..ഒരു ദുഷ്പേരു കേള്‍പ്പിച്ചിട്ട്‌ മണിക്കൂറൊന്നു തികഞ്ഞിട്ടില്ല..ഇനീപ്പൊ ഇതുംകൂടെവേണ്ട. പക്ഷേ മാധവവിക്രിയകള്‍ അതിരു വിട്ടതോടെ അയ്യപ്പനാനയ്ക്കും ഉള്ളിലൊരുള്‍ഭയം! "ഇയ്യാളിതെന്തിനുള്ള പുറപ്പാടാണ്‌?" സംഗതി ഞാനൊരു കൊമ്പനാനയും അങ്ങേരൊരു എലുമ്പന്‍ നായരുമൊക്കെത്തന്നെ, പക്ഷേ ഇതു സ്ഥലം കൊയിലാണ്ടിയാണല്ലോ എന്റെ പരദേവതേ എന്നൊരു അപായമണി അയ്യപ്പന്റുള്ളില്‍ ഒരു കതിന വെടിയായി മുഴങ്ങി. വെടിമുഴങ്ങിയ നടുക്കത്തില്‍, ഒരുപക്ഷേ നാളെ നേരംവെളുത്താല്‍ കേരളക്കരയിലെ കൊമ്പനാനകള്‍ക്ക്‌ വന്നുപെട്ടേക്കാം എന്നു താന്‍കരുതിയ ഒരു ആന നാണക്കേടോര്‍ത്തുള്ള നാണം കൊണ്ടുമായിരിക്കാം, അയ്യപ്പനാന തുമ്പിക്കൈനീട്ടി തപ്പല്‍നായരെ തൂക്കിയെടുത്ത്‌, ഒന്നു കുടഞ്ഞുനിവര്‍ത്തി, മുന്നിലേക്കിട്ടു. ഈ ഒരു നിവര്‍ത്തന പ്രക്രിയക്കിടയിലാണ്‌ ഗേറ്റ്‌ തപ്പിനടന്ന മാധവന്നായരുടെ പോയബോധം തലച്ചോറിന്റെ ഒരുഭാഗത്തെ വേലിപൊളിച്ച്‌ ഉള്ളില്‍ കടന്നത്‌. താനുണ്ടായിരുന്നത്‌ ഭീമാകരനായ കൊമ്പനാനയുടെ പള്ളയ്ക്കു ചേര്‍ന്നായിരുന്നെന്നും ഇപ്പോഴുള്ളത്‌ ആനമറുതായുടെ തുമ്പിക്കൈക്കുള്ളിലാണെന്നും ഒരു ജസ്റ്റ്‌ മിന്നല്‍പിണരിനുള്ള സമയം.... ഒരു ശബ്ദമില്ലാത്ത അലര്‍ച്ചയ്ക്ക്‌ വാപൊളിക്കാനുള്ള സമയം. അത്രേയുള്ളൂ. വന്ന ബോധം മറുഭാഗത്തെ വേലിചാടി, അമ്പലക്കാവിനും തെക്കോട്ട്‌ ഒളിമ്പിക്സിന്റെ നൂറുമീറ്റര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി ഓടി മറഞ്ഞു! നിര്‍ബോധമാധവന്‍ അയ്യപ്പനാനയ്ക്കുമുന്നില്‍ സാഷ്ടാംഗം മൂക്കും കുത്തി വീഴുകയും ചെയ്തു.

അതോടെ ആനയ്ക്കായി അങ്കലാപ്പ്‌. ദൈവമേ എലുമ്പന്‍ ചത്തോ? ഇനി ഇതിന്റെ ഒരുകുറവേ ഉണ്ടായിരുന്നുള്ളൂ...അല്ലേത്തന്നെ വേറൊരു നാരായകോന്തനെ കിണറകത്തേക്ക്‌ പറത്തിവിട്ടതിന്റെ പുകില്‌ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനി ഇയാളെങ്ങാന്‍ കഷ്ടകാലത്തിനു വടിവേലുവായാല്‍, ജന്മം തുലഞ്ഞു പണ്ടാരമടങ്ങിയതു തന്നെ. ഈ രക്തത്തില്‍ എനിക്കു പങ്കില്ല എന്ന് ഏതുഭാഷയില്‍ വിവരദോഷികളായ മനുഷ്യരെ പറഞ്ഞ്‌ മനസ്സിലാക്കും? ആനഭാഷയ്ക്ക്‌ ആരേലും യുണീകോഡ്‌ കണ്ടുപിടിച്ചിരുന്നെങ്കില്‍....... ആനകളില്‍ അറ്റ്‌ലീസ്റ്റ്‌ ഒരു സിബു, പോട്ടെ ഒരു കൈപ്പള്ളിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍.... ഇത്യാദി വിഷാദകഠോര ചിന്തകള്‍ അയ്യപ്പന്റെ മനസ്സിലൂടെ തിക്കിത്തിരക്കി ഒരു മൗനജാഥയായി കടന്നുപോയി. നടനാലിനും ചങ്ങലയിട്ട്‌, കൂച്ചുവിലങ്ങും പിന്നെയൊരു ഇടച്ചങ്ങലയുമിട്ട്‌ പൂട്ടിക്കെട്ടി നില്‍ക്കാനും ഇരിക്കാനും കിടക്കാനും വയ്യാതെ തളയ്ക്കപ്പെടുന്ന ഭീകരസ്മരണയില്‍ പാവം അയ്യപ്പന്റെ ഉള്ളു കിടുങ്ങി. അതു പോട്ടെ, ഇത്രനാളും കഷ്ടപ്പെട്ടു സഹിച്ച്‌ താന്‍ നേടിയെടുത്ത തന്റെ സല്‍പ്പേര്‌ അയ്യപ്പന്‍....? കൊമ്പനാനയ്ക്ക്‌ കണ്ണുനിറഞ്ഞു. ഒടുവില്‍ ദീര്‍ഘതപസ്യാചിന്തനവിചിന്തനങ്ങള്‍ക്കൊടുവില്‍ രാമനാട്ടുകര അയ്യപ്പന്റെ നെറ്റിപ്പട്ടം കെട്ടാത്ത ആനത്തലവട്ടത്തിനുള്ളില്‍ വെട്ടം മിന്നി. "തൊണ്ടിമുതല്‍ ഒളിപ്പിക്കുക"! പിന്നെ അമാന്തിച്ചില്ല.മുന്നില്‍ പഴന്തുണിക്കെട്ടുപോലെ ചുരുണ്ടുകിടക്കുന്ന ബോധംപോയ മാധവനെ തുമ്പിക്കയ്യാല്‍ കോരിയെടുത്തുയര്‍ത്തി, തന്നെ തളച്ചിരുന്ന മരത്തിന്റെ രണ്ടായിപ്പിരിയുന്ന ശാഖകള്‍ക്കിടയില്‍, കമ്പിപോയകാലന്‍കുട കഴുക്കോലില്‍ തൂക്കുംപോലെ, വളരെ ഭദ്രമായി ഡെപ്പോസിറ്റ്‌ ചെയ്തു അയ്യപ്പനാന! എന്നിട്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ ആനനാരായണാ എന്ന ഭാവത്തിന്‌ അടിവരയിടാനെന്നോണം നിന്ന നില്‍പ്പില്‍ സമൃദ്ധമായി മൂത്രമൊഴിക്കുകയും, പിന്നെ പിണ്ഡമിടുകയും ചെയ്തു!

ഉത്സവം വെടിതീര്‍ന്നു!ഭക്തജനങ്ങള്‍ (അല്ലാത്തവരും!) ജീവനുംകൊണ്ട്‌ തടിയെടുത്തു....കൂടെ അയ്യപ്പനാനയേയും അഴിച്ചെടുത്ത്‌ കൃഷ്ണനുണ്ണിനായരും യാത്രയായി. ആ ഭീകര കരാളരാത്രിയില്‍ വെടിവട്ടത്തിനു പുറപ്പെട്ട മാധവന്‍ നായര്‍ മാത്രം ആ പുത്തിലഞ്ഞി മരത്തിനുമുകളില്‍ ഏകനായി, നിര്‍ബുദ്ധനായി വിക്രമാദിത്യനെ കാത്തിരിക്കുന്ന വേതാളത്തെ പോലെ തൂങ്ങി നിന്നു. അന്നു രാത്രി കാവിനുള്ളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച്‌ വ്യക്തമായി രേഖപ്പെടുത്താന്‍ ജീവനില്‍ കൊതിയുള്ള ഒരു ചരിത്ര ഗവേഷകനും ആ പരിസരത്തെങ്ങും ഇല്ലാതിരുന്നത്‌ കൊണ്ട്‌ ആയത്‌ വിവരിക്കാന്‍ പറ്റിയ രേഖകളോന്നും കൊയിലാണ്ടിയുടെ ചരിത്രപുസ്തകത്താളുകളില്‍ മറഞ്ഞിരിപ്പില്ല. എങ്കിലും പൊതുവെ പ്രചരിച്ചുവരുന്ന ഐതിഹ്യം ഇങ്ങനെ സംഗ്രഹിക്കാം. വേതാള മാധവന്‌ ബോധമില്ലാത്തത്‌ കൊണ്ട്‌ അദ്ദേഹം ഭൂതഗണങ്ങളെയോ, സദ്യാകോലാഹലങ്ങളില്‍ മുഴുകി തല്‍സമയ അപ്ഡേറ്റ്‌ മറന്നുപോയതുകൊണ്ട്‌ ഭൂതഗണങ്ങള്‍ മരത്തില്‍ തൂക്കിയ മാധവന്നായരേയോ കണ്ടിരിക്കാന്‍ ഇടയില്ല. വാര്യത്തെ കോഴി മൂന്നുവട്ടം കൂവിയതോടെ ഓടിപ്പോയ മാധവബോധം തിരികെയെത്തിയിരിക്കണം. (നേരം വെളുത്തല്ലോ) പക്ഷേ വരുന്ന വരവില്‍ ബോധന്‌ ഒരു കുഴപ്പം പറ്റി. അടിച്ചുപൂക്കുറ്റിയായി, വിശാലഗൃഹം ലക്ഷ്യമാക്കി വിജൃംഭിത നടനം തുടങ്ങിയതു വരെയുള്ള എപ്പിസോഡുകള്‍ മാത്രമേ ആര്‍ക്കൈവില്‍ നിന്നു തപ്പിയെടുത്തു കൊണ്ട്‌ വരാന്‍ തിരുമ്പിവന്ന മച്ചാനു പറ്റിയുള്ളൂ. ശേഷം ബാക്കി വന്ന കഥാകഥനം - ആനയെ തപ്പിയതുള്‍പ്പെടെ- ഈയിടെ യൂ.ഇ.ഈ മീറ്റില്‍ അതുല്യയെക്കണ്ട ദേവഗുരുവിനു വന്നു ഭവിച്ചു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള പോലത്തെ ഒരു അംനേഷ്യത്തില്‍ ഒലിച്ചുപോയിരിക്കണം! ആനക്കയ്യിലല്ലേ പെട്ടത്‌! അപ്പോള്‍ സ്വാഭാവികമായും കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഉറക്കമുണര്‍ന്ന പ്രൊ. മാധവന്നയരുടെ മനോമുകുരത്തിലുള്ള ചിത്രം എന്തായിരിക്കും? ഉത്സവോം അതുകഴിഞ്ഞുള്ള വെടിക്കെട്ടും ഒക്കെ പൊട്ടിച്ചു തകര്‍ത്ത്‌ വിശാലത്തിന്റെ കട്ടിലില്‍ വിശാലമായി കിടക്കുന്നു എന്നു തന്നെയായിരിക്കണമല്ലോ? അതങ്ങിനെത്തന്നെയായിരുന്നു താനും! അന്തിക്കള്ളിനു പിമ്പിരിയായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വരവ്‌ പൂരപ്പാട്ടിനാല്‍ മൈക്ക്‌ അനൗണ്‍സ്‌മന്റ്‌ നടത്തിയും അതും പോരാഞ്ഞ്‌ ഉടുമുണ്ടഴിച്ച്‌ തലയ്ക്കുമുകളില്‍ കൊടിയാക്കിവീശിയും ഒക്കെയായിരിക്കുമെങ്കിലും, തിരിച്ചുപോക്ക്‌ പുലരുന്നതിനു മുന്‍പ്‌ നാലാളറിയാതെ ആയിരിക്കണം എന്നൊരു നിര്‍ബന്ധം പണ്ടേ വെടിക്കെട്ട്‌ മാധവനുള്ളതാ! കോഴികൂവല്‍കേട്ടുണര്‍ന്ന നായര്‍ നേരം വെളുത്തല്ലോ ഭഗവതീ, ഇന്നു നാണക്കേടായതുതന്നെ എന്നുള്ള വേവലാതിയാല്‍, സാധാരണ ഇത്തരം പുലര്‍വേളകളില്‍ ചെയ്യാറുള്ളതിന്റെ ഓര്‍മ്മയ്ക്ക്‌, ഉടുമുണ്ടാദിയായ സ്ഥാവരജംഗമ വസ്തുക്കളെ തപ്പിയെടുക്കാന്‍ വിശാലത്തിന്റെ കട്ടിലില്‍ നിന്നും ചാടിയെഴുനേറ്റു...അത്രതന്നെ! പിറ്റേന്നു നേരം പരപരാവെളുത്തപ്പോള്‍ ഇംഗ്ലീഷ്‌ ആല്‍ഫാബെറ്റില്‍ സ്മാള്‍ലെറ്റര്‍ "എല്‍" എന്നപോലിരുന്ന പ്രൊപ്രൈറ്റര്‍ മാധവനെ, അമ്പലക്കമ്മറ്റി തൈത്തെങ്ങു വെച്ച തൈക്കുണ്ടില്‍നിന്നും മലയാളം അക്ഷരമാലയിലെ "ഗ" എന്ന അക്ഷരത്തിന്റെ രൂപത്തില്‍ മന്നമംഗലം നിവാസികള്‍ കണ്ടെടുക്കുകയാണുണ്ടായത്‌! കുഴിയില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ മുന്‍പ്‌ തന്നെ മാധവന്റെ മുന്നില്‍ ഘനീഭവിച്ചുകിടന്നിരുന്ന ടി.കെ എന്ന ഇനീഷ്യലിന്‌ പാസ്പോര്‍ട്ട്‌ ആഫീസില്‍ കൊടുക്കാന്‍ പാകത്തില്‍ ഒരു എക്സ്പാന്‍ഷന്‍ ചാര്‍ത്തിക്കൊടുത്തിരുന്നു, സ്ഥലം സര്‍നേം വിതരണക്കമ്മറ്റി! "പ്രൊ. തൈക്കുണ്ടില്‍ മാധവന്‍"! (ടി വിദ്വാന്‍ ബ്ലേഡ്ബിസിനസ്സ്‌ നിര്‍ത്തിയതിനു ശേഷം വന്ന തലമുറയ്ക്ക്‌ ഈ പ്രൊ. എന്നതാണ്‌ എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും, ആയതു ഒന്നുകൂടെ വലുതായി പ്രൊഫെസ്സര്‍ തൈക്കുണ്ടില്‍ മാധവനും, പിന്നെ കാലക്രമേണ വെറും പ്രൊഫെസ്സര്‍ തൈക്കുണ്ടിലും ആവുകയാണുണ്ടായത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു-ചരിത്രകാരന്‍)

ഹൂശെന്റപ്പോ, സില്‍ക്ക്‌ സ്മിത്യ്ക്കു സ്മാരകം പണിയാനിറങ്ങിയ ഞാന്‍ തന്നെ ഇപ്പോ അടിച്ചു പൂക്കുറ്റി മാധവനായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വഴിയും തെറ്റി, അയ്യപ്പനാനയുടെ കാല്‍ച്ചുവട്ടിലും അവിടന്ന് മരത്തിന്നു മുകളിലും പിന്നെ തൈക്കുണ്ടിലും എത്തിയോ? എന്തു ചെയ്യാന്‍. ഇതൊക്കെ ഒരു സംഭവപരമ്പരയിലെ കണ്ണികളായത്‌ കൊണ്ടും, ചരിത്രം ചരിത്രമായിത്തന്നെ രേഖപ്പെടുത്തണം എന്നുള്ളതു കൊണ്ടും ഇതൊക്കെ പറഞ്ഞല്ലേ പറ്റുള്ളൂ. പക്ഷേ ഇത്രത്തോളം വായിച്ചെത്താന്‍ ദൗര്‍ഭാഗ്യമുണ്ടായ നിങ്ങളാല്‍ ചെലരുടെ മുക്കലും, മൂളലും, പല്ലു ഞെരിക്കലും, കണ്ണുരുട്ടലും എന്നെ ഭയചികിതനാക്കുന്നു. എഴുതിവിടുന്ന എനിക്കോ ബോധമില്ല, വായിക്കുന്ന നിങ്ങളും അങ്ങിനെതന്നെ എന്നു കരുതുന്നതില്‍ എന്തു യുക്തി? സോ, സ്ഥല സമയ ക്ഷമാ പരിധി ഹേതുവാക്കി ഈ ഒന്നാംഭാഗത്തിനെ തല്‍ക്കാലം ഇവിടെ സ്റ്റില്ലടിക്കുന്നു! (നാളെക്കഴിഞ്ഞ്‌ എന്നിലെ ചരിത്രകാരന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) സ്മിതാ സ്മാരകം പൂര്‍ത്തിയാക്കാം (എന്നു പറയാന്‍ എനിക്കു ധൈര്യമില്ല!!!)

(തുടര്‍ന്നേക്കാം)